സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

''അധികാരികളുടെ ശക്തി അവര്‍ നല്‍കുന്ന ഉത്തമമാതൃക'': പാപ്പാ

ത്രികാലജപസന്ദേശം നല്‍കുന്ന പാപ്പാ, 05-11-2017

06/11/2017 13:04

2017 നവംബര്‍ അഞ്ചാംതീയതി, ഞായറാഴച മധ്യാഹ്നത്തില്‍ മാര്‍പ്പാപ്പാ നയിച്ച ത്രികാലജപത്തില്‍ പങ്കുചേരുന്നതിനും ആശീര്‍വാദം സ്വീകരിക്കുന്നതിനും അനുബന്ധസന്ദേശങ്ങള്‍ ശ്രവിക്കുന്നതിനുമായി വി. പത്രോസിന്‍റെ അങ്കണത്തില്‍ തീര്‍ഥാടകര്‍ നിറഞ്ഞിരുന്നു.  പാപ്പാ, ത്രികാലജപം നയിക്കുന്ന പതിവു ജാലകത്തിങ്കലണഞ്ഞപ്പോള്‍ ജനം കൈകളുയര്‍ത്തി വീശിയും കരഘോഷം മുഴക്കിയും പാപ്പായോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി.

ത്രികാലജപത്തിനു മുമ്പ് നല്‍കിയ സന്ദേശം ലത്തീന്‍ ആരാധനക്രമമനുസരിച്ച് ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ വായനയെ (Mt 23:1-12) അടിസ്ഥാനമാക്കിയായിരുന്നു. വി. മത്തായിയുടെ സുവിശേഷം ഇരുപത്തിമൂന്നാമധ്യായത്തില്‍ നിന്ന്, യേശു അന്നത്തെ യഹൂദമതാധികാരികളായിരുന്ന നിയമജ്ഞരെയും ഫരിസേയരെയും കുറിച്ച് ജനത്തിനു നല്‍കുന്ന പ്രബോധനമാണ് വ്യാഖ്യാനിച്ചത്.  പാപ്പായുടെ സന്ദേശത്തിന്‍റെ പരിഭാഷയുടെ പൂര്‍ണരൂപം താഴെക്കൊടുക്കുന്നു.

പ്രിയസഹോദരീസഹോദരന്മാരെ, സുപ്രഭാതം!

ഇന്നത്തെ സുവിശേഷം (Mt 23: 1-12) യേശുവിന്‍റെ ജറുസലെമിലെ വാസത്തിന്‍റെ അവസാന ദിനങ്ങളെ വിവരിക്കുന്നതാണ്.  പ്രതീക്ഷയുടെയും അതോടൊപ്പംതന്നെ മനക്ലേശങ്ങളുടെയും ദിനങ്ങള്‍.  ഒരുവശത്ത്, യേശു ഫരിസേയരില്‍ നിന്നും നിയമജ്ഞരില്‍ നിന്നും ഗൗരവമേറിയ വിമര്‍ശനങ്ങളെ നേരിടേണ്ടിവരുന്നതിന്‍റെയും മറുവശത്ത് എല്ലാക്കാലത്തെയും ക്രിസ്ത്യാനികള്‍ക്ക് പ്രസക്തമായ സുപ്രധാനപ്രഭാഷണങ്ങള്‍ നല്‍കുന്നതിന്‍റെയും വിവരണങ്ങളാണവ.  അവ നമുക്കും വളരെ പ്രധാനമാണ്.

 അവിടുന്ന് ജനത്തോടു പറയുന്നു: ''നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു.  അതിനാല്‍ അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കു കയും ചെയ്യുവിന്‍''. അതര്‍ഥമാക്കുന്നത് അവര്‍ക്ക് ദൈവത്തിന്‍റെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പഠിപ്പിക്കാനുള്ള അധികാരമുണ്ടെന്നാണ്. എന്നിരുന്നാലും അതേത്തുടര്‍ന്ന് ഉടനടി അവിടുന്നു കൂട്ടി ച്ചേര്‍ക്കുന്നു: ''എന്നാല്‍ അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്, അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല'' (വാ. 2-3).  സഹോദരങ്ങളെ, അധികാരത്തിലുള്ളവര്‍ക്ക് മിക്കവാറുമുണ്ടാകുന്ന ഒരു കുറവാണത്.  അത്, പൗരാധികാരികളാകട്ടെ, സഭാധികാരികളാകട്ടെ, മറ്റുള്ളവരില്‍ നിന്ന് ആവശ്യപ്പെടുന്നത്, നീതിപൂര്‍വകമായ കാര്യമാണെങ്കിലും, അവര്‍ പ്രായോഗികമാക്കുന്നതിനു തുനിയുന്നില്ല.  അവര്‍ രണ്ടുതരം ജീവിതം നയിക്കുന്നവരാണ്.  യേശു പറയുന്നു: ''അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു, സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറാകുന്നില്ല'' (വാ. 4). ഈ മനോഭാവം അധികാരത്തിന്‍റെ ദുര്‍വിനിയോഗമാണ്. നേരെ മറിച്ച്, അധികാരത്തിന്‍റെ ആദ്യശക്തിയായി വരേണ്ടത്, അതിന്‍റെ ഉത്തമമാതൃകയാണ്.  ശരിയായിട്ടുള്ളതും കൃത്യമായിട്ടുള്ളതും പ്രയോഗത്തിലാക്കിക്കൊണ്ട് മറ്റുള്ളവരെ സഹായിക്കുകയും, നന്മയുടെ പാതയില്‍ പരീക്ഷണങ്ങളുണ്ടാകുമ്പോള്‍ അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഉത്തമമാതൃക യില്‍നിന്നാണ് അധികാരം ഉറവെടുക്കുന്നത്. അധികാരം ഒരു സഹായമാണ്.  എന്നിരുന്നാലും അത് മോശമായി നിര്‍വഹിക്കപ്പെടുന്നുവെങ്കില്‍, അതു അടിച്ചമര്‍ത്തുന്നതും, ജനത്തെ വളരാനനുവദിക്കാത്ത, അവിശ്വാസത്തിന്‍റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതും, ഒപ്പം, ചൂഷണത്തി ലേക്കു നയിക്കുന്നതും ആയി മാറും.

