2017-11-22 19:16:00

സ്ത്രീയെ ഭാരമായ് കാണുന്നുവോ...? സാമൂഹ്യസംഘടനകളുടെ നിരീക്ഷണം


1. തിരഞ്ഞെ‌ടുത്തു നശിപ്പിക്കുന്ന ക്രൂരത (Selective abortion)
പെണ്‍ഭ്രൂണങ്ങള്‍ തിരഞ്ഞെടുത്തു നശിപ്പിക്കപ്പെടുന്ന  മനുഷ്യത്വത്തിനു നിരക്കാത്ത ക്രൂരതയെക്കുറിച്ച് (Selective Abortion) സാമൂഹ്യ സംഘടനകളുടെ കൂട്ടായ്മ വെളിപ്പെടുത്തി. പെണ്‍ഭ്രൂണങ്ങളുടെ തിരഞ്ഞെടുത്തുള്ള നശിപ്പിക്കല്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക തിന്മയാണെന്ന് സന്നദ്ധ സംഘടനകളും സര്‍ക്കാരേതര സംഘടനകളും സ്ഥിതി വിവരക്കണക്കുകളോടെ നിരീക്ഷിക്കുന്നു. വത്തിക്കാന്‍റെ ദിനപത്രം, ഒസര്‍വത്തോരെ റൊമാനോയുടെ (L’Osservatore Romano)  നവംബര്‍ 21-ന്‍റെ പതിപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നവസാങ്കേതികതയുടെയും വൈദ്യശാസ്ത്രത്തിന്‍റെയും സഹായത്തോടെ പെണ്‍കുഞ്ഞുങ്ങളെ വകവരുത്തുന്ന രീതികള്‍ രഹസ്യമായി നടത്തുന്നത് ചൈനയിലും ഇന്ത്യയിലും, ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്. ഗര്‍ഭധാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ത്തന്നെ ഭ്രൂണത്തിന്‍റെ ലിംഗം ലാബുകളില്‍ കണ്ടെത്തി, വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെ അവയെ ഇല്ലായ്മചെയ്യുന്നതാണ് മനുഷ്യമനസ്സുകളെ മരവിപ്പിക്കുന്ന ഈ ക്രൂരത. സമൂഹത്തിന്‍റെ താഴെക്കിടയിലും വിദ്യാഭ്യാസം ഇല്ലാത്തവരുടെ ഇടയിലും മാത്രമല്ല ഈ ക്രൂരത കണ്ടുവരുന്നത്, അഭ്യസ്തവിദ്യരായവരും സമൂഹത്തിലെ ഉന്നതതലക്കാരും തിരഞ്ഞെടുത്തു ചെയ്യുന്ന പെണ്‍ഭ്രൂണഹത്യ രീതികള്‍ സമൂഹത്തില്‍ നടത്തുന്നുണ്ടെന്ന് റോമില്‍ പ്രസിദ്ധപ്പെട്ടുത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി. പെണ്‍ഭ്രൂണങ്ങളുടെ ബോധപൂര്‍വ്വകവും തിരഞ്ഞെടുപ്പോടെയുള്ളതുമായ നശിപ്പിക്കലും നവജാതരായ പെണ്‍കുഞ്ഞുങ്ങളുടെ വധവും പലപ്പോഴും ജീവന്‍റെ ആദ്യത്തെ ഒരു മാസത്തിലാണ് നടത്തുന്നതെന്ന് സന്നദ്ധസംഘടകള്‍ നിരീക്ഷിക്കുന്നു.

2. ജീവനെതിരെ തിരിയുന്നവരുടെ ക്രൂരമുഖങ്ങള്‍
ഭൂണഹത്യശ്രമം അമ്മയുടെ ഉദരത്തില്‍ നടത്തുന്നത് വിജയിച്ചില്ലെങ്കില്‍ പ്രസവത്തോടെ ശിശുവിനെ ഇല്ലായ്മചെയ്യപ്പെടുന്നുണ്ട്. പാഴ്വസ്തുപോലെ വലിച്ചെറിയുക, കുപ്പയില്‍ നിക്ഷേപിക്കുക, കുഴിച്ചുമൂടി മാലിന്യകൂമ്പാരത്തില്‍ എറിയുക... എന്നിങ്ങനെയുള്ള ക്രൂരതകള്‍ നടക്കുന്നതായി സംഘടനകളുടെ സംയുക്ത റിപ്പോര്‍ട്ടു വെളിപ്പെടുത്തി. അഗ്നിക്കിരയാക്കുക, വിഷംകൊടുക്കുക, അമ്മയുടെ സ്തനത്തില്‍ വിഷംപുരട്ടി കുഞ്ഞിനെ കുടിപ്പിച്ചു കൊലചെയ്യുക, ഇല്ലെങ്കില്‍ വിഷാംശമുള്ള കായ്കള്‍ അരച്ചുകലക്കി കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ കൊടുക്കുക എന്നിങ്ങനെ  ഈ മേഖലയിലെ ക്രൂരതകള്‍ സന്നദ്ധസംഘടകള്‍ “പെണ്‍കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി” എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തിലൂടെ ദിനപത്രം വെളിപ്പെടുത്തി. ഇന്ത്യയില്‍ പ്രതിവര്‍ഷം 50 ലക്ഷത്തിലധികം പെണ്‍ഭ്രൂണങ്ങള്‍ അമ്മമാരുടെ ഉദരത്തില്‍ ഇല്ലായ്മ ചെയ്യപ്പെടുന്നുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. ലിംഗവധം നാം നേരിടേണ്ടതും ഇല്ലാതാക്കേണ്ടതുമായ നവസംസ്ക്കാരത്തിന്‍റെയും സാങ്കേതികതയുടെയും സ്ത്രീകള്‍ക്കെതിരായ ഒരു ആഗോള യുദ്ധമുന്നണിയാണെന്ന് ലേഖകന്‍ വിശേഷിപ്പിച്ചു.

3. പ്രതിവിധികള്‍ 
ഇതിനെതിരായി ലിംഗനിര്‍ണ്ണയ സൗകര്യങ്ങള്‍ ഇല്ലായ്മചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുക. ലിംഗഭേദ്യമെന്യേ ശിശുക്കളെ സ്വീകരിക്കുന്ന സാമൂഹിക പരിസ്ഥിതിയും ബോധവും സൃഷ്ടിക്കുക. ആണ്‍-പെണ്‍ ജനസംഖ്യയുടെ സ്വാഭാവികമായ സന്തുലിതാവസ്ഥ സമൂഹത്തില്‍ വളര്‍ത്തിയെടുക്കുക. സ്ത്രീ സ്വാതന്ത്ര്യം, അന്തസ്സ്, അവര്‍ക്കുള്ള അവസരങ്ങള്‍ എന്നിവ മാനിക്കുക, ആദരിക്കുക. സ്ത്രീത്വം സര്‍വ്വോപരി ദൈവികമായ ഒരു പൈതൃകമായി കാണുന്ന കാഴ്ചപ്പാടു വളര്‍ത്തിയെടുക്കുക. ഇക്കാര്യങ്ങളും സന്നദ്ധസംഘടനകള്‍ അവരുടെ നിരീക്ഷണത്തില്‍ നിര്‍ദ്ദേശിക്കുന്നതായി ദിനപത്രം വെളിപ്പെടുത്തി.

Cf. Giulia Galeotti, Articolo - La strage delle bambine, L’Osservatore Romano, 21 November 2017.








All the contents on this site are copyrighted ©.