2017-11-26 19:51:00

പ്രത്യാശയോടെ പാപ്പാ ഫ്രാന്‍സിസ് മ്യാന്മാര്‍ ബംഗ്ലാദേശ് രാജ്യങ്ങളിലേയ്ക്ക്


പാപ്പാ ഫ്രാന്‍സിസിന്‍റെ 21-Ɔമത് രാജ്യാന്തര പര്യടനം
ഇന്ത്യയുടെ വടക്കു-കിഴക്കന്‍ അയല്‍രാജ്യങ്ങളായ മ്യാന്മാറിലും ബംഗ്ലാദേശിലും.

നവംബര്‍ 26 ഞായറാഴ്ച  ഇറ്റലിയിലെ സമയം രാത്രി 9.40-നാണ് പാപ്പാ ഫ്രാന്‍സിസ് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും മ്യാന്മാറിലേയ്ക്ക് പുറപ്പെട്ടത്.

അതിരുകള്‍ തേടിയുള്ള യാത്ര
അതിരുകള്‍ തേടിയിറങ്ങുന്ന ഒരു ഇടയന്‍റെ യാത്രയെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പര്യടനത്തെ വിശേഷിപ്പിക്കാം.  അഗോളതലത്തില്‍ ഇതരരാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പാവപ്പെട്ടവരുള്ളതും, ക്രൈസ്തവര്‍ ന്യൂനപക്ഷവുമായ രണ്ട് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കാണ് ഈ യാത്ര! പ്രതിസന്ധികളുടെ മദ്ധ്യേ കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ദൂതുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് പോകുന്നത്! ലോകം ആശ്ചര്യത്തോടും എന്നാല്‍ നിസ്സംഗതയോടെ ഉറ്റുനോക്കുന്ന രോഹിംഗ്യ അഭയാര്‍ത്ഥി പ്രശ്നം നടക്കുന്ന സാമൂഹ്യരാഷ്ട്രീയ സംഘട്ടനത്തിന്‍റെ മദ്ധ്യത്തിലാണ് മ്യാന്മാറിന്‍റെയും ബാംഗ്ലാദേശിന്‍റെയും മണ്ണില്‍ പാപ്പാ ഫ്രാന്‍സിസ് കാലുകുത്താന്‍ പോകുന്നത്.

നവംബര്‍ 26-Ɔ൦ തിയതി ഞായറാഴ്ച വത്തിക്കാനില്‍നിന്നും പുറപ്പെടുന്ന പാപ്പാ, നവംബര്‍ 27-‍Ɔ൦ തിയതി തിങ്കളാഴ്ച രാവിലെ മ്യാന്മാറില്‍ എത്തും. 28-Ɔ൦ തിയതി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ചൊവ്വ, ബുധന്‍, പിന്നെ വ്യാഴാഴ്ച നവംബര്‍ 30-Ɔ൦ തിയതി ഉച്ചവരെ മ്യാന്മാറില്‍ പാപ്പാ ചെലവൊഴിക്കും. ഏകദേശം രണ്ടര ദിവത്തോളം. തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം ബംഗ്ലാദേശിലെത്തുന്ന പാപ്പാ വെള്ളി, ശനി ദിവസങ്ങളില്‍ അവിടെ സന്ദര്‍ശനം നടത്തും. ഡിസംബര്‍ 2-Ɔ൦ തിയതി വത്തിക്കാനില്‍ തിരിച്ചെത്തും.

