സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

DOCAT ​XL​IV: ''കുടുംബത്തിലെ പ്രായമായവര്‍''

DOCAT: സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള അനുരൂപണഗ്രന്ഥം

16/11/2017 15:49

സമൂഹത്തിന്‍റെ അടിസ്ഥാനഘടകമായ കുടുംബം മനുഷ്യന്‍ സമൂഹജീവിയായിരിക്കണം എന്ന ദൈവികപദ്ധതിയെ സുവ്യക്തമാക്കുന്നു എന്നു പഠിപ്പിക്കുന്ന ഡുക്യാറ്റ് അഞ്ചാമധ്യായത്തിലെ ചോദ്യോത്തരങ്ങളിലൂടെ കടന്നുപോവുകയാണു നാം. ദൈവികഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് കൂട്ടാ യ്മയുടെ ജീവിതം ആരംഭിക്കുന്നതിന് കുടുംബത്തിന്‍റെ പ്രതലമാണ് അവിടുന്ന് അവനുവേണ്ടി ഒരുക്കിയത്.

 ആധുനികസമൂഹത്തിലും കുടുംബം പ്രസക്തമാണോ എന്നു ചര്‍ച്ചചെയ്യുകയായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ നാം, 116 മുതല്‍ 120 വരെയുള്ള ചോദ്യങ്ങളിലൂടെ.  സാമൂഹികമായ ഉത്തരവാദിത്വത്തിന്‍റെയും ദൃഢമായ ഐക്യത്തിന്‍റെയും അര്‍ഥമെന്തെന്ന് ഒരുവന്‍ ഗ്രഹിക്കുന്നത് കുടുംബത്തിലാണെന്നും ആധുനികസമൂഹത്തില്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതവീക്ഷണങ്ങള്‍, ശൈലികള്‍ എന്നിവ മാറിക്കൊണ്ടിരിക്കുന്നു എന്നുവരികിലും, ജീവന്‍റെ നൈരന്തര്യം ഉറപ്പുവരുത്തുന്ന അതിന്‍റെ സംവിധാനം മാനവികമായ അനിവാര്യതകളുടെ കേന്ദ്രസ്ഥാനമാണ് എന്ന വസ്തുത ആധുനിക കാലത്തിലും തള്ളിക്കളയാനാവില്ല എന്നും നാമവിടെ കാണുകയായിരുന്നു. 

ഇന്ന് 121 മുതല്‍ 124 വരെയുള്ള ചോദ്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ട്, കുടുംബം വിവാഹത്തിലൂടെ അടിസ്ഥാനമിടുന്നുവെന്നും, ആ കുടുംബത്തില്‍ പ്രായമായവരും കുട്ടികളും പ്രത്യേകം സ്നേഹിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നുവെന്നും അങ്ങനെയായിരിക്കണമെന്നും പഠിപ്പിക്കുകയാണ് സഭ തന്‍റെ സാമൂഹികപ്രബോധനങ്ങളിലൂടെ.  രക്തബന്ധത്തിന്‍റെ ദൃഢതയുള്ള കുടുംബത്തില്‍ ഈ സ്നേഹപരിഗണനകള്‍ സ്വാഭാവികമാണ്.  എന്നിരുന്നാലും സ്വാര്‍ഥതാല്പര്യങ്ങള്‍ ഏറിവരുമ്പോള്‍, ഈ കരുതല്‍ അസ്ഥാനത്താവുന്നു എന്നതും ഈ ആധുനികകാലത്ത്, കൂടുതലായി കണ്ടുവരുന്നു. അതിനാല്‍ സഭ, കുടുംബത്തിന്‍റെ കടമയെ, അവിടെ കുടുംബാംഗങ്ങള്‍ രോഗികളും നിസ്സഹായരുമാകുമ്പോഴും കുടുംബം അവര്‍ക്ക് എല്ലാത്തരത്തിലും സ്നേഹത്തണലേകുന്ന സ്ഥലമായിത്തീരുക എന്നതിനെ, ഉപദേശിക്കുകയാണ്.  കുടുംബത്തില്‍ പ്രായമായവരുടെ ധര്‍മവും, ഒപ്പം കുടുംബം അവരെ പരിരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് 121-ാം ചോദ്യത്തിലൂടെ നാം ചര്‍ച്ചചെയ്യുക.  

ചോദ്യം 121.  കുടുംബത്തില്‍ പ്രായമായവരുടെ റോള്‍ എന്താണ്?

