2017-11-25 20:09:00

നിത്യതയ്ക്ക് മാനദണ്ഡമാകുന്ന സഹോദരസ്നേഹം


വിശുദ്ധ മത്തായി 25, 31-46

യുഗാന്ത്യചിന്തയുമായി ആരാധനക്രമ വര്‍ഷാന്ത്യം
ക്രിസ്തുരാജന്‍റെ തിരുനാള്‍

ആരാധനക്രമ വര്‍ഷത്തിന്‍റെ അവസാനഭാഗത്തേയ്ക്ക് കടക്കുകയാണ്. അതിനോട് അനുബന്ധിച്ച് നാം ക്രിസ്തുരാജ മഹോത്സവം ആഘോഷിക്കുന്നു. നിത്യതയെക്കുറിച്ചുള്ള ചിന്തയിലേയ്ക്കാണ് ഈ തിരുനാള്‍ നമ്മെ ക്ഷണിക്കുന്നത്. ‘എളിയവര്‍ക്കായി നിങ്ങള്‍ ഇതൊക്കെ ചെയ്തപ്പോള്‍ അതെല്ലാം എനിക്കു തന്നെയാണ് നിങ്ങള്‍ ചെയ്തത്’  ഈ ക്രിസ്തുദര്‍ശനമാണ്, ഇന്നത്തെ സുവിശേഷത്തിന്‍റെ സത്ത. സഹോദരസ്നേഹം തന്നെയാണ് ദൈവസ്നേഹമെന്നു വചനം ഉദ്ബോധിപ്പിക്കുന്നു.

മാനവികതയുടെ കറുത്തമുഖങ്ങള്‍ 
മനുഷ്യന്‍ മനുഷ്യനെതിരായി പ്രവര്‍ത്തിക്കുന്ന ക്രൂരതയുടെ സംഭവങ്ങളാണ് അനുദിനം കേള്‍ക്കുന്നതും കാണുന്നതും. നവംബര്‍ 24, വെള്ളിയാഴ്ച ഈജിപ്തിലെ സീനായ് പ്രവിശ്യയിലുള്ള മുസ്ലീം പ്രാര്‍ത്ഥനാലയത്തില്‍നിന്നും മദ്ധ്യാഹ്നനമസ്ക്കാരം കഴിഞ്ഞിറങ്ങിയ സുഫി സമൂഹത്തില്‍പ്പെട്ട നിര്‍ദ്ദോഷികളായ 295-പേരെയാണ് ഭീകരര്‍ വെടിവെച്ചു വീഴ്ത്തിയത്. ഇന്ന് ലോകത്തിന്‍റെ നാനാഭാഗത്തും നടക്കുന്ന ഇത്തരം സംഭവങ്ങള്‍ കേട്ട് നമുക്ക് തഴക്കായി. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍, “ചിഹ്നഭിന്നമായൊരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെ കെടുതിയിലാണ് ലോകം ഇന്ന്!”

 “ലോകത്തിന്നു കാണുന്ന ഭീകരതയുടെയും തിന്മയുടെയും അധിക്രമങ്ങളുടെയും മുന്നില്‍ നില്ക്കുമ്പോള്‍, നാം ചോദിച്ചുപോകും, ‘ദൈവം എവിടെ?’ എന്നാല്‍ നല്ല മനുഷ്യരുടെ സ്നേഹത്തിന്‍റെയും കനിവിന്‍റെയും കാരുണ്യത്തിന്‍റെയും മുന്നില്‍ നില്ക്കുമ്പോള്‍ അറിയാതെ നാം പറഞ്ഞുപോകും, ദൈവ സ്നേഹമാണെന്ന്. ഇത് ദൈവസ്നേഹമാണെന്ന്. ദൈവിക കാരുണ്യമാണെന്ന്!”. പുണ്യവതിയായ മദര്‍ തെരേസയെക്കുറിച്ച് ആത്മീയാചാര്യനായ നിത്യചൈതന്യയതി പറഞ്ഞതാണിത്. മദറിന്‍റെ ജീവിതത്തിലെ ആപ്തവാക്യവും ഇന്നത്തെ സുവിശേഷസുക്തം തന്നെയായിരുന്നു,” ദൈവസ്നേഹത്തെപ്രതി മനുഷ്യര്‍ക്കുവേണ്ടി ജീവിച്ചവര്‍...പാവങ്ങള്‍ക്ക് കാരുണ്യത്തിന്‍റെ പ്രകാശം കാട്ടിയവര്‍.

