2017-11-12 19:58:00

പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോളദിനം


പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോളദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കുന്ന  സന്ദേശം :

1.  “സ്നേഹം വാക്കാലല്ല, പ്രവൃത്തിയാല്‍ പ്രകടമാക്കാം!”    വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്, പ്രവൃത്തിയിലും സത്യത്തിലുമാണ് (1 യോഹ. 3, 18).  ക്രൈസ്തവര്‍ക്കു മാത്രമല്ല, ആര്‍ക്കും തള്ളിക്കളയാനാവാത്ത ഒരു കല്പനയാണ് ഈ വചനത്തിലൂടെ അപ്പസ്തോലന്‍ യോഹന്നാന്‍ പറഞ്ഞുതരുന്നത്.  ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്‍റെ കല്പന വിശ്വസ്തതയോടെയും ഉത്തരവാദിത്വത്തോടെയും കൈമാറിത്തന്ന ക്രിസ്തുവിന്‍റെ അരുമ ശിഷ്യനായ യോഹന്നാന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ്, നമ്മുടെ പൊള്ളയായ വാക്കുകളും, കടപ്പെട്ടിട്ടുള്ളതും, എന്നാല്‍ ചെയ്യാത്തതുമായ പ്രവൃത്തികള്‍ തമ്മിലുള്ള അന്തരം മനസ്സിലാകുന്നത്. നമ്മെത്തന്നെ വിലയിരുത്താന്‍ സഹായിക്കുന്ന വാക്കുകളാണിത്. സ്നേഹത്തിന് ഒഴികഴിവുകളില്ല! ക്രിസ്തുവിനെ മാതൃകയാക്കിയാല്‍ അവിടുന്നു സ്നേഹച്ചതുപോലെ സ്നേഹിക്കാന്‍, പ്രത്യേകിച്ച് പാവങ്ങളായവരെയും സ്നേഹിക്കാന്‍ നമുക്കു സാധിക്കും. ദൈവപുത്രനായ ക്രിസ്തുവിന്‍റെ സ്നേഹശൈലി ലോകത്ത് അറിയപ്പെട്ടതാണ്. സുവിശേഷകന്‍ യോഹന്നാന്‍ അത് മനോഹരമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ദൈവം നമ്മെ ആദ്യം സ്നേഹിച്ചു (1യോഹ. 4, 10.19), സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ, തന്‍റെ ജീവന്‍ സമര്‍പ്പിച്ചാണ് അവിടുന്നു നമ്മെ സ്നേഹിച്ചത് (1യോഹ. 3, 16).  അങ്ങിനെയൊരു സ്നേഹത്തോട് പ്രത്യുത്തരിക്കാതെ നമുക്കു മുന്നോട്ടു പോകാനാകുമോ?

ദൈവസ്നേഹം കലവറയില്ലാതെയും നിര്‍ലോഭമായും നമ്മിലേയ്ക്ക് ചൊരിയപ്പെടുന്നു. അതു നമ്മുടെ ഹൃദയങ്ങളെ ത്രസിപ്പിക്കുന്നു. പാപത്തിലും പരിമിതികളിലും പ്രതിസ്നേഹം കാണിക്കാന്‍ അതു പ്രേരിപ്പിക്കുന്നു. ദൈവത്തിന്‍റെ കൃപയും അവിടുത്തെ കരുണാര്‍ദ്രമായ സ്നേഹവും ഹൃദയങ്ങളില്‍ ആവുന്നത്ര തുറവോടെ സ്വീകരിക്കുന്നവരിലാണ് പ്രതിസ്നേഹത്തിന്‍റെ പ്രക്രിയ സംഭവിക്കുന്നത്. അങ്ങനെ മാനസികമായും വൈകാരികമായും നാം ദൈവത്തെപ്പോലെ അല്ലെങ്കില്‍ ക്രിസ്തുവിനെപ്പോലെ സഹോദരങ്ങളെ സ്നേഹിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന കാരുണ്യം നമ്മുടെ ജീവിതങ്ങളെ രൂപപ്പെടുത്തുകയും, എളിയവരായ സഹോദരങ്ങളെ സഹായിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.