കുടുംബത്തില്‍ പ്രായമായവരുടെ സാന്നിധ്യം ഏറെ മൂല്യമുള്ളതാണെന്ന കാര്യം വ്യക്ത മാണ്. തലമുറകള്‍ തമ്മില്‍ വിളക്കിച്ചേര്‍ക്കാവുന്ന കണ്ണികളാണവര്‍.  സമ്പന്നമായ അനുഭവംകൊണ്ട് നിര്‍ണായകമായ സംഭാവന കുടുംബത്തിനും സമൂഹത്തിനും ചെയ്യാന്‍ അവര്‍ക്കു സാധിക്കും.  ഇളം തലമുറയ്ക്ക് മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കാനും തുണനല്‍കാനും അവര്‍ക്കു സാധിക്കും.  ഇളയ തലമുറയാകട്ടെ, തങ്ങളെത്തന്നെ സൂക്ഷിക്കാന്‍ മാത്രമല്ല, മറ്റുള്ളവരോട് കരുതലോടെ പെരുമാറാനും അവരെ സംരക്ഷിക്കാനും കൂടി പഠിക്കും.  പ്രായമായവര്‍ രോഗികളാകുമ്പോഴും നിസ്സഹായരാകു മ്പോഴും അവര്‍ക്കു ചികിത്സയും സമുചിതമായ രോഗീശുശ്രൂഷയും മാത്രം പോരാ.  സ്നേഹപൂര്‍വ മായ പരിചരണവും അതിനനുസൃതമായ സാഹചര്യങ്ങളും വേണം.

‘‘പ്രായമേറുമ്പോള്‍ എന്നെ എറിഞ്ഞുകളയരുതേ, എന്‍റെ ശക്തി ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ’’ (സങ്കീ 71,9) എന്ന് വൃദ്ധന്‍റെ പ്രാര്‍ഥന എന്നു ശീര്‍ഷകംനല്‍കപ്പെട്ടിരിക്കുന്ന എഴുപത്തൊന്നാം സങ്കീര്‍ത്തനത്തില്‍ യാചിക്കുന്നതു നമ്മുടെ കുടുംബങ്ങളില്‍ നിന്നുയരുന്ന രോദനമാകാതിരിക്കട്ടെ എന്നു നമുക്കാഗ്രഹിക്കാം.

''കുടുംബം വിവാദാതീതമായും നിസ്സംശയമായും ഒന്നാമത്തെ സമൂഹഘടനയാണ്.  അതാണു മറ്റുള്ള ഘടനകള്‍ക്കെല്ലാം അടിത്തറയിടുന്നത്'' (ഓസ്വാള്‍ഡ് വോണ്‍ നെല്‍ബ്രൂണിങ്, 1890 -1991, നീതിയും സ്വാതന്ത്ര്യവും 1980). ഓരോ സമൂഹവും രോഗികളെയും നിസ്സഹായരെയും ഉള്‍ക്കൊള്ളുന്നുണ്ട്. വിവാദാതീതമായും നിസ്സംശയമായും ഒന്നാമത്തെ സമൂഹഘടനയായ കുടുംബത്തില്‍ അവര്‍ സ്വീകരിക്കപ്പെടുന്നെങ്കില്‍, സമൂഹത്തിലും, കുടുംബമില്ലാത്ത അവസ്ഥയിലും അവര്‍ സ്വീകരിക്കപ്പെടുന്ന രീതി സ്വാഭാവികമായും ഉരുത്തിരിയും എന്നു നമുക്കറിയാം.

''കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ ഒരു പ്രത്യേക കേന്ദ്രബിന്ദു ഇല്ല.  നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചാലും അതെല്ലാം അവര്‍ അനുകരിക്കുന്നു'' (Witticism). എന്ന ചൊല്ലും പ്രസിദ്ധമാണ്.  അതിനാല്‍, അവശരും രോഗികളുമായ കുടുംബാംഗങ്ങളെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന കുടും ബങ്ങളില്‍ കുട്ടികളും അതുകണ്ടു വളരുകയും, അവര്‍ മുതിര്‍ന്നവരാകുമ്പോള്‍, തങ്ങളുടെ ചുമതല നിര്‍വഹിക്കുകയും ചെയ്യും. 

കുടുംബത്തില്‍ കുട്ടികള്‍ പ്രായമായവരെക്കാള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതു സത്യമാണ്.  എന്നിരിക്കിലും, അവര്‍, ദൈവത്തിന്‍റെ ഏറ്റവും വലിയ സമ്മാനമാണ് എന്ന അവബോധം കുടുംബത്തിനുണ്ടോ, ഉപരിയായി സമൂഹത്തിനുണ്ടോ എന്ന്, കുഞ്ഞുങ്ങളെ, ഗര്‍ഭാവസ്ഥയില്‍ പോലും ഇല്ലായ്മ ചെയ്യുന്ന, ബാല്യങ്ങളെ ചൂഷണം ചെയ്യുന്ന ഇക്കാലഘട്ടത്തില്‍ ചിന്തിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നതാണ് അടുത്ത ചോദ്യം.

