സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

അപ്പസ്തോലികയാത്ര ആദ്യദിനം : മ്യാന്മറിന്‍റെ ഊഷ്മളത

മ്യാന്മര്‍ പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിച്ചു. - EPA

28/11/2017 17:46

മ്യാന്മര്‍ ബംഗ്ലദേശ് - പാപ്പാ ഫ്രാന്‍സിസിന്‍റെ 21-Ɔമത് അപ്പസ്തോലിക യാത്ര പ്രഥമദിനം യംഗൂണില്‍...

നവംബര്‍ 26-Ɔ൦ തിയതി ഞായറാഴ്ച രാത്രി, ഇറ്റലിയിലെ സമയം രാത്രി 9 മണിക്ക് പാപ്പാ ഫ്രാന്‍സിസ് പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍നിന്നും കാറില്‍ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിലെത്തി. അല്‍-ഇത്താലിയ എ330 പ്രത്യേക വിമാനത്തില്‍ കൃത്യം 9.40-ന് മ്യാന്മര്‍-ബംഗ്ലാദേശ് പ്രേഷിതയാത്രയ്ക്ക് തുടക്കമായത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ക്രൊയേഷ്യ ബോസ്നിയ തുടങ്ങി... ജോര്‍ജിയ അസര്‍ബൈജാന്‍ എന്നീ മദ്ധ്യാഷ്യന്‍ രാജ്യങ്ങളും, പിന്നെ പാക്കിസ്ഥാനും ഇന്ത്യയും പിന്നിട്ട് ഏകദേശം പത്തര മണിക്കൂര്‍ നീണ്ടതായിരുന്നു പാപ്പായുടെ യാത്ര.

നവംബര്‍ 27—Ɔ൦ തിയതി തിങ്കളാഴ്ച മ്യാന്മറിലെ സമയം മദ്ധ്യാഹ്നം 1.30-ന്, ഇന്ത്യന്‍ സമയം  12.30-ന് യംഗൂണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങി. വിമാനത്താവളത്തില്‍നിന്നും അങ്ങകലെ കാണാമായിരുന്ന തലയുയര്‍ത്തി നില്ക്കുന്ന പഗോഡകളും, ബിംബങ്ങളും സ്തൂപങ്ങളും മ്യാന്മറിലെ വന്‍ബുദ്ധമത സാന്നിദ്ധ്യം വിളിച്ചോതി. പാപ്പായെ സ്വീകരിക്കാന്‍ രാഷ്ട്രത്തിന്‍റെയും സഭയുടെയും പ്രതിനിധികളെക്കൂടാതെ വന്‍ജനാവലിയും ഉത്സവപ്രതീതിയുണര്‍ത്തി വിമാനത്താവളം നിറഞ്ഞുനിന്നു. ഔദ്യോഗിക വരവേല്പ് ചൊവ്വാഴ്ച തലസ്ഥാന നഗരിയിലാകയാല്‍ യംഗൂണില്‍ ഔദ്യോഗിക സ്വീകരണ പരിപാടികള്‍ ഇല്ലായിരുന്നു. മ്യാന്മറിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് പോള്‍ ചാങ് ഇന്‍-നാമും, പേപ്പല്‍ യാത്രയുടെ മ്യാന്മറിന്‍റെ അവതാരകനും ചേര്‍ന്ന് വിമാനപ്പടവുകള്‍ കയറിച്ചെന്ന് പാപ്പായെ സ്വീകരിച്ച്, ആനയിച്ചു. സന്നിഹിതരായിരുന്ന ജനാവലിയെയും, പ്രസിഡന്‍റ് തിന്‍ ക്വായുടെ പ്രതിനിധി, ജനനേതാക്കള്‍, സഭയുടെയും രാഷ്ട്രത്തിന്‍റെയും പ്രതിനിധികള്‍, ജനങ്ങള്‍, എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി ആശീര്‍വദിച്ചുകൊണ്ടാണ് പാപ്പാ പടവുകള്‍ ഇറങ്ങിവന്നത്.

ആദ്യം പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ കുഞ്ഞുങ്ങള്‍ പാപ്പായെ പൂച്ചെണ്ടു നല്കി സ്വീകരിച്ചു. തുടര്‍ന്ന് യംഗൂണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോയുടെ നേതൃത്വത്തില്‍ ദേശീയ മെത്രന്‍ സമിതിയംഗങ്ങളും അല്‍മായ പ്രതിനിധികളും ജനാവലിയും പാപ്പായെ വരവേറ്റു. പരമ്പരാഗത സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും അലയടിയിലും ആനന്ദത്തിമിര്‍പ്പിലുമാണ് മ്യാന്മര്‍ പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിച്ചത്.

വിമാനത്താവളത്തില്‍നിന്നും കാറില്‍ യംഗൂണ്‍ അതിരൂപതാദ്ധ്യക്ഷന്‍റെ 18 കി.മി. അകലെയുള്ള മെത്രാസന മന്ദിരത്തിലേയ്ക്കാണ് വിശ്രമത്തിനായി പാപ്പാ പുറപ്പെട്ടത്. പ്രാദേശികസമയം മദ്ധ്യാഹ്നം 2.30-ന് പാപ്പാ മെത്രാസന മന്ദിരത്തില്‍ എത്തി. ഇറ്റാലിയന്‍ വാസ്തുഭംഗീയുള്ള മന്ദിരത്തില്‍ കാത്തുനിന്ന ദേശീയ മെത്രാന്‍ സമിതി അംഗങ്ങള്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ്ങിനോടൊപ്പം പാപ്പായെ വരവേറ്റു. പാപ്പാ സഹോദരമെത്രാന്മാരുടെ ആതിഥ്യത്തില്‍ അവിടെ ചെലവഴിച്ചു.

പാപ്പായുടെ പരിപാടിയില്‍ ഉള്‍പ്പെടാത്തതെങ്കിലും, മ്യാന്മറിന്‍റെ മിലിട്ടറി നേതാക്കളുമായി സായാഹ്നത്തില്‍ സ്വാകാര്യകൂടിക്കാഴ്ച നടന്നത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി.   മെത്രാസന മന്ദിരത്തിലെ സ്വകാര്യ കപ്പേളയില്‍ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് പാപ്പാ ദിവ്യബലിയര്‍പ്പിച്ചു.   പിന്നെ അത്താഴം കഴിച്ചു, വിശ്രമിച്ചു.                                                                                                                                                                                                                                                                                                                                    

 

 


(William Nellikkal)

28/11/2017 17:46