2017-11-20 14:02:00

കര്‍ദ്ദിനാള്‍ മോന്തെത്സേമൊളൊ കാലം ചെയ്തു,പാപ്പായുടെ അനുശോചനം


കര്‍ദ്ദിനാള്‍ അന്ത്രയ കൊര്‍ദേരൊ ലാന്‍ത്സ ദി മോന്തെത്സേമൊളൊ കാലം ചെയ്തു.

92 വയസ്സു പ്രായമുണ്ടായിരുന്ന ഇറ്റലിക്കാരനായിരുന്ന അദ്ദേഹത്തിന് ഞായറാഴ്ചയാണ് (19/11/17) അന്ത്യം സംഭവിച്ചത്.

പേപ്പല്‍ ബസിലിക്കകളില്‍ ഒന്നായ, റോമാനഗരത്തിന്‍റെ ചുമരുകള്‍ക്കു പുറത്തുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്കയിലെ മുഖ്യപുരോഹിതന്‍ ആയി സേവനമനുഷ്ഠിച്ചുള്ള അദ്ദേഹം 1994 മുതല്‍ 1998 വരെ ഇസ്രായേലിലെ പ്രഥമ അപ്പസ്തോലിക് നുണ്‍ഷ്യൊയും ആയിരുന്നു. മറ്റു പലരാജ്യങ്ങളിലും കര്‍ദ്ദിനാള്‍ അന്ത്രയ കൊര്‍ദേരൊ ലാന്‍ത്സ ദി മോന്തെത്സേമൊളൊ അപ്പല്തോലിക് നുണ്‍ഷ്യൊ    എന്ന നിലയിലും നയതന്ത്രതലത്തില്‍ ഇതര പദവികളിലും സേവനം ചെയ്തിട്ടുണ്ട്.

ഇറ്റലിയിലെ ടൂറിനില്‍, അഥവാ, തൊറീനൊയില്‍ 1925 ആഗസ്റ്റ് 27 ന് ജനിച്ച അദ്ദേഹം 1954 മാര്‍ച്ച് 13 ന് പൗരോഹിത്യം സ്വീകരിക്കുകയും 1977 ജൂണ്‍ 4ന് മെത്രാനയി അഭിഷിക്തനാകുകയും 2006 മാര്‍ച്ച് 24 ന് കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.

കര്‍ദ്ദിനാള്‍ അന്ത്രയ കൊര്‍ദേരൊ ലാന്‍ത്സ ദി മോന്തെത്സേമൊളൊയുടെ നിര്യാണത്തോടുകൂടി കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 217 ആയി താണു. ഇവരില്‍ 120 പേര്‍ 80 വയസ്സില്‍ താഴെ പ്രായമുള്ളവരാകയാല്‍ മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ സമ്മതിദാനാവകാശമുള്ളവരാണ്. ശേഷിച്ച 97 പേര്‍ക്ക് ഈ പ്രായപരിധി കഴിഞ്ഞതിനാല്‍ ഈ വോട്ടവകാശം ഇല്ല.

കര്‍ദ്ദിനാള്‍ അന്ത്രയ കൊര്‍ദേരൊ ലാന്‍ത്സ ദി മോന്തെത്സേമൊളൊയുടെ നിര്യാണത്തില്‍ ഫ്രാന്‍സീസ് പാപ്പാ തന്‍റെ ദു:ഖം രേഖപ്പെടുത്തുകയും പരേതന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അദ്ദേഹം പരിശുദ്ധസിംഹാസനത്തിനുവേണ്ടി ചെയ്ത നയതന്ത്രസേവനങ്ങള്‍ പാപ്പാ അനുശോചന കമ്പിസന്ദേശത്തില്‍ കൃതജ്ഞതയോടെ അനുസ്മരിച്ചു.

 








All the contents on this site are copyrighted ©.