2017-11-18 13:29:00

വര്‍ദ്ധിപ്പിച്ചെടുക്കേണ്ട ‘താലന്തുകളും’ അവയിലെ വൈവിധ്യങ്ങളുടെ സൗന്ദര്യവും


വിശുദ്ധ മത്തായി 25,  14-30  ആണ്ടുവട്ടം 33-Ɔ വാരം

1.  ദൈവം തരുന്ന താലന്തുകള്‍   ക്രിസ്തു പഠിപ്പിക്കുന്ന താലന്തിന്‍റെ ഉപമയാണ് ഇന്നത്തെ സുവിശേഷവിചിന്തനം. ബൈബിളിലെ താലന്ത് എന്ന വാക്ക് ഇംഗ്ലിഷിലെ Talent എന്ന പദംതന്നെയാണെന്ന് മൂലത്തിലേയ്ക്കു പോകാതെ തന്നെ പറയാം. കഴിവ് എന്നാണ് ഇതിന് അര്‍ത്ഥം. എന്നാല്‍ നാം ധ്യാനിക്കുന്ന ഉപമയില്‍ ഒരു നാണ്യരൂപമായിട്ടാണ് താലന്ത് അവതരിപ്പിക്കപ്പെടുന്നത്. ചരിത്രപശ്ചാത്തലത്തില്‍ ഈശോയുടെ കാലത്ത് അതൊരു തൂക്കത്തിന്‍റെ അളവ്, ‘കട്ടി’ എന്നു പറയാറുള്ള വെള്ളിക്കഷണമായിരുന്നു. ഈശോ ഇന്നു പറയുന്ന ഉപമയില്‍ യജമാനന്‍ തന്‍റെ ഭൃത്യര്‍ക്ക് വ്യത്യാസ്തമായ താലന്തുകള്‍ നല്കി. ഒരാള്‍ക്ക് അഞ്ച്, മറ്റൊരുവന് രണ്ട്. പിന്നെ മൂന്നാമതൊരുവന് ഒന്ന്! അഞ്ചു കിട്ടിയവന്‍ അത് പത്തും, രണ്ടു കിട്ടിയവന്‍ അത് അദ്ധ്വാനിച്ച് നാലുമാക്കി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഒന്നു കിട്ടിയവന്‍ മാത്രം അത് അലസമായി കുഴിച്ചിട്ടു. പൂഴ്ത്തിവച്ചെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. അലസനായ ഭൃത്യനെ യജമാനന്‍ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. യജമാന്‍ ഇവനോട് കലമ്പാന്‍ കാരണം, ജീവിതത്തിന്‍റെ മൂലധനങ്ങളെ പലിശയ്ക്കുപോലും കൊടുക്കാതെ അത് പാഴാക്കിയതുകൊണ്ടാണ്. ഏതൊരു നേട്ടത്തിനും, താലന്തിനും സാധനയുടെയും സമര്‍പ്പണത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും പിന്‍ബലം ആവശ്യമാണ്.

2.  നേട്ടത്തിനു പിന്നിലെ പതറാത്ത സാധന    രാപ്പാടിപ്പക്ഷികളുടെ പാട്ടിനു പിന്നില്‍ ഒരു കഥ പറയാറുണ്ട്. മറ്റേതു പക്ഷിയെയുംപോലെ രാപ്പാടികള്‍ പകല്‍ ഇരതേടുകുയും രാത്രിയില്‍ ചേക്കേറുകയും ചെയ്തിരുന്നു. ഒരിക്കല്‍, ഒരു വസന്തകാലത്ത് അവ അന്തിയുറങ്ങിയത് ഒരു മുന്നിരിത്തോപ്പിലായിരുന്നു. മുന്തിരിച്ചെടികള്‍ തളിര്‍ത്തുവളര്‍ന്ന് രാവുക്കുരാവെ നാമ്പെടുത്തത് ഗണിക്കാനാവാത്ത വേഗത്തിലായിരുന്നത്രേ! ഉറങ്ങുകയായിരുന്ന കിളിക്കൂട്ടങ്ങളെ മുന്തിരിച്ചെടിയുടെ ലതാതന്തുക്കള്‍ വരിഞ്ഞുകെട്ടി. അപ്പോള്‍  പക്ഷികള്‍ കരയാന്‍ തുടങ്ങി. പാടി കരയാന്‍ തുടങ്ങി. അവസാനം ഏറെ തത്രപ്പെട്ടാണ് ചുറ്റിവരിഞ്ഞ മുന്തിരി നാമ്പുകളില്‍നിന്ന് കിളികള്‍ രക്ഷപ്പെട്ടത്. അന്ന് രാപ്പാടികള്‍ തീരുമാനിച്ചതാണ്, വസന്തം തീരുവോളം ഉറങ്ങരുതെന്നും, വസന്തത്തിലെ രാവുകളില്‍ പാടി നടക്കാമെന്നും! അങ്ങനെ പാടിപ്പാടിയാണ് ഈ പക്ഷികള്‍ക്ക് രാപ്പാടികളെന്നു പേരു വീണതും, സുവര്‍ണ്ണസ്വരം ലഭിച്ചതെന്നും പറയപ്പെടുന്നു.

