സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

ജീവിതസായാഹ്നത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍

സാന്ത്വന സ്പര്‍ശം - വയോജനങ്ങളുടെ കൂട്ടായ്മയില്‍... - AP

05/11/2017 18:19

വാര്‍ദ്ധക്യത്തിന്‍റെ കഷ്ടപ്പാടുകളും ആസന്നമരണരുടെ പരിചരണവും – ചിന്താമലരുകള്‍.

1. അമൂല്യദാനമായ ജീവന്‍    മനുഷ്യന്‍ പരസ്പരം തുണയ്ക്കണം, വിശിഷ്യാ യാതനകള്‍ അനുഭവിക്കുന്നവരെ സഹായിക്കണം.
ഈ അടിസ്ഥാന കാഴ്ചപ്പാടില്‍നിന്നുമാണ് മാരകമായ രോഗങ്ങള്‍ക്കും വാര്‍ദ്ധക്യത്തിന്‍റെ കഷ്ടപ്പാടുകള്‍ക്കും കീഴ്പ്പെടുന്നവരെ സഹായിക്കാന്‍ ‘പാലീയേറ്റീവ് കെയര്‍’ സംവിധാനങ്ങള്‍, അല്ലെങ്കില്‍ ‘ആസന്നമരണരുടെ പരിചരണം’ ലോകത്ത് വികസിപ്പിച്ചെടുക്കുന്നത്. പ്രായമായാലും രോഗഗ്രസ്ഥമായാലും മനുഷ്യന്‍ മനുഷ്യന്‍തന്നെയാണെന്നും, അവരുടെ വ്യക്തിത്വം മരണംവരെ, മാനിക്കപ്പെടണമെന്നുമുള്ളത് അടിസ്ഥാന തത്വവും മൂല്യവുമാണ്.

2.  കാരണവന്മാര്‍ കുടുബത്തിന്‍റെ അനുഗ്രഹം    “ദീര്‍ഘനാള്‍ നീ ജീവിച്ചിരിക്കുവാനും നിന്‍റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു  നന്മ ഉണ്ടാകുവാനുംവേണ്ടി അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” (നിയമാവര്‍ത്തനം 5, 16). മുതിര്‍ന്നവരെ ബഹുമാനിക്കുവാനും അവരുടെ ആയുസ്സിന്‍റെ മൂല്യം മനസ്സിലാക്കുവാനുമുള്ള വിവേകം കാട്ടുന്നവര്‍ക്ക് ദൈവാനുഗ്രഹമുണ്ടാകും. ജീവന്‍റെ കല്പനകള്‍ നാം പാലിക്കേണ്ടതാണ്. അത് സമകാലീന സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമാണ്. ‘ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന’ ഇന്നിന്‍റെ ഉപഭോഗസംസ്ക്കാരത്തിനും “വലിച്ചെറിയല്‍ സംസ്ക്കാര”ത്തിനും അപ്പുറം ഐകദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും മനോഭാവം കുടുംബങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് പരിശ്രമിക്കാം.

3. മനുഷ്യരോടും ജീവനോടുമുള്ള ആദരം    ശാരീരികവും സാമൂഹികവുമായ കാരണങ്ങളാല്‍ മരണവുമായി മല്ലടിക്കുന്ന അവശരെയും, മരണത്തിന് വിധിക്കപ്പെട്ടു കഴിയുന്ന പരിത്യക്തരെയും സ്പര്‍ശിക്കുന്നതാണ് ‘മാതാപിതാക്കളെ ബഹുമാനിക്കുക’ എന്ന കല്പന. ആധുനിക ചികിത്സാക്രമത്തിലും ആരോഗ്യപരിലനയ്ക്കുള്ള സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരുടെ അടിസ്ഥാന മാനദണ്ഡം യോഗ്യതയും കാര്യക്ഷമതയും മാത്രമായിരിക്കരുത്. മനുഷ്യരെയും ജീവനെയും ബഹുമാനിക്കുന്ന മനോഭാവം ഇവിടെ അനിവാര്യമാണ്. അതുപോലെ സമൂഹത്തിന്‍റെ ആരോഗ്യപരിപാലനയ്ക്കുള്ള സംവിധാനങ്ങള്‍ക്ക് അടിസ്ഥാനമാകേണ്ടത് ധനവും സാമ്പത്തിക നേട്ടവുമല്ല, മറിച്ച് മനുഷ്യാന്തസ്സും അതിനോടുള്ള ആദരവുമാണ്. രാഷ്ട്രമോ സമൂഹമോ സഭയോ ആരോഗ്യപാലന രംഗത്തുനിന്നും, അതുമായ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും ലാഭം കൊയ്യാമെന്നു ചിന്തിക്കുന്നത് തെറ്റാണ്. മറിച്ച് വ്യക്തികളെ സംരക്ഷിക്കുവാനും അവരുടെ അവകാശങ്ങള്‍ മാനിക്കുവാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് നിറവേറ്റുകായാണു വേണ്ടത്.

