സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

DOCAT ​XL​V: ''കുടുംബത്തിന്‍റെ അടിസ്ഥാനം വിവാഹം''

24/11/2017 11:33

സമൂഹത്തിന്‍റെ അടിസ്ഥാനഘടകമായ കുടുംബം ദൈവികപദ്ധതിയെന്നു സുവ്യക്തമാക്കുന്ന അഞ്ചാം അധ്യായത്തിലെ ചോദ്യോത്തരങ്ങളാണ് നമ്മുടെ ചര്‍ച്ചാവിഷയമായിരിക്കുന്നത്.  കഴിഞ്ഞ ദിനത്തില്‍ 121 മുതല്‍ 124 വരെയുള്ള ചോദ്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ട്, വിവാഹത്തിലൂടെ അടിസ്ഥാനമിടുന്ന കുടുംബത്തെക്കുറിച്ച്, ആ കുടുംബത്തില്‍ പ്രായമായവരും കുട്ടികളും പ്രത്യേകം സ്നേഹിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച്, അതെപ്പോഴും അങ്ങനെ ആയിരിക്കണമെന്ന് സഭ പഠിപ്പിക്കുന്നതിനെക്കുറിച്ച് നാം കാണുകയായിരുന്നു. 

കുടുംബത്തിന്‍റെ അടിസ്ഥാനമായിരിക്കാന്‍ ദൈവം നിശ്ചയിച്ചിരിക്കുന്ന വിവാഹമെന്ന കൂദാശയെക്കുറിച്ചാണ് ഇന്നു കൂടുതലായി ചിന്തിക്കുക.  സ്ത്രീപുരുഷന്മാരുടെ ഏറ്റവും ആഴമായ ആഗ്രഹങ്ങള്‍ക്കനുസൃതമായി അവര്‍ ഒന്നിച്ചു ജീവിക്കുന്നതിനു യുക്തമായ ദൈവവിളിയായി സഭ അംഗീകരിക്കുന്നത് വിവാഹവും കുടുംബജീവിതവുമാണ് എന്ന് 125 മുതല്‍ 128 വരെയുള്ള നാലു ചോദ്യോത്തരങ്ങളിലൂ‌ടെ സയുക്തം പഠിപ്പിക്കുന്നു. വിവാഹമെന്ന അടിത്തറയില്ലാതെ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു ജീവിക്കുന്ന രീതികള്‍ വിവാഹജീവിതത്തിന്‍റെ ചില കടപ്പാടുകളില്‍നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ഒളിച്ചോടാന്‍ ചിലര്‍ക്കു പ്രേരകമാകാമെങ്കിലും അതൊരിക്കലും നിലനില്‍ക്കുന്നതല്ല എന്നും, മനുഷ്യനു രക്ഷയുടെ വഴിയല്ല എന്നും മനസ്സിലാക്കാന്‍  ദൈവാരൂപിയാല്‍ നയിക്കപ്പെടുന്നവര്‍ക്കു പ്രയാസമില്ല.  വിവാഹത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതിന് ഇവിടെ ആദ്യത്തെ ചോദ്യമിതാണ്. 

ചോദ്യം 125.  വിവാഹത്തിനു കുടുംബത്തിലുള്ള പ്രാധാന്യമെന്ത്?

ഉത്തരം: വിവാഹം കുടുംബത്തിന്‍റെ ആധാരശിലയാണ്. ക്രൈസ്തവര്‍ക്ക് അത് കൂദാശയുമാണ്. അ തിനാല്‍ ദൈവത്തിന്‍റെ രക്ഷയുടെ അടയാളമാണ്. സഭയുടെ മുന്‍കാലബോധ്യങ്ങളും അനുഭവങ്ങളുടെ പാരമ്പര്യവുമനുസരിച്ച് വിവാഹം സ്ത്രീക്കും പുരുഷനും മക്കള്‍ക്കും ഒരുമിച്ചു ജീവിക്കാനുള്ള ഏ റ്റവും നല്ല അടിസ്ഥാനമാണ്. വിവാഹത്തില്‍ മാത്രമേ, നിബന്ധനാതീതമായ വിശ്വാസ്യത ഉറപ്പു വരുന്നുള്ളു.  ഈ വിശ്വാസ്യതയാകട്ടെ, സ്ഥലകാലപരിമിതികള്‍ക്ക് അതീതമാണുതാനും.  അങ്ങനെ വി വാഹം എല്ലാ കുടുംബാംഗങ്ങള്‍ക്കും മനുഷ്യോചിതമായ സംരക്ഷണവും അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങളും ഒരുക്കുന്നു.

വിവാഹജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ചിന്താവിഷയമാക്കി ഫ്രാന്‍സീസ് പാപ്പായും വി. മദര്‍ തെരേസയും നല്‍കുന്ന ഉപദേശങ്ങളും ഇവിടെ ഉചിതമായി ചേര്‍ത്തിരിക്കുന്നു.  ഫ്രാന്‍സീസ് പാപ്പാ യുവദമ്പതിമാരോട് ഇങ്ങനെ ഒരുപദേശം നല്‍കുന്നുണ്ട് 2014-ലെ ഒരു ഫെബ്രുവരി മാസത്തില്‍:

''വിവാഹമെന്നത് ഒരു അനുദിനദൗത്യമാണ്; ഒരു ശില്‍പ്പിയുടെ അല്ലെങ്കില്‍ സ്വര്‍ണപ്പണിക്കാരന്‍റേതു പോലെ എന്നു ഞാന്‍പറയും. കാരണം, ഭാര്യയെ മെച്ചപ്പെട്ട സ്ത്രീയാക്കാനുള്ള ഉത്തരവാദിത്വം ഭര്‍ത്താവിനും ഭര്‍ത്താവിനെ ഒരു മെച്ചപ്പെട്ട പുരുഷനാക്കാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുമുണ്ട്.  അതുകൊണ്ടുതന്നെ ഞാന്‍ ഇങ്ങനെ ചിന്തിക്കുകയാണ്. ഒരുദിവസം നിങ്ങള്‍ റോഡിലൂടെ നടന്നുപോ കുമ്പോള്‍ മനുഷ്യര്‍ പറയും: ''സുന്ദരിയും ശക്തയുമായ ആ സ്ത്രീയെ നോക്കൂ! ഹാ, അയാളുടേതു പോലുള്ള ഒരു ഭര്‍ത്താവുണ്ടെങ്കില്‍ ഇതില്‍ അത്ഭുതമൊന്നും ഇല്ല!  നിങ്ങളോടും ഇങ്ങനെ പറയും: ''അയാളെ നോക്കൂ, എന്താല്ലേ!'' അയാള്‍ക്കുള്ളതുപോലുള്ള ഒരു ഭാര്യയുണ്ടെങ്കില്‍ അതില്‍ അത്ഭുതമൊന്നും ഇല്ല''... ഒന്നിച്ചു വളര്‍ന്ന, പരസ്പരം പൂര്‍ണരാക്കിയ മെച്ചപ്പെട്ട സ്ത്രീയും പുരുഷനുമായ മാതാപിതാക്കളുടെ പാരമ്പര്യം മക്കള്‍ക്കു പകര്‍ന്നു കിട്ടുകയും ചെയ്യും (ഫ്രാന്‍സീസ് പാപ്പാ, യുവ ദമ്പതിമാരോട്, 14-02-2014)

എത്രയോ ലളിതവും എക്കാലത്തും പ്രസക്തവുമായതാണെന്നു നോക്കുക മദര്‍ തെരേസ നല്‍കുന്ന ഉ പദേശം! അമ്മ പറയുന്നു, ''ദാമ്പത്യത്തില്‍ പ്രതിസന്ധിയനുഭവിക്കുന്ന ദമ്പതികള്‍ക്ക് എന്തുപദേശമാണ് നല്‍കാനുള്ളത് എന്നു പലപ്പോഴും മനുഷ്യന്‍ എന്നോടു ചോദിക്കാറുണ്ട്.  എനിക്കെപ്പോഴും ഒരുത്ത രമേയുള്ളു.  പ്രാര്‍ഥിക്കുക, ക്ഷമിക്കുക.  അശാന്തിയുള്ള ഭവനങ്ങളില്‍ നിന്നു വരുന്ന ചെറുപ്പക്കാ രോടും എനിക്കിതേ പറയാനുള്ളു.  പ്രാര്‍ഥിക്കുക, ക്ഷമിക്കുക''. (മദര്‍ തെരേസ, 1910.1997)

