2017-11-15 12:50:00

വിശുദ്ധ കുര്‍ബ്ബാന:പ്രാര്‍ത്ഥന-പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം


പൊതുവെ കാലാവസ്ഥ മോശമായിരുന്നെങ്കിലും ഈ ബുധനാഴ്ച (15/11/17) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായിരുന്ന അനേകായിരങ്ങള്‍ പങ്കുകൊണ്ടു. കൂടിക്കാഴ്ചയ്ക്കായി വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കാഗതനായ പാപ്പായെ അവര്‍ ആനന്ദത്തോടെ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും വരവേറ്റു.വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. ഏതാനും മലയാളി പൈതങ്ങള്‍ക്കും പാപ്പായുടെ തലോടല്‍ അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചു. മന്ദസ്മിതത്താലും ആംഗ്യങ്ങളാലും ചിലപ്പോള്‍ വാക്കുകളാലും ജനങ്ങളുമായി സംവദിച്ച പാപ്പാ പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക. അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍, പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ; അന്നന്നു വേണ്ടുന്ന ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍ ഞങ്ങളു‍ടെ കടക്കാരോടും ഞങ്ങള്‍ ക്ഷമിക്കുന്നു. ‍ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ“  (ലൂക്കാ:11,1-4)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, വിശുദ്ധകുര്‍ബ്ബാനയെ അധികരിച്ച് താന്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രബോധന പരമ്പര  തുടര്‍ന്നു. വിശുദ്ധ കുര്‍ബ്ബാന ഒരു പ്രാര്‍ത്ഥനയാണ് എന്ന് പാപ്പാ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ വിചിന്തനത്തില്‍ വിശദീകരിച്ചു

പ്രഭാഷണസംഗ്രഹം:

വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചുള്ള വിചിന്തനം നമുക്കു തുടരാം. വിശുദ്ധകുര്‍ബ്ബാനാര്‍പ്പണത്തിന്‍റെ സൗഷ്ഠവം ഗ്രഹിക്കുന്നതിന് അതിന്‍റെ വളരെ ലളിതമായ ഒരു മാനത്തില്‍ നിന്ന് വിചിന്തനം ആരംഭിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിശുദ്ധ കുര്‍ബ്ബാന ഒരു പ്രാര്‍ത്ഥനയാണ്, അതിവിശിഷ്ടവും, ഏറ്റം ഉന്നതവും, അത്യുദാത്തവും, ഒപ്പം, ഏറ്റം സമൂര്‍ത്തവുമായ പ്രാര്‍ത്ഥനയാണത്. വാസ്തവത്തില്‍ അത് ദൈവവുമായി അവിടത്തെ വചനവും ക്രിസ്തുവിന്‍റെ  തിരുശരീരരക്തങ്ങളും വഴി നടത്തുന്ന സമാഗമമാണ്. അത് കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയാണ്.

എന്നാല്‍ ആദ്യം നമ്മള്‍ എന്താണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന എന്നതിന് ഉത്തരം നല്കേണ്ടിയിരിക്കുന്നു. അത്, സര്‍വ്വോപരി, ദൈവവുമായുള്ള സംഭാഷണവും വ്യക്തിപരമായ ബന്ധവും ആണ്. ദൈവവുമായി വൈക്തിക ബന്ധത്തിലായിരിക്കാനാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തന്‍റെ   സ്രഷ്ടാവുമായുള്ള സമാഗമത്തില്‍ മാത്രം പൂര്‍ണ്ണ സാക്ഷാത്ക്കാരം കണ്ടെത്തുന്ന ഒരു ബന്ധമാണത്. ജീവിതസരണി കര്‍ത്താവുമായുള്ള നിയതമായ സമാഗമോന്മുഖമാണ്.