പര്യടനത്തിന്‍റെ ആദ്യഘട്ടം -  മ്യാന്മാര്‍

മ്യാന്മാറാണ് പാപ്പാ ഫ്രാന്‍സിസ് ആദ്യം സന്ദര്‍ശിക്കുന്നത്. ഇപ്പോഴും പലരും ബര്‍മ്മയെന്നു വിളിക്കുന്ന ഇന്ത്യയുടെ കിഴക്കന്‍ രാജ്യമാണിത്. 1989-ലാണ് മാത്രമാണ് ബര്‍മ്മ എന്ന പേരു മാറ്റി മ്യാന്മാര്‍ എന്നാക്കിയത്. നായ്-പീ-ടോ ആണ് തലസ്ഥാന നഗരം. ഇന്ത്യയോടും ബംഗ്ലദേശിനോടും തോളുരുമ്മി കിടക്കുന്ന രാജ്യത്തിന്‍റെ വിസ്തീര്‍ണ്ണം ഏകദേശം 7 ലക്ഷം ചതുരശ്ര കി.മിറ്ററാണ്. ജനസംഖ്യ 5 കോടിയോളം വരും. രാഷ്ട്രഭാഷ ബര്‍മീസ് അല്ലെങ്കില്‍ ബര്‍മാണിയാണ്. ഇംഗ്ലിഷും ഉപയോഗത്തിലുണ്ട്. ബഹുഭൂരിപക്ഷം ജനങ്ങളും ബുദ്ധമതക്കാരാണ്. ന്യൂനപക്ഷമായ ക്രൈസ്തവരും, മുസ്ലിംങ്ങളുമുണ്ടിവിടെ!

1. മ്യാന്മാറിന്‍റെ സാമൂഹിക ചുറ്റുപാടുകള്‍ 
ബൗദ്ധമത രാജ്യമാണ് മ്യാന്മാര്‍. ക്രൈസ്തവര്‍ 6.5 ശതമാനം മാത്രം. അതില്‍ കത്തോലിക്കര്‍  1 ശതമാനം, അതായത് 5 ലക്ഷത്തില്‍ താഴെയാണ്. സഭ പ്രവര്‍ത്തിക്കുന്നത് 3 അതിരൂപതകളും 16 രൂപതകളുടെ സഭാപ്രവിശ്യകളായിട്ടാണ്. 16-Ɔ൦ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പോര്‍ച്ചുഗീസ് മിഷണറിമാരാണ് ഈ മണ്ണില്‍ വിശ്വാസം എത്തിച്ചത്, ഒപ്പം പ്രൊട്ടസ്റ്റന്‍റ് മിഷണറിമാരും.  അതിരുകളിലേയ്ക്കെത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാന സ്നേഹമാണ് 2015-ല്‍ മ്യാന്മാറിലെ ചെറിയ സഭയ്ക്ക്, യങ്ഗൂണ്‍ അതിരൂപതാദ്ധ്യക്ഷനായ, സലീഷ്യന്‍ സഭാംഗം ആര്‍ച്ചുബിഷപ്പ് ചാള്‍സ് മവൂങ് ബോയെ കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തിയത്. 2012-മുതല്‍ വത്തിക്കാനുമായി നയതന്ത്ര ബന്ധമുണ്ടെങ്കിലും അവിടെ സ്ഥിരതാമസമുള്ള അംബാസിഡറോ, സ്ഥാനപതി മന്ദരമോ ഇല്ല. തായിലണ്ടിലെ വത്തിക്കാന്‍ സ്ഥാനപതിതന്നെയാണ്, മ്യാന്മാറിലെയും നയതന്ത്രപ്രതിയായി പ്രവര്‍ത്തിക്കുന്നത്.

2. കാലാവസ്ഥയും ഭൂപ്രകൃതിയും 
ഉഷ്ണമേഖല രാജ്യമാണിത്. രണ്ടു മാസത്തോളം മഴ ലഭിക്കും. ഉയര്‍ന്ന പ്രദേശങ്ങളില്‍ വ്യത്യസ്തമായ തോതില്‍ തണുപ്പും അനുഭവപ്പെടുന്നു. ഒരു കാലത്ത് ലോകത്ത് ഏറ്റവും അധികം അരി ഉല്പാദിപ്പിച്ചിരുന്ന രാജ്യമായിരുന്നു. പയറ്, കപ്പലണ്ടി, കരിമ്പ്, മത്സ്യം എന്നിവ സാമാന്യം സമൃദ്ധമായുണ്ടിവിടെ. ഇവിടെ പെട്രോളിയം ഖനി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്. നാടിനാവശ്യമായ ഇന്ധനം ഇപ്പോഴും അവിടെ ലഭ്യമാണ്.