നാം നേരത്തെ വീക്ഷിച്ചതുപോലെ, വിവാഹജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ മറ്റു വഴികള്‍ ഉപദേശിക്കുന്നവരും സ്വീകരിക്കുന്നവരുമുണ്ട്.  ആ വഴികളെക്കുറിച്ച് 126-ാമത്തെ ചോദ്യത്തിലൂടെ യുക്തമായ ഉത്തരം നല്‍കുകയാണ് ഡുക്യാറ്റ്

ചോദ്യം 126.  മറ്റുവിധത്തില്‍ ഒന്നിച്ചു ജീവിക്കുന്ന രീതിയെ എങ്ങനെയാണു വിലയിരുത്തേണ്ടത്?

ഉത്തരം: സ്ത്രീപുരുഷന്മാരുടെ ഏറ്റവും ആഴമായ ആഗ്രഹങ്ങള്‍ക്കനുസൃതമായി അവര്‍ ഒന്നിച്ചു ജീവിക്കുന്നതിനു യുക്തമായ ദൈവവിളിയായി സഭ വ്യക്തമായി പരിഗണിക്കുന്നത് വിവാഹവും കുടുംബജീവിതവുമാണ്. ലൈംഗികതയും വ്യക്തിബന്ധങ്ങളും തമ്മിലും വൈകാരികതയും ഉത്തരവാദിത്വവും തമ്മിലും കുടുംബവും പങ്കാളിത്തവും തമ്മിലും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ സഭ ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്. എങ്കിലും അങ്ങനെ ജീവിക്കുന്നവരോട് കരുണയോടെ സ ഹായഹസ്തം നീട്ടി, അവര്‍ക്ക് മനഃപരിവര്‍ത്തനത്തിനും വിവാഹമെന്ന കൂദാശയുടെ പൂര്‍ണതയിലേ ക്കു വഴി തുറക്കാനുമുള്ള അവസരം സഭ തേടുന്നുണ്ട്.

ഇവിടെ ഫ്രാന്‍സീസ് പാപ്പാ നല്‍കുന്ന ഉപദേശം യാഥാര്‍ഥ്യത്തെ നേരിട്ടു വിജയിക്കുന്നതിനുള്ളതാണ്. പാപ്പാ പറയുന്നു: ''പരാജയത്തിന്‍റെ വേദനയില്‍ പങ്കുചേരാന്‍ നമുക്കാവണം. തങ്ങളുടെ സ്നേഹത്തില്‍ പരാജയപ്പെട്ടു പോയിട്ടുള്ളവരെ വിധിക്കാതെ നാമൊപ്പം നടക്കണം.  തലമുടി നാരിഴകീറിയു ള്ള അന്വേഷണങ്ങളിലും വിശകലനങ്ങളിലും ഒക്കെ എല്ലായ്പോഴുമൊരു കെണിയുണ്ട്. മനു ഷ്യര്‍ക്കെതിരെ, നമുക്കെതിരെ, ദൈവത്തിനെതിരെ, എല്ലായ്പോഴും!'' (ഫ്രാന്‍സീസ് പാപ്പാ,  28-02-2014)

വിവാഹജീവിതപ്രതിസന്ധികളില്‍ സന്താനങ്ങളെക്കുറിച്ചുള്ള പരിദേവനങ്ങളും പ്രധാനമായി വരുന്നു എന്നു നമുക്കറിയാം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ നല്‍കുന്ന പ്രസ്താവന കൗതുകകരവും ചിന്തനീയവുമാണ്.  അദ്ദേഹം പറയുന്നു, ''നാലു മക്കളെ വളര്‍ത്തുന്നതിനെക്കാള്‍ എളുപ്പം ഒരു രാജ്യം ഭരിക്കാനാണ്''

 വിവാഹത്തിന്‍റെ ഭാഗമായ സന്താനോല്‍പ്പാദനത്തെക്കുറിച്ചാണ് ഇതോടു ചേര്‍ന്നു ചര്‍ച്ച ചെയ്യുന്നത്.