3.  വൈവിദ്ധ്യങ്ങളുടെ സൗന്ദര്യം   ജീവിതത്തിന്‍റെ വൈവിദ്ധ്യങ്ങളെ സ്നേഹപൂര്‍വ്വം കാണാന്‍ കഴിയാതെ പോകരുത്. വൈവിദ്ധ്യങ്ങളുടെ സൗന്ദര്യത്തെയും ധ്യാനത്തെയും ചോര്‍ത്തിക്കളയുന്നതാണ് ഏകതാനത. ജീവിതത്തിന്‍റെയും വ്യക്തികളുടെയും വൈവിദ്ധ്യംകൊണ്ടാണ് ഇന്നു നമ്മുടെ ഈ ലോകം മഹാഉദ്യാനമായി പരിണമിക്കുന്നത്. മുക്കൂറ്റിയും മുല്ലയും എല്ലാം ഇവിടെ നമുക്കു വേണം. ഒരു കോസ്മിക്ക് സിംഫണിയില്‍ മുളംകാടുകള്‍ തൊട്ട്, കാറ്റാടിയും മൂളിയുമൊക്കെ ശ്രൂതി മീട്ടിനില്ക്കും. അതിനാല്‍ ഉപമയിലെ അഞ്ചും രണ്ടും ഒന്നും താലന്തുകളെല്ലാം ഈ ജീവിത വൈവിദ്ധ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ്. ക്രമം ദൈവത്തിന്‍റെ ആദ്യത്തെ നിയമമാണെങ്കില്‍, വൈവിദ്ധ്യം രണ്ടാമത്തേതാണ്. കളയും വിളയും ഒരുമിച്ചു വളരണമെന്ന് ക്രിസ്തു നിഷ്ക്കര്‍ഷിച്ചത് അതുകൊണ്ടാണ്. നമുക്കു പ്രിയമുള്ളതു മാത്രം ഈ മണ്ണില്‍ വളര്‍ന്നാല്‍ അതിനു പിന്നെന്തു കൗതുകമാണ്! സങ്കീര്‍ത്തന ശേഖരത്തില്‍ സ്തുതിപ്പുകള്‍ മാത്രല്ല, വിലാപഗീതങ്ങളും, വിജ്ഞാനഗീതങ്ങളും ശരണഗീതങ്ങളുമൊക്കെയുണ്ട്. ചെമ്പൈ സ്വാമികളല്ല സാധാരണക്കാരനെ സംഗീതം പഠിപ്പിച്ചത്, ചിലച്ചിത്രഗാനങ്ങള്‍ പാടി യേശുദാസും ജയച്ചന്ദ്രനും, ജാനകിയമ്മയും ജിക്കിയും ചിത്രയുമൊക്കെ..., അല്ല ചിലപ്പോള്‍ മദ്യപിച്ച് വഴിയില്‍ പാട്ടുപാടിപ്പോകുന്ന പാപ്പിയുമൊക്കെയായിരിക്കാം. ഓരോ താലന്തും മതിപ്പുള്ളതാണ്. അതിനാല്‍ ഒന്നും പാഴാക്കരുതെന്നാണ് ഉപമ നമ്മെ പഠിപ്പിക്കുന്നത്.

