2017-11-29 11:00:00

മതങ്ങള്‍ അനുരഞ്ജനത്തിന്‍റെ സ്ഥാപനങ്ങളാകണം


നവംബര്‍ 28.
പാപ്പാ ഫ്രാന്‍സിസിന്‍റെ മ്യാന്മറിലെ പ്രഥമ പ്രഭാഷണം

രാഷ്ട്രപ്രതിനിധികളോടും നയതന്ത്രപ്രതിനിധികളോടും...

മ്യാന്മറിന്‍റെ തലസ്ഥാനനഗരമായ നായ്-പി-ടുവിലെ സമ്മേളനകേന്ദത്തില്‍വച്ച് നവംബര്‍ 28-Ɔ൦ തിയതി ചൊവ്വാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധനചെയ്തു. സംസ്ഥാന കൗണ്‍സിലറെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രനേതാവ് ശ്രീമതി ഔങ് സാന്‍ സൂ കി പാപ്പായ്ക്ക് ആദ്യം സ്വാഗതം ആശംസിച്ചു. തുടര്‍ന്നു പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പാപ്പാ ഫ്രാന്‍സിസ് മ്യാന്മറിലെ ജനങ്ങളെ ആശ്ലേഷിക്കുകയും അഭിവാദ്യംചെയ്യുകയും ചെയ്തു. തന്നെ ക്ഷണിച്ചതിനും സ്വീകരിച്ചതിനും നേതാക്കള്‍ക്കും ജനങ്ങള്‍ക്കും പാപ്പാ ഒരുപോലെ നന്ദിപറഞ്ഞു.

നാടിന്‍റെ മഹത്വം ജനങ്ങളാണ്
ഇന്ന് മ്യാന്മറില്‍ നീതിയും അനുരഞ്ജനവും സമാധാനവും വളര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. പ്രകൃതിരമണീയതയും ഉപായസാദ്ധ്യതകളും ഏറെയുള്ള നാടാണ് മ്യാന്മാര്‍. ഒരു നാടിന്‍റെ മഹത്വവും മേന്മയും അവിടത്തെ ജനങ്ങളാണ്. എന്നാല്‍ ഇവിടത്തെ ജനത ഇന്ന് ഏറെ ക്ലേശങ്ങള്‍ അനുഭവിക്കുകയും വേദനിക്കുകയും ചെയ്യുകയാണ്. അഭ്യന്തരമായ കലാപങ്ങളും ശത്രുതയും അവരെ കീറിമുറിക്കുകയാണ്. ഈ ശത്രുത ദീര്‍ഘനാളായതാണ്, അത് സമൂഹത്തില്‍ വലിയ പിളര്‍പ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. സമാധാനം പുനര്‍സ്ഥാപിക്കാനുള്ള ശ്രമം രാഷ്ട്രീയവും ആത്മീയവുമായ പ്രാമുഖ്യമായിരിക്കണം, മുന്‍ഗണനയായിരിക്കണം. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധമാകുന്ന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. മ്യാന്മറിലെ വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ച് സംഘടിപ്പിക്കുന്ന സമാധാനത്തിനുള്ള പംഗ്ലോങ് സമ്മേളനത്തെ (Panglong Peace Conference)  അനുമോദിക്കുന്നു. ഈ നാടിനെ തങ്ങളുടെ സ്വന്തം കുടുംബമായി കണക്കാക്കുന്ന വിവിധ വിഭാഗങ്ങളെയും രാഷ്ട്രീയ ചേരിതിരിവുകളെയും ഒന്നിച്ചുകൂട്ടി പരസ്പര വിശ്വാസവും ആദരവും വളര്‍ത്താനുള്ള ശ്രമമാണ് ഈ സമ്മേളനം.

സമാധാനപൂര്‍വ്വം ജീവിക്കാന്‍ അനുവദിക്കുന്നതാണ് നീതി
മനുഷ്യാവകാശത്തിനും നീതിക്കുംവേണ്ടി സമര്‍പ്പിതരായെങ്കില്‍ മാത്രമേ ദേശീയതലത്തിലുള്ള അനുരഞ്ജനത്തിലൂടെ ഏറെ ശ്രമകരമായ സമാധാന നിര്‍മ്മിതി യാഥാര്‍ത്ഥ്യമാകൂ! ഓരോരുത്തര്‍ക്കും നല്കേണ്ടതും അവകാശപ്പെട്ടതുമായ സമാധാനം നല്കാനുള്ള ഉറച്ച തീരുമാനമാണ് നീതിയെന്ന് പൂര്‍വ്വികരുടെ വിജ്ഞാനം പഠിപ്പിക്കുന്നു. എന്നാല്‍ സത്യത്തിന്‍റെയും ശാശ്വതമായ സമാധാനത്തിന്‍റെയും അടിസ്ഥാനമാണെന്ന് പ്രവാചകന്മാരും ഉദ്ബോധിപ്പിക്കുന്നു. പഠിപ്പിക്കുന്നു. ചരിത്രം അനുഭവിച്ച രണ്ടു ലോകമഹായുദ്ധങ്ങളും ഈ ഉള്‍ക്കാഴ്ചയെ സ്ഥിരീകരിക്കുന്നു.  ലോകവ്യാപകമായി നീതിയും സമാധാനവും, മാനവവികസനവും സമാധാനവും വളര്‍ത്തുന്നതിനും ആഗോള മനുഷ്യാവകാശ നയപ്രഖ്യാപനത്തിനും  (Universal Declaration of Human Rights) വേണ്ടിയാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് (United National Organization and Unity) തുടക്കമിട്ടത്. അതിനാല്‍ സമാധാനം സംവാദത്തിലൂടെ അല്ലാതെ ബലപ്രയോഗംവഴി നേടാനാവില്ല.