2. പാവങ്ങളുടെ പക്ഷംചേരല്‍ ഒരു മൗലികവീക്ഷണം     “എളിയവന്‍ നിലവിളിച്ചു, കര്‍ത്താവ് എന്നെ ശ്രവിച്ചു (സങ്കീ. 34, 6). സഭയെന്നും സങ്കീര്‍ത്തകന്‍റെ ഈ കരച്ചിലിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയിട്ടുണ്ട്. ആദിമ ക്രൈസ്തവസമൂഹത്തില്‍ അപ്പസ്തോലന്മാര്‍ ഇതിന് ഉത്തമസാക്ഷ്യം നല്കുന്നുണ്ട്. “കര്‍ത്താവിന്‍റെ അരൂപിയാലും വിജ്ഞാനത്താലും നിറഞ്ഞ ഏഴുപേരെ പത്രോസ്ലീഹ അപ്പോള്‍ പാവങ്ങളുടെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തു ” (നടപടി 6, 3). പാവങ്ങളുടെ ശുശ്രൂഷയാണ് അതിനാല്‍   ക്രൈസ്തവസമൂഹത്തെ തിരിച്ചറിയുന്നതിനുള്ള ആദ്യത്തെ അടയാളമാക്കേണ്ടത്. “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്, എന്നരുള്‍ ചെയ്ത ക്രിസ്തുവിന്‍റെ പ്രബോധനത്തോടു അനുസരണയുള്ള ശിഷ്യരുടെ ജീവിതസാക്ഷ്യമാകണം സാഹോദര്യവും കൂട്ടായ്മയുമെന്ന് ആദിമ ക്രൈസ്തവസമൂഹം വളരെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു (മത്തായി 5, 3), അതുകൊണ്ട്  “അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ്, ആവശ്യത്തിലായിരിക്കുന്നവരുമായി പങ്കുവച്ചു (നടപടി 2, 45).  ആദിമ ക്രൈസ്തവസമൂഹത്തിന് പാവങ്ങളോടുണ്ടായിരുന്ന ഏറെ സജീവമായ പ്രതിപത്തിയാണ് ഈ വചനത്തില്‍ തെളി‍ഞ്ഞുനില്ക്കുന്നത്. ദൈവിക കാരുണ്യത്തെക്കുറിച്ച് ഏറ്റവും അധികം പ്രതിപാദിക്കുന്ന ലൂക്കാ സുവിശേഷകന്‍, ആദിമ ക്രൈസ്തവസമൂഹം പാവങ്ങളോടു കാണിച്ചിരുന്ന കാരുണ്യത്തെക്കുറിച്ചും, അവരുടെ പങ്കുവയ്ക്കല്‍ രീതിയെക്കുറിച്ചും വിശദമായി ന‌ടപടിപ്പുസ്തകത്തിലും എഴുതുമ്പോള്‍, ഒരിക്കലും അത് ഉണ്ടാക്കിപ്പറയുകയോ ഊതിവീര്‍പ്പിച്ചു കാണിക്കുകയോ ചെയ്യുന്നതല്ലെന്ന് നമുക്ക് മനസ്സിലാക്കാം.

ക്രിസ്തുവിനു സാക്ഷ്യംവഹിക്കുന്നതിനും  ആവശ്യത്തിലായിരിക്കുന്നവരെ സഹായിക്കുന്നതിനും ലൂക്കാ സുവിശേഷകന്‍റെ വാക്കുകള്‍ തലമുറകള്‍ക്കും ഇന്നു നമുക്കും പ്രചോദനമാണ്. പാവങ്ങളോടു ക്രൈസ്തവസമൂഹത്തിനുള്ള സ്നേഹത്തെക്കുറിച്ചും അവരുടെ കൂട്ടായ്മയുടെ ജീവിതശൈലിയെക്കുറിച്ചും വിശുദ്ധ യാക്കോശ്ലീഹായും തന്‍റെ ലേഖനത്തില്‍ വാചാലമായി സംസാരിക്കുന്നുണ്ട്: “എന്‍റെ സഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദാനംചെയ്ത ദൈവരാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?  എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവരെ അപമാനിച്ചിരിക്കുന്നു. നിങ്ങളെ പീ‍ഡിപ്പിക്കുന്നതു സമ്പന്നരല്ലേ? അവരല്ലേ, നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നത്? അതിനാല്‍ വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്?  ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ ഒരു സഹോദരനോ സഹോദരിയോ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, “സമാധാനത്തില്‍ പോവുക, തീ കായുക, വിശപ്പടക്കുക...,” എന്നൊക്കെ അവരെ ഉപദേശിച്ചതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തി കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജീവമാണ്!” (വി. യാക്കോബിന്‍റെ ലേഖനം 2, 5-6,  14-17).

3. എളിയവരെ ആശ്ലേഷിച്ചവര്‍    ക്രൈസ്തവര്‍ ഈ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ, ലോകത്തിന്‍റേതായ വഴികളില്‍ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന അവസരങ്ങള്‍ ധാരാളമാണ്. എന്നിട്ടും ദൈവാരൂപി അവരെ നേരായ വഴിയെ നയിക്കാതിരുന്നിട്ടില്ല. ബഹുമുഖങ്ങളായ വിധത്തില്‍ പാവങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ കരുത്തരായ സ്ത്രീ പുരുഷന്മാരെ ദൈവാരൂപി എക്കാലത്തും സജ്ജമാക്കിയിട്ടുണ്ട്. ഏറെ ലളിതവും വിനയാന്വിതവും, ഒപ്പം ക്രിയാത്മകവും ഉദാരവുമായ ഉപവി-പ്രവര്‍ത്തനങ്ങള്‍കൊണ്ട് പാവങ്ങളായ നമ്മുടെ സഹോദരീസഹോദരന്മാരെ സേവിച്ച പുണ്യാത്മാക്കളുടെ ജീവിതകഥകള്‍കൊണ്ട് രണ്ടായിരം വര്‍ഷങ്ങളുടെ കാലഘട്ടത്തില്‍ ചരിത്രത്തിന്‍റെ ഏടുകള്‍ ഏറെ സമ്പന്നമാക്കപ്പെട്ടിട്ടുണ്ട്! ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതമാണ്. നൂറ്റാണ്ടുകളായി നിരവധി പുണ്യാത്മാക്കള്‍ പാവങ്ങളെ ശുശ്രൂഷിക്കുന്നതില്‍ അസ്സീസിയിലെ സിദ്ധനെ അനുകരിച്ചിട്ടുമുണ്ട്. 