സഹോദര സ്നേഹത്തിലെ ദൈവസ്നേഹം 
ചുറ്റുമുള്ള തിന്മയില്‍ ദൈവനിഷേധമാണ് കാണുന്നതെങ്കില്‍, ജീവിതപരിസരങ്ങളിലെ നന്മയില്‍ ദൈവസ്നേഹമാണ് കാണേണ്ടത്. മദര്‍ തെരേസയുടെ സേവനത്തിലൂടെ ലോകമെമ്പാടും പാവങ്ങള്‍ക്ക് ലഭ്യമായത് ദൈവസ്നേഹമാണ്. വിശുദ്ധിയും നന്മയും അടങ്ങിയിരിക്കുന്നത് നാം ദൈവത്തെ സ്നേഹിക്കുന്നു എന്നതിലല്ല, മറിച്ച് ദൈവത്തെ സ്നേഹിക്കുന്ന നാം സഹോദരങ്ങളെ സ്നേഹിച്ചു ജീവിക്കുന്നു എന്നതിലാണ്. പാപികളായിരുന്നിട്ടും, ബലഹീനരായിരുന്നിട്ടും ദൈവം നമ്മെ സ്നേഹിക്കുന്നു. ദൈവം നമുക്ക് ആയുസ്സും ജീവനും തന്ന് അനുദിനം പരിപാലിക്കുന്നു, നയിക്കുന്നു. ആ ദൈവസ്നേഹത്തിന്‍റെ പ്രതിഫലനമായും, ദൈവത്തോടുള്ള പ്രതിനന്ദിയായും ചുറ്റുമുള്ള സഹോദരങ്ങളോട് നാം സ്നേഹവും ആദരവുമുള്ളവരായി ഈ ഭൂമിയില്‍ ജീവിക്കാന്‍ കടപ്പെട്ടിരിക്കുന്നു. സഹോദരങ്ങളുടെ അന്തസ്സും സ്വാതന്ത്ര്യവും ആദരിക്കുന്നതും മാനിക്കുന്നതും സഹോദര സ്നേഹമാണ്. ദൈവസ്നേഹത്തിന്‍റെ അടയാളമാണ്! ക്രിസ്തു നമുക്ക് പകര്‍ന്നുതന്ന സ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണതയില്‍ പങ്കുചേര്‍ന്നു ജീവിക്കാന്‍ നമുക്കു പരിശ്രമിക്കാം.

നിത്യതയുടെ മാനദണ്ഡം സഹോദരസ്നേഹം  
താലന്തുകളുടെ ഉപമയെക്കുറിച്ച്  കഴിഞ്ഞാഴ്ചയില്‍ നാം ധ്യാനിച്ചു. സമ്പത്ത് ഉള്‍പ്പെടെ എല്ലാക്കഴിവുകളും അറിവുമെല്ലാം താലന്തുകളാണ്. ഉപമയിലെ യജമാനന്‍ ദൈവമാണ്. അവിടുന്ന് നമ്മെ ഏല്പിച്ച താലന്തുകള്‍ക്ക് പരസ്നേഹം, സഹോദരസ്നേഹം എന്നൊക്കെ അര്‍ത്ഥം കൊടുക്കാവുന്നതാണ്. ദൈവം തന്ന കഴിവുകളാകുന്ന തലാന്തുകള്‍ വ്യയംചെയ്ത്, വര്‍ദ്ധിപ്പിച്ച് അത് സഹോദരങ്ങളുമായി പങ്കുവച്ചു ജീവിച്ചവരെ യജമാനന്‍ പ്രശംസിക്കുക മാത്രമല്ല, അവര്‍ക്ക് പ്രതിസമ്മാനം നല്കുന്നു. അവരെ നിത്യതയുടെ സന്തോഷത്തില്‍ സ്വീകരിക്കുന്നു. ദൈവസ്നേഹത്തോടുള്ള സ്വാഭാവികമായ പ്രതികരണത്തില്‍ ആത്മീയതയും ഭൗതികതയും തമ്മില്‍ വേര്‍തിരിവില്ല. സഹോദര സ്നേഹമാണ് ദൈവസ്നേഹം എന്ന വീക്ഷണമാണിത്. ‘What soever you do to the least of my brothers that you do unto me… എന്‍റെ എളിയവര്‍ക്ക് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍, എനിക്കുതന്നെയാണ് ചെയ്തത്...’ (മത്തായി 25, 40). ധനവാന്‍റെയും ലാസറിന്‍റെയും സുവിശേഷക്കഥയില്‍, ലാസറിനോടും, എളിയവനോടും കാണിച്ച നിസ്സംഗതയും അവജ്ഞയുമാണ് ധനാഠ്യന്‍റെ ശിക്ഷയ്ക്ക് കാരണമാക്കിയത്. സഹോദരങ്ങളോട്, വിശിഷ്യ എളിയവരോട്, പാവങ്ങളോടു കാണിക്കുന്ന അവജ്ഞ പാപമാണ്! അത് ശിക്ഷാവിധി വിളിച്ചുവരുത്തും.