4.  എന്തിന് അസൂയപ്പെടണം?   അനാരോഗ്യകരമായ താരതമ്യങ്ങള്‍ അപകടകരമാണ്. അയാള്‍ക്ക് അഞ്ച്, മറ്റെയാള്‍ക്ക് രണ്ട്. പിന്നെ എനിക്ക് ഒന്നുമില്ലാത്തതാണ് ഭേദമെന്ന് തോന്നും വിധത്തില്‍ വെറും ഒന്ന്, എന്നു പറഞ്ഞ് പുച്ഛിച്ചു തള്ളരുത്! അച്ഛന്‍ വിഷുവിന് സ്നേഹത്തോടെ കൈയ്യില്‍ വച്ചുതന്ന കണിനാണയത്തില്‍ സംതൃപ്തനാകാതെ, ഇനി മറ്റുള്ളവര്‍ക്ക് എന്തു കൈനീട്ടമാണ് കൊടുക്കുന്നതെന്ന് ഇടം കണ്ണിട്ടു നോക്കി അസൂയപ്പെടുന്ന ചീത്തപ്പിള്ളേരല്ലേ നമ്മള്‍! ഇങ്ങനെയായാല്‍ മുതിര്‍ന്നു കഴിയുമ്പോഴും അപരന്‍റെ നേട്ടങ്ങളിലേയ്ക്കോ സ്വകാര്യതയിലേയ്ക്കോ ദാമ്പത്യത്തിലേയ്ക്കൊ നോക്കി നമ്മള്‍ നെടുവീര്‍പ്പിടും. കൈവെള്ളയില്‍ ദൈവം വച്ചുനീട്ടിയിട്ടുള്ള താലന്തു കാണാതെയാണീ കാണിച്ചു കൂട്ടുന്നതെല്ലാം!

5. ചെയ്യാതെ പോയ നന്മകള്‍    ജീവിതംകൊണ്ട് ഒന്നും ചെയ്യുന്നില്ല. പിന്നെ സ്വയം ഒന്നും കണ്ടെത്തുന്നുമില്ല. എന്തും, എത്ര ചെറുതായിരുന്നാലും എവിടെയായിരുന്നാലും പാഴാക്കി കളയുന്നത് നിഷ്ക്രിയത്വമാണ്.   അത് യജമാനന്‍ തന്ന താലന്തു കുഴിച്ചു മൂടുന്നതിനു തുല്യമാണ്. തിന്മചെയ്യാതിരിക്കുകയാണ് നമ്മുടെ ധാര്‍മ്മികതയെന്നും, അതിനാല്‍ നിര്‍ഗ്ഗുണസമ്പന്നനായി മുന്നോട്ടുപോയാലും മതി എന്നൊരു ചിന്താഗതി നിലവിലുണ്ട്. നന്മ ചെയ്യാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്, സൃഷ്ടിച്ചത്. ഉപേക്ഷയാല്‍ ചെയ്ത പാപങ്ങള്‍ക്കു മാപ്പുതരണേ, എന്ന അനുതാപ പ്രാര്‍ത്ഥന നാം ചൊല്ലുന്നുണ്ട്.  എന്നാല്‍ ഓര്‍ക്കണം കള പറിച്ചു കളയുമ്പോള്‍ പകരം എന്തു നടുംമെന്ന്? ജീവിതത്തിന്‍റെ ഗതിവിഗതിയെ നിര്‍ണ്ണായകമാക്കുന്ന ചോദ്യമാണിത്. ഒരാളെ നിങ്ങള്‍ ഒഴിവാക്കുന്നു, എന്നിട്ട് ആരെയാണ് പകരംവയ്ക്കുന്നത്, എന്തിനെയാണ്... എന്തിനാണത്? ഗൗരവമായി ചിന്തിക്കേണ്ടതാണ്. ഇവിടെ പാളിച്ചകള്‍ പറ്റാം. ചിന്തിക്കുന്നതു നല്ലതല്ലേ! വൃത്തിയാക്കിയ വീട് ആദ്യത്തിനേക്കാള്‍ അഴുക്കായെന്ന കഥ ക്രിസ്തുവല്ലേ പറയുന്നത്. അവിടെ പുറപ്പെട്ടു പോയ ഒരാള്‍ ഏഴ് അശുദ്ധാത്മാക്കളുമായിട്ടാണ് തിരികെ വന്നത്! ഈശോ തരുന്ന ഈ സൂചന എടുത്താല്‍ ശൂന്യമായിക്കിടന്നാല്‍ തിന്മകയറിപ്പറ്റും. വെളിച്ചമില്ലാതായാല്‍ ഇരുട്ട് കടന്നുകൂടും. അവിടെ ഒരു നിലവിളക്കോ ചന്ദനത്തിരിയോ കത്തിക്കുന്നില്ലല്ലോ, മക്കളേ! എന്നു നാം പറയാറില്ലേ! നാം മനസ്സിലാക്കേണ്ടത്, സംഭവിച്ച അകൃത്യങ്ങളെ ഓര്‍ത്തല്ല, സംഭവിക്കാതെ പോയ സുകൃതങ്ങളെ ആധാരമാക്കിയായിരിക്കും ദൈവികനീതിയും വിധിയുമുണ്ടാവുക. ചെയ്ത തിന്മകളെക്കാള്‍, ചെയ്യാതിരുന്ന നന്മകളെ ആധാരമാക്കിയാണ് ദൈവം കണക്കു ചോദിക്കുന്നത്. സുവിശേഷക്കഥയിലെ ധനവാന്‍ ലാസറിനെ ഉപദ്രവിച്ചില്ല, എന്നാല്‍ അവഗണിച്ചതായിരുന്നു പാപം. ചെയ്യാമായിരുന്ന നന്മചെയ്യാതെ പോയി, എന്നതാണ് ധനികന്‍റെ അപരാധം.