കുഷ്ഠരോഗികളെ ആശ്ലേഷിക്കുകയും അവര്‍ക്ക് ധര്‍മ്മം കൊടുക്കുകയും ചെയ്തതുകൊണ്ടു മാത്രം അദ്ദേഹം തൃപ്തനായിരുന്നില്ല. ഗൂബിയോ എന്ന സ്ഥലത്തുപോയി അദ്ദേഹം പാവങ്ങള്‍ക്കൊപ്പം പാര്‍ത്തു. തന്‍റെ മാനസാന്തരത്തിനു വഴിത്തിരിവായ സംഭവത്തെക്കുറിച്ച് ഫ്രാന്‍സിസ് പറയുന്നുണ്ട്. “എന്‍റെ പാപാവസ്ഥയില്‍ കുഷ്ഠരോഗികളെ നോക്കുന്നത് യഥാര്‍ത്ഥത്തില്‍ വെറുപ്പായിരുന്നു. എന്നാല്‍, കര്‍ത്താവാണ് എന്നെ അവരുടെമദ്ധ്യേ എത്തിച്ചത്. അപ്പോള്‍ ഞാന്‍ അവരോട് കരുണ കാട്ടി. അങ്ങനെ വെറുപ്പായിരുന്നത് എനിക്ക് ഇഷ്ടമായി മാറി (Text 1-3, FF 110). വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഈ സാക്ഷ്യം ഉപവിയുടെയും ക്രിസ്തീയ ജീവിതത്തിന്‍റെയും രൂപാന്തരീകരണ ശക്തിയാണ് വെളിപ്പെടുത്തുന്നത്. ഇടയ്ക്കിടെ അവസരോചിതമായി വരുന്ന പരോപകാര പ്രവൃത്തികളെക്കുറിച്ചോ, അല്ലെങ്കില്‍ നമ്മുടെ മനസ്സാക്ഷിയെ പ്രസാദിപ്പിക്കാനുള്ള ഔദാര്യത്തിന്‍റെ ഗുണഭോക്താക്കളായ പാവങ്ങളെക്കുറിച്ചോ നാം ചിന്തിച്ചതുകൊണ്ടായില്ല. പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങളോടു പ്രതിബദ്ധതയുള്ള ഉപവിപ്രവൃത്തികള്‍ നല്ലതും ഉപകാരപ്രദവുമാണെങ്കിലും, ഇതിനെപ്പോഴും കാരണമാകേണ്ടത് അടിസ്ഥാനപരമായ നീതിയാണ്. പാവങ്ങളായവരോടു യഥാര്‍ത്ഥമായ കൂട്ടായ്മയും പങ്കുവയ്ക്കലും പ്രകടമാക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടത് എപ്പോഴും നീതിയാണ്.

