സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

കാലാവസ്ഥ Cop23 ഉച്ചകോടിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം

കോപ്23-ല്‍ പങ്കെടുക്കാനെത്തിയ ഫീജിയന്‍ കുട്ടിക്കൊപ്പം രാഷ്ട്രപ്രതിനിധികള്‍ - AFP

16/11/2017 16:51

നവംബര്‍ 16 വ്യാഴം - പാപ്പാ ഫ്രാന്‍സിസ് യുഎന്‍ കാലാവസ്ഥ സമ്മേളനത്തോട്...

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉച്ചകോടി, Cop23-യെ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. മാനവികതയെ തുണയ്ക്കുന്നതായിരിക്കണം പാരിസ്ഥിതിക മാറ്റങ്ങള്‍ക്കുള്ള മാനദണ്ഡവും തീരുമാനവുമെന്ന് പാപ്പ രാഷ്ട്രപ്രതിനിധികളെ അനുസ്മരിച്ചു. ജര്‍മ്മനിയിലെ ബോണ്‍ നഗരത്തില്‍ നവംബര്‍ 6-മുതല്‍ 17-വരെയാണ് രാജ്യാന്തര സമ്മേളനം നടക്കുന്നത്. യുഎന്‍ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, ഫ്രാങ്ക് ബൈനിമരാമന് അയച്ച സന്ദേശത്തിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് രാഷ്ട്ര പ്രതിനിധികളെ അഭിസംബോധനചെയ്തത്.

നഗരങ്ങളിലും പൊതുവെ ജനനിബിഡമായ ഇടങ്ങളിലും നടക്കുന്ന ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ അളവും ആഗോളതാപനവും നിയന്ത്രിക്കാന്‍  2015-ല്‍ പാരീസ് സമ്മേളനത്തില്‍ ലോക രാഷ്ട്രങ്ങള്‍ എടുത്തിട്ടുള്ള സംയുക്തതീരുമാനങ്ങള്‍ (Paris Accord of Cop21) പാപ്പാ ആമുഖമായി രാഷ്ട്രങ്ങളെ അനുസ്മരിപ്പിച്ചു. തീരുമാനങ്ങളോടുള്ള നിസ്സംഗതയോ, സൗകര്യാര്‍ത്ഥമുള്ള ഒഴിവുകഴിവുകളോ, സാങ്കേതികതയിലുള്ള അന്ധമായ ആത്മവിശ്വാസമോ ഏറെ അപകടകരവും വികലവും അപര്യാപ്തവുമായ നിലപാടുകളാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

സാമ്പത്തികവും സാങ്കേതികവുമായ വീക്ഷണത്തില്‍ കാലാവസ്ഥ വ്യതിയാനത്തെ കാണാനാവില്ല. അതിന് ധാര്‍മ്മികവും സാമൂഹികവുമായ കാഴ്ചപ്പാടുകളുണ്ട്. അതിനാല്‍ പാരിസ്ഥിതിക നന്മയുടെയും വികസനത്തിന്‍റെയും, ഹ്രസ്വവും ദീര്‍ഘവീക്ഷണമുള്ളതുമായ, എന്നാല്‍ നവമായൊരു മാതൃകയാണ് ആഗോളതലത്തില്‍ നാം വളര്‍ത്തിയെടുക്കേണ്ടത്. സമഗ്രമായ പരിസ്ഥിതി, സത്യസന്ധമായ ഗവേഷണങ്ങള്‍, തുറന്ന സംവാദങ്ങള്‍ എന്നിവയും പാരിസ് ഉടമ്പടിയുടെ ഭാഗമാണ്. സാമ്പത്തികമോ രാഷ്ട്രീയമോ ആയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ, പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ രാഷ്ട്രങ്ങള്‍ സത്യസന്ധമായി പരിശ്രമിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. അതിന് നാം ഉത്തരവാദിത്ത്വപൂര്‍ണ്ണമായ ഒരു മനഃസാക്ഷി വളര്‍ത്തേണ്ടതാണെന്നും പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

നന്മയുടെ പ്രയോക്താക്കളായി സകലരും കൈകോര്‍ക്കണമെന്നും, പൊതുന്മയ്ക്കായുള്ള ഉദ്യമത്തില്‍ സൃഷ്ടിയുടെ മകുടമായ മനുഷ്യനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.  ഉച്ചകോടിയിലെ രാഷ്ട്രപ്രതിനിധികളെയെല്ലാം അഭിവാദ്യംചെയ്തുകൊണ്ടും, 2015-ലെ പാരീസ് Cop21 തീരുമാനങ്ങളോട് വിശ്വസ്തരാകണമെന്നും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

ചിത്രം. കോപ്23-ല്‍ സംസാരിക്കുന്ന ഫീജീയന്‍ ബാലനോടൊപ്പം സി-ചീഫ് ഫ്രാങ്ക് ബൈനിമരാമന്‍, ജര്‍മ്മന്‍ ചാന്‍സിലര്‍‍‍‍, ആഞ്ചല മെര്‍ക്കല്‍ എന്നിവര്‍...


(William Nellikkal)

16/11/2017 16:51