3. രാഷ്ട്രീയചരിത്രം 
ഇന്ത്യന്‍ സാംസ്ക്കാര ശൈലിയുള്ള സമ്പന്നമായൊരു ജനതയാണിത്. എന്നാല്‍ ബഹുഭൂരിപക്ഷവും പാവങ്ങളാണ്. ടിബറ്റിന്‍റെയും ഇന്ത്യയുടെയും രാജ്യങ്ങളിലെ ഒരു സങ്കര സംസ്ക്കാരമാണിതെന്നു പറയാം. പ്രാദേശികമായ ഒരു സാമ്രാജ്യ ഭരണരീതിയിലാണ് ഈ നാടു വളര്‍ന്നതെന്ന് ആദ്യ സഹസ്രാബ്ദ ചരിത്രം വെളിപ്പെടുത്തുന്നു. ബര്‍മ്മയെ 1273-ല്‍ ചൈന ആക്രമിച്ചു കീഴടക്കി. തുടര്‍ന്ന് 1834-ല്‍ ബ്രിട്ടീഷ് കോളനിയാക്കപ്പെട്ടു. 1948-ല്‍ ബര്‍മ്മ പൂര്‍ണ്ണ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. യൂ-നൂ എന്നറിയപ്പെട്ട താക്കിനുവായിരുന്നു ആദ്യത്തെ പ്രധാനമന്ത്രി.

തുടര്‍ന്ന് നീണ്ട 30 വര്‍ഷക്കാലം - 1958-മുതല്‍ 88-വരെ ജനറല്‍ നെവിന്‍ പ്രധാനമന്ത്രിയായി. 1989-ല്‍ പട്ടാളഭരണവും കലാപങ്ങളും തുടങ്ങി. 1990-ല്‍ തെരഞ്ഞെടുപ്പിലൂടെ പ്രതിപക്ഷം അധികാരത്തില്‍ വന്നെങ്കിലും, പട്ടാളഭരണകൂടം അതു വിട്ടുകൊടുത്തില്ല. ജനനേതാവായ ഔങ് സാന്‍ സൂ കി-യും (Aung San Suu Kyi)  സംഘവും വീട്ടു തടങ്കലിലായി. രാഷ്ട്രപിതാവെന്നു ബര്‍മ്മക്കാര്‍ വിളിക്കുന്ന ഔങ് സാനിന്‍റെ പുത്രിയാണ് ഇന്ന് മ്യാന്മാര്‍ ഭരിക്കുന്ന സൂ കി. ഇംഗ്ലണ്ടിലെ ഓക്ട്ഫോര്‍ഡില്‍നിന്നും (Oxford University) ബുദവും ബിരുദാനന്തര ബരുദവും കരസ്ഥമാക്കിയിട്ടുള്ള സമര്‍ത്ഥയായ നേതാവാണ്. പ്രഥമ സ്റ്റേറ്റ് കൗണ്‍സിലര്‍ (The first State Counsellor) എന്ന തസ്തികയിലാണ് രാജ്യം ഭരിക്കുന്നത്.