ചോദ്യം 122.  എന്തുകൊണ്ട് കുട്ടികള്‍ക്കു പ്രത്യേക പരിരക്ഷ ആവശ്യമാകുന്നു?

ഉത്തരം: കുട്ടികള്‍ എല്ലാ നിലയിലും ശാക്തീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ''ഒരു കുഞ്ഞ്, കുടുംബത്തിനും രാഷ്ട്രത്തിനും ലോകത്തിനുമുള്ള ദൈവത്തിന്‍റെ ഏറ്റവും വലിയ സമ്മാനമാണ്'' (മദര്‍ തെരേസ).  മനുഷ്യവംശത്തിന്‍റെ ഭാവിയാണവര്‍.  സ്വാഭാവികമായും അവര്‍ക്ക് സഹായം ആവശ്യമുണ്ട്.  കൂടാതെ, പലപ്പോഴും വളരെ ക്രൂരമായ സാഹചര്യ ങ്ങളിലാണ് അവര്‍ വളരുന്നത്.  ലോകത്തിന്‍റെ പല ഭാഗങ്ങളിലും അവര്‍ക്കു ചികിത്സ ലഭിക്കുന്നില്ല, പോഷകാഹാരമില്ല, പ്രാഥമികവിദ്യാഭ്യാസത്തിനു പോലുമുള്ള അവസരമില്ല.   ചിലപ്പോള്‍ താമസിക്കാനുള്ള ഇടം പോലുമില്ല. ശിശുക്കടത്തും, ബാലവേലയും, തെരുവുബാല്യങ്ങളുടെ പ്രശ്നവും, ബാലസൈനിക സേവനവും ശൈശവവിവാഹവും, ലൈംഗികചൂഷണങ്ങളും ഇങ്ങനെ എത്രയോ ഉതപ്പുകളാണുള്ളത്!  തീര്‍ച്ചയായും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളും അന്തസ്സും ആദരിക്കപ്പെടാനും, ലൈംഗിക ചൂഷണങ്ങളില്‍ നിന്നും ഹിംസകളില്‍ നിന്നും അവരെ സംരക്ഷിക്കാനും ദേശീയാന്തര്‍ദേശീയ തലങ്ങളില്‍ നിര്‍ണായകമായ യജ്ഞങ്ങളും നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

''നമ്മെ ആശ്രയിക്കാന്‍ കഴിയുന്ന ആളുകള്‍ ജീവിതത്തില്‍ നമ്മെ പിന്തുണയ്ക്കും'' എന്ന് മരിയ വോണ്‍ എഷന്‍ബാക്ക് (1830-1916) പറയുന്നുണ്ട്.  കുട്ടികള്‍ നമ്മെ ആശ്രയിച്ചു വളരുമ്പോള്‍, അവര്‍ പിന്നീടു നമ്മെ പിന്തുണയ്ക്കും എന്നതുറപ്പാണ്.  സാഹിത്യത്തിനുള്ള നോബല്‍സമ്മാനജേതാവായ, ഏറെ ആദരണീയനായ ഭാരതീയന്‍, രവീന്ദ്ര നാഥ ടാഗോര്‍ (1861-1941) ''മനുഷ്യന്‍മൂലം ദൈവം നിരുത്സാഹനായിട്ടില്ല സന്ദേശവുമായിട്ടാണ് ഓരോ ശിശുവും വരുന്നത്'' എന്നു പറഞ്ഞിരിക്കുന്നത് എത്രയോ ചിന്തനീയമാണ്!

വിശുദ്ധഗ്രന്ഥം നമ്മെ ഉദ്ബോധിപ്പിക്കുന്നു: ''കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും'' (സങ്കീ 127:3). ''സന്തോഷവാനല്ലാത്ത ഒരു കുട്ടിപോലും ഭൂമിയില്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം മഹത്തായ കണ്ടുപിടുത്തങ്ങളും മുന്നേറ്റങ്ങളുമില്ല'' എന്ന് മഹാശാസ്ത്രജ്ഞനായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955, ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനജേതാവ്) പറയുന്നുണ്ട്. അതിനാല്‍,  കുട്ടികളെക്കുറിച്ച് സ്വാഭാവികമായി കുടുംബത്തിനുള്ള ശ്രദ്ധ കൂടുതല്‍ മഹത്തരമാകേണ്ടതുണ്ട് എന്നു സാരം.

