2017-11-15 17:03:00

‘ലാംബര്‍ഗീനി ഹുറാക്കാന്‍’ പാപ്പാ ഫ്രാന്‍സിസിന് സമ്മാനിച്ചു


മത്സര ഓട്ടത്തിനുള്ള ഹുറാക്കാന്‍ മോഡലാണ് കമ്പനി പാപ്പായ്ക്കു സമ്മാനിച്ചത്.

ഇറ്റാലിയന്‍ ‘ലാംബൊര്‍ഗീനി’ കാര്‍ കമ്പനി (Lamborghini Automobiles) പാപ്പാ ഫ്രാന്‍സിസിന്  വെളുത്ത ‘ലാംബര്‍ഗീനി ഹുറാക്കാന്‍’  (Lamborghini Huracan ) സമ്മാനിച്ചു. നവംബര്‍ 15-Ɔ൦ തിയതി ബുധനാഴ്ച രാവിലെ  പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പാണ് ഇറ്റലിയില്‍ ബൊളോ‍ഞ്ഞയ്ക്കടുത്ത് സാന്‍ ആഗതയിലുള്ള കാര്‍ കമ്പനി  അവരുടെ ഏറ്റവും വിലപിടിപ്പുള്ള ലാംബൊര്‍ഗീനി ഹുറാക്കാന്‍ പാപ്പായ്ക്ക് സമ്മാനിച്ചത്.  കമ്പനിയുടെ ചീഫ് എക്സക്യൂടിവ് മാനേജര്‍, സ്റ്റേപനോ ദൊമിനിക്കാലിയാണ് കാറുമായി വത്തിക്കാനില്‍ എത്തിയത്.

പേപ്പല്‍ വസതി, സാന്താ മാര്‍ത്തയുടെ മുന്നില്‍വച്ച് തനിക്കു സമ്മാനിച്ച കാര്‍ തുറന്നു കണ്ട്, പാപ്പാ നന്ദിയോടെ അത് സ്വീകരിച്ചു. കാര്‍ ഉടനെ ആശീര്‍വ്വദിച്ച്... ലേലം ചെയ്യുന്നതിന് Sothebys Company-യെ ഏല്പിക്കുകയും ചെയ്തു. എന്നിട്ടാണ് തുറന്ന വാഹനത്തില്‍ പൊതുകൂടിക്കാഴ്ചാ പരിപാടിക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് പാപ്പാ പോയത്. ലേലത്തില്‍ കാര്‍ വിറ്റുകിട്ടുന്ന പണം പാപ്പായുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

രണ്ടുലക്ഷം അമേരിക്കന്‍ ഡോളര്‍, ശരാശരി ഒന്നരക്കോടിയോളം രൂപയാണ് രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു ലാംബര്‍ഗീനി ഹുറാക്കാന്‍ കാറിന്‍റെ വില. 








All the contents on this site are copyrighted ©.