2017-11-13 12:27:00

''വിശ്വാസമെന്ന ദീപവും ഉപവിയെന്ന എണ്ണയും'': ത്രികാലജപസന്ദേശം


2017 നവംബര്‍ 12-ാംതീയതി, ഞായറാഴ്ച മധ്യാഹ്നത്തില്‍ മാര്‍പ്പാപ്പാ നയിച്ച ത്രികാലജപത്തില്‍ പങ്കുചേരുന്നതിനും ആശീര്‍വാദം സ്വീകരിക്കുന്നതിനും അനുബന്ധസന്ദേശങ്ങള്‍ ശ്രവിക്കുന്നതിനുമായി വി. പത്രോസിന്‍റെ അങ്കണത്തില്‍ ഏതാണ്ട് 25,000 തീര്‍ഥാടകര്‍ സന്നിഹിതരായിരുന്നു. പാപ്പാ, ത്രികാലജപം നയിക്കുന്നതിനെത്തുന്ന പതിവു ജാലകത്തിങ്കലണഞ്ഞപ്പോള്‍ ജനം കൈകളുയര്‍ത്തി വീശിയും കരഘോഷം മുഴക്കിയും പാപ്പായോടുള്ള സ്നേഹാദരങ്ങള്‍ പ്രകടമാക്കി.

ത്രികാലജപത്തിനു മുമ്പ് നല്‍കിയ സന്ദേശം ലത്തീന്‍ ആരാധനക്രമമനുസരിച്ച് ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ വായനയെ (Mt 25:1-13) അടിസ്ഥാനമാക്കിയായിരുന്നു. വി. മത്തായിയുടെ സുവിശേഷം ഇരുപത്തഞ്ചാമധ്യായത്തില്‍ നിന്ന്, ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച്, അഥവാ അതിനുതക്കവിധം ഒരുങ്ങിയിരിക്കേണ്ടതിനെക്കുറിച്ച് യേശു നമ്മെ പഠിപ്പിക്കുന്ന പത്തു കന്യകകളുടെ ഉപമയെ വിശദീകരിക്കുന്ന സുവിശേഷഭാഗത്തെ ആധാരമാക്കി പാപ്പാ നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം!

ഈ ഞായറാഴ്ചയില്‍, സുവിശേഷം നമ്മോടു പറയുന്നത്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതി നുള്ള മാനദണ്ഡത്തെക്കുറിച്ചാണ്. അത് പത്തു കന്യകമാരുടെ ഉപമയിലൂടെയാണ് നല്‍കപ്പെടുന്നത്.  ഈ കന്യകമാര്‍, വിവാഹാഘോഷവേളയില്‍ മണവാളനെ എതിരേല്‍ക്കാനും മണവറയിലേയ്ക്ക് ആനയിക്കാനുമായി പ്രത്യേകം നിയോഗിക്കപ്പെട്ടവര്‍, അക്കാലഘട്ടത്തിലെ കീഴ്വഴക്കമനുസരിച്ച്, രാത്രിയാമങ്ങളില്‍ വിളക്കുകളുമായി ഒരുങ്ങി നില്‍ക്കുന്നവരായിരുന്നു.