4. ഔങ് സൂ കിയുടെ ഭരണകാലം
ഒരു ഭാഗത്ത് പ്രതിപക്ഷത്തിന്‍റെ സമാന്തര സര്‍ക്കാരും, മറുഭാഗത്ത് പട്ടാളവും ചേര്‍ന്നുള്ള സംഘര്‍ഷത്തില്‍ ജനങ്ങള്‍ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനങ്ങളും അനുഭവിക്കേണ്ടിവന്നു. ജനനേതാവ് സൂകി 15 വര്‍ഷത്തോളം രാഷ്ട്രീയ തടങ്കലിലായി. ലോക ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാരിയും മ്യാന്മാറിന്‍റെ രാഷ്ട്രീയ ശില്പിയുമായ സൂ കി-ക്ക് 1991-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം നല്കപ്പെട്ടു. 1995-ല്‍ സ്വതന്ത്രയായി. പൂര്‍വ്വോപരി ശക്തിയോടെ സൂ കി മ്യാന്മാറിന്‍റെ ജനാധിപത്യ ഭരണത്തിനായി (National League for Democracy NLD) രാജ്യത്ത് പ്രവര്‍ത്തിച്ചു. 2015-ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ സൂ കി വിജയിക്കുകയും ഒരു ജനായത്ത ഭരണത്തിന് അടിത്തറ പാകുകയും ചെയ്തു.

5. രോഹിംഗ്യ പ്രതിസന്ധി 
മ്യാന്മാറിന്‍റെ രാക്കെയിന്‍ സംസ്ഥാനത്തെ ന്യൂനപക്ഷമായ മുസ്ലിംങ്ങള്‍ക്കെതിരെ 2017-ല്‍ ഉയര്‍ന്നിരിക്കുന്ന ആക്രമണവും തുടര്‍ന്നുള്ള മ്യാന്മാറിന്‍റെ രാഷ്ട്രീയ അഭ്യന്തര സ്ഥിതിഗതികളും ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ബുദ്ധമതക്കാരായ മൗലികവാദികള്‍ മിലിട്ടറിയുടെ സഹായത്തോടെയാണ് നിസ്സഹായരായ ന്യൂനപക്ഷം മുസ്ലിം സമൂഹത്തിനെതിരെ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. അവിടെ രാഷ്ട്രീയ കുടിയിറക്കലാണ് നടമാടുന്നത്. നാലു ലക്ഷത്തിലധിം രോഹിംഗ്യകള്‍ ഇതിനകം കുടിയിറക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ലോക രാഷ്ട്രങ്ങള്‍ ഏറെ ആശങ്കയോടെയാണ് നൊബേല്‍ സമ്മാനജേതാവായ ശ്രീമതി സൂ-കിയുടെ ഭരണകൂടത്തെ വീക്ഷിക്കുന്നത്.  ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് പാപ്പാ ഫ്രാന്‍സിസ് മ്യാന്മാറിന്‍റെ മണ്ണില്‍ കാലുകുത്താന്‍ പോകുന്നത്.

 അപ്പസ്തോലികയാത്രയുടെ രണ്ടാംഘട്ടം – ബംഗ്ലാദേശില്‍  

പ്രേഷിതയാത്രയുടെ രണ്ടാം ഘട്ടം, അയല്‍രാജ്യമായ ബാംഗ്ലാദേശിലാണ്. നവംബര്‍ 30-Ɔ൦ തിയതി വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച്, വെള്ളി, ശനി ദിവസങ്ങളിലൂടെ ഡിസംബര്‍ 2-Ɔ൦ തിയതി ശനിയാഴ്ചവരെ പാപ്പാ ബംഗ്ലാദേശില്‍ ചെലവഴിക്കും.

1. ക്ലേശിക്കുന്ന രാജ്യം  
രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍കൊണ്ടും പ്രകൃതി ദുരന്തങ്ങള്‍കൊണ്ടും ഏറ്റവുമധികം ബുദ്ധിമുട്ടുന്ന ലോകത്തെ അവികസിത രാജ്യങ്ങളില്‍ ഒന്നാണിത്. ഇന്ത്യയുടെ അയല്‍പക്കമായ ബംഗ്ലാദേശ്.  ഇന്ത്യാ ഉപഭൂഖണ്ഡത്തിന്‍റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ഗംഗ-ബ്രഹ്മപുത്ര നദികളുടെ ഡല്‍റ്റപ്രദേശമാണിത്. ഇന്ത്യ മഹാരാജ്യത്താല്‍ ചുറ്റപ്പെട്ട ബാംഗ്ലയുടെ പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലും, തെക്കു-കിഴക്കന്‍ ഭാഗത്ത് മ്യാന്മാറും സ്ഥിതിചെയ്യുന്നു. ധാക്കയാണ് തലസ്ഥാനം.  ഏകദേശം ഒരു ലക്ഷത്തി 50,000 ചതുരശ്ര കീലോമീറ്റര്‍ വസ്തീര്‍ണ്ണമുണ്ടിതിന്.