സുവിശേഷസമര്‍പ്പണത്തില്‍ സുതാര്യതയുടെയും സത്യസന്ധതയുടെയും സ്ഥിരീകരണം നമ്മുടെ ഉപവി പ്രവൃത്തികളിലും പങ്കുവയ്ക്കലിലും യഥാര്‍ത്ഥത്തില്‍ നാം കണ്ടെത്തേണ്ടത് പ്രാര്‍ത്ഥന, ശിഷ്യത്വത്തിന്‍റെ ജീവിതശൈലി, മാനസാന്തരം എന്നിവയിലൂടെയാണ്. ജീവിതരീതിയാണ് വ്യക്തിക്ക് സന്തോഷവും സമാധാനവും നല്കുന്നത്, കാരണം പാവങ്ങളില്‍ ക്രിസ്തുവിന്‍റെ ദേഹത്തെയാണ് നാം പരിചരിക്കുന്നത്. നമുക്ക് യഥാര്‍ത്ഥമായ ക്രിസ്ത്വാനുഭവം ലഭിക്കണമെങ്കില്‍, ദിവ്യകാരുണ്യത്തിലെ കൗദാശികമായ കൂട്ടായ്മയുടെ അനുഭവംപോലെ വേദനിക്കുന്ന പാവങ്ങളില്‍ നാം ക്രിസ്തുവിനെ കണ്ടെത്തേണ്ടതാണ്. വ്രണിതാക്കളായ പാവപ്പെട്ട സഹോദരങ്ങളുടെ മുഖത്ത് മുറിക്കപ്പെട്ട ക്രിസ്തുവിന്‍റെ മൗതികശരീരം നമ്മുടെ പങ്കുവയ്ക്കലില്‍ ദൃശ്യമാക്കാവുന്നതാണ്. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്‍റെ പ്രബോധനം ഇക്കാര്യത്തില്‍ ഏറെ കാലിക പ്രസക്തിയുള്ളതാണ് നിങ്ങള്‍ ക്രിസ്തുവിന്‍റെ ദേഹത്തെ ആദരിക്കുന്നെങ്കില്‍ അത് നഗ്നമായിരിക്കുമ്പോള്‍ അതിനെ തിരസ്ക്കരിക്കരുത്. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന് പട്ടാംബരം അണിയിക്കുന്ന നിങ്ങള്‍ ദേവാലയം വിട്ടിറങ്ങുമ്പോള്‍ വഴിയോരത്ത് വിശന്നും വേദനിച്ചും, തണുത്തു വിറച്ചും കിടക്കുന്ന ക്രിസ്തുവിനെ കണ്ടില്ലെന്നു നടിക്കരുത് (Hom. in Matthaeum, 50.3: PG 58). അതിനാല്‍ പാവങ്ങളുടെ ഏകാന്തതയിലേയ്ക്കും പരിത്യക്താവസ്ഥയിലേയ്ക്കും കടന്നുചെന്ന്, അവരുടെ അടുത്തായരിക്കുവാനും അവരെ പരിചരിക്കാനും, സ്നേഹത്തിന്‍റെ ഊഷ്മളത അവരുമായി പങ്കുവയ്ക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. സഹായത്തിനായി പാവങ്ങള്‍ നീട്ടുന്ന കരങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ സുരക്ഷിതത്ത്വത്തിന്‍റെയും സുഖലോലുപതയുടെയും മേഖലവിട്ട് പുറത്തിറങ്ങാനുള്ള അവസരവും സമൂഹത്തിലെ പച്ചയായ ദാരിദ്ര്യാവസ്ഥയെ അംഗീകരിക്കാനുള്ള അവസരവുമായി കാണണം.

4.  സുവിശേഷദാരിദ്ര്യം    പാവങ്ങളും എളിയവരുമായി ഇടപഴകുന്ന ഓരോ സന്ദര്‍ഭവും ക്രിസ്തുവിന്‍റെ ദാരിദ്ര്യാവസ്ഥയെ സ്വജീവിതത്തില്‍ പകര്‍ത്താനും അനുകരിക്കാനും ലഭിക്കുന്ന അവസരമായി ക്രിസ്തുവിന്‍റെ ശിഷ്യര്‍ അംഗീകരിക്കേണ്ടതാണ്. അതായത്, പാവങ്ങളോടു ചേര്‍ന്നു നടക്കുന്നതും അവരെ പിന്‍തുണയ്ക്കുന്നതും, ക്രിസ്തു പഠിപ്പിച്ച ദൈവരാജ്യത്തിന്‍റെ അഷ്ടഭാഗ്യങ്ങളിലേയ്ക്കു നമ്മെ നയിക്കുന്ന വഴിയാണ് (cf. Mt 5:3; Lk 6:20). സൃഷ്ടിയിലേ നമുക്കുള്ള ബലഹീനതകളെയും പാപാവസ്ഥയെയും എളിമയോടെ അംഗീകരിച്ചുകൊണ്ട് ദാരിദ്ര്യാരൂപി ഉള്‍ക്കൊള്ളാനായാല്‍ നാം എല്ലാം തികഞ്ഞവരാണെന്നോ, അനശ്വരരും സര്‍വ്വശക്തരുമാണെന്നുള്ള അഹന്തയെയും പ്രലോഭനത്തെയും മറികടക്കാനാകും. സമ്പത്തും, നല്ല ജോലിയും സുഖസൗകര്യങ്ങളുമാണ് ജീവിതലക്ഷ്യവും സന്തോഷത്തിനുള്ള മാനദണ്ഡവും എന്നതും തെറ്റായ ചിന്താഗതിയാണ്. അത് മാറ്റിയെടുക്കാന്‍ ദാരിദ്ര്യത്തിന്‍റെ ആന്തരീകാരൂപി നമ്മെ സഹായിക്കും. നമ്മുടെ ബലഹീനതകള്‍ക്ക് അതീതമായി ദൈവിക സാമീപ്യത്തില്‍ വിശ്വാസിച്ചുകൊണ്ടും, അവിടുത്തെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും വ്യക്തിപരവും സാമൂഹീകവുമായ ഉത്തരവാദിത്വങ്ങള്‍ സ്വതന്ത്രമായി ഏറ്റെടുക്കാനുള്ള കഴിവും വ്യവസ്ഥയും ദാരിദ്ര്യാരൂപി നമ്മില്‍ സൃഷ്ടിക്കുന്നു.

