2017-11-18 13:39:00

വിശ്വാസം സമൂര്‍ത്തമാകണം-പാപ്പാ


കാലത്തില്‍ മൂര്‍ത്തീഭവിച്ചില്ലെങ്കില്‍ വിശ്വാസം അമൂര്‍ത്തമായവശേഷിക്കുമെന്ന് മാര്‍പ്പാപ്പാ.

വിശ്രമ-പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ നാമത്തിലുള്ള “ജോസഫ് റാറ്റ്സിംഗര്‍ ഫൗണ്ടേഷനിലെ” അംഗങ്ങളും ഇക്കൊല്ലത്തെ “റാറ്റ്സിംഗര്‍ പുരസ്ക്കാര” ജേതാക്കാളുമടങ്ങിയ ഇരുനൂറോളംപേരുടെ ഒരു സംഘത്തെ ശനിയാഴ്ച(18/11/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യുക്തിയെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ അത് സര്‍വ്വാതിശായികത്വത്തിലേക്കുയരാത്ത പക്ഷം അതിന്‍റെ മാനവികത ചോര്‍ന്നുപോകുമെന്ന് ഉദ്ബോധിപ്പിച്ചു.

സത്യത്തെക്കുറിച്ചുള്ള ധ്യാനത്തിലേക്ക് മനുഷ്യാത്മാവ് പറന്നുയരുന്നതിനുപയോഗിക്കുന്ന രണ്ടു ചിറകുകളാണ് വിശ്വാസവും യുക്തിയും എന്ന വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ ആശയം പാപ്പാ അനുസ്മരിച്ചു.

സംഭാഷണത്തിലേര്‍പ്പെടാന്‍ ഇന്നിന്‍റെ സംസ്കൃതി വിശ്വാസത്തെ പ്രേരിപ്പിക്കുന്ന പുത്തന്‍ മേഖലകളിലേക്കും കടന്നുകൊണ്ട് ദൈവശാസ്ത്രപരവും സാംസ്ക്കാരികവുമായ ഗവേഷണപഠനങ്ങളില്‍ മുന്നേറുന്നതിന് ജോസഫ് റാറ്റ്സിംഗറിന്‍റെ കൃതികളെ വിലമതിക്കുകയും അഗാധമായ പഠനത്തിനു വിധേയമാക്കുകയും ചെയ്തുകൊണ്ട് പരിശ്രമിക്കാന്‍ പാപ്പാ പ്രചോദനം പകര്‍ന്നു.

സത്യം അന്വേഷിക്കുക എന്ന വിളിയോടു പ്രത്യുത്തരിക്കുന്നതിന് യുക്തിയെന്ന ദാനം ഉപയോഗപ്പെടത്തുന്ന ഏവര്‍ക്കും ജോസഫ് റാറ്റ്സിംഗര്‍ ഗുരുനാഥനും സുഹൃത്തായ സംവാദികനും ആണെന്ന് പാപ്പാ പറഞ്ഞു.

വിശ്രമജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ സ്നേഹപൂര്‍വ്വം  അനുസ്മരിച്ച ഫ്രാന്‍സീസ് പാപ്പാ അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയും സാന്നിധ്യവും പ്രചോദനദായകവും പൊതുവായ യാത്രയില്‍ സഹായകവുമാണ് എന്ന് വെളിപ്പെടുത്തി.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ രചനകളും പ്രബോധനങ്ങളും സഭയ്ക്കും സഭാംഗങ്ങള്‍ക്കും ഓജസുറ്റതും വിലയേറിയതുമായ പാരമ്പര്യസ്വത്താണെന്ന് പാപ്പാ പറഞ്ഞു.

പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ എന്ന നാമം സ്വീകരിച്ച കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറുടെ നാമത്തിലുള്ള പുരസ്ക്കാരതേജാക്കളായ പ്രൊഫസര്‍ തെയദോര്‍ ദിയേറ്റര്‍, പ്രൊഫസര്‍ കാള്‍ ഹെയിന്‍സ് മെങ്ക്, ആര്‍വൊ പാര്‍ട്ട് എന്നീ മൂന്നപേര്‍ക്ക് സമ്മാനം നല്കുന്ന വേളയായയിരുന്നതിനാല്‍ പാപ്പാ അവരെ അഭിനന്ദിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.