2. മതങ്ങള്‍ 
ജനസംഖ്യയുടെ 80 ശതമാനം മുസ്ലിങ്ങളുള്ള രാഷ്ട്രമാണിത്. 10 ശതമാനം ഹിന്ദുക്കളും, 9 ശതമാനം ബൗദ്ധ, യഹൂദ മതക്കാര്‍, പിന്നെ
1 ശതമാനത്തില്‍ താഴെ, ക്രൈസ്തവര്‍. അതില്‍ കത്തോലിക്കര്‍ 4 ലക്ഷം മാത്രമാണ്. 2 അതിരൂപതകളും, 6 രൂപതകളുമായി പ്രവര്‍ത്തിക്കുന്നു. വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള രാജ്യത്തിന് തലസ്ഥാന നഗരമായ ധാക്കയില്‍ സ്ഥാനപതിമന്ദിരമുണ്ട്, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് കോച്ചേരിയാണ്. ഇപ്പോള്‍ അവിടത്തെ വത്തിക്കാന്‍റെ സ്ഥാപതി. അദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്.

3. ഭ്രൂപ്രകൃതിയും പ്രകൃതി വിഭവങ്ങളും 
ഗംഗ, ബ്രഹ്മപുത്ര വന്‍നദികളുടെ ഡെല്‍റ്റ പ്രദേശത്തില്‍ മൂന്നില്‍ രണ്ടു ഭാഗമാണ് ബാംഗ്ലാദേശ്. സമതല പ്രദേശമാണ് അധികവും. സമുദ്രനിരപ്പില്‍നിന്നും ശരാശരി 100 അടിയോളം ഉയരമുള്ള കുന്നിന്‍ പ്രദേശങ്ങളും ഉണ്ടിവിടെ. ഇവിടത്തെ എക്കല്‍ഭൂമിയില്‍ സമൃദ്ധമായി വളരുന്ന പരുത്തി ബംഗ്ലാദേശിന്‍റെ വരുമാന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ബ്രഹ്മപുത്ര, പദ്മ, മേഘ്ന, സുര്‍മ എന്നീ നദികള്‍ നാടിനെ ഫലപുഷ്ടമാക്കുന്നു. എന്നാല്‍ പതിവായി വെള്ളപ്പൊക്കമുണ്ടാക്കുന്ന നദികളാണിവ. ആയിരങ്ങളുടെ ജീവന്‍ അപഹരിച്ചുകൊണ്ട് ഉയരുന്ന വെള്ളപ്പൊക്കവും, ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുമുണ്ടാകുന്ന കൊടുംങ്കാറ്റും പേമാരിയും, ഇന്നാട്ടിലെ ജനങ്ങളുടെ പേടിസ്വപ്നമാണ്.  ഉഷ്ണമേഖല കാലാവസ്ഥയാണിവിടെ. അതിനാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെപോലെ മാവ്, പ്ലാവ്, മുള, വെറ്റില, തെങ്ങ്, ഈന്തപ്പന എന്നിവ ധാരാളമായി കണ്ടുവരുന്നു.

