2017-11-17 16:27:00

പാവപ്പെട്ടവര്‍ക്കായുള്ള ആഗോളദിന ഒരുക്കങ്ങളില്‍ പാപ്പായും


പാവപ്പെട്ടവര്‍ക്കായുള്ള ആഗോളദിനത്തോടനുബന്ധിച്ച്, വി. പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്തുള്ള പന്ത്രണ്ടാം പീയൂസിന്‍റെ അങ്കണത്തില്‍  പാവപ്പെട്ടവര്‍ക്കുവേണ്ടി വിപുലമായ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന താല്‍ക്കാലിക  സൗജന്യചികിത്സാ കേന്ദ്രം പാപ്പാ സന്ദര്‍ശിച്ചു.  നവംബര്‍ 16-ാംതീയതി ഉച്ചകഴിഞ്ഞ് 3.45-നാണ് പാപ്പാ എത്തിയത്.

മുന്നറിയിപ്പൊന്നും കൂടാതെ എത്തിയ പാപ്പായെ അവിടെയുണ്ടായിരുന്ന ഒരു സംഘം പാവപ്പെട്ടവരാണ് സ്വീകരിച്ചത്.  അവരുമായി കുശലാന്വേഷണം നടത്തിയ പാപ്പാ വോളന്‍റിയര്‍മാരോടൊത്ത് ചികിത്സാ കേന്ദ്രത്തിനുള്ളില്‍ പ്രവേശിച്ച് ഡോക്ടേഴ്സിനെയും ശുശ്രൂഷകരെയും കാണുകയും സംസാരിക്കുകയും അവര്‍ക്കു നന്ദി പറയുകയും ചെയ്തു.  ഹൃദ്രോഗ, ത്വഗ്രോഗ വിഭാഗങ്ങളുള്‍പ്പെടെ അഞ്ചോളം വ്യത്യസ്തവിഭാഗങ്ങളിലുള്ള ചികിത്സാസൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

അടുത്ത ഞായറാഴ്ച (നവംബര്‍ 19)യില്‍ ആചരിക്കപ്പെടുന്ന, പാവപ്പെട്ടവരുടെ ആഗോളദിനത്തോടനുബന്ധിച്ചുള്ള ഒരുക്ക ങ്ങളിലൊന്നാണ്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലുള്ള ഈ സംരംഭം.  നവംബര്‍ 13 മുതല്‍ 19-ാംതീയതി ഞായറാഴ്ച വരെയുള്ള ദിനങ്ങളില്‍ രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് നാലുവരെയാണ് ചികിത്സ ലഭ്യമാക്കിയിരിക്കുന്ന സമയം. 








All the contents on this site are copyrighted ©.