മനുഷ്യന്‍, പിതാവും പുത്രനും പരിശുദ്ധാരൂപിയുമായ, ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉല്പ്പത്തിപ്പുസ്തകം പറയുന്നു. ഐക്യമാകുന്ന പരിപൂര്‍ണ്ണ സ്നേഹത്തിന്‍റെ ഒരു ബന്ധമാണത്. ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്, നാമെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്നേഹത്തിന്‍റെ  പരിപൂര്‍ണ്ണമായ ഒരു ഐക്യത്തില്‍ പ്രവേശിക്കാനാണ്, നമ്മുടെ ഉണ്മയുടെ പൂര്‍ണ്ണത കണ്ടെത്തുന്നതിന് നിരന്തരം ആത്മദാനം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്നതിനാണ്.

ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും നാം സൃഷ്ടിക്കപ്പെട്ടിക്കപ്പെട്ടത്  അവിടെത്തെ അറിയാനും സ്നേഹിക്കാനും സേവിക്കാനുമാണ്. പ്രാര്‍ത്ഥനയില്‍ നാം ദൈവത്തിന്‍റെ സാമീപ്യവും സ്നേഹവും  അനുഭവിക്കുന്നു; നാം അവിടത്തോടു സംവദിക്കുന്നു, ഒപ്പം, നമ്മുടെ ഹൃദയത്തില്‍ സംസാരിക്കുന്ന അവിടത്തെ സ്വരം ശ്രവിക്കാനും നാം പഠിക്കുന്നു. എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് സ്വന്തം ശിഷ്യരെ പഠിപ്പിച്ചതുപോലെ യേശു നമ്മെയും പഠിപ്പിക്കുന്നു. ദൈവത്തെ പിതാവെന്ന് വിളിക്കാനും അവിടത്തെ സ്നേഹത്തില്‍ വിശ്വസിക്കാനും ആ സ്നേഹത്തിന്‍റെ   അടയാളങ്ങളാല്‍ നിരന്തരം വിസ്മയിക്കപ്പെടാനും നാം പഠിക്കുന്നത് ക്രിസ്തുവില്‍ നിന്നാണ്.

ക്രിസ്തു തന്‍റെ ശിഷ്യരെ വിളിച്ചത് അവര്‍ തന്നോടൊപ്പം ആയിരിക്കുന്നതിനുവേണ്ടിയുമാണ്. ആകയാല്‍, വിശുദ്ധകുര്‍ബ്ബാന, ദിവ്യകാരുണ്യം യേശുവിനോടൊപ്പമായിരിക്കാനുള്ള സവിശേഷ നിമിഷമായി അനുഭവിച്ചറിയാന്‍ കഴിയുക ഏറ്റം വലിയ കൃപയാണ്. അങ്ങനെ, ക്രിസ്തുവഴി ദൈവത്തോടും സഹോദരങ്ങളോടുമൊപ്പം ആയിരിക്കാന്‍ സാധിക്കും.

പ്രാര്‍ത്ഥിക്കുകയെന്നാല്‍, ഏതൊരു സംഭാഷണത്തിലുമെന്നപോലെ, മൗനം പാലിക്കാനും, യേശുവിനോടൊപ്പം നിശബ്ദതയില്‍ ചിലവഴിക്കാനും, അറിഞ്ഞിരിക്കുകയാണ്. സംഭാഷണങ്ങളില്‍ മൗനത്തിന്‍റെ നിമിഷങ്ങളുണ്ട്. എന്നാല്‍ വിശുദ്ധകുര്‍ബ്ബാനയ്ക്കെത്തുമ്പോള്‍, ചിലപ്പോള്‍ അല്‍പം നേരത്തെ എത്തുകയാണെങ്കില്‍, നമ്മള്‍, അടുത്തുള്ള ആളുമായി കുശലം പറയാന്‍ തുടങ്ങുന്നു. അത് അതിനുള്ള സമയമല്ല. യേശുവുമായുള്ള സംഭാഷണത്തിന് ഒരുങ്ങുന്നതിനുള്ള നിശബ്ദതയുടെ വേളയാണ്. മൗനം സുപ്രധാനമായ ഒന്നാണ് എന്നത് ഓര്‍മ്മയില്‍ സൂക്ഷിക്കുക.