4. സാമൂഹ്യചുറ്റുപാടുകള്‍ 
മുഗള്‍ സാമ്രാജ്യ കാലംമുതല്‍ ഇന്ത്യയുടെ ഭാഗമായിരുന്നു ബംഗ്ലാദേശ്. 1651-മുതല്‍ ബ്രിട്ടിഷ് ഇന്ത്യയുടെ കീഴിലായിരുന്നു.
1947-ലെ ഭാരതസ്വാതന്ത്ര്യ ലബ്ധിയോടെയാണ് ബംഗ്ലാദേശ്, എന്ന കിഴക്കന്‍ പാക്കിസ്ഥാന്‍ പ്രദേശം പശ്ചിമ പാക്കിസ്ഥാനോടു ചേര്‍ത്തശേഷമാണ് ഇന്ത്യമഹാരാജ്യം വിഭജിക്കപ്പെട്ടത്. മതപരമായിട്ടാണ് വിഭജനം നടന്നത്. എങ്കിലും ഭാഷാപരമായും സാംസ്ക്കാരികമായും ഐകരൂപ്യവും ഉയര്‍ന്ന ജനസംഖ്യയുമുള്ള ബംഗ്ലാദേശ് ഇന്നും എല്ലാവിധത്തിലും വേറിട്ടു നില്ക്കുന്നു.

5. രാഷ്ട്രീയസ്ഥിതിഗതികള്‍
ഉറുദു ദേശീയ ഭാഷയായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴാണ് ബാംഗ്ലാദേശിലെ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയത്. 1970-ല്‍ സംയുക്തമായ കിഴക്കും പടിഞ്ഞാറും പാക്കിസ്ഥാന്‍റെ പൊതുതിരഞ്ഞെടുപ്പില്‍ അവാമി ലീഗ് പാര്‍ട്ടിയുടെ പക്ഷംചേര്‍ന്ന് ഷെയ്ഖ് മുജിബ് റഹമാന്‍ വിജയം നേടി. എന്നാല്‍ പ്രസിഡന്‍റ്, യാഹ്യാഖ്യന്‍ അതിന് വിസമ്മതിച്ചു. ദേശീയ അസംബ്ലിയുടെ സമ്മേളനം അനിശ്ചിത കാലത്തേയ്ക്ക് മാറ്റിവയ്ക്കപ്പെട്ടു. ഇതോടെ എപ്പോഴും അവഗണിക്കപ്പെട്ടിരുന്ന കിഴക്കന്‍ പാക്കിസ്ഥാനില്‍ ഒരു വന്‍ജനകീയ പ്രക്ഷോഭം ആളിപ്പടര്‍ന്നു.

6. വിപ്ലവകാലവും അഭയാര്‍ത്ഥി പ്രതിസന്ധി 
1971 മാര്‍ച്ച് 26-ന് ബംഗ്ലാദേശ് സ്വാതന്ത്യം പ്രഖ്യാപിച്ചു. എങ്കിലും രാഷ്ട്രീയ ചേരിതിരുവുമൂലം നിരന്തരമായി അഭ്യന്തരകലാപങ്ങള്‍ ഉണ്ടാകുകയും പാക്കിസ്ഥാന്‍ സൈന്യം ബംഗ്ലാദേശില്‍ നരവേട്ട നടത്തുകയുംചെയ്തു. ഇക്കാലഘട്ടത്തില്‍ വന്‍അഭയാര്‍ത്ഥി പ്രശ്നമാണ് അന്ന് ഇന്ത്യ നേരിട്ടത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മനുഷ്യത്വപരമായി പ്രതികരിക്കുകയും നിയന്ത്രിതമായിട്ടെങ്കിലും, രാജ്യാതിര്‍ത്തികള്‍ അഭയംതേടിയെത്തിയ അയല്‍ക്കാര്‍ക്കായി തുറന്നുകൊടുത്ത്, സഹാനുഭാവത്തോടെ അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്തത് ചരിത്രമാണ്.