പ്രായമായവരെയും കുട്ടികളെയും കുറിച്ചു ചിന്തിച്ച നമ്മെ കുടുംബത്തിന്‍റെ തന്നെ അടിസ്ഥാനമായ വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍ ക്ഷണിക്കുന്നതാണ് അടുത്ത ചോദ്യം.  

ചോദ്യം 123.  എന്താണ് വിവാഹം?

ഉത്തരം:  പുരുഷനും സ്ത്രീയും ഒന്നാകുന്നതാണ് വിവാഹം.  ദമ്പതികളുടെ നന്മയ്ക്കും കുട്ടികളടെ പ്രജനനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണത് (CCC 1601).  നിബന്ധനകളില്ലാത്ത പരസ്പര സ്നേഹത്തിനും വിശ്വസ്തതയ്ക്കുംവേണ്ടി ദമ്പതികള്‍ നല്‍കുന്ന ഉഭയസമ്മതം വിവാഹത്തിന്‍റെ അനുപേക്ഷണീയ ഘടകമാണ്.  അവിഭാജ്യതയാണ് അതിന്‍റെ മറ്റൊരു മുദ്ര.  ജീവിതകാലം മുഴുവന്‍ ദമ്പതികളുടെ പരസ്പരസ്നേഹവും ബഹുമാനവും നിലനില്‍ക്കണം.  അവര്‍ വിവാഹകര്‍മത്തില്‍ പരസ്പരം വാഗ്ദാനം ചെയ്യുന്നതുപോലെ ജീവിതത്തിന്‍റെ ഏതു ഘടത്തിലും ഒന്നിച്ചു നില്‍ക്കുകയും പരസ്പരം തുണയേകുകയും ചെയ്യണം.  എന്തായാലും ഒരാള്‍ അഥവാ രണ്ടുപേരും അവിശ്വസ്തത കാണിച്ചാലും വിവാഹം നിലനില്‍ക്കും.  ദമ്പതികളില്‍ ഒരാളുടെ മരണംകൊണ്ടു മാത്രമേ വിവാഹം അവസാനിക്കുകയുള്ളു.

''ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ'' (മത്താ 19:6)

ആധുനികതയുടെ പേരില്‍ എന്തൊക്കെ പകരം വച്ചാലും, വിവാഹത്തെക്കുറിച്ചുള്ള ദൈവികപദ്ധതി തള്ളിക്കളയാനാവില്ല എന്ന് സഭ മേല്‍പ്പറഞ്ഞതിലൂടെ വ്യക്തമാക്കുകയാണ്.  അതിന്‍റെ തന്നെ വിശദീകരണമാണ് അടുത്ത ചോദ്യം.  ഒരാളെ വിവാഹം ചെയ്യുക എന്നു പറഞ്ഞാലെന്താണ്? എന്ന ചോദ്യത്തിനുത്തരം ഇപ്രകാരം ഡുക്യാറ്റ് വിശദീകരിക്കുന്നു.

ഉത്തരം:  ഒരാളെ വിവാഹം ചെയ്യുക എന്നു പറഞ്ഞാല്‍ തന്നെത്തന്നെ ഒരു വ്യക്തിക്കു സമ്പൂര്‍ണ മായി നല്‍കുക എന്നാണ്.  അതായത്, ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു താമസിക്കുകയും ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി തന്‍റെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും എല്ലാ ഘടനകളോടംകൂടെ, അവിടെ ആ യിരിക്കുകയും ചെയ്യുക. വിവാഹം ജീവിതത്തിന്‍റെ സര്‍വമേഖലകളെയും ഉള്‍ക്കൊള്ളുന്നു.  വിവാ ഹത്തിലൂടെയുള്ള ലൈംഗികമായ ഒരുമിക്കല്‍ മാത്രമേ നീതിപൂര്‍വമാകൂ.  പുരുഷന്‍റെയും സ്ത്രീ യുടെയും സ്നേഹം അവിടെ മാത്രമേ ഫലസമൃദ്ധമാകൂ.  മക്കളോടുകൂടിയ കുടുംബമായി വികസി ക്കുവാന്‍ തയ്യാറാക്കിയ രൂപരേഖയാണ് അടിസ്ഥാനപരമായി വിവാഹത്തിനുള്ളത്. കുട്ടികള്‍ സാധ്യ മല്ലാത്ത വിവാഹങ്ങളില്‍ പോലും സ്ത്രീപുരുഷയോഗം ആ ലക്ഷ്യവും രീതിയും പാലിക്കുന്നതു തന്നെയാണ്.  ഈ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, സമാനലിംഗരുടെ വിവാഹം എന്ന ഒരു ആശ യത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധ്യമല്ല. ''വിവാഹത്തിലെ തുല്യത'' എന്ന പ്രയോഗംതന്നെ അര്‍ഥം വ്യക്തമല്ലാത്തതാണ്.  മനുഷ്യവ്യക്തികളെന്ന നിലയില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും തുല്യമ ഹത്വമുണ്ട്.  പക്ഷേ, അവരുടെ വ്യത്യസ്തവും പരസ്പരപൂരകവുമായ റോളുകള്‍ അവരുടെ അസ്തിത്വത്തിന്‍റെ ആഴങ്ങളിലേക്ക് - ക്രോമസോമുകളുടെ തലത്തോളം വേരിറക്കമുള്ളതാണ്.