4.  ആസന്നമരണരുടെ പരിചരണം    അര്‍ബുദംപോലുള്ള രോഗങ്ങള്‍ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ചുറ്റുപാടില്‍ തീര്‍ച്ചയായും ‘പാലീയേറ്റീവ് കെയറി’നും ആസന്നമരണരുടെ പരിചരണത്തിനും, ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ സാങ്കേതികതയ്ക്കും ഏറെ പ്രസക്തിയുണ്ട്.  കാരണം, പ്രായമായവര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കൂടാതെ, വാര്‍ദ്ധക്യത്തിന്‍റെ ക്ലേശങ്ങളെയും, അവര്‍ അനുഭവിക്കുന്ന ഏകാന്തത, പരിത്യക്തത എന്നിവയുമായി ബന്ധപ്പെട്ട അവശതകളെയുംകുറിച്ച് ഇനിയും പഠിച്ച് പരിഹാരങ്ങള്‍ ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എന്നാല്‍ പ്രായമായ മാതാപിതാക്കളും വൃദ്ധജനങ്ങളും കാരണവന്മാരും കുടുംബങ്ങളിലാണ് ആദ്യമായി നല്ലപോലെ പരിചരിക്കപ്പെടേണ്ടത്. ഈ അടിസ്ഥാന കാഴ്ചപ്പാടിലായിരിക്കണം അവരുടെ ശുശ്രൂഷയും ജീവിതാന്ത്യ പരിചരണവും വികസിപ്പിച്ചെടുക്കേണ്ടത്. കാരണം കുടുംബങ്ങളില്‍ അവര്‍ക്കു ലഭിക്കുന്ന പരിചരണമോ സ്നേഹവാത്സല്യമോ ഒരിക്കലും ഇന്നത്തെ ആധുനിക സംവിധാനങ്ങള്‍ക്കോ ചികിത്സാ സമ്പ്രദായങ്ങള്‍ക്കോ പകരംവയ്ക്കാനാവില്ല. വാര്‍ദ്ധക്യത്തിന്‍റെ ക്ലേശങ്ങളാലോ, രോഗങ്ങളാലോ വലയുന്നവര്‍ക്ക് കുടുംബങ്ങള്‍ നല്കുന്ന പരിചരണത്തിനൊപ്പം ആസന്നമരണര്‍ക്കുള്ള വൈദ്യശാസ്ത്രപരമായ പരിചരണം, അതായത് Palliative Care-ഉം പ്രസക്താമാണ്. രോഗങ്ങളുമായി മരണത്തോട് മല്ലടിക്കുന്നവര്‍ക്ക് വൈദ്യശാസ്ത്രം നല്കുന്ന നവമായ സാങ്കേതിക മികവുള്ള പരിചരണം വേദന ശമിപ്പിക്കുവാനും, രോഗിയെ സമാശ്വസിപ്പിക്കുവാനും സഹായകമാകും എന്നതില്‍ സംശയമില്ല.

