2017-11-22 08:49:00

''തൊഴിലിന്‍റെ മേഖല'': വത്തിക്കാനില്‍ രാജ്യാന്തരസമ്മേളനം


സമഗ്രമാനവവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നേതൃത്വത്തില്‍, ''പോപ്പുളോരും പ്രോഗ്രെസ്സിയോ മുതല്‍ ലവുദാത്തോ സീ വരെ'' എന്ന വിഷയം പ്രമേയമായി സ്വീകരിച്ചുകൊണ്ടുള്ള അന്തര്‍ദേശീയ സമ്മേളനം വത്തിക്കാനില്‍ വച്ച് നവംബര്‍ 23-24 തീയതികളില്‍ നടക്കുന്നതാണ്. 

ഇന്നു നിലവിലുള്ള സാമൂഹികഘടനയില്‍ തൊഴിലിന്‍റെ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയും പരിചിന്തനവുമാണ് ഈ കോണ്‍ഫറന്‍സ് ലക്ഷ്യം വയ്ക്കുന്നത്.   'തൊഴിലും തൊഴിലാളി സംഘടനകളും, സമഗ്രവും സുസ്ഥിരവും പക്വവുമായ വികസനത്തിന്‍റെ ഹൃദയത്തില്‍',  'എന്തുകൊണ്ട് തൊഴില്‍ ലോകം ആഗോളസമൂഹത്തില്‍ വികസനത്തിന്‍റെ താക്കോലായി തുടരുന്നു?',  'സഭയുടെ സാമൂഹികപ്രബോധനങ്ങളില്‍ തൊഴിലിനും തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്കുള്ള സ്ഥാനം' എന്നിവ പരിചിന്തനവിഷയമാക്കും.  പോപ്പുളോരും പ്രോഗെസ്സിയോ എന്ന ചാക്രികലേഖനത്തിന്‍റെ അമ്പതാം വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന ഈ അവസരത്തില്‍ ആ ചാക്രികലേഖനം മുതല്‍ ഫ്രാന്‍സീസ് പാപ്പായുടെ ലവുദാത്തോ സീ വരെയുള്ള സഭാപ്രബോധനങ്ങളെ ആധാരമാക്കിയാണിതെന്നും, അതിന്‍റെ കാര്യപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളോടുകൂടി നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നാല്‍പ്പതോളം രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെയുള്ള ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരു മായി ഫ്രാന്‍സീസ് പാപ്പാ നടത്തുന്ന കൂടിക്കാഴ്ച സമ്മേളനസമാപനാവസരത്തില്‍, നവംബര്‍ 24-ാംതീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരിക്കും.. 








All the contents on this site are copyrighted ©.