  ചില നിയമജ്ഞരുടെയും ഫരിസേയരുടെയും ഇത്തരം നിഷേധാത്മക പെരുമാറ്റത്തെ  യേശു തുറന്നെതിര്‍ക്കുകയാണ്: ''വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും നഗര വീഥികളില്‍ അഭിവാദനവും അഭിലഷിക്കുന്നു'' (വാ 6-7).  ഇത് മനുഷ്യന്‍റെ അഹങ്കാരത്തോടു ബന്ധ പ്പെട്ട ഒരു പ്രലോഭനമാണ്, അതിനെ വിജയിക്കുക എന്നത് എല്ലായ്പോഴും എളുപ്പമല്ല. പുറംമോടി കളില്‍ ശ്രദ്ധവയ്ക്കുന്നവരുടെ മനോഭാവമാണത്.

 തുടര്‍ന്ന് യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നു: ''നിങ്ങള്‍ റബ്ബീ എന്നു വിളി ക്കപ്പെടരുത്, എന്തെന്നാല്‍ ഒരാള്‍ മാത്രമേ നിങ്ങളുടെ ഗുരുവായുള്ളു... നിങ്ങളെല്ലാവരും സഹോ ദരങ്ങളാണ്...  നിങ്ങള്‍ ആരെയും നേതാവെന്നു വിളിക്കരുത്, എന്തെന്നാല്‍ ഒരാള്‍ മാത്രമേ, നിങ്ങ ളുടെ നേതാവായുള്ളു, അത് ക്രിസ്തുവാണ്.  നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂ ഷകനായിരിക്കണം'' (വാ 8-11).  യേശുവിന്‍റെ ശിഷ്യന്മാരായ നാം ഒരിക്കലും ബഹുമതികളെയോ അധികാരത്തെയോ അധീശത്വത്തെയോ അന്വേഷിക്കരുത്.  ഞാന്‍ നിങ്ങളോടു പറയട്ടെ, ബഹുമതി കളുടെ പൊങ്ങച്ചത്തിനു പിന്നാലെ പായുന്ന മനസ്സോടെ ജീവിക്കുന്ന ആള്‍ക്കാരെ കാണുമ്പോള്‍ വ്യക്തിപരമായി എനിക്കു സങ്കടമാണ്.  നാം യേശുവിന്‍റെ ശിഷ്യന്മാര്‍ അങ്ങിനെയായിരിക്കരുത്, എന്തെന്നാല്‍, നമുക്കിടയില്‍ ഉണ്ടായിരിക്കേണ്ടത്, ലാളിത്യവും സാഹോദര്യവും നിറഞ്ഞ മനോ ഭാവമാണ്. നാമെല്ലാവരും സഹോദരങ്ങളാണ്, അതിനാല്‍ യാതൊരുതരത്തിലും നാം മറ്റുള്ളവരെ അതിശയിക്കുകയോ, അവരെ താഴെയുള്ളവരെന്നു പരിഗണിക്കുകയോ ചെയ്യരുത്. നാമെല്ലാവരും സഹോദരങ്ങളാണ്.  നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവില്‍ നിന്ന് നല്ല ഗുണങ്ങള്‍ നാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അത് നമ്മുടെ സഹോദരര്‍ക്കുവേണ്ടിയുള്ളതാണ്.  അതില്‍നിന്നു മുതലെടുത്തുകൊണ്ട്, നമ്മുടെ സംതൃപ്തിക്കുവേണ്ടിയോ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കുവേണ്ടിയോ ഒന്നും ചെയ്യരുത്. നാമൊരിക്കലും നമ്മെത്തന്നെ മറ്റുള്ളവര്‍ക്ക് ഉപരിയായി കാണരുത്.  വിനയശീലം യേശുവിന്‍റെ പ്രബോധനങ്ങളോടൊത്തുപോകുന്ന ഒരു ജീവിതത്തിന്‍റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്തതാണ്.  എന്തെന്നാല്‍, അവിടുന്ന് സൗമ്യതയും ഹൃദയശാന്തതയും ഉള്ളവനായിരുന്നു, ശുശ്രൂഷിക്കപ്പെടുന്നതിനല്ല, ശുശ്രൂഷിക്കാനായി വന്നവനായിരുന്നു.