ഈ ഉപമ പറയുന്നത് അവരില്‍ അഞ്ചു കന്യകമാര്‍ ബുദ്ധിമതികളും അഞ്ചുപേര്‍ ഭോഷികളുമായിരുന്നു എന്നാണ്. വാസ്തവത്തില്‍, ബുദ്ധിയുള്ളവര്‍ വിളക്കുകളോടൊപ്പം എണ്ണ കരുതി, അല്ലാത്തവര്‍ വിളക്കുകളോടൊപ്പം എണ്ണ കരുതിയില്ല.  മണവാളന്‍ വരാന്‍ വൈകിയതിനാല്‍ അവരെല്ലാവരും ഉറക്കത്തിലായി.  അര്‍ധരാത്രിയില്‍, മണവാളന്‍റെ വരവിനെക്കുറിച്ച് ആര്‍പ്പുവിളിയുണ്ടായി.  അപ്പോള്‍ ഭോഷികളായ കന്യകമാര്‍ തങ്ങളുടെ വിളക്കുകള്‍ക്കുവേണ്ട എണ്ണ തങ്ങള്‍ക്കില്ലെന്നു മനസ്സിലാക്കി, ബുദ്ധിമതികളായ കന്യകമാരോട് എണ്ണ ചോദിച്ചു.  എന്നാല്‍ അവര്‍, ‘തങ്ങള്‍ക്കതു സാധിക്കില്ല, എന്തെന്നാല്‍, രണ്ടുകൂട്ടര്‍ക്കുംകൂടി അതു തികയുകില്ല’ എന്നു മറുപടി പറഞ്ഞു. അതിനാല്‍, ഭോഷികളായ കന്യകമാര്‍ എണ്ണ തിരഞ്ഞുപോകവെ, മണവാളന്‍ വന്നെത്തി.  ബുദ്ധിമതികളായ കന്യകമാര്‍ അവനോടൊപ്പം വിരുന്നുശാലയില്‍ പ്രവേശിച്ചു.  വാതില്‍ അടയുകയുംചെയ്തു.  തിരിച്ചെത്താന്‍ വൈകിയ അവര്‍, വാതിലില്‍ മുട്ടി, എന്നാല്‍, ‘ഞാന്‍ നിങ്ങളെ അറിയുകില്ല’ (വാ. 12) എന്ന മറുപടി ലഭിച്ചതിനാല്‍ അവര്‍ക്ക് അകത്തു പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

എന്താണ് ഈ ഉപമയിലൂടെ യേശു നമ്മെ പഠിപ്പിക്കാനാഗ്രഹിക്കുന്നത്? നാം അവനെ കണ്ടുമുട്ടുന്നതിനു തയ്യാറായിരിക്കേണ്ടവര്‍ ആണെന്ന് അതു നമ്മെ ഓര്‍മിപ്പിക്കുന്നു. സുവിശേഷം അനേക പ്രാവശ്യം, 'ജാഗ്രതയോടെയിരിക്കുവിന്‍' എന്നുപദേശിക്കുന്നു, അതുപോലെ തന്നെ ഈ ഉപമയുടെ അവസാനവും ഓര്‍മിപ്പിക്കുന്നു: ''അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍, ആ ദിവസമോ മണി ക്കൂറോ നിങ്ങള്‍ അറിയുന്നില്ല'' (വാ.13).  ഈ ഉപമ 'ജാഗരൂകരായിരിക്കുവിന്‍' എന്നു പറയുന്നുണ്ടെങ്കിലും ഉറങ്ങരുതെന്ന് അര്‍ഥമാക്കുന്നില്ല, മറിച്ച്, തയ്യാറായിരിക്കണമെന്നാണ്.  വാസ്തവത്തില്‍, എല്ലാ കന്യകമാരും മണവാളന്‍ വരുന്നതുമുമ്പ് ഉറങ്ങിയിരുന്നു.  എന്നാല്‍, ഉണരുമ്പോള്‍, കുറച്ചുപേര്‍ ഒരുക്കമുള്ളവരായിരുന്നു, മറ്റുളളവര്‍ ഒരുക്കമുള്ളവരായിരുന്നില്ല.  അതുകൊണ്ട്, ഇവിടെ, ബുദ്ധിയുള്ളവരായിരിക്കുക, വിവേകമുള്ളവരായിരിക്കുക എന്നു പറഞ്ഞാല്‍, അര്‍ഥമാക്കുന്നത്, ദൈവത്തിന്‍റെ കൃപയോടു സഹകരിക്കുന്നതിന് നമ്മുടെ ജീവിതത്തിന്‍റെ അവസാനനിമിഷം വരെ കാത്തിരിക്കുന്ന അവസ്ഥ വരാതെ, ഇപ്പോള്‍ തന്നെ അതാരംഭിക്കണം എന്നാണ്. ഇതേക്കുറിച്ച് അല്പം ചിന്തിക്കുന്നതു നല്ലതായിരിക്കും. ഒരുദിവസം, അത്, അതവസാനത്തേതായിരിക്കും.  ഇന്നാണ് അതെങ്കില്‍, എങ്ങനെ തയ്യാറായിട്ടുണ്ടോ?... തയ്യാറായിട്ടുണ്ടോ?...  എനിക്കതു ചെയ്യാനുണ്ട്, ഇതു ചെയ്യാനുണ്ട്... ഇത് അവസാനദിനമാണെന്നോര്‍ത്ത് തയ്യാറാകുക, അതു നല്ല കാര്യമാണ്.