4. വയോജനങ്ങളെ കൈവെടിയരുത്!     രോഗാവസ്ഥയിലെത്തിയ പരിത്യക്തരായ വൃദ്ധജനങ്ങള്‍ക്കും, മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടു വേദനിക്കുന്നവര്‍ക്കുമാണ് ഈ ചികിത്സാക്രമം, palliative care ഏറ്റവും ഉപകാരപ്രദമാകുന്നത്. എന്നാല്‍ ‘പരിത്യക്താവസ്ഥ’യാണ് മറ്റേതൊരു രോഗത്തെക്കാളും ഭീതിതമായ അവസ്ഥ! ജീവിതത്തില്‍ ഏറ്റവും അധികം സഹായം ആവശ്യമായിരിക്കുന്ന വാര്‍ദ്ധക്യത്തിലെത്തിയ മുതിര്‍ന്നവരെ, അതിനാല്‍ ആരും ഒരിക്കലും കൈവെടിയരുത്. സമൂഹത്തില്‍‍ ഇന്ന് പ്രബലപ്പെട്ടു വരുന്ന throw-away-culture “വലിച്ചെറിയല്‍ സംസ്ക്കാരം,” അതായത്  ഉപയോഗം കഴിഞ്ഞതിനെ വലിച്ചെറിയുന്ന സംസ്ക്കാരം സമൂഹിക ജീവിതത്തിന്‍റെ ഭാഗമാണ്. എന്നാല്‍ അത് ജീവന്‍റെ നേര്‍ക്ക് ഒരിക്കലും പ്രകടമാക്കരുത്. ആസന്നമരണര്‍ക്കുള്ള പരിചരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമ്പോഴും ജീവനും ജീവന്‍റെ അന്തസ്സും മാനിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നതായിരിക്കട്ടെ ശാസ്ത്രത്തിന്‍റെ പരമമായ ലക്ഷൃം. കാരണം മനുഷ്യന്‍റെ ചെയ്തികള്‍ ഒരിക്കലും അവന്‍റെ അന്തസ്സിനോ ജീവനോ എതിരായിരിക്കുവാന്‍ പാടില്ല. ജീവന്‍ സംരക്ഷിക്കുക, ജീവനെ സ്നേഹിക്കുക, പരിചരിക്കുക!  ആശുപത്രികളിലും ആതുരാലയങ്ങളിലും ജീവന്‍റെ പരിചരണത്തില്‍ ഉണ്ടായിരിക്കേണ്ട ഈ സാന്ത്വന സാമീപ്യത്തിലൂടെയും വീക്ഷണത്തിലൂടെയും മാത്രമേ വൈദ്യശാസ്ത്ര മേഖലയില്‍ ആധുനിക ലോകത്തു വളര്‍ന്നിട്ടുള്ള കച്ചവടമനഃസ്ഥിതി ഇല്ലായ്മചെയ്യാനാകൂ. അങ്ങനെ നല്ല ചികിത്സാക്രമത്തിലൂടെ വേദനിക്കുന്നവര്‍ക്ക് സാന്ത്വനവും സമാശ്വാസവും വളര്‍ത്താന്‍ വൈദ്യശാസ്ത്രത്തിനും. അതുമായ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഇന്നു കഴിയണം!

5. കുഴലുകള്‍ക്കിടയിലെ  മനുഷ്യക്കോലങ്ങള്‍     ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലും വെന്‍റിലേറ്ററുകളിലും കിടത്തി മാത്രമേ മരണം നടക്കാവൂ എന്നൊരു ധാരണ ജനങ്ങളില്‍ വ്യാപകമായിട്ടുണ്ട്. സ്വസ്ഥമായി മരിക്കാനുള്ള സ്ഥലങ്ങള്‍ ആശുപത്രകളാണോ, വൃദ്ധസദനങ്ങളാണോ എന്ന ചോദ്യം നമ്മള്‍ സ്വയം ആരാഞ്ഞു തുടങ്ങിയിട്ടില്ല. എന്നാല്‍, ഇന്നിപ്പോള്‍ ചോദിക്കേണ്ടതാണ്! കഴിഞ്ഞ 50 കൊല്ലത്തിനിടെ മനുഷ്യന്‍ മരണത്തെ നേരിടുന്ന രീതികളില്‍‍ ലോകവ്യാപകമായി ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലും Ventilator-കളിലും Palliative care സംവിധാനങ്ങളിലും കിടത്തി മാത്രമേ മരണം നടക്കാവൂ എന്നൊരു ധാരണ ജനങ്ങളില്‍ വ്യാപകമായി പടര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശുപത്രികളില്‍ കിടക്കയും മുറിയും വര്‍ദ്ധിപ്പിക്കുന്നതുപോലെ തന്നെ തീവ്രപരിചരണ വിഭാഗങ്ങളും  (Intensive care units) പണിതുകൂട്ടുകയാണ്.