ഭൗമിക വസ്തുക്കള്‍ ശരിയാംവണ്ണം ഉപയോഗിക്കുന്നതിനും, സ്വാര്‍ത്ഥവും വികലവുമല്ലാത്ത വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ദാരിദ്യത്തെയും പാവങ്ങളെയുംകുറിച്ചുള്ള ശരിയായ ധാരണ ഒരു മാനദണ്ഡമായി മാറും (cf. Catechism of the Catholic Church, Nos. 25-45). അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയും അദ്ദേഹത്തിന്‍റെ ദാരിദ്ര്യാരൂപിയുടെ ജീവിതസാക്ഷ്യവും മാതൃകയായി സ്വീകരിക്കാവുന്നതാണ്. കാരണം, ക്രിസ്തുവില്‍ ദൃഷ്ടിപതിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് പാവങ്ങളെ ശുശ്രൂഷിക്കാനും സ്നേഹിക്കാനും സാധിച്ചു. ഇന്നിന്‍റെ ചരിത്രം മാറ്റിയെഴുതാനും, സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമാക്കാനും നാം പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കുകയും, അവരുടെ പാര്‍ശ്വവത്ക്കരണം പാടെ ഇല്ലാതാക്കാന്‍ സ്വയംസമര്‍പ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ സമൂഹങ്ങളിലും വന്‍നഗരങ്ങളിലുമുള്ള എല്ലാവരോടും ഇതോടൊപ്പം പറയാനുള്ളത്, അനുദിനജീവിതത്തില്‍ സുവിശേഷാരൂപിയെക്കുറിച്ച് മറന്നുപോകരുതെന്നാണ്.

5. പാവങ്ങള്‍ പ്രശ്നക്കാരല്ല!    സമകാലീന ലോകത്തിന് ഇന്നിന്‍റെ ദാരിദ്ര്യാവസ്ഥ അംഗീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. എന്നിട്ടും  പാര്‍ശ്വത്ക്കരണം, പീഡനം, അതിക്രമങ്ങള്‍, തടങ്കല്‍, യുദ്ധം, മനുഷ്യാന്തസ്സിന്‍റെയും അവകാശത്തിന്‍റെയും ലംഘനം, അജ്ഞതയും അറിവില്ലയ്മയും, രോഗങ്ങള്‍, തൊഴില്ലായ്മ, മനുഷ്യക്കടത്തും അടിമത്വവും, നാടുകടത്തല്‍, ദാരിദ്ര്യം, നിര്‍ബന്ധിത കുടിയേറ്റം എന്നിങ്ങനെ മാനുഷികയാതനയുടെ വൈവിധ്യമാര്‍ന്ന മുഖങ്ങളാണ് ചുറ്റുമിന്ന് തലപൊക്കി നില്ക്കുന്നത്.  അധികാരത്തിന്‍റെയും പണത്തിന്‍റെയും യന്ത്രവത്ക്കരണത്തില്‍ ചതഞ്ഞരഞ്ഞു  ചൂഷണവിധേയരാകുന്നവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. അതുപോലെ പൊതുവെ കാണുന്ന നിസംഗത, ആര്‍ത്തി, ധാര്‍മ്മിക അധഃപതനം, സാമൂഹിക അനീതി എന്നിവയുടെ ദാരിദ്യാവസ്ഥയില്‍നിന്നും പിറവിയെടുക്കുന്ന ഹതഭാഗ്യരുടെ എണ്ണവും ഭീതിദമാണ്! 

പ്രബലന്മാരായ ചിലരുടെ മാത്രം കൈകളില്‍ ഭീമമായ സ്വത്ത് കുമിഞ്ഞുകൂടുന്നു എന്നുള്ളത് ഇക്കാലഘട്ടത്തിന്‍റെ ദാരുണമായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവ അധികവും നിയമവിരുദ്ധമായ വഴികളിലൂടെയും മനുഷ്യാന്തസ്സിന്‍റെ ഭീകരമായ ചൂഷണത്തിലൂടെയും സമ്പാദിച്ചിട്ടുള്ളവയാണ്. ഇതുവഴി ലോകത്തെവിടെയും ഏറെ ആക്ഷേപാര്‍ഹമായ വിധത്തിലാണ് സമൂഹത്തിന്‍റെ വ്യാപകമായ ചുറ്റുപാടുകളില്‍ ദാരിദ്ര്യാവസ്ഥ വളര്‍ന്നിട്ടുള്ളത്.  പച്ചയായ ഈ യാഥാര്‍ത്ഥ്യത്തിന്‍റെ മുന്നില്‍ നമുക്ക് നിഷ്ക്രിയരായിരിക്കാനോ, നിസംഗരായിരിക്കാനോ സാദ്ധ്യമല്ല. യുവജനങ്ങളുടെ ക്രിയാത്മകമായ ചേതനയെയും കര്‍മ്മശേഷിയെയും കൊല്ലുന്നവിധത്തില്‍ ദാരിദ്ര്യം അവരെ ഞെക്കി ഞെരുക്കുന്നുണ്ട്. വ്യക്തിഗത ഉത്തരവാദിത്വത്തെ അത് മന്ദീഭവിപ്പിക്കുന്നു. പിന്നെ വ്യക്തി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടി വരുന്നു. പങ്കാളിത്തത്തിന്‍റെയും കൂട്ടായ്മയുടെയും നന്മയില്‍ ദാരിദ്യം അങ്ങനെ വിഷം കലര്‍ത്തുന്നു. തൊഴില്‍ വൈദഗ്ദ്ധ്യത്തെ അത് തച്ചുടയ്ക്കുന്നു. മാത്രമല്ല അദ്ധ്വാനശീലരുടെയും അദ്ധ്വാനശേഷിയുള്ളവരുടെയും കഴിവിനെ ദാരിദ്ര്യം ഇടിച്ചുതാഴ്ത്തുന്നു. ജീവന്‍റെയും സാമൂഹിക സുസ്ഥിതിയുടെയും മേഖലയിലുള്ള ഇവ്വിധമായ രൂപഭാവങ്ങളോട് നവമായൊരു കാഴ്ചപ്പാടോടെ നാം പ്രതികരിക്കേണ്ടതാണ്.