വിളക്ക് എന്നത് നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന വിശ്വാസത്തിന്‍റെ പ്രതീകമാണ്. എന്നാല്‍ എണ്ണ അതിനെ പോഷിപ്പിക്കുന്ന ഉപവിയുടെ പ്രതീകവും. അത് വിശ്വാസത്തിന്‍റെ പ്രഭയെ ഫലപ്രദവും, വിശ്വസനീയവുമാക്കും.  കര്‍ത്താവിനെ കണ്ടുമുട്ടുന്നതിനായി ഒരുങ്ങിയിരി ക്കുന്നതിന്‍റെ മാനദണ്ഡം, അതിനാല്‍ വിശ്വാസം മാത്രമല്ല, അയല്‍ക്കാരനോടുള്ള സമ്പൂര്‍ണമായ ഉപവിയിലും സ്നേഹത്തിലും ജീവിക്കുന്ന ക്രീസ്തീയതയാണ്.  എന്നാല്‍, നാം നമുക്ക് ഏറ്റവും സൗകര്യപ്രദമായതെന്നു തോന്നുന്ന കാര്യങ്ങളാലും, നമ്മുടെ താല്പര്യങ്ങളുടെ അന്വേഷണങ്ങളാലും നയി ക്കപ്പെടുന്ന ഒരു ജീവിതത്തിന് നമ്മെത്തന്നെ അനുവദിച്ചാല്‍, നമ്മുടെ ജീവിതങ്ങള്‍, വന്ധ്യവും, മറ്റുള്ളവര്‍ക്കു ജീവിതം നല്‍കുവാന്‍ കഴിവില്ലാത്തതും ആയിത്തീരും.  അങ്ങനെ നാം നമ്മുടെ വിശ്വാസ വിളക്കിനുവേണ്ട എണ്ണ കരുതിവയ്ക്കാത്തവരായിത്തീരും.  അപ്പോള്‍ യേശുവിന്‍റെ വരവിന്‍റെ സമയത്ത്, അല്ലെങ്കില്‍ അതിനുമുമ്പുതന്നെ നമ്മുടെ വിശ്വാസദീപം അണഞ്ഞിരിക്കും. എന്നാല്‍, മറിച്ച്, നാം ജാഗ്രതയുളളവരും, സ്നേഹപ്രവൃത്തികളിലൂടെ, പങ്കുവയ്ക്കുന്നതിലൂടെ, പ്രയാസത്തിലായിരിക്കുന്ന അയല്‍ക്കാരനു ശുശ്രൂഷ ചെയ്യുന്നതിലൂടെ, നന്മ ചെയ്യാന്‍ ശ്രമിക്കുന്ന വരാണെങ്കില്‍, മണവാളന്‍റെ ആഗമനത്തെ കാത്തിരിക്കുന്നത് തികഞ്ഞ ശാന്തതയോടെയായിരിക്കും.  കര്‍ത്താവ് ഏതുസമയത്തും വരാം. മരണനിദ്ര നമ്മെ ഭയപ്പെടുത്തുകയില്ല, എന്തെന്നാല്‍, നമ്മുടെ കൈവശം, അനുദിനജീവിതത്തിലെ നന്മപ്രവൃത്തികളിലൂടെ നേടിയ എണ്ണയുണ്ട്. വിശ്വാസം സ്നേഹത്തെ പ്രചോദിപ്പിക്കുന്നു, സ്നേഹം വിശ്വാസത്തെ കാത്തുസൂക്ഷിക്കുന്നു.

നമ്മുടെ വിശ്വാസം ഉപവിയിലൂടെ പ്രവര്‍ത്തനനിരതമാക്കുന്നതിനു കന്യകാമറിയം നമ്മെ സഹായിക്കട്ടെ. അങ്ങനെ, നമ്മുടെ ദീപം, ഈ ഭൗമികവഴികളില്‍ പ്രകാശിക്കട്ടെ; എന്നെന്നേയ്ക്കുമായി പറുദീസായിലെ നിത്യവിരുന്നിലും.  ഈ മാതൃമാധ്യസ്ഥം ആശംസിച്ചുകൊണ്ട് പാപ്പാ 'കര്‍ത്താവിന്‍റെ മാലാഖ' എന്നുതുടങ്ങുന്ന ത്രികാലജപം ലത്തീന്‍ ഭാഷയില്‍ ചൊല്ലുകയും  തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.