സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

''ഭയമല്ല, പ്രത്യാശയാണ് നമുക്കാവശ്യം'': പാപ്പായുടെ ത്രികാലജപസന്ദേശം

ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ഥനാ സന്ദേശം നല്‍കുന്നു, 19-11-2017

20/11/2017 15:28

2017 നവംബര്‍ 19-ാംതീയതി, ഞായറാഴ്ചയില്‍ പാവങ്ങള്‍ക്കായുള്ള ലോകദിനാചരണത്തോട നുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയ്ക്കുശേഷമാണ് മാര്‍പാപ്പാ ത്രികാലജപം നയിച്ചതും അതോടനുബന്ധിച്ചുള്ള സന്ദേശം നല്‍കിയതും. പതിവുപോലെ, വത്തിക്കാന്‍ അരമനക്കെട്ടിടസമുച്ചയത്തിലെ, ത്രികാലജപം ചൊല്ലുന്നതിനണയുന്ന ജാലകത്തിങ്കല്‍ എത്തിയ പാപ്പായെ, വി. പത്രോസിന്‍റെ അങ്കണത്തിലെത്തിയിരുന്ന പതിനായിരക്കണക്കിനു വിശ്വാസികളും തീര്‍ഥാടകരും ആഹ്ലാദാരത്തോടെ എതിരേറ്റു.

ഞായറാഴ്ചയിലെ ദിവ്യബലിയിലെ വായന (Mt 25:14-30) വി. മത്തായിയുടെ സുവിശേഷം ഇരുപത്തഞ്ചാമധ്യായത്തില്‍ നിന്നുള്ളതായിരുന്നു. ജറുസലെമില്‍ വച്ച് തന്‍റെ മരണത്തോടടുത്ത ദിനത്തില്‍ ദൈവരാജ്യത്തെ വിശദീകരിച്ചുകൊണ്ട് യേശു പറയുന്ന താലന്തുകളുടെ ഉപമയെ ആധാരമാക്കി പരിശുദ്ധ പിതാവു നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം!

ആരാധനാക്രമവത്സരത്തിലെ അവസാനവാരത്തിനു മുമ്പുള്ള ഈ ഞായറാഴ്ചയില്‍, സുവിശേഷം താലന്തുകളുടെ ഉപമയാണ് നമുക്കായി അവതരിപ്പിക്കുന്നത് (Mt 25: 14-30).  ഒരു മനുഷ്യന്‍ യാത്രയ്ക്കുപോകുന്നതിനുമുമ്പ്, തന്‍റെ സേവകര്‍ക്ക് താലന്തുകള്‍ നല്‍കുകയാണ്. അക്കാലത്ത്, നാണയങ്ങള്‍ക്ക് ശ്രദ്ധേയമായ മൂല്യമുണ്ടായിരുന്നു. ഓരോരുത്തരുടെയും കഴിവു പരിഗണിച്ച് ഒരുവന് അഞ്ചും, മറ്റൊരുവനു രണ്ടും, വേറൊരുവന് ഒന്നും ആയി താലന്തുകള്‍ നല്‍കി.  അഞ്ചു താലന്തു സ്വീകരിച്ചവന്‍, വ്യാപാരം ചെയ്ത് അഞ്ചുകൂടി നേടി.  അതുപോലെതന്നെ രണ്ടു താലന്തു സ്വീകരിച്ചവനും രണ്ടുകൂടി കരസ്ഥമാക്കി.  നേരെമറിച്ച്, ഒരു താലന്തു ലഭിച്ച സേവകനാകട്ടെ, മണ്ണില്‍ ഒരു കുഴിയുണ്ടാക്കി യജമാനന്‍റെ നാണയം ഒളിച്ചുവച്ചു.