നാം വീണ്ടും ജനിക്കേണ്ടതിനെക്കുറിച്ച് യേശു പറയുന്നുണ്ട്. (യോഹന്നാന്‍: 3:15). അവിടെ യേശു ആത്മാവില്‍ നവജീവന്‍ സ്വീകരിക്കാന്‍ നമ്മെ ക്ഷണിക്കുകയാണ്. തന്‍റെ  കുരിശിലെ ബലിവഴി യേശു നമ്മുടെ സകല പാപങ്ങള്‍ക്കും പരീഹാരമാകുകയും പുതിയ തുടക്കത്തിന്, യഥാര്‍ത്ഥ ആദ്ധ്യാത്മിക ജീവിതം നയിക്കുന്നതിന്, നമ്മെ പ്രാപ്തരാക്കുകയും ചെയ്തു.

ഈ ദാനം യഥാര്‍ത്ഥ സാന്ത്വനത്തിന്‍റെ ഉറവയാണ്. കര്‍ത്താവ് എന്നും നമുക്കു മാപ്പേകുന്നു. ഈ ദാനം അവിടന്നു നമുക്കേകുന്നത് ദിവ്യകാരുണ്യം വഴിയാണ്, നമ്മുടെ ബലഹീനതയുമായി ദിവ്യമണവാളന്‍ കണ്ടുമുട്ടുന്ന വിവാഹവിരുന്നിലാണ്. ഞാന്‍ വിശുദ്ധകുര്‍ബ്ബാനയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ എന്‍റെ ബലഹീനതയുമായി കര്‍ത്താവു കണ്ടുമുട്ടുന്നു എന്ന് എനിക്ക് പറയാന്‍ സാധിക്കുമോ? തീര്‍ച്ചയായും നമുക്കങ്ങനെ പറയാന്‍ സാധിക്കും, കാരണം അതു സത്യമാണ്. ദൈവത്തിന്‍റെ  ഛായയും സാദൃശ്യവുമായിരിക്കുകയെന്ന നമ്മുടെ ആദിമ വിളിയിലേക്ക് നമ്മെ ആനയിക്കുന്നതിന് കര്‍ത്താവ് നമ്മുടെ ബലഹീതനതയുമായി കണ്ടുമുട്ടുന്നു. ഇതാണ് ദിവ്യകാരുണ്യം, ഇതാണ് പ്രാര്‍ത്ഥന. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, സഭാപാരംഗതനായ മഹാനായ വിശുദ്ധ ആല്‍ബര്‍ട്ടിന്‍റെ തിരുന്നാള്‍ ഈ ബുധനാഴ്ച തിരുസഭ ആചരിച്ചത് അനുസ്മരിക്കുകയും സകല പ്രവര്‍ത്തനങ്ങളിലും ദൈവത്തെ അന്വേഷിച്ചുകൊണ്ട് അവിടന്നുമായുള്ള സംഭാഷണം ശക്തിപ്പെടുത്താന്‍ യുവജനത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഓരോ മനുഷ്യവ്യക്തിയുടെയും ജീവിതത്തെ നിരന്തരം പ്രകാശമാനമാക്കുന്ന കര്‍ത്താവായ യേശുവിന്‍റെ കുരിശിന്‍റെ രഹസ്യത്തെക്കുറിച്ചുള്ള ധ്യാനത്തില്‍ സാന്ത്വനം കണ്ടെത്താന്‍   രോഗികള്‍ക്കും, തങ്ങളുടെ സ്നേഹം സദാ ദൈവസ്നേഹത്തിന്‍റെ  പ്രതിഫലനമാകുന്നതിനുവേണ്ടി ക്രിസ്തുവുമായി നിരന്തര സമ്പര്‍ക്കത്തിലായിരിക്കുന്നതിന് പരിശ്രമിക്കാന്‍ നവദമ്പതികള്‍ക്കും  പാപ്പാ പ്രചോദനം പകര്‍ന്നു.

പൊതുദര്‍ശന പരിപാടിയുടെ അവസാനമായി ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ  എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.