2017-11-22 10:23:00

പാപ്പാ ഫ്രാന്‍സിസ് മ്യാന്മാറിലേയ്ക്ക്.. പ്രത്യാശയുടെ പാലം പണിയാന്‍!


മ്യാന്മാര്‍, ബാംഗ്ലാദേശ് അപ്പസ്തോലിക യാത്ര പ്രത്യാശയുടെ ഒരു പാലം പണിയലാണ്. ഫിലിപ്പീസിലെ മനില അതിരൂപദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ പ്രസ്താവിച്ചു :

പാപ്പാ ഫ്രാന്‍സിസ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലേയ്ക്ക്...    മ്യാന്മാറിലെയും ബംഗ്ലാദേശിലെയും സഭകള്‍ ഏറെ ചെറുതാണെങ്കിലും പ്രതിസന്ധികളുള്ള നാടുകളില്‍ സുവിശേഷ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെ ചൈതന്യം പകരുകയെന്ന ഉദ്ദേശ്യത്തോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പ്രേഷിതയാത്ര. നവംബര്‍ 21-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ താഗ്ലേ വ്യക്തമാക്കി.

കത്തിനില്കുന്നതും ലോകം ഉറ്റുനോക്കുന്നതുമായ ‘രോഹിംഗ്യ അഭയാര്‍ത്ഥി’ പ്രതിസന്ധിയുടെ മദ്ധ്യത്തിലേയ്ക്കാണ് സാന്ത്വനവുമായി ഒരു നല്ല സമരിയാക്കാരനെപ്പോലെ പാപ്പാ ഫ്രാന്‍സിസ് ഈ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കു ചെല്ലുന്നത്. വേദനിക്കുന്ന ഇരുരാജ്യങ്ങളിലെയും പാവപ്പെട്ട ജനസഞ്ചയത്തിന് സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സുവിശേഷതൈലം പൂശാനും, മുറിവുണക്കാനും പോരുന്നതാണഅ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം. ഏഷ്യന്‍ മണ്ണില്ലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനത്തില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ പ്രസ്താവിച്ചു. പാപ്പായുടെ സന്ദര്‍ശനവും സാന്നിദ്ധ്യവും വേദനിക്കുന്ന ഈ ജനസഞ്ചയത്തിന് സാന്ത്വനത്തിന്‍റെയും പ്രത്യാശയുടെയും ലേപനമായിരിക്കും. മ്യാന്മാറിലും ബാംഗ്ലാദേശിലും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താന്‍ പാപ്പായുടെ സന്ദര്‍ശനത്തിന് കരുത്തുണ്ട്. കര്‍ദ്ദിനാള്‍ താഗ്ലേ വത്തിക്കാന്‍ റേഡിയോ വക്താവ്, അലസാന്ദ്രോ ജിസ്യോത്തിയോട് അഭിമുഖത്തില്‍ പങ്കുവച്ചു.

പാവങ്ങളുടെ ആഗോളദിനാചരണം    നവംബര്‍ 19-Ɔ൦ തിയതി ഞായറാഴ്ച സഭ ആചരിച്ച “പാവങ്ങളുടെ പ്രഥമ ആഗോള ദിന”ത്തെക്കുറിച്ചും അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ താഗ്ലേ പരാമര്‍ശിച്ചു. പാവങ്ങളുടെ ദിനാചരണം മാനുഷികതയുടെ കാലികമായ  യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ക്രൈസ്തവ മക്കളെ നയിക്കുന്നതായിരുന്നു. അതിലൂടെ യഥാര്‍ത്ഥത്തിലുള്ള പാവങ്ങളായ മനുഷ്യരെയാണ് നാം കണ്ടുമുട്ടുന്നത്. സമൂഹജീവിതത്തില്‍ പാവങ്ങളായവരുമായുള്ള കൂടിക്കാഴ്ചയും അവരോടുള്ള സഹാനുഭാവത്തിന്‍റെയും മനോഭാവവും ആവശ്യമാണെന്നു പഠിപ്പിക്കുന്ന ഒരു ദിവസമായിരുന്നു അത്. കര്‍ദ്ദിനാള്‍ താഗ്ലേ അഭിപ്രായപ്പെട്ടു.  

പാവങ്ങളെ കണ്ടറിഞ്ഞ് നാം അവര്‍ക്ക് ആവശ്യമുള്ളതു പങ്കുവച്ചു കൊടുക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍, അവരില്‍നിന്നും ആത്മീയമായി നാമും നന്മയും സാഹോദര്യവും സ്നേഹവും സ്വീകരിക്കുന്നു. അതുകൊണ്ടാണ്, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പറഞ്ഞത്, “നല്കുമ്പോഴത്രേ... നമുക്കു ലഭിക്കുന്നത്!” പരസ്നേഹ പ്രവൃത്തികളിലൂടെ പാവങ്ങളില്‍ ദൈവസ്നേഹത്തിന്‍റെ നാമ്പു വളര്‍ത്താനായാല്‍... പാവങ്ങളും ഈ ലോകത്ത് മെല്ലെ നന്മയുടെയും സ്നേഹത്തിന്‍റെയും പ്രയോക്താക്കളായി തീരും. സകലര്‍ക്കുമുള്ള മനുഷ്യാന്തസ്സിന്‍റെ ഭാഗമാണ് ദൈവിക നന്മ. അങ്ങനെ പാവങ്ങളിലൂടെയും അവരെ തുണയ്ക്കുന്ന ഓരോരുത്തരിലൂടെയും ദൈവം നമ്മുടെ ലോകത്ത് നന്മയുടെ വെളിച്ചം വിതറട്ടെ! കര്‍ദ്ദിനാള്‍ താഗ്ലേ പ്രാര്‍ത്ഥിച്ചു. 

ചിത്രം - മ്യാന്മാറിലെ രോഹിംഗ്യ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍.... ബലുക്കാലി ക്യാമ്പില്‍. 








All the contents on this site are copyrighted ©.