ഇടയന്‍ നയിക്കുന്ന  പ്രശാന്തിയുടെ പുല്‍പ്പുറങ്ങള്‍
പച്ചയും പ്രശാന്തവുമായ തീരത്തേയ്ക്കും, നീര്‍ച്ചോലയിലേയ്ക്കും നമ്മെ നയിക്കുന്ന ഇടയനെക്കുറിച്ചാണ് ഇന്നത്തെ സങ്കീര്‍ത്തനാലാപനം. ക്രിസ്തു മനുഷ്യനായി അവതരിച്ചത്, ചെങ്കോലും ദണ്ഡുംകൊണ്ട് ഭരിക്കുന്ന രാജാവായിട്ടല്ല, സ്നേഹമാകുന്ന ദൈവത്തെക്കുറിച്ച്, മനുഷ്യരെ അറിയിക്കുന്ന ദാസനായിട്ടാണ്. രാജാവിനെപ്പോലെ ഭരിക്കാനല്ല, ഇടയനെപ്പോലെ നയിക്കുവാനും സ്നേഹിക്കാനുമാണ് അവിടുന്നു വന്നത്. സമൃദ്ധവും പ്രശാന്തവുമായ സ്വര്‍ഗ്ഗീയ പുല്‍പ്പുറത്തേയ്ക്ക് നമ്മെ നയിക്കുന്ന ഇടയാനാണ് അവിടുന്ന് (സങ്കീ. 23).

ബോബി ജോസ് കട്ടിക്കാട് കപ്പൂചിന്‍റെ ഗുരുചരണത്തിലെ ചിന്ത കടമെടുക്കട്ടെ. അന്ത്യവിധിയില്‍, ഇന്ന് ദൈവം നമ്മോടു ചോദിക്കാന്‍ പോകുന്നത് ആ പഴയ ചോദ്യമായിരിക്കണമെന്നില്ല. വിശക്കുന്നവനു കൊടുക്കാതെപോയ അപ്പം, ദാഹിക്കുന്നവന് പകരാതെപോയ ജലം, നഗ്നന് നെയ്യാതെപോയ അങ്കി, രോഗിക്ക് തട്ടിക്കളഞ്ഞ ഔഷദം, തടവറയില്‍ നിഷേധിച്ച സ്വാതന്ത്ര്യത്തിന്‍റെ ആകാശം – ഇല്ല. അതൊന്നുമായിരിക്കില്ല ദൈവം നമ്മോടു ഇന്നു ചോദിക്കുന്നത്. പകരം നമ്മോടു ഒരേയൊരു ചോദ്യം. ഭൂമിയുടെ പച്ചപ്പു നിലനിര്‍ത്താന്‍ നീയൊരു മരം നട്ടിട്ടുണ്ടോ? അതിലായിരിക്കും നിങ്ങളുടെ വിധിയും ഭൂമിയുടെ വിധിയും. പാരിസ്ഥിതികവും പച്ചയുമായ ധ്യാനം!  വര്‍ണ്ണചക്രത്തില്‍, കലാകാരന്മാര്‍ പറയും സമാധാനത്തിന്‍റെ നിറമാണ് പച്ചയെന്ന്. അത് പ്രകൃതിയുടെ നിറമാണ്. അത് വളര്‍ച്ചയെയും സമൃദ്ധിയെയും, കൂട്ടായ്മയെയും, ഉന്മേഷത്തെയും ജീവല്‍സമ്പന്നതയെയും ചിത്രീകരിക്കുന്നു. ഒപ്പം വൈകാരികമായ സുരക്ഷയുടെയും നിറമാണത്. അതുകൊണ്ടായിരിക്കാം, അന്ത്യവധിയില്‍ മരം നട്ടിട്ടുണ്ടോയെന്ന് ദൈവം നമ്മോടു ചോദിക്കുമെന്ന് ബോബിയച്ചന്‍ പറഞ്ഞത്. മരത്തില്‍നിന്നും പച്ചപ്പു ചോര്‍ന്നാല്‍ അത് നിര്‍ജ്ജീവമാകും, അത് മൃതമാകും. മനുഷ്യജീവിതത്തില്‍നിന്നും നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പച്ചപ്പ് ചോര്‍ന്നുപോകുമ്പോള്‍ നമ്മിലും സുരക്ഷയില്ലായ്മയും, ഭീതിയും, പകയും, വൈരാഗ്യവും, വിദ്വേഷവും വളരും. പരസ്പരം കുറ്റമാരോപിക്കും തെറ്റിദ്ധരിക്കും, പരസ്പരം അംഗകരിക്കാതെവരും... മനുഷ്യന്‍ മനുഷ്യനെതിരായി വാളെടുക്കും. കീറിമുറിക്കും. മനുഷ്യമനസ്സുകള്‍ മരുഭൂമിപോലെ തരിശാകും. സ്നേഹമില്ലാതെ വിണ്ടുകീറും. സ്നേഹമില്ലായ്മയുടെ ശുഷ്ക്കതയും വരള്‍ച്ചയും വിദ്വേഷമായും പ്രതികാരമായും മനുഷ്യമനസ്സുകളെ അസ്വസ്തമാക്കും. സ്നേഹിക്കാനെന്നപോലെ നാം പരസ്പരം ക്ഷമിക്കാനും കരുത്തില്ലാത്തവരായി മാറും.
ഈ ജീവിതത്തിന്‍റെ പച്ചപ്പിന്‍റെയും പ്രശാന്തതയതുടെ സൂക്ഷിപ്പുകാര്‍ മനുഷ്യരായ നമ്മളാണ്. സൃഷ്ടിയോടും, പൊതുഭവനമായ
ഈ ഭൂമിയോടു കാണിക്കുന്ന സ്നേഹം സഹോദരസ്നേഹം തന്നെയാണ്. മറിച്ചും... സഹോദരങ്ങളോടു സ്നേഹമുണ്ടെങ്കില്‍ അവരുടെ അന്തസ്സുമാനിക്കും  വിധം, നീതിനിഷ്ഠമായും സ്നേഹനിഷ്ഠമായും നാം ജീവിക്കും.

