2017-11-23 08:25:00

വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിന് മൂന്നാമതൊരു വിഭാഗം


വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിന് (Vatican State Secretariat)
പാപ്പാ ഫ്രാന്‍സിസ് മൂന്നാമതൊരു വിഭാഗംകൂടി രൂപപ്പെടുത്തി.

വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികളുടെ സംഘമാണ് (Apostolic Nuncios) സെക്രട്ടേറിയേറ്റിന്‍റെ പ്രവര്‍ത്തനങ്ങളുടെ മൂന്നാമത്തെ വിഭാഗമായി ഉയര്‍ത്തപ്പെടുന്നത്. നവംബര്‍ 21-Ɔ൦ തിയതി പ്രസിദ്ധപ്പെടുത്തിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍റെയും സഭാഭരണ സംവിധാനങ്ങളുടെ, പ്രത്യേകിച്ച് നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ (Secretariat of Vatican State) ഘടനയില്‍
പാപ്പാ ഫ്രാന്‍സിസ് ഈ ക്രമീകരണം നടത്തിയത്.

നയതന്ത്ര വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ലോകരാഷ്ട്രങ്ങളുമായി സഭാവീക്ഷണം കൂടുതല്‍ പങ്കുവയ്ക്കുക, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രവര്‍ത്തകരുമായുള്ള ആശയവിനിമയവും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് സെക്രട്ടേറിയേറ്റില്‍ മൂന്നാമതൊരു വിഭാഗം രൂപപ്പെടുത്തിയതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, ഇപ്പോള്‍ കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനാണ് ആകമാനമുള്ള സെക്രട്ടേറിയേറ്റ് സംവിധാനത്തിന്‍റെ തവന്‍. അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിലാണ് മൂന്നു വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത്.  പ്രഥമ വിഭാഗം, സഭയുടെ പൊതുവായ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണവും (Common Affairs), വത്തിക്കാന്‍റെ വിവിധ ഭരണസംവിധാനങ്ങളുടെ (Dycasteries) മേല്‍നോട്ടവും അതില്‍ ഉള്‍പ്പെടുന്നു.  ഇതര രാജ്യങ്ങളുമായുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്ര ബന്ധങ്ങള്‍ക്കുള്ള (Relations with States) പ്രതിനിധിസംഘമാണ് രണ്ടാമത്തെ വിഭാഗം. വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറിന്‍റെ മേല്‍നോട്ടത്തിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

വത്തിക്കാന്‍റെ നയനതന്ത്ര പ്രതിനിധികള്‍ (Apostolic Nuncios), അവരുടെ കിഴുദ്യോഗസ്ഥര്‍ മറ്റുപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ്, കാര്യക്ഷമതയും പ്രവര്‍ത്തന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി  പാപ്പാ ഫ്രാന്‍സിസ് നവമായി രൂപപ്പെടുത്തിയ  മൂന്നാം വിഭാഗം.   നയതന്ത്രപ്രതിനിധികളുടെ രൂപീകരണം, അതിനായുള്ള അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍, അര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്, നിയമനങ്ങള്‍, അതിനുള്ള ചര്‍ച്ചകള്‍, യോഗങ്ങള്‍, ഓരോ രാജ്യത്തുമുള്ള വത്തിക്കാന്‍ സ്ഥാനപതി മന്ദിരങ്ങളുടെ നിര്‍മ്മാണം, സൂക്ഷിപ്പ് എന്നിങ്ങനെയുള്ള ഔദ്യോഗിക കാര്യങ്ങള്‍ ക്രമീകരിക്കുക എന്നിവ മൂന്നാം വിഭാഗത്തിന്‍റെ ഉത്തരവാദിത്ത്വമാണ്. ആര്‍ച്ചുബിഷപ്പ് ജാന്‍ റോമിയോ പവുളൂസ്കിയുടെ മേല്‍നോട്ടത്തിലായിരിക്കും പുതിയ വിഭാഗം പ്രവര്‍ത്തിക്കുന്നത്.  








All the contents on this site are copyrighted ©.