 ''വിനീതയും എല്ലാ സൃഷ്ടികള്‍ക്കുംമേലുള്ളവളുമായ'' (ദാന്തെ, പാരഡൈസ്, XXXIII, 2) കന്യകാമറിയം അവളുടെ മാതൃസഹജമായ മാധ്യസ്ഥത്താല്‍ അഹങ്കാരത്തില്‍ നിന്നും പൊങ്ങച്ചത്തില്‍ നിന്നും രക്ഷനേടുന്നതിനു നമ്മെ സഹായിക്കട്ടെ, ദൈവത്തില്‍നിന്നു വരുന്ന സ്നേഹത്തിനു സൗമ്യതയുള്ളതും വഴക്കമുള്ളതുമാകാന്‍, നമ്മുടെ സഹോദരങ്ങളുടെ ശുശ്രൂഷയ്ക്കും അവരുടെ ആനന്ദത്തിനുമായി ശുശ്രൂഷചെയ്യാന്‍, അങ്ങനെ ആ ആനന്ദം നമ്മുടേതുമാവാന്‍ ഇടയാക്കട്ടെ.

ഈ പ്രാര്‍ഥനാശംസകളോടെ മാര്‍പ്പാപ്പ കര്‍ത്താവിന്‍റെ മാലാഖ എന്ന ത്രികാലജപം ലത്തീന്‍ ഭാഷയില്‍ ചൊല്ലി.  തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

ത്രികാലജപത്തിനുശേഷം പാപ്പാ ആനുകാലികസംഭവങ്ങള്‍ അനുസ്മരിക്കുകയും വിവിധസ്ഥലങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരെ പ്രത്യേകമായി അഭിവാദ്യം ചെയ്യുകയും ചെയ്തു. ആദ്യമായി പാപ്പാ അനുസ്മരിച്ചത്, തലേദിവസം, ശനിയാഴ്ച ഇന്‍ഡോറില്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സി. റാണി മരിയയെയാണ്. പ്രിയ സഹോദരീ സഹോദരന്മാരെ, എന്ന അഭിസംബോധന ആവര്‍ത്തിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം തുടര്‍ന്നു:

ഇന്ത്യയിലെ ഇന്‍ഡോറില്‍, വാഴത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട റാണി മരിയ വട്ടലില്‍, ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയിലെ അംഗവും, വിശ്വാസത്തിനുവേണ്ടി 1995-ല്‍ വധിക്കപ്പെട്ടവളുമാണ്. നമ്മു ടെ കാലഘട്ടത്തില്‍, സിസ്റ്റര്‍, ക്രിസ്തുവിന്‍റെ സ്നേഹത്തിനു സൗമ്യമായ സാക്ഷ്യമേകി രക്തസാക്ഷികളുടെ നീണ്ടനിരയില്‍ ചേരുകയാണ്.  അവളുടെ ബലി വിശ്വാസത്തിനും സമാധാനത്തിനും ഒരു വിത്താണ്, പ്രത്യേകിച്ചും ഇന്ത്യാദേശത്ത്. അവര്‍ അവളെ വിളിക്കുന്നത്, പുഞ്ചിരിയുടെ സിസ്റ്റര്‍ എന്നാണ് എന്നത് വളരെ നന്നായിരിക്കുന്നു.

റോമാക്കാരും, വിവിധ ദേശക്കാരുമായി തീര്‍ഥാടകരായി എത്തിരിയിരിക്കുന്ന എല്ലാവരെയും പാപ്പാ പ്രത്യേകമായി അഭിവാദ്യം ചെയ്തു.  ഏവര്‍ക്കും ശുഭഞായര്‍, ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ഥിക്കണമേ എന്ന പതിവു യാചന അഭ്യര്‍ഥിച്ചു. നല്ല ഉച്ചവിരുന്ന് ആശംസിച്ചുകൊണ്ട് വീണ്ടും കാണാമെന്ന പ്രതീക്ഷയേകി കൈകളുയര്‍ത്തിവീശി പാപ്പാ ജാലകത്തിങ്കല്‍ നിന്നു പിന്‍വാങ്ങി. 

06/11/2017 13:04