ഇതേ സേവകനാണ്, യാത്രകഴിഞ്ഞെത്തിയ യജമാനനോട് നാണയം ഒളിച്ചുവയ്ക്കാനുണ്ടായ തന്‍റെ ഉദ്ദേശം ഇപ്രകാരം വിശദീകരിക്കുന്നത്: ''യജമാനനേ, നീയൊരു കഠിനഹൃദയനാണെന്ന്, വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്നവനാണെന്നു എനിക്കറിയാം. അതിനാല്‍ ഭയപ്പെട്ട് ഞാന്‍ നിന്‍റെ നാണയം മണ്ണില്‍ മറച്ചുവച്ചു'' (വാ 24-25).  ഈ ദാസന് യജമാനനുമായിട്ട് വിശ്വസ്തതാപൂര്‍വമായ ഒരു ബന്ധമില്ല.  മറിച്ച്, അയാള്‍ യജമാനനെ ഭയപ്പെട്ടു. അതവനൊരു ബന്ധനമായി.  ഭയം നിങ്ങളെ എപ്പോഴും ചലനരഹിതമാക്കുകയും, മിക്കവാറും തെറ്റായ തിരഞ്ഞെടുപ്പുകള്‍ക്ക് ഇടയാക്കുകയും ചെയ്യും. ഭയം നന്മചെയ്യുന്നതില്‍ മുന്‍കൈയെടുക്കുന്നതില്‍ നിന്ന് നിങ്ങളെ നിരുല്‍സാഹപ്പെടുത്തുകയും സുരക്ഷയും ആശ്രയവും ഉറപ്പുതരുന്ന കാര്യങ്ങള്‍മാത്രം ഏറ്റെടുക്കുന്നതിനു നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ, നന്മയായതൊന്നും ചെയ്യാനാവാതെ നിങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യും.   ജീവിതവീഥിയില്‍ മുന്നേറുകയും വളരുകയും ചെയ്യുന്നതിനു നിങ്ങള്‍ക്കു ഭയം ആവശ്യമില്ല. പ്രത്യാശയാണാവശ്യം.

ഈ ഉപമ, ദൈവത്തെക്കുറിച്ച് നമുക്ക് യഥാര്‍ഥമായ ഒരു അറിവ് ഉണ്ടായിരിക്കുക എത്ര പ്രധാനമാണെന്നു വെളിവാക്കിത്തരുന്നുണ്ട്.  അവിടുന്ന് കഠിനഹൃദയമായ ഒരു യജമാനനാണെന്നും,  നമ്മെ ശിക്ഷിക്കുമെന്നും ഉള്ള ചിന്ത ആവശ്യമില്ല. ദൈവത്തെക്കുറിച്ച് ഇങ്ങനെ തെറ്റായ ഒരു രൂപമാണ് നമ്മുടെ മനസ്സിലുള്ളതെങ്കില്‍ നമ്മുടെ ജീവിതം ഫലപ്രദമാക്കാന്‍ കഴിയില്ല.  നാം ജീവിക്കുന്നത് ഭയത്തോടെയാണെങ്കില്‍ അത് നമ്മെ ഒരിക്കലും ക്രിയാത്മകതയിലേക്കു നയിക്കുകയില്ല.  എന്തെന്നാല്‍ ഭയം നമ്മെ തളര്‍ത്തിക്കളയുന്നു, സ്വയം നശിപ്പിക്കുന്നു.   നമുക്കു ദൈവത്തെക്കുറിച്ചുള്ള അറിവ് എന്താണ്? എന്നതിനെക്കുറിച്ച് ഒരു പരിചിന്തനത്തിനു നാം ക്ഷണിക്കപ്പെടുകയാണ്.  പഴയനിയമത്തില്‍ത്തന്നെ, ''കര്‍ത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍'' (പുറ 34:6) എന്നു മനസ്സിലാക്കപ്പെടുന്നുണ്ട്.  ദൈവം കര്‍ക്കശക്കാരനും അസഹിഷ്ണുവുമായ ഒരു യജമാനന്‍ എന്നല്ല, മറിച്ച്, സ്നേഹപൂര്‍ണനായ ഒരു പിതാവ്, നന്മ നിറഞ്ഞ ഒരു താതന്‍ എന്നാണ് യേശു എപ്പോഴും നമുക്കു കാണിച്ചുതന്നിട്ടുള്ളത്. അതിനാല്‍ നമുക്ക് ദൈവത്തില്‍ ശരണപ്പെടാന്‍ കഴിയും, അവി ടുന്നില്‍ നാം ശരണപ്പെടുകതന്നെ വേണം. 