6. സ്വസ്ഥമായി  മരിക്കാം     സ്വസ്ഥമായി മരിക്കുവാനുള്ള സ്ഥലങ്ങള്‍  വീടുകളാണോ, അതോ ആശുപത്രികളായിരിക്കണമോ എന്ന ചോദ്യം സ്വയം ചോദിക്കേണ്ടതാണ്. ആസന്നമരണരുടെ പരിചരണത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ആഗോളതലത്തില്‍ ക്ലാസ്സുകള്‍ എടുക്കുന്ന ഡോക്ടര്‍, കെ. സുരേഷ്കുമാര്‍ ലോകാരോഗ്യസംഘടനയുടെ പാലിയേറ്റീവ് കെയര്‍ മാതൃകാ കേന്ദ്രത്തിന്‍റെ ഡയറക്ടറാണ്.  അദ്ദേഹം ഡോക്ടര്‍മാരോടു ചോദിക്കാറുള്ള ചോദ്യമുണ്ട് – ‘രോഗികള്‍ മരിക്കുന്ന രീതിയില്‍ മരിക്കാന്‍ നിങ്ങള്‍, ഡോക്ടര്‍മാര്‍ തയ്യാറാണോ?’ ഭൂരിഭാഗം ഡോക്ടര്‍മാരും നല്കുന്ന തുറന്ന മറുപടി ‘ഇല്ല’ എന്നാണ്. സ്വസ്ഥമായി മരിക്കാന്‍ കഴിയുന്ന സ്ഥലമല്ല ആശുപത്രികള്‍ എന്നത് അവിടെ ജോലിചെയ്യുന്നവര്‍ക്ക് - ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും, ആശുപത്രിയിലുള്ള അനുബന്ധ ജോലിക്കാര്‍ക്കും ബോധ്യമുണ്ടെന്നാണ് ഇതിനര്‍ത്ഥം. പിന്നെന്തുകൊണ്ടു കൂടുതല്‍ പേര്‍ ആശുപത്രികളിലെത്തി കഷ്ടപ്പെട്ടു മരിക്കുന്നു എന്ന ചോദ്യത്തിന്, ‘സാമൂഹികമായ സമ്മര്‍ദ്ദം’ എന്നാണു പലപ്പോഴും ഉത്തരം കിട്ടുന്നത്.

7. ചികിത്സയും സാമൂഹ്യസമ്മര്‍ദ്ദവും    ചികിത്സാരീതികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ പലതാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരോടു ചോദിച്ചാല്‍ പറയും. 
(1) രോഗികളുടെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നതു കൊണ്ടാണ്.

(2) ആശുപത്രിയുടെ അധികൃതരില്‍നിന്നുമുള്ള സമ്മര്‍ദ്ദമാണെന്നു ചില ഡോക്ടര്‍മാരെങ്കിലും സ്വകാര്യ സംഭാഷണങ്ങളില്‍ തുറന്നുപറയാറുണ്ട്!

(3) നാട്ടുകാരെന്തു വിചാരിക്കും എന്ന മാനസിക സമ്മര്‍ദ്ദംകൊണ്ടാണെന്ന് രോഗികളുടെ ബന്ധുക്കളോടു ചോദിച്ചാല്‍ മറുപടി കിട്ടിയേക്കാം.

(4) ഇതിലൊന്നും പെടാത്ത കുറെ ശുദ്ധമനഃസ്ഥിതിക്കാരുമുണ്ട്. അവരുടെ വിശ്വാസം ആശുപത്രിയില്‍ എത്തിച്ചല്ലോ, ഇനി എന്‍റെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ, ഭാര്യ, മകള്‍, മകന്‍ രക്ഷപെടും, പൂര്‍ണ്ണമായും സൗഖ്യപ്പെട്ടു പുറത്തുവരും എന്ന അമിതവിശ്വാസത്തിലും ആത്മവിശ്വാസത്തിലും പ്രത്യാശയിലുമാണ്.

(5) ഇക്കൂട്ടര്‍ എന്തു വിലകൊടുത്തും, എത്ര പണം ചിലവൊഴിച്ചും, അതിനായി പണം കഴുത്തറ്റം കടമെടുത്തും ആശുപത്രിയിലെ ചികിത്സ തുടരും.