ചോദ്യം 127.  മക്കളുണ്ടാവുക എന്ന ആഗ്രഹം വിവാഹത്തിന്‍റെ ഭാഗമാണോ?

ഉത്തരം: തീര്‍ച്ചയായും. വിവാഹം കുടുംബത്തിന്‍റെ ഭാഗമായിരിക്കുന്നതുപോലെ, കുടുംബം വിവാഹ ത്തിന്‍റെ ഭാഗമാണ്. രണ്ടും പരസ്പരബന്ധിതമാണ്. ലളിതമായിപ്പറഞ്ഞാല്‍, ''കുടുംബമില്ലാതെ വിവാഹമില്ല, വിവാഹമില്ലാതെ കുടുംബവുമില്ല''.

വിവാഹം കുടുംബത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് പ്രജനനവും ശിശുപരിപാലനവും മക്കളോടൊത്തുള്ള ജീവിതവും ഉള്‍പ്പെട്ടതാണ് എന്നാണ്.  അതുകൊണ്ട് വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ മക്കളുണ്ടാവാനുള്ള സാധ്യതയെ തള്ളിക്കളയാന്‍ പാടില്ല.  ദൈവം നിങ്ങള്‍ക്കു ദാനമായി നല്‍കുന്ന കുഞ്ഞുങ്ങളെ സ്നേഹപൂര്‍വം സ്വീകരിക്കാനും ക്രിസ്തുവി ന്‍റെയും സഭയുടെയും നിയമങ്ങള്‍ക്കനുസരിച്ചു വളര്‍ത്തിക്കൊണ്ടുവരാനും നിങ്ങള്‍ സന്നദ്ധരാണോ? എന്ന പുരോഹിതന്‍റെ ചോദ്യത്തിന് അതേ എന്നു മറുപടി പറയാന്‍ വരനും വധുവും ബാധ്യതപ്പെട്ടിരിക്കുന്നു.  അപ്പോള്‍ മാത്രമേ, അവരുടെ വിവാഹത്തിന്‍റെ ഉടമ്പടി പൂര്‍ത്തിയാവുന്നുള്ളു.

മക്കളെ വളര്‍ത്തുന്നതില്‍ നിര്‍ണായകമായ ഒരു മനോഭാവം രൂപപ്പെടുത്താന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ തികച്ചും ഉചിതമായ ഒരുപദേശം ഇവിടെ നല്‍കിയിട്ടുണ്ട്.  പാപ്പാ പറയുന്നു:  ''ഇന്നു സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മക്കളുടെ കൂട്ടുകാര്‍ മാത്രമാ കാന്‍ താല്‍പ്പര്യപ്പെടുന്ന മാതാപിതാക്കളുണ്ട്.  അമിതമായ വാത്സല്യവും സൗമ്യതയും മൂലം സത്യം പഠിപ്പിക്കാന്‍വേണ്ടി അവര്‍ക്കു മുന്നറിയിപ്പു നല്‍കാനോ, തെറ്റു തിരുത്താനോ പലരും തയ്യാറാകു ന്നില്ല.  കുട്ടികളുടെ വിദ്യാഭ്യാസം വളരെ പരിശുദ്ധമായ ഒരു ഉത്തരവാദിത്വമാണ് എന്ന് ഊന്നിപ്പറ യേണ്ടിയിരിക്കുന്നു.  ഇത് മാതാപിതാക്കള്‍ രണ്ടുപേരില്‍ നിന്നും ഉണ്ടാകണം.  ഇതിനു കുട്ടികളോട് ഊഷ്മളത, അടുപ്പം, ആശയവിനിമയം എന്നതുപോലെതന്നെ മാതൃകയും ആവശ്യപ്പെടുന്നു.  വീട്ടില്‍ മാതാപിതാക്കള്‍ സ്വര്‍ഗത്തിലെ ദൈവപിതാവിന്‍റെ പ്രതിനിധികളായിരിക്കണം.  അവിടുന്നായിരിക്കട്ടെ അവരുടെ ഉത്തമ മാതൃക'' (വി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ,1920-2005, 4-6-1999).