യേശു നമ്മെ പിതാവിന്‍റെ ഔദാര്യവും നമ്മോടുള്ള ശ്രദ്ധയും വിവിധ രീതികളില്‍ കാണിച്ചുതന്നു, അവിടുത്തെ വാക്കുകളിലൂടെ, അവിടുത്തെ പ്രവര്‍ത്തനങ്ങളിലൂടെ, അവിടുന്ന് എല്ലാവര്‍ക്കും സ്വാഗതമോതി, പ്രത്യേകിച്ച് പാപികള്‍ക്കും, എളിയവര്‍ക്കും ദരിദ്രര്‍ക്കും.  ഇതാണ് നാം പാവപ്പെട്ടവരുടെ പ്രഥമ ആഗോളദിനത്തില്‍ അനുസ്മരിക്കുന്നത്.  അതുപോലെ തന്നെ നമ്മുടെ ജീവിതങ്ങളെ അലസമായി നഷ്ടമാക്കാതിരിക്കുന്നതിനു അവിടുന്നു നല്‍കുന്ന മുന്നറിയിപ്പുകളിലൂടെയും നമ്മോടുള്ള പിതാവിന്‍റെ താല്പര്യം വെളിവാക്കുന്നു.   അവയെല്ലാം നമ്മോടുള്ള വലിയ ആദരവിന്‍റെ അടയാളങ്ങളാണ്.  ഈ ഒരു അവബോധം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉത്തരവാദിത്വമുണ്ടായിരിക്കുന്നതിനു നമ്മെ സഹായിക്കും.  അതിനാല്‍ ഈ താലന്തുകളുടെ ഉപമ നമ്മെ ക്ഷണിക്കുന്നത്, വ്യക്തിപരമായ ഉത്തരവാദിത്വത്തിലേക്കും, വിശ്വസ്തതയിലേക്കുമാണ്.  ഈ ഉത്തരവാദിത്വം നമ്മെ പുതിയ വഴി കളിലൂടെ, ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദാനങ്ങളായ താലന്തുകള്‍ കുഴിച്ചുമൂടാതെ, നടന്നുനീങ്ങുന്നതിനു നമുക്കു കഴിവു നല്‍കും.

ദൈവഹിതത്തോട് വിശ്വസ്തരായിരുന്നുകൊണ്ട്, അവിടുന്നു നമുക്കു നല്‍കിയിട്ടുള്ള താലന്തുകളെ വര്‍ധിപ്പിക്കുന്നതിന് പരിശുദ്ധ കന്യകയുടെ മാധ്യസ്ഥം നമുക്കു തേടാം.  അങ്ങനെ നാം മറ്റുള്ള വര്‍ക്കു ഉപകാരപ്പെടുന്നവരായിത്തീരട്ടെ! അവസാനദിനത്തില്‍, അവിടുത്തെ ആനന്ദത്തിലേക്കു പങ്കുചേര്‍ക്കാന്‍ നമ്മെ വിളിക്കുന്ന നമ്മെ കര്‍ത്താവിനാല്‍ സ്വാഗതം ചെയ്യപ്പെടുന്നവരായിത്തീരട്ടെ!

ഈ മാതൃമാധ്യസ്ഥം ആശംസിച്ചുകൊണ്ട് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നു തുടങ്ങുന്ന ത്രികാല ജപം ലത്തീന്‍ ഭാഷയില്‍ ചൊല്ലുകയും  തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

20/11/2017 15:28