6. സഭയും പാവങ്ങളും   പാവങ്ങളായവര്‍ എല്ലാവരും - ‘സുവിശേഷയുക്തിയില്‍ സഭയുടെ ഭാഗമാണെന്നത് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ വീക്ഷണമാണ് (Address at the Opening of the Second Session of the Second Vatican Ecumenical Council, 29 September 1963). അതിനാല്‍ പാവങ്ങള്‍ക്കുവേണ്ടി സഭ അടിസ്ഥാനപരമായ ഒരു നിലപാട് എടുക്കേണ്ടിയിരിക്കുന്നു. പാവങ്ങളെ ആശ്ലേഷിക്കുകയും തുണയ്ക്കുകയും ചെയ്യുന്ന കരങ്ങള്‍ അനുഗൃഹീതമാണ്. അവ പ്രത്യാശയുടെ കരങ്ങളാണ്.  സംസ്ക്കാരങ്ങളുടെയും മതങ്ങളുടെയും ദേശീയതയുടെയും മതിലുകള്‍ക്കും അപ്പുറമെത്തി മാനവികതയുടെ മുറിവുണക്കാന്‍ സാന്ത്വന തൈലംപൂശുന്ന  അനുഗൃ ഹീത കരങ്ങളാണവ. പകരമൊന്നും ചോദിക്കാതെ, പാവങ്ങള്‍ക്കായി  നിരുപാധികമായി തുറക്കുന്ന കരങ്ങളും അനുഗൃഹീതങ്ങളാണ്. കാരണം തങ്ങളുടെ സഹോദരങ്ങളുടെമേല്‍ ദൈവാനുഗ്രഹം വര്‍ഷിക്കുന്ന കരങ്ങളാണവ!

ക്രിസ്തു കാണിച്ചുതന്നിട്ടുള്ള പരോപകാര പ്രവൃത്തികള്‍ക്ക് ലോകത്തുള്ള എല്ലാ ക്രൈസ്തവ സമൂഹങ്ങളും സാക്ഷ്യമാകണമെന്ന അതിയായ ആഗ്രഹമാണ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ അവസാനത്തില്‍ “പാവങ്ങളുടെ ഒരു ആഗോളദിനം സഭയില്‍ ആരംഭിക്കണമെന്ന ആഗ്രഹം വളര്‍ത്തിയത്. എന്‍റെ മുന്‍ഗാമികള്‍ സഭയില്‍ തുടങ്ങിവച്ചിട്ടുള്ള ആഗോളദിനങ്ങളോട് ഇതുകൂടെ ചേര്‍ക്കുമ്പോള്‍ അവയ്ക്കെല്ലാം വൈശിഷ്ട്യമാര്‍ന്നൊരു സുവിശേഷപൂര്‍ണ്ണിമ ലഭിക്കുമെന്നതും ഉറപ്പാണ്. കാരണം ക്രിസ്തുവിന് പാവങ്ങളായവരോട് മുന്‍ഗണനാര്‍ഹമായ സ്നേഹമുണ്ടായിരുന്നു. ഇന്നേദിവസം ആഗോളസഭയെയും സന്മനസ്സുള്ള സകലരെയും ഞാന്‍ ക്ഷണിക്കുന്നത് സഹായത്തിനും സഹാനുഭാവത്തിനുമായി നമ്മുടെ മുന്നില്‍ കൈനീട്ടുന്ന പാവങ്ങളിലേയ്ക്ക് ദൃഷ്ടികള്‍ പതിക്കാനും അവരെ തുണയ്ക്കാനുമാണ്. നിങ്ങളെയും എന്നെയും സൃഷ്ടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗീയ പിതാവിന്‍റെ മക്കാളാണ് ഈ പാവങ്ങളും. അതിനാല്‍ എളിയവരെ തള്ളിക്കളയുകയും പാര്‍ശ്വവത്ക്കരിക്കുകയുംചെയ്യുന്ന “വലിച്ചെറിയല്‍ സംസ്ക്കാരത്തിനെതിരെ (The Culture of Waste) വിശ്വാസികളെല്ലാവരും പ്രതികരിക്കണമെന്നും സമൂഹത്തില്‍ നാം ഒരു കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തണമെന്നുമാണ് ഈ ദിവസംകൊണ്ട് ഉദ്ദേശിക്കുന്നത്.  അതുകൂടാതെ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്ന മറ്റൊരു കാര്യം, മതാത്മകമായ എല്ലാ ചിന്തകളും വിവേചനങ്ങളും മാറ്റിവച്ചിട്ട് തുറവോടും പങ്കുവയ്ക്കലിന്‍റെ മനോഭാവത്തോടുംകൂടെ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും യഥാര്‍ത്ഥമായ ചെറിയ പ്രവൃത്തികളാല്‍ നമ്മില്‍ എളിയവരെ സഹായിക്കണമെന്നാണ്. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് സകലര്‍ക്കുമായിട്ടാണ്.  അതിനാല്‍ ആരെയും മാറ്റി നിര്‍ത്താതെ സകലര്‍ക്കുമായുള്ള മൗലികമായ ഈ ദാനത്തെ ഭിത്തികെട്ടിയും അതിരുവച്ചും, തടസ്സങ്ങള്‍ സൃഷ്ടിച്ചും ചിലര്‍ ചതിയില്‍ കൈക്കലാക്കുന്നതും പിടിച്ചുവയ്ക്കുന്നതും സങ്കടകരമാണ്.