വിവാഹമെന്ന കൂദാശ പരികര്‍മം ചെയ്യുന്ന കാര്‍മികന്‍ വധൂവരന്മാരോടു ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവിടെ ഓര്‍മിക്കാം.

അവശേഷിച്ചിട്ടുള്ള ജീവിതകാലം മുഴുവനും പുരുഷനും ഭാര്യയുമെന്ന നിലയില്‍ പരസ്പരം ബഹുമാനിക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടോ?  നിങ്ങള്‍ കുട്ടികളെ ദൈവത്തില്‍ നിന്നു സ്നേഹപൂര്‍വം സ്വീകരിക്കുകയും ക്രിസ്തുവിന്‍റെയും അവിടുത്തെ സഭയുടെയും നിയമമനുസരിച്ച് അവരെ വളര്‍ത്തുകയും ചെയ്യുമോ?

ഇവിടെ യുവജനമതബോധനം 416-ാമത്തെ ചോദ്യത്തിനുത്തരമായി നല്‍കിയിരിക്കുന്ന വിശദീകരണവും കൂടി ശ്രവിച്ചുകൊണ്ട് നമുക്ക് ഇന്നത്തെ പരിചിന്തനം അവസാനിപ്പിക്കാം.  ക്രൈസ്തവ വിവാഹത്തിന്‍റെ സാരാംശപരമായ ഘടകങ്ങള്‍ ഏവ? എന്ന ചോദ്യത്തിനുത്തരമായി നാലു ഘടകങ്ങള്‍ ഇവിടെ വിശദീകരിക്കുന്നു.

- ഐക്യം: വിവാഹം ഒരു ഉടമ്പടിയാണ്.  അതു പുരുഷനും സ്ത്രീയും തമ്മിലുള്ള ശാരീരികവും ബൗദ്ധികവും ആധ്യാത്മികവുമായ ഐക്യം സ്വാഭാവികമായിത്തന്നെ സംഭവിപ്പിക്കുന്നു.

- അവിഭാജ്യത: മരണം നമ്മെ വേര്‍പിരിക്കുന്നതുവരെ വിവാഹം നിലനില്‍ക്കുന്നു

- സന്താനങ്ങളെ ജനിപ്പിക്കാനുള്ള സന്മനസ്സ്:  ഓരോ വിവാഹവും കുട്ടികളെ ജനിപ്പിക്കണമെന്ന ലക്ഷ്യമുള്ളതായിരിക്കണം.

- ജീവിതപങ്കാളിയുടെ ക്ഷേമം സംബന്ധിച്ച സമര്‍പ്പണം: 

തുടര്‍ന്നു യുക്യാറ്റ് ഇപ്രകാരം കൂട്ടിച്ചേര്‍ക്കുകകൂടി ചെയ്യുന്നു,  ദമ്പതികളില്‍ ഒരാള്‍ വിവാഹസമയത്ത് മുകളില്‍പ്പറഞ്ഞ നാലുവിഷയങ്ങളില്‍ ഒന്ന് മനപ്പൂര്‍വം ഒഴിവാക്കിയാല്‍ വിവാഹമെന്ന കൂദാശ നടക്കുന്നില്ല. 

കുടുംബം അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇപ്രകാരമെല്ലാം വിശദീകരിക്കുമ്പോഴും, അത് വാക്കുകള്‍ക്കതീതമായ അനുഭവമാണ് എന്നതാണു സത്യം.  ആ കുടുംബത്തിന്‍റെ പ്രാധാന്യത്തെ തള്ളിപ്പറയുന്ന സ്വാര്‍ഥത നമ്മില്‍ കടന്നുകൂടാനനുവദിക്കാതെ മഹത്തായ ക്രിസ്തീയവീക്ഷണം നമുക്കു പിന്‍തുടരാം.  

16/11/2017 15:49