സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

അനുഷ്ഠാനങ്ങള്‍ ആന്തരികതയെ തട്ടിത്തെറിപ്പിക്കരുത്!

ക്രിസ്തുവിന്‍റെ ഒരു പുരാതന മൊസൈക് ചിത്രീകരണം - RV

04/11/2017 13:55

പറയുന്നതുപോലെ പ്രവൃത്തിക്കണമെന്ന സുവിശേഷവിചിന്തനം :

1. വാഴ്ത്തപ്പെട്ട റാണി മരിയ ഒരു സ്നേഹപ്രവാചിക     “നിങ്ങള്‍ പറയുന്നതും പഠിപ്പിക്കുന്നതും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല!” ക്രൈസ്തവ ജീവിതങ്ങള്‍ പൊള്ളയായി പോകരുതെന്നാണ് ഇന്നത്തെ സുവിശേഷഭാഗം ഉദ്ബോധിപ്പിക്കുന്നത്. (മത്തായി 23,1-12).

ഭാരതീയരായ നമുക്ക് പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവര്‍ക്ക് ആഭിമാനത്തിന്‍റെ  ദിവസമാായിരുന്നു  നവംബര്‍ 4. ശനിയാഴ്ച! കേരളത്തിലെ ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭാംഗവും എറണാകുളം ജില്ലയില്‍ പുല്ലവഴി സ്വദേശിനിയുമായ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരീയയെ സഭ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയ ദിവസമാണ്. വടക്കെ ഇന്ത്യയില്‍ മദ്ധ്യപ്രദേശിലെ ഇന്തോറില്‍വച്ചാണ് വിശദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ ധന്യയായ രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തിയത്. 1995 ഫെബ്രുവരി  25-നായിരുന്നു ഇന്തോറില്‍വച്ച് വിശ്വാസത്തെപ്രതി
സിസ്റ്റര്‍ റാണി മരിയ ധീരമായി രക്തസാക്ഷിത്വം വരിച്ചത്. താന്‍ വിശ്വസിക്കുകയും ഏറ്റപറയുകയും ചെയ്തകാര്യങ്ങള്‍ പാവങ്ങളുടെ സമുദ്ധാരണത്തിനായി യാഥാര്‍ത്ഥ്യമാക്കാന്‍ ജീവന്‍ സമര്‍പ്പിച്ച സുവിശേഷത്തിന്‍റെ സ്നേഹപ്രവാചികയാണ് വാഴ്ത്തപ്പെട്ട റാണി മരീയ!

2. പ്രവാചകരും വ്യാജപ്രവാചകരും    എല്ലാക്കാലങ്ങളിലും എവിടെയും പ്രവാചകന്മാരെപ്പോലെതന്നെ വ്യാജപ്രവാചകന്മാരും ഉണ്ടായിട്ടുണ്ട്. അവര്‍ മനുഷ്യരുടെ ജീവിതവഴികളെ തെറ്റിച്ചിട്ടുമുണ്ട്. അനേകര്‍ വഴിതെറ്റിപ്പോകാനും പതറിപ്പോകാനും അവര്‍ കാരണമായിട്ടുണ്ട്. അത് അവരുടെ ദുര്‍മാതൃക കൊണ്ടാവാം, ചിലപ്പോള്‍ തെറ്റായ പ്രബോധനങ്ങള്‍ കൊണ്ടാവാം. ആദ്യവായനയില്‍, മലാക്കി പ്രവാചകന്‍ ഈ തെറ്റു ചൂണ്ടിക്കാണിക്കുന്നു (മലാക്കി 1, 14.. 2, 8-10).  “നിങ്ങള്‍ക്ക് വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ രീതികള്‍ മറ്റനേകരെയും വഴി തെറ്റിച്ചിരിക്കുന്നു!