7. കുരിശിലെ നിര്‍ദ്ദോഷിയും ദരിദ്രനും     പാവങ്ങളുടെ പ്രഥമ ആഗോളദിനം 2017-ല്‍ ആചരിക്കുന്നത് ആരാധനക്രമപ്രകാരം ആണ്ടുവട്ടം  33-Ɔ൦ വാരത്തിലെ ഞായറാഴ്ചയാണ്. അത് നവംബര്‍ 19-‍‍‍‍‍‍‍Ɔ൦ തിയതിയുമാണ്. ഈ ദിവസത്തിനു മുന്‍പുള്ള ഒരാഴ്ചക്കാലം എല്ലാത്തരത്തിലും തലത്തിലും പാവങ്ങളെ സഹായിക്കുന്ന കൂട്ടായ്മയുടെയും, സൗഹൃദത്തിന്‍റെയും, ഐക്യദാര്‍ഢ്യത്തിന്‍റെയും, ക്രിയാത്മകമായ പ്രവൃത്തികളുടെയും ദിനങ്ങളാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ദിനത്തിലെ ദിവ്യബലിക്ക് പാവങ്ങളെയും അവരുടെ സന്നദ്ധസേവകരെയും ക്ഷണിച്ച് “പാവങ്ങളുടെ പ്രഥമദിനം എല്ലാവരും ഒത്തൊരുമിച്ച് ആഘോഷിക്കാം. അതുവഴി അതിന്‍റെ അടുത്തുവരുന്ന ഞായറാഴ്ചത്തെ ക്രിസ്തുരാജന്‍റെ മഹോത്സവം അര്‍ത്ഥപൂര്‍ണ്ണമാക്കാനും പരിശ്രമിക്കാം.  ക്രിസ്തുവിന്‍റെ രാജത്വം പ്രകടമാകുന്നത് ഗാഗുല്‍ത്തയിലാണ്. അവിടെയാണ് നിര്‍ദ്ദോഷിയും പരമദരിദ്രനും, സകലതും  നഷ്ടപ്പെട്ടവനുമായ ക്രിസ്തു കുരിശില്‍ സ്വയാര്‍പ്പണംചെയ്തത്. എന്നിട്ടും എല്ലാം പിതാവിന്‍റെ തൃക്കൈകളില്‍ വിധേയത്വത്തോടെ സമര്‍പ്പിച്ചുകൊണ്ട് അവസാനം ഉയിര്‍പ്പിലൂടെ നവജീവന്‍റെ പ്രാഭവം വെളിപ്പെടുത്തുകയും, സ്വപരിത്യാഗത്തിന്‍റെ സ്നേഹശക്തി തെളിയിക്കുകയുംചെയ്തു. നമ്മുടെ പരിസരത്ത് സംരക്ഷണവും സഹായവും അര്‍ഹിക്കുന്ന പാവപ്പെട്ടവരുണ്ടെങ്കില്‍,  ഈ ദിനത്തില്‍  പ്രത്യേകമായി  അവരുടെ പക്കലേയ്ക്കു നമുക്ക് തിരിയാം. നാം അന്വേഷിക്കുന്ന ദൈവത്തെ അവരില്‍ കണ്ടെത്താനുള്ള സ്വീകാര്യമായ സമയമായി അതിനെ കണക്കാക്കാം. തിരുവെഴുത്തുകളെ അസരിച്ചുകൊണ്ട് (cf. Gen 18:3-5; Heb 13:2), നമുക്കവരെ നമ്മുടെ വിരുന്നുമേശയിലെ അതിഥികളാക്കാം. അങ്ങനെയെങ്കില്‍ നമ്മെ വിശ്വാസത്തില്‍ സ്ഥിരതയുള്ളവരാക്കാന്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരായിരിക്കും അവര്‍.  മാത്രമല്ല, നമ്മുടെ എളിയ ആതിഥ്യം എളിമയോടെ സ്വീകരിക്കുന്ന പാവങ്ങളില്‍, നമ്മെത്തന്നെ എപ്രകാരം ദൈവികപരിപാലനയ്ക്ക് നിരുപാധീകം നാം സമര്‍പ്പിക്കണമെന്നും, ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കണമെന്നും ഈ ദിനം പഠിപ്പിക്കും.