വിവാഹവും സന്താനങ്ങളും എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, സ്വന്തം മക്കളുണ്ടാകാന്‍ അനുഗ്രഹം ലഭിക്കാത്ത ദമ്പതികളെക്കുറിച്ച് എന്തു പറയാം? അവരുടെ വിവാഹം മൂല്യമുള്ളതാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരിക തികച്ചും സ്വാഭാവികമാണ്.  അതിനാല്‍ അടുത്ത ചോദ്യം ഇതാണ്

ചോദ്യം 128.  സ്വന്തം മക്കളുണ്ടാകാന്‍ സാധ്യമല്ലാത്ത ദമ്പതിമാരെക്കുറിച്ച് എന്തു പറയാം?

ഉത്തരം: മൂല്യമില്ലാത്തതല്ല അവരുടെ വിവാഹം. പ്രജനനം മാത്രമല്ല വിവാഹത്തിന്‍റെ ലക്ഷ്യം.  മറിച്ച്, വിവാഹത്തിനു അവിഭാജ്യസ്വഭാവമുണ്ട്.  കൂട്ടായ്മയുടെ വിലയുണ്ട്. ദീര്‍ഘനാളാഗ്രഹിച്ചിട്ടും കുട്ടികള്‍ ഉണ്ടാകാതിരുന്നാലും, ആ കുട്ടികളാല്‍ വിവാഹജീവിതം സമ്പൂര്‍ണമാകുന്നില്ലെങ്കിലും അതു വിലയുള്ളതുതന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദമ്പതികള്‍ക്കു മക്കളെ ദത്തെടുക്കാം. അവരുടെ ബന്ധു ക്കളില്‍ നിന്നോ, സ്നേഹിതരില്‍ നിന്നോ കുട്ടികളുടെ സംരക്ഷകരെന്ന നിലയില്‍ കുട്ടികളെ എടുക്കാം.  വിവാഹജീവിതം ''ഫലദായക''മാക്കാന്‍ ദമ്പതികള്‍ക്ക് ഏകസ്ഥര്‍ക്കുള്ള ഭവനമാരംഭിക്കാം, സാമൂഹികകാര്യങ്ങളില്‍ സമര്‍പ്പണബുദ്ധിയോടെ പങ്കെടുക്കാം.  ആതിഥ്യമരുളി ജീവിതം സന്തോഷകരമാക്കാം.

ഇക്കാര്യത്തില്‍, ഇവിടെ അനുബന്ധമായി നല്‍കിയിരിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രബോധനം ഇന്നത്തെ പരിചിന്തനത്തിന് ഉചിതമായ ഉപസംഹാരമാണ്.  പാപ്പാ പറയുന്നു: ''മാതാപിതാക്കള്‍ ആകുവാനുള്ള ദമ്പതികളുടെ അര്‍ഹമായ ആഗ്രഹത്തിനു വന്ധ്യത എന്ന അവസ്ഥ തടസ്സമായി വരുമ്പോള്‍, ശാസ്ത്രത്തിന്‍റെ സഹായത്തോടെ, വ്യക്തികളും ജീവിത പങ്കാളികളും എന്ന നിലയിലുള്ള അവരുടെ അന്തസ്സിനെ പൂര്‍ണമായും ബഹുമാനിക്കുന്ന തരത്തിലുള്ള ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതാണ്'' (ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, 25-02-2012).

24/11/2017 11:33