ആരെയും തള്ളിക്കളയരുത്, എല്ലാവരെയും ഉള്‍ക്കൊള്ളാം
നയതന്ത്രപ്രതിനിധികളുടെ ഈ സമ്മേളനത്തിലെ സാന്നിദ്ധ്യം അനുസ്മരിപ്പിക്കുന്നത് സമാധാനത്തിനായുള്ള മ്യന്മാറിന്‍റെ ശ്രമം മാത്രമല്ല, ധാര്‍മ്മികമായ മറ്റ് ആദര്‍ശങ്ങളെ എന്നും പുല്കാനും ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഈ നാടിന്‍റെ ആദര്‍ശബോധ്യമാണ് വ്യക്തമാക്കുന്നത്. മനുഷ്യാന്തസ്സിനോടുള്ള ആദരവിലും, സമൂഹത്തിന്‍റെ ഓരോ വ്യക്തിയുടെയും അവകാശങ്ങളിലും, തദ്ദേശസമൂഹങ്ങളുടെ സംസ്ക്കാരത്തനിമയുടെ അംഗീകാരത്തിലും, നിയമനിഷ്ഠയിലും, ജനായത്തക്രമത്തിലും ഉറച്ചുനിന്നുകൊണ്ട്, ആരെയും തള്ളിക്കളയാതെ എല്ലാവരെയും -  വ്യക്തിയെയും വംശത്തെയും ആശ്ലേഷിക്കുന്ന ന്യായവും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കേണ്ടതാണ്.

അനുരഞ്ജനത്തിന്‍റെ സ്ഥാപനങ്ങളാകണം മതങ്ങള്‍
ദേശീയ അനുരഞ്ജനത്തിലും ദേശീയ ഉദ്ഗ്രഥനത്തിലും ഇവിടത്തെ മതസമൂഹങ്ങള്‍ക്കുള്ള പങ്ക് ഏറെ വലുതാണ്. മതപരമായ വ്യത്യാസങ്ങള്‍ വിഭജനത്തിനോ വിശ്വാസമില്ലായ്മയ്ക്കോ കാരണമാകരുത്, മറിച്ച്, ബുദ്ധിപൂര്‍വ്വകമായ ദേശനിര്‍മ്മിതിക്ക് അവ ഉപയോഗപ്പെടുത്തണം. വര്‍ഷങ്ങള്‍ നീണ്ട ഇന്നാട്ടിലെ സംഘട്ടങ്ങളുടെ വൈകാരികവും ആത്മീയവും മാനസീകവുമായ മുറിവുണക്കാന്‍ മതങ്ങള്‍ക്ക് കരുത്തുണ്ട്. അവയുടെ ആഴമായ ആത്മീയമൂല്യങ്ങളാല്‍ കലാപങ്ങളുടെ വേരു പിഴുതെറിഞ്ഞ്, സംവാദത്തിന്‍റെ പാലങ്ങള്‍ പണിയാനും, സാമൂഹിക നീതി നേടാനും, വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകാനും, പരിത്യക്തരെ കൈപിടിച്ചുയര്‍ത്താനും മതങ്ങള്‍ക്കു സാധിക്കും. ഇവിടെ സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്ക് മതനേതാക്കള്‍ മുന്‍കൈയ്യെടുക്കണം. സൗഹാര്‍ദ്ദത്തിനും പരസ്പര ധാരണയ്ക്കും സമാധാനത്തിനും, പാവങ്ങളെ തുണയ്ക്കാനും, യുവജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പിക്കാനും വിദ്യാഭ്യാസത്തിലൂടെ ഒത്തൊരുമിച്ച് നിരന്തരം പ്രവര്‍ത്തിക്കുന്നത് പ്രത്യാശയുടെ പ്രതീകമാണ്.

കൂട്ടായ്മയുടെയും സഹാനുഭാവത്തിന്‍റെയും സംസ്കൃതി വളര്‍ത്താനുള്ള ശ്രമത്തില്‍
വരും തലമുറയുടെ പൊതുനന്മ വളര്‍ത്തുകയും, ഭാവി പ്രത്യാശയ്ക്കും സമൃദ്ധിക്കും അനിവാര്യമായ ധാര്‍മ്മിക അടിത്തറ പാകുവാന്‍ സഹായിക്കേണ്ടതും മതങ്ങളാണ്!
 








All the contents on this site are copyrighted ©.