ഒരു സാന്ത്വനയാത്ര... 
തന്‍റെ 21-Ɔമത് അപ്പസ്തോലികയാത്രയ്ക്ക് ഒരുങ്ങുകയാണ് പാപ്പാ ഫ്രാന്‍സിസ്.  ഇന്ത്യയുടെ അയല്‍‍രാജ്യങ്ങളായ മ്യാന്മാറിലേയ്ക്കും ബാംഗ്ലാദേശിലേയ്ക്കുമാണീ  യാത്ര. രണ്ടു രാജ്യങ്ങളിലെയും സഭകള്‍, ക്രൈസ്തവ സമൂഹങ്ങള്‍ ഏറെ ചെറുതാണ്. ക്രൈസ്തവര്‍ രണ്ടു രാജ്യങ്ങളിലും തുലോം നിസ്സാരമാണ്. എങ്കിലും പ്രതിസന്ധികളുള്ള നാടുകളില്‍ സുവിശേഷസ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെ ചൈതന്യം പകരുകയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്രയുടെ ലക്ഷ്യം. കത്തിനില്കുന്നതും, ലോകം ഉറ്റുനോക്കുന്നതുമായ ‘രോഹിംഗ്യ അഭയാര്‍ത്ഥി’ പ്രതിസന്ധിയുടെ മദ്ധ്യത്തിലേയ്ക്കാണ് ഒരു നല്ല സമരിയാക്കാരനെപ്പോലെ പാപ്പാ ഫ്രാന്‍സിസ് ചെല്ലുന്നത്. അതുപോലെ മതവിദ്വേഷത്തിന്‍റെ ക്രൂരത നരഹത്യയായി അടക്കടി തലപൊക്കുന്ന അധികവും പാവങ്ങളുള്ള രാജ്യങ്ങളാണ് ബാംഗ്ലാദേശും മ്യാന്മാറും. ഇരുരാജ്യങ്ങളിലെയും വേദനിക്കുന്ന പാവപ്പെട്ട ജനസഞ്ചയത്തിന് സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സുവിശേഷതൈലം പൂശാനും, മുറിവുണക്കാനും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ഇടയാക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം. മ്യാന്മാറിലും ബാംഗ്ലാദേശിലും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും വെളിച്ചം വീശാന്‍, അതിരുകള്‍ തേടിയുള്ള പാപ്പായുടെ ഈ ഇടയസന്ദര്‍ശനം സഹായകമാക്കട്ടെ!

പാപ്പാ ഫ്രാന്‍സിസിന് ശുഭയാത്ര നേര്‍ന്നുകൊണ്ട് നമുക്കീ സുവിശേഷവിചിന്തം ഉപസംഹരിക്കാം.

 








All the contents on this site are copyrighted ©.