8. കുഴലുകള്‍ക്കിടയിലെ ജീവിതാന്ത്യം   ജനിച്ചാല്‍ മരിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ‘എനിക്കു മരണമില്ല’ എന്നു സ്വയം നടിക്കുന്ന സമൂഹമായി നമ്മള്‍ മാറരുത്. പലതരത്തിലുള്ള മരുന്നുകള്‍കൊണ്ട് മരണം ഒഴിവാക്കാന്‍ കഴിയും എന്നൊരു ധാരണ എങ്ങനെയോ നമ്മുടെ ഉള്ളിലുണ്ടെന്ന് തോന്നുന്നു. മരണത്തെക്കുറിച്ചുള്ള ആലോചനകളോ തുറന്ന ചര്‍ച്ചകളോ നടത്താന്‍ നമ്മള്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുറത്താരും അറിയുന്നുമില്ല. വികസിത സമൂഹങ്ങളില്‍ പലയിടത്തും മരണത്തെക്കുറിച്ചു ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന കൂട്ടായ്മകളും സാമൂഹിക മാധ്യമങ്ങളും സജീവമാണ്. അവസാനകാലത്ത് തീവ്രപരിചരണ വിഭാഗത്തില്‍ എത്തിപ്പെടുക എന്നതു രോഗികളെ സംബന്ധിച്ചിടത്തോളം അതികഠിനമായ അനുഭവമാണ്. കുറേ യന്ത്രങ്ങളുടെ നടുവില്‍, അപരിചിതമായ മുഖങ്ങള്‍ക്കു നടുവില്‍, ഒറ്റപ്പെട്ട് ഏറെ ഏകാന്തത അനുഭവിച്ച്, ഒന്നും ഉരിയാടാതെ, മൗനനൊമ്പരവുമായി അല്ലെങ്കില്‍ അബോധാവസ്ഥയില്‍, മരുന്നുകളുടെ മയക്കത്തില്‍ അനാഥനെപ്പോലെ ലോകത്തോടു യാത്രപറയേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചൊന്ന് ഊഹിച്ചു നോക്കൂ! ഇതിന് കണ്ണുതള്ളിപ്പിക്കുന്ന സാമ്പത്തിക വശം കൂടിയില്ലേ!

9.  ശീതീകരിച്ച അന്ത്യയുറക്കം   സ്കോട്ട്ലാന്‍റിലെ UN Foundation-ല്‍ നിന്നുമുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആശുപത്രികളുടെ മൊത്തം വരുമാനത്തിന്‍റെ പകുതിയോളം അവസാന ദിവസങ്ങള്‍   ഐ.സി.യൂ.-വിലും ആശുപത്രിയിലെ മറ്റു മെഷിനുകളിലും കഴിയേണ്ടിവരുന്ന രോഗികളില്‍നിന്നുമാണ് ലഭിക്കുന്നതെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയില്‍ ലഭിച്ചിട്ടുള്ള Medical Insurance കണക്കുകള്‍പ്രകാരം ജീവിതത്തിന്‍റെ അവസാനത്തെ ആറു മാസമാണ് ഒരാള്‍ ‘ചികിത്സയ്ക്കായി’ ഏറ്റവും അധികം പണം ചെലവാക്കുന്നത്. ചികിത്സയ്ക്കായി എന്നു പറയുമ്പോള്‍ ഏതു തരത്തിലുള്ള ചികിത്സയ്ക്ക്, എന്തു രോഗത്തിന് എന്ന ചോദ്യങ്ങള്‍ മനസ്സില്‍ ഉയരാമെങ്കിലും, ഇവിടെ അവസാന നാളുകളുടെ പശ്ചത്താലത്തില്‍ രോഗിയുടെ ചികിത്സ എന്നു പറയുന്നത്, തീവ്രപരിചരണ വിഭാഗത്തില്‍, അയാളുടെ ശരീരം അല്ലെങ്കില്‍ ജീവന്‍  Air conditioned അവസ്ഥയില്‍ വിവിധ തരത്തിലുള്ള മെഷീനുകളുടെ സഹായത്തോടെ പരിചരിക്കപ്പെടുന്നതിനെയാണ്. മരിച്ചാല്‍ ഉടനെ ശീതീകരണ സംവിധാനത്തില്‍ (freezer  air-conditioned) കിടത്തുന്ന രീതി അന്തിമോപചാര ശുശ്രൂഷയുടെ ഭാഗമായി വരികയാണ്.

അവിടെ യഥാര്‍ത്ഥത്തില്‍ മാനുഷിക പരിചരണം രോഗിക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. കാരണം മെഷിനുകളാണ് എല്ലാം നിര്‍വ്വഹിക്കുന്നത്. ജീവന്‍ നിലനിറുത്തി കൊണ്ടുപോകുന്നെന്നു മാത്രം! അങ്ങനെ ഏറ്റവും കൂടുതല്‍ തുക ചെലവിടുന്നത് ഇവിടെ അവസാന ഘട്ടത്തിലായിരിക്കും, അത് ചെറുപ്പമായാലും പ്രായമായാലും ശരി, ജീവിതത്തിന്‍റെ അവസാനഭാഗത്താണ് ഏറ്റവും അധികം പണം ചിലവിടേണ്ടി വരുന്നത്. പക്ഷേ, കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകളൊന്നും ലഭ്യമല്ല. എങ്കിലും, സാമാന്യസ്ഥിതിയില്‍ ഒരാള്‍ക്ക് ആശുപത്രിയില്‍ കിടന്നു മരിക്കാന്‍ ആയിരങ്ങളോ പതിനായിരങ്ങളോ ഇന്നു മതിയാകുന്നില്ല എന്നതു വാസ്തവമല്ലേ! മലയാളിയുടെ ഭാഷയില്‍ പലരും ചികിത്സയെത്തുടര്‍ന്ന് ‘കുത്തുപാള’യെടുക്കുന്നുമുണ്ട്!