6.  കുറവുകള്‍ കരുണയോടെ അംഗീകരിക്കാം    കുറവുകളെ കരുണയോടെ കാണണേ! രണ്ടു മക്കളില്‍ ഒരാള്‍ കൂടുതല്‍ സനേഹമുള്ളവനെന്നും. അപരന്‍ പോരെന്നും വിലയിരുത്തപ്പെടുന്നു. ഒരാള്‍ നന്നായി പഠിക്കുന്നു. മറ്റെയാള്‍ പോരാ... എന്നും നാം തരംതിരിക്കുന്നു - അഞ്ചു രണ്ടും ഒന്നും താലന്തുകള്‍ പോലെയാണിതെന്ന വെളിവു കിട്ടിയാല്‍ എന്തൊരു സ്വസ്ഥതയായിരിക്കും?! അത് വികസിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കണമെന്ന തീരുമാനമാണ് പിന്നെ ആവശ്യം. ഒരാളുടെയും കൈ ശൂന്യമല്ല. അളവുകളുടെ ഭേദങ്ങള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. എന്നാല്‍ അടിസ്ഥാന നന്മകളുടെ അംശങ്ങള്‍ എല്ലാവരുടെയും നെഞ്ചില്‍ കിടപ്പുണ്ട്.  സ്നേഹവും സംഗീതവും കരുണയും ഉള്ളിലില്ലാത്ത ആരുമുണ്ടാവില്ല ഈ ഭൂമിയില്‍. ഇവിടെ വിതക്കാരന്‍റെ ഉപമയാണ് നമുക്ക് ശരിയായ വീക്ഷണം നല്കുന്നത്.   നല്ല നിലത്തു വീണ വിത്തുകള്‍ പല മേനിയാണ് വിള നല്കുന്നത്. നൂറും, അറുപതും, ഇരുപതും മേനി... ! ഒരോ ഹൃദയത്തിന്‍റെയും ആത്മീയ വളക്കൂറുകള്‍ വ്യത്യസ്തമാണ്.

