2017-11-22 08:30:00

''വ്യത്യസ്തകളെ അംഗീകരിക്കാത്ത മനോഭാവം പീഡനഹേതു'': പാപ്പാ


നവംബര്‍ 21-ാംതീയതി, ചൊവ്വാഴ്ചയില്‍, സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ പഴയനിയമത്തിലെ മക്കബായഗ്രന്ഥത്തില്‍നിന്നുള്ള ആദ്യവായനയെ വ്യാഖ്യാനിച്ചു സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. യഹൂദാചാരങ്ങള്‍ അംഗീകരിക്കാനാവാത്ത ഗ്രീക്കുകാര്‍ വയോധികനായ എലെയാസറിനെ പീഡിപ്പിക്കുന്നതിന്‍റെയും അദ്ദേഹം രക്തസാക്ഷിത്വം വരിക്കുന്നതിന്‍റെയും വിവരണം, ഇന്ന് നിലവിലുള്ള വ്യത്യസ്തതരത്തിലുള്ള പീഡനങ്ങളെക്കുറിച്ചുള്ള വിചിന്തനത്തിലേക്കു പാപ്പായെ നയിക്കുകയായിരുന്നു.

പാപ്പാ പറഞ്ഞു: ‘‘മതപരവും, രാഷ്ട്രീയവും സാംസ്ക്കാരികവുമായ പീഡനങ്ങളുണ്ട്’’.  സാംസ്ക്കാരികമായ പീഡനത്തെ വിശദീകരിച്ചുകൊണ്ടു പാപ്പാ തുടര്‍ന്നു: ''സാംസ്ക്കാരികമായ കോളനിവത്ക്കരണത്തിന്‍റെ ഉദാഹരണത്തിനായി നാം ഏറെദൂരം പോകേണ്ടതില്ല.  കഴിഞ്ഞ നൂറ്റാണ്ടിലെ വംശക്കുരുതി ഓര്‍ക്കുക...  എല്ലാവരും ഒരുപോലെയാവുക എന്ന ആദര്‍ശം പുലരുന്നിടത്ത് ശുദ്ധരക്തം ഇല്ലാത്തവര്‍ പുറന്തള്ളപ്പെടും... തുല്യത തേടുന്നിടത്ത് വ്യത്യസ്തതകള്‍ക്കു സ്ഥാനമില്ല, മറ്റുള്ളവര്‍ക്ക് സ്ഥാനമില്ല, ദൈവത്തിനും സ്ഥാനമില്ല… ഇത് വഴിതെറ്റിയ വേരാണ്. വക്രതയുള്ള ഈ ആദര്‍ശവേരുകളില്‍ നിന്നുയര്‍ന്നുവരുന്ന സാംസ്ക്കാരികമായ കോളനിവത്ക്കരണത്തിന്‍റെ ഇരയാവുകയാണ് എലെയാസര്‍ എന്ന പഴയനിയമ കഥാപാത്രം...’’.

പാപ്പാ വചനസന്ദേശം തുടര്‍ന്നത്, കര്‍ത്താവു നല്‍കുന്ന നവീനത, അതു പരിശുദ്ധാത്മാവില്‍ നിന്നാണ് എന്നും ദൈവമാകുന്ന അടിസ്ഥാനവേരില്‍ നിന്നാണോ, വക്രതയുള്ള വേരില്‍ നിന്നാണോ ഈ നവീനമായ കാര്യങ്ങള്‍ വരുന്നതെന്ന് നാം വിവേചിക്കണം എന്നും ഉപദേശിച്ചു കൊണ്ടാണ്. ''കുട്ടികളെ കൊല്ലുക എന്നത് തികച്ചും ലജ്ജാകരമാണ്. ഇന്നതു സാധിക്കുന്നു, ഒരു പ്രശ്നവുമില്ലാതെ...'' അതു നവീനമായ ജീവിതശൈലിയായിരിക്കുന്നു എന്ന്, ഇന്നിന്‍റെ ചില തിന്‍മകളെ പാപ്പാ വ്യക്തമായി ചൂണ്ടിക്കാണിച്ചു.

''...ഇത്തരം കോളനിവത്ക്കരണം ‘ഇന്നി’നെ മാത്രമേ കരുതുന്നുള്ളു.  കഴിഞ്ഞ കാലത്തെ അതുപേക്ഷിച്ചുകളയുന്നു... ഭാവിയിലേയ്ക്ക് അതു നോക്കുന്നതേയില്ല. നൈമിഷികമായ ജീവിതത്തിന് മുന്‍ഗണന നല്‍കുന്നതുകൊണ്ട് അവര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്യാനാവുന്നില്ല.  എല്ലാം ഒരുപോലെയാക്കുന്ന മനോഭാവത്തിലൂടെ, വ്യത്യസ്ത സമൂഹങ്ങളെ ഇല്ലാതാക്കുന്ന പ്രവൃത്തിയിലൂടെ, അവര്‍ സ്രഷ്ടാവായ ദൈവത്തെ നിന്ദിക്കുന്ന വലിയ തിന്മയ്ക്കടിമകളാവുകയാണ്. ഇത്തരം പീ‍ഡനങ്ങളെ ചരിത്രം അനേകം തവണ നേരിട്ടത് ഒരേ ഒരു മരുന്നിലൂടെയാണ്'' എന്നു സൂചിപ്പിച്ചുകൊണ്ട് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചു. ‘‘ആ മരുന്ന്’’, പാപ്പാ പറഞ്ഞു. ‘‘അതാണ് സാക്ഷ്യം, അഥവാ, രക്തസാക്ഷിത്വം’’. 








All the contents on this site are copyrighted ©.