10. ചര്‍ച്ചചെയ്യപ്പെടേണ്ട ജീവിതാന്ത്യം   മാരകമായ രോഗം വന്നാലോ, ജീവിതാന്ത്യത്തില്‍ എത്തിയാലോ ആശുപത്രിയില്‍ ‘പോകേണ്ടതില്ല’ എന്നല്ല പറഞ്ഞു വരുന്നത്. രോഗിയുടെ ദുരിതം കുറയ്ക്കുവാന്‍ പല സാഹചര്യത്തിലും ആശുപത്രികള്‍ക്കു കഴിയും. രോഗി മരണത്തിലേയ്ക്കാണോ നീങ്ങുന്നത് എന്നു തിരിച്ചറിയാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളും ഒട്ടേറെയാണ്. ഈ അവസരത്തില്‍ ആശുപത്രികളിലെ പരിചരണം കൂടിയേതീരൂ. ഇതു നിലനില്ക്കേ തന്നെ ‘സ്വച്ഛന്ദമായ മരണം’ അല്ലെങ്കില്‍ ശാന്തമായ മരണം,  നല്ല മരണം... എന്ന ആശയങ്ങള്‍ സമൂഹത്തിലും, കുടുംബത്തിലും നാം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. മരണത്തെക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ ആലോചിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന സമൂഹത്തിനു മാത്രമേ ജീവിതത്തിന്‍റെ മൂല്യം തിരിച്ചറിയാനാകൂ. മരണം അടുത്തെത്തി എന്നു സ്വയം തിരിച്ചറിയുന്നവര്‍ ചെയ്തുപോയ ഒരുപാടു കാര്യങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും കുറച്ചുകൂടി സമയമുണ്ടായിരുന്നെങ്കില്‍ നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. മരണത്തെക്കുറിച്ച് ഇത്തിരി നേരത്തേ ബോധ്യമുണ്ടായാല്‍ ഒരുപക്ഷേ, കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ നമുക്കു കഴിഞ്ഞേക്കും.

11.  മരണത്തെക്കുറിച്ചൊരു ചിന്തവേണം !   മരണത്തെക്കുറിച്ചു തുറന്നു ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കുയാണ് ആദ്യം വേണ്ടത്. അവസാനകാലം ഏതു രീതിയിലൂടെ കടന്നുപോകണോ, വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവസരം എല്ലാവര്‍ക്കും വേണം. ചില രാജ്യങ്ങളെങ്കിലും ഇതിനു നിയമപരമായ രീതികള്‍ നിലവിലുണ്ട്. രോഗിയുടെ മൗലികാവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജീവിതം സംബന്ധിച്ച ഒസ്യത്ത്, മുന്‍കൂട്ടിയുള്ള മാര്‍ഗ്ഗനിര്‍ദേശം എന്നിവ നീതിയുക്തമായും നിയമയുക്തമായും നടപ്പാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് പറയാമല്ലോ... അന്ത്യവിനാഴികകള്‍ എനിക്ക് വീട്ടില്‍ കിടന്നു മരിക്കണം! രോഗത്തിന്‍റെ വിവിധ ഘട്ടങ്ങളും, ജീവിതത്തിലേയ്ക്കു രോഗി തിരിച്ചുവരുവാനുള്ള സാധ്യതയും പരിഗണിച്ച് നല്കുന്ന ചികിത്സയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ആരോഗ്യസ്ഥാപനങ്ങളും, ഒപ്പം കുടുംബങ്ങളും തയ്യാറാകേണ്ടതുണ്ട്. മരണം കച്ചവടത്തിനുള്ള മറ്റൊരു ഉപാധിയായി കാണാതിരിക്കുവാനുള്ള സന്മനസ്സും ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ഉണ്ടാകേണ്ടതല്ലേ! 


(William Nellikkal)

05/11/2017 18:19