7.  പാവങ്ങള്‍ക്കായൊരു ദിനം    പാപ്പാ ഫ്രാന്‍സിസ് തുടങ്ങിവയ്ക്കുന്ന പാവങ്ങളുടെ ദിനം ആചരിക്കേണ്ട ദിവസമാണ് 
നവംബര്‍ 19, ഞായറാഴ്ച! “സ്നേഹം വാക്കാലല്ല, പ്രവൃത്തിയില്‍ പ്രകടമാക്കണം...” എന്ന സന്ദേശത്തോടെയാണ് സഭയിലെ
ഈ പ്രഥമ ആഗോള ദിനം പാപ്പാ ലോകത്തിന് സമര്‍പ്പിക്കുന്നത്.  ലോകത്തുള്ള എല്ലാ ക്രൈസ്തവ സമൂഹങ്ങളും  ക്രിസ്തു കാണിച്ചു തന്നിട്ടുള്ള പരോപകാര പ്രവൃത്തികള്‍ക്ക് സാക്ഷ്യമാകണമെന്ന അതിയായ ആഗ്രഹത്തോടെയാണ്  കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ അവസാനത്തില്‍ “പാവങ്ങളുടെ ഒരു ആഗോളദിനം സഭയില്‍ ആരംഭിക്കണമെന്ന ചിന്ത മുളപൊട്ടിയത്.  തന്‍റെ മുന്‍ഗാമികള്‍ സഭയില്‍ തുടങ്ങിവച്ചിട്ടുള്ള ആഗോളദിനങ്ങളോട് ഇതുകൂടെ ചേര്‍ക്കുമ്പോള്‍ അവയ്ക്കെല്ലാം വൈശിഷ്ട്യമാര്‍ന്നൊരു സുവിശേഷ പൂര്‍ണ്ണിമ ലഭിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രത്യാശിക്കുന്നു.  കാരണം ക്രിസ്തുവിന് പാവങ്ങളായവരോട് മുന്‍ഗണനാര്‍ഹമായ സ്നേഹമുണ്ടായിരുന്നു.  ഇന്നേദിവസം ആഗോള സഭയെയും സന്മനസ്സുള്ള സകലരെയും പാപ്പാ ക്ഷണിക്കുന്നത് സഹായത്തിനും സഹാനുഭാവത്തിനുമായി നമ്മുടെ മുന്നില്‍ കൈനീട്ടുന്ന പാവങ്ങളിലേയ്ക്ക് ദൃഷ്ടികള്‍ പതിക്കാനും, അവരെ തുണയ്ക്കാനുമാണ്. നിങ്ങളെയും എന്നെയും സൃഷ്ടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗീയ പിതാവിന്‍റെ മക്കാളാണ്
ഈ പാവങ്ങള്‍! അതിനാല്‍ എളിയവരെ തള്ളിക്കളയുകയും പാര്‍ശ്വവത്ക്കരിക്കുകയും ചെയ്യുന്ന “വലിച്ചെറിയല്‍ സംസ്ക്കാരത്തിനെതിരെ” (The Culture of Waste) വിശ്വാസികളെല്ലാവരും  പ്രതികരിക്കണമെന്നും  സമൂഹത്തില്‍ നാം ഒരു കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തണമെന്നുമാണ് ഈ ദിവസംകൊണ്ട് പാപ്പാ  ഉദ്ദേശിക്കുന്നത്.

മതാത്മകമായ എല്ലാ ചിന്തകളും വിവേചനങ്ങളും മാറ്റിവച്ചിട്ട് തുറവോടും പങ്കുവയ്ക്കലിന്‍റെ മനോഭാവത്തോടുംകൂടെ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും ചെറിയ സല്‍പ്രവൃത്തികളാല്‍ നമ്മില്‍ എളിയവരെ സഹായിക്കണമെന്നതാണ് ഈ ദിനത്തിന്‍റെ പൊരുള്‍. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് സകലര്‍ക്കുമായിട്ടാണ്. അതിനാല്‍ ആരെയും മാറ്റി നിര്‍ത്താതെ സകലര്‍ക്കുമായുള്ള മൗലികമായ ഭൗമിക ദാനങ്ങളെ ഉപയോഗിക്കാനും പങ്കുവച്ചു ജീവിക്കാനും നമുക്കു പരിശ്രമിക്കാം. ജീവിതം ദൈവത്തിന്‍റെ ദാനമാണ്, അതിന്‍റെ കഴിവുകളും എല്ലാ താലന്തുകളും. അവിടുത്ത് ദാനങ്ങള്‍ക്ക് നന്ദിയുള്ളവരായി അവ വളര്‍ത്തിയും വര്‍ദ്ധിപ്പിച്ചും സഹോദരങ്ങളുമായി പങ്കുവച്ചും നമുക്ക് സന്തോഷത്തോടെ ജീവിക്കാം!








All the contents on this site are copyrighted ©.