പ്രേഷിതജോലിയില്‍ ജനങ്ങളോടുള്ള അതീവതാല്പര്യം നിമിത്തം, ക്രിസ്തുവിന്‍റെ സുവിശേഷം മാത്രമല്ല, ജീവനും പങ്കുവയ്ക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരുന്നു, (1തെസ. 2, 7-9, 3), എന്ന് ഒരു പടികൂടെ വര്‍ദ്ധിച്ച തീവ്രതയോടും തീക്ഷ്ണതയോടുംകൂടെയാ ഇക്കാര്യം പറയുന്നത്  പൗലോസ് അപ്പസ്തോലന്‍ തെസ്സലോണിയര്‍ക്ക് എഴുതിയ ലേഖനത്തിലാണ്. ക്രൈസ്തവികതയുടെ ആരംഭഘട്ടത്തില്‍ത്തന്നെ വ്യാജപ്രവാചകരുടെ എണ്ണം പെരുകിയിട്ടുണ്ടാവണം. അതുകൊണ്ടായിരിക്കണം പൗലോസ്  അപ്പസ്തോലന്‍  യഥാര്‍ത്ഥ പ്രേഷിതനെക്കുറിച്ചുള്ള സൂചനകള്‍ നല്കുന്നത്. “ആട്ടില്‍ തോലിട്ട ചെന്നായ്ക്കളാണ് വ്യാജപ്രവാചകന്മാരെന്ന്,” ക്രിസ്തുതന്നെ പ്രസ്താവിച്ചിട്ടുണ്ട് (മത്തായി 7, 15).

3. ഫലങ്ങളില്‍നിന്നറിയാം    ഇന്നു നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍ വ്യാജപ്രവാചകന്മാര്‍ ഉണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഒരു മതവും ഇങ്ങനെയുള്ളൊരു സമൂഹിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുന്നുമില്ല. എങ്ങനെയാണ് തിരിച്ചറിയേണ്ടതെന്നുപോലും പറയാന്‍ വച്ചാത്ത വിധം  മാറ്ററിയാനുള്ള ഉരകല്ല് ഇല്ലെന്നു പറയാം. ഏകമാര്‍ഗ്ഗം ഫലങ്ങള്‍ കാണുകയെന്നതാണ്. ക്രിസ്തുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, “മുള്‍ച്ചെടിയില്‍നിന്ന് മുന്തിരിപ്പഴമോ,  ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ പറിക്കാനാവില്ലല്ലോ”  (മത്തായി 7, 16). ഫലങ്ങളില്‍നിന്ന് നമുക്ക് എന്തിനെയും തിരിച്ചറിയാം. അപ്പോള്‍ വസ്തുതകള്‍ക്ക് വ്യക്തതയുണ്ടാകും. ക്രിസ്തീയത പ്രബോധിപ്പിക്കുന്ന മതസങ്കല്പങ്ങള്‍ ഒരിക്കലും യുക്തിക്കോ സ്നേഹത്തിനോ നിരക്കാത്തതാവരുത്.  ഇന്നത്തെ സുവിശേഷം അത് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. ക്രൈസ്തവരുടെ നിലനില്പോ, പ്രവര്‍ത്തനങ്ങളോ, പ്രേഷിതത്വമോ ഒരിക്കലും അസത്യത്തില്‍ അധിഷ്ഠിതമാവരുത്. അതിനാല്‍, ചില മാനദണ്ഡങ്ങള്‍വച്ച് നമ്മുടെ അനുദിന മതാത്മക ജീവിതത്തിന്‍റെ,  ക്രൈസ്തവ ജീവിതത്തിന്‍റെ പാളിച്ചകളെയും കുറവുകളെയും തിരിച്ചറിയാവുന്നതാണ്:

4.  കൃപാജീവിതത്തിന്‍റെ  മാനദണ്ഡങ്ങള്‍   
i
. ആന്തരികതയെ തട്ടിത്തെറിപ്പിക്കുന്ന അല്ലെങ്കില്‍ തരംതാഴ്ത്തുന്ന അനുഷ്ഠാനങ്ങള്‍ അപകടകരമാണ്.
തന്‍റെ സമകാലീനരായ ഫരീസേയരോടും നിയമജ്ഞരോടും ക്രിസ്തു കലമ്പിയിരുന്നത് അക്കാരണത്താലായിരുന്നു.

