2017-11-20 13:57:00

പാപ്പായുടെ ട്വീറ്റ്:കുഞ്ഞുങ്ങളുടെ ക്ഷേമം


കുഞ്ഞുങ്ങള്‍ക്കായുള്ള ക്ഷേമോന്മുഖ സംഘാതപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) തിങ്കളാഴ്ച (20/11/17) ആചരിച്ച ലോക ശിശുദിനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഈ ക്ഷണമുള്ളത് .

“പുഞ്ചിരിയോടുകൂടി നമ്മെ നോക്കാനും തെളിമയുള്ളതും ആനന്ദത്താലും പ്രത്യാശയാലും നിറഞ്ഞതുമായ വദനത്തോടുകൂടിയവരായിരിക്കാനും കുഞ്ഞുങ്ങള്‍ക്ക് സാധിക്കുന്നതിനുവേണ്ടി നമുക്കൊത്തൊരുമിച്ചു പരിശ്രമിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ “ലോക ശിശുദിനം” “വേള്‍ഡ് ചില്‍റന്‍സ് ഡേ” എന്ന ഹാഷ്ടാഗോടുകൂടി  കുറിച്ചിരിക്കുന്നത്.

പാവങ്ങള്‍ക്കായുള്ള പ്രഥമ ലോകദിനം ആഗോളസഭാതലത്തില്‍ ആചരിക്കപ്പെട്ട പത്തൊമ്പതാം തിയതി (19/11/17) ഞായറാഴ്ചത്തെ  പാപ്പായുടെ ട്വിറ്റര്‍ സന്ദേശം  “നമ്മുടെ ഐക്യദാര്‍ഢ്യത്തിനായി കരങ്ങള്‍ നീട്ടുന്നവരില്‍ നയനങ്ങളൂന്നാന്‍, ഈ ദിനത്തില്‍, ഞാന്‍ ആകമാനസഭയെ ക്ഷണിക്കുകയാണ്” എന്നായിരുന്നു.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.