2017-11-22 08:16:00

‘‘ഞാന്‍ വരുന്നത് സമാധാനസന്ദേശവുമായി!’’: പാപ്പായുടെ വീഡിയോസന്ദേശം


ബംഗ്ലാദേശ് സന്ദര്‍ശനത്തിനൊരുക്കമായി പാപ്പാ നല്‍കുന്ന വീഡിയോ സന്ദേശം നവംബര്‍ 21-ാം തീയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ‘‘പ്രിയ സ്നേഹിതരേ, എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന ഇറ്റാലിയന്‍ ഭാഷയിലുള്ള സന്ദേശത്തിന്‍റെ പരിഭാഷ ചേര്‍ക്കുന്നു:

പ്രിയ സ്നേഹിതരേ,

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി ഞാന്‍ ഒരുങ്ങുന്ന അവസരത്തില്‍, അവിടുത്തെ എല്ലാ ജനങ്ങള്‍ക്കുമായി സൗഹൃദത്തിന്‍റെയും ആശംസയുടെയും വാക്കുകള്‍ അയയ്ക്കുന്നതിനു ഞാനാഗ്രഹിക്കുന്നു. നാം ഒരുമിച്ചായിരിക്കുന്ന നിമിഷങ്ങളെ ഞാന്‍ മുന്നില്‍ കാണുകയാണ്.

യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ഒരു ശുശ്രൂഷകനായിട്ടാണു ഞാന്‍ വരിക. അനുരഞ്ജനത്തി ന്‍റെയും ക്ഷമയുടെയും സമാധാനത്തിന്‍റെയും സന്ദേശം പ്രഘോഷിക്കുന്നതിനാണത്.  ബംഗ്ലാദേശിലെ കത്തോലിക്കാസമൂഹം അതിന്‍റെ വിശ്വാസവും, സുവിശേഷസാക്ഷ്യവും വഴി ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും അന്തസ്സ് പ്രബോധിപ്പിക്കുന്നതിനും, തങ്ങളുടെ ഹൃദയവാതിലുകള്‍ അപരര്‍ക്കായി, പ്രത്യേകിച്ച് ദരിദ്രര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കുമായി തുറക്കുന്നതിനും ക്ഷണിക്കുന്നുവെന്ന് ബോധ്യപ്പെടുക എന്നത് എന്‍റെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമാണ്.

അതോടൊപ്പംതന്നെ, എല്ലാ ജനതകളെയും കാണുന്നതിന് ഞാനാഗ്രഹിക്കുന്നു...  നാം ജീവിക്കുന്നത് എല്ലായിടത്തുമുള്ള വിശ്വാസികളും സന്മനസ്സുള്ള ഏവരും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും, ഏക മാനവകുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ പരസ്പരം പിന്താങ്ങുകയും ചെയ്യുന്നതിന് കൂടുതലായി വിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ്.

ബംഗ്ലാദേശിലെ എന്‍റെ സന്ദര്‍ശനത്തിനൊരുക്കമായി അനേകര്‍ കഠിനമായി അധ്വാനിക്കുന്നു എന്നെനിക്കറിയാം.  അവര്‍ക്കു ഞാന്‍ നന്ദി പറയുന്നു. നിങ്ങളോടുകൂടിയായിരിക്കുന്ന ദിനങ്ങള്‍, ഓരോരുത്തര്‍ക്കും പ്രത്യാശയും പ്രോത്സാഹനവും നല്‍കുന്നതായിരിക്കാന്‍ ഓരോരുത്തരുടെയും പ്രാര്‍ഥന ഞാന്‍ യാചിക്കുന്നു.  നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവാനുഗ്രഹങ്ങള്‍ ഞാന്‍ അപേക്ഷിക്കുന്നു. 

നിങ്ങളെ വേഗം കാണാനിടയാകട്ടെ! 








All the contents on this site are copyrighted ©.