7. അടിയന്തിരാവസ്ഥ 
ബാംഗ്ലാദേശില്‍ ‘മുക്തിബാഹിനി...’ എന്ന പേരില്‍ രൂപീകരിക്കപ്പെട്ട Liberation Force-നോട് ഇന്ത്യന്‍സേന പക്ഷംചേര്‍ന്ന് പാക്കിസ്ഥാനുമായി നടത്തിയ സായുധ പോരാട്ടത്തില്‍ 1971-ഡിസംബര്‍ 16-Ɔ൦ തിയതി പാക്കിസ്ഥാന്‍ അടിയറ പറയേണ്ടിവന്നു. ഇങ്ങനെയാണ് ബാംഗ്ലാദേശ് രൂപംകൊണ്ടത്. ബന്ധിയായിരുന്ന ബാംഗ്ലയുടെ നേതാവ്, മുജിബ് റഹ്മാന്‍ ബാംഗ്ലാദേശ് മതേതര രാഷ്ട്രത്തിന്‍റെ പ്രഥമ പ്രസി‍ഡന്‍റായി. എന്നാല്‍ 1974-ല്‍ പ്രതിപക്ഷങ്ങള്‍ ഉണര്‍ത്തിയ രക്തരൂക്ഷിത അഭ്യന്തര വിപ്ലവത്തില്‍ മുജീബ് റെഹ്മാന്‍ സകുടുംബം വധിക്കപ്പെട്ടു. ഉടന്‍ പ്രഖ്യാപിക്കപ്പെട്ട അ‌ടിയന്തിരാവസ്ഥയെ തുടര്‍ന്ന് 1975-ല്‍ പ്രസിഡന്‍ഷ്യല്‍ ഭരണവും നിലവില്‍വന്നു. പിന്നെ തുടര്‍ന്ന് 8 വര്‍ഷത്തോളം ജനറല്‍ ഏര്‍ഷദ രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റായി ഭരിച്ചു.

8. ജനായത്തഭരണം
1991-ല്‍ ജനായത്ത തിരഞ്ഞെടുപ്പു നടത്തപ്പെട്ടു. ബീഗം ഖാലിദാസിയയുടെ നേതൃത്വത്തില്‍ ബി.എന്‍.പി. Bangladesh National Party അധികാരത്തില്‍ വന്നു.  1996-ല്‍ വീണ്ടും തിരഞ്ഞെടുപ്പിലൂടെ അവാമി  ലീഗ് വിജയംവരിക്കുകയും ഷേക്ക് ഹസീന പ്രധാനമന്ത്രിയാവുകയും ചെയ്തു. പ്രതികൂല സഹാചര്യങ്ങളിലൂടെയാണെങ്കിലും ഇതര പാര്‍ട്ടികളോടും മതന്യൂപക്ഷങ്ങളോടും കൂട്ടുചേര്‍ന്ന് ബാംഗ്ലാദേശില്‍ ഒരു ദേശീയ ഭരണമുന്നണി "The Government of National Consensus" ശ്രീമതി ഹസീന രൂപീകരിച്ചു. ബഹുഭൂരിഭാഗവും പാവങ്ങളുള്ള നാടിനെ ഇന്നു മുന്നോട്ടു നയിക്കുന്നത് ശ്രീമതി ഷേക്ക് ഹസീനയുടെ 4 പതിറ്റാണ്ടുകള്‍ നീളുന്ന ഭരണപാടവം തന്നെയാണെന്നു പറയാം.

പ്രത്യാശയുടെ യാത്രയാണ് പാപ്പാ ഫ്രാന്‍സിസ് മ്യാന്മാറിലേയ്ക്ക് നടത്തുന്നത്.  ലോകത്തിന്, മാനവകുലത്തിന് സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രത്യാശ പകരാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്ര സഹായകമാകട്ടെയെന്ന് നമുക്ക് സ്നേഹപൂര്‍വ്വം പ്രാര്‍ത്ഥിക്കാം!

പാപ്പാ ഫ്രാന്‍സിസിന് ശുഭയാത്ര നേരുന്നു!








All the contents on this site are copyrighted ©.