2017-11-15 09:29:00

പാപ്പായുടെ ചിലി, പെറു രാജ്യങ്ങളിലെ പര്യടനപരിപാടികള്‍


തെക്കേ അമേരിക്കയിലെ ചിലി, പെറു എന്നീ രാജ്യങ്ങളിലേക്കു 2018 ജനുവരി 15-22 തീയതി കളിലായി പാപ്പാ നടത്തുന്ന നിശ്ചിതപര്യടനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.  ജനുവരി 15-ാംതീയതി, തിങ്കളാഴ്ച രാവിലെ എട്ടുമണിക്കു റോമില്‍ നിന്നു പുറപ്പെടുന്ന പാപ്പാ, ചിലിയിലെ സാന്തിയാഗോയിലെത്തുക പ്രാദേശികസമയം രാത്രി എട്ടുമണി യോടുകൂടിയായിരിക്കും. രാഷ്ട്രത്തിന്‍റെ ഔദ്യോഗികസ്വീകരണത്തിനുശേഷം അവിടുത്തെ അപ്പസ്തോലികസ്ഥാനപതി മന്ദിരത്തില്‍ വിശ്രമിക്കും. തുടര്‍ന്ന് 16, 17, 18 തീയതികളില്‍ അവിടെ യഥാക്രമം സാന്തിയാഗോ, തെമൂക്കോ, ഇക്വിക്വേ എന്നീ നഗരങ്ങളിലാണ് പാപ്പായുടെ പര്യടനപരിപാടികള്‍.  പതിനെട്ടാംതീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി പെറുവിന്‍റെ തലസ്ഥാനമായ ലീമായിലേയ്ക്കു പുറപ്പെടുന്ന പാപ്പാ അവിടെ ഔദ്യോഗികബഹുമതികളോടുകൂടി സ്വീകരിക്കപ്പെടുകയും വിശ്രമിക്കുകയും ചെയ്യും.

തുടര്‍ന്ന് 19, 20, 21 തീയതികളില്‍ പെറുവിലെ, ലീമാ, പുവെര്‍ത്തോ മാല്‍ദൊണാദോ, ത്രുഹില്ലോ എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചശേഷം, 21-ാംതീയതി, ഞായറാഴ്ച വൈകുന്നേരം മടങ്ങുന്ന പാപ്പാ, പിറ്റേന്നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് റോമിലെത്തും.   ഇരു രാജ്യങ്ങളിലെയും രാഷ്ട്രനേതൃത്വം, പൗരപ്രമുഖര്‍ എന്നിവരുമായും  വൈദികരും സമര്‍പ്പിതരും, യു വജനങ്ങള്‍, എന്നിവരുമായും ഉള്ള കൂടിക്കാഴ്ചകള്‍, വിവിധ വേദികളിലെ ബലിയര്‍പ്പണം, പ്രഭാഷണങ്ങള്‍, വചനസന്ദേശങ്ങള്‍, പ്രാര്‍ഥനാസമ്മേളനങ്ങള്‍ എന്നിവ പാപ്പായുടെ പര്യടനത്തിലെ മുഖ്യ പരിപാടികളായിരിക്കും.    








All the contents on this site are copyrighted ©.