ii. മതപരമായ അനുഷ്ഠാനങ്ങള്‍ ഓരോന്നോ ചെയ്ത് മോക്ഷം നേടാമെന്നത് വെറും വ്യാമോഹമാണ്. നമ്മുടെ പ്രാര്‍ത്ഥനാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും കുടുംബക്കൂട്ടായ്മകളിലുമൊക്കെ അറിഞ്ഞോ അറിയാതെയോ അത്തരത്തിലൊരു വ്യാജമായ അനുഷ്ഠാനങ്ങളുടെ വ്യാമോഹിപ്പിക്കല്‍ വളര്‍ന്നുവരുന്നുണ്ട്. മതം ഒരു ആചാരാനുഷ്ഠാനമല്ല,  അത് ജീവിത സമീപനമാണെന്ന് തിരിച്ചറിയേണ്ടതല്ലേ! അല്ലെങ്കില്‍ ക്രിസ്തു പകര്‍ന്നുതന്ന സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും ജീവിതശൈലി കാലം മറക്കാന്‍ ഇടയുണ്ട്. എന്നിട്ട്, ഈ അനുഷ്ഠാനങ്ങളില്‍ നിലനില്ക്കുന്ന ക്രൈസ്തവികത ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും അട്ടിമറിക്കാന്‍ സാദ്ധ്യതയുണ്ട്.

iii. അരുതുകളുടെ പട്ടിക മാത്രം പറയുന്നൊരാള്‍, പഴയനിയമത്തിലെ പത്തു കല്പനകളില്‍ മുഴക്കുന്ന സ്ഥായിയായ ശബ്ദംപോലെയാണ്. ക്രിസ്തുവിന്‍റെ സുവിശേഷം എന്തു ചെയ്യരുതെന്ന് പറയാതെ, എന്തു ചെയ്യണമെന്നു പറയാനാണ് ശ്രമിച്ചത്.
ഇത് പുതിയനിയമത്തിന്‍റെ ഏറെ അഗാധമായ ജീവിത രൂപീകരണമാണ്. വിലക്കുകള്‍കൊണ്ടു നിലനില്ക്കുന്ന ഇടമാണ് പള്ളിയെങ്കില്‍  അതിന് പട്ടാളവുമായി എന്തു വ്യത്യാസമാണുള്ളത്.

iv. ലാഘവമാര്‍ന്ന ജീവിതരീതികൊണ്ട് മതാത്മക ജീവിതത്തെ അടയാളപ്പെടുത്തുന്നതും  അപകടമാണ്. ഒരു വിലയും കൊടുക്കാതെ വെറുമൊരു അലച്ചിലല്ല മതവും മതാത്മകജീവിതവും. അവിടെ സ്നേഹസമര്‍പ്പണവും വെല്ലുവിളികളുമുണ്ട്. അതില്‍ ത്യാഗവും സ്നേഹവും പങ്കുവയ്ക്കലുമുണ്ടെന്നതും സത്യമാണ്!

v. അലച്ചില്‍ ഇല്ലാത്ത കൃപാസങ്കല്പങ്ങളുടെ സമൂഹമായി മതാത്മകജീവിതം വളരുന്നതില്‍ അര്‍ത്ഥമില്ല. പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പഠിപ്പിക്കുന്നപോലെ, ആദ്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യ സംസ്കൃതി വളര്‍ത്തണം. പാവങ്ങളുടെ ചേരിളിലേയ്ക്കും, കുടിലുകളിലേയ്ക്കും അതിരുകളിലേയ്ക്കും ഇറങ്ങി, ഉടുപ്പ് അഴുക്കാക്കുന്ന ഒരു അജപാലന ശൈലിയും, പാവങ്ങള്‍ക്കായുള്ള ഒരു പാവപ്പെട്ട സഭയുമാണ് ഇന്ന് അഭിമാക്യം, ഇന്