8. പങ്കുവയ്ക്കലിന്‍റെ കൂട്ടുത്തരവാദിത്തം    നിര്‍ദ്ദേശിച്ച ഈ പ്രായോഗികമായ കാര്യങ്ങള്‍ക്കെല്ലാം ഉപരിയായി പ്രാര്‍ത്ഥനയും ഉണ്ടായിരിക്കണമെന്ന് എല്ലാവരെയും ഓര്‍പ്പിക്കട്ടെ! സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥന പാവങ്ങളുടെ പ്രാര്‍ത്ഥനയാണെന്നു പറയാം. അന്നന്നത്തെ അപ്പം തരണമേ, എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ദൈവത്തില്‍ ആശ്രയിക്കുകയാണ്. ജീവിതത്തിന്‍റെ അനിശ്ചിതത്ത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കേഴുന്നവരുടെ കരിച്ചിലാണ്  ക്രിസ്തു പഠിപ്പിച്ച ഈ പ്രാ‍ര്‍ത്ഥനയില്‍ നാം കോര്‍ത്തിണക്കുന്നത്. ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ, എന്നു ശിഷ്യന്മാര്‍ ക്രിസ്തുവിനോട് ആവശ്യപ്പെട്ടപ്പോള്‍, പാവങ്ങള്‍ക്കുവേണ്ടി പിതാവായവനോട് പ്രാര്‍ത്ഥിക്കുന്ന രീതിയാണ് അവിടുന്നു പഠിപ്പിച്ചത്.  ഈ പ്രാര്‍ത്ഥനയില്‍ നാം എല്ലാവരും സഹോദരങ്ങളാണ് - സഹോദരനും സഹോദരിയുമാണ് എന്ന ധ്വനി ഉള്‍ച്ചേര്‍ന്നിരിക്കുന്നു.  സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ....!   ‘ഞങ്ങളുടെ എന്ന ബഹുവചന രൂപത്തിലാണ് നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നത്. ആവശ്യപ്പെടുന്ന അപ്പവും ‘ഞങ്ങളുടേതാണ്. അതു ഞങ്ങള്‍ക്കു തരണേ! ഇതെല്ലാം അര്‍ത്ഥമാക്കുന്നത്, പങ്കുവയ്ക്കലിന്‍റെയും പങ്കാളിത്തത്തിന്‍റെയും കൂട്ടുത്തരവാദിത്തമാണ്.  അതിനാല്‍ ഈ പ്രാര്‍ത്ഥനയിലൂടെയും എല്ലാവിധത്തിലുമുള്ള സ്വാര്‍ത്ഥതയും മറികടന്ന്, പരസ്പരാദരവിന്‍റെയും അംഗീകാരത്തിന്‍റെയും ആനന്ദം നമുക്ക് അനുഭവിക്കാം.

9. പാരമ്പര്യമാക്കേണ്ട പാവങ്ങളുടെ ദിനം    പാവങ്ങളെ പിന്‍തുണയ്ക്കേണ്ട ജീവിതദൗത്യമുള്ള ലോകത്തിലെ എല്ലാ സഹോദര മെത്രാന്മാരോടും വൈദികരോടും ഡീക്കന്മാരോടും സന്ന്യസ്തരോടും, എല്ലാ സംഘടനകളോടും പ്രസ്ഥാനങ്ങളോടും, അവയുടെ എല്ലായിടത്തുമുള്ള സന്നദ്ധസേവകരോടും “പാവങ്ങള്‍ക്കായുള്ള ഈ ആഗോളദിനാചരണം സുവിശേഷവത്ക്കരണത്തെ യാഥാര്‍ത്ഥത്തില്‍ തുണയ്ക്കുന്ന  ഒരു പാരമ്പര്യമാക്കിയെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. നവമായ ഈ ‘ആഗോളദിനം  വിശ്വാസികളെന്നനിലയില്‍ നമ്മുടെ എല്ലാവരുടെയും മനസ്സാക്ഷിയോടുള്ള ഒരു അഭ്യര്‍ത്ഥനയാണ്. അതായത്, പാവങ്ങളുമായി പങ്കുവയ്ക്കുന്നതുവഴി സുവിശേഷത്തിന്‍റെ സത്തയിലേയ്ക്കാണ് നാം ചൂഴ്ന്നിറങ്ങുന്നത്. പാവങ്ങളെ നാം പ്രശ്നക്കാരായി കാണരുത്. മറിച്ച് സുവിശേഷചൈതന്യം ലോകത്ത് പകര്‍ത്താനും, സകലരും അത് സ്വാംശീകരിക്കാനുമുള്ള നന്മയുടെ സ്രോതസ്സും സാദ്ധ്യതയുമാണവര്‍. 

Published by the Secretariat for Communications
Translated into Malayalam by fr. william nellikal








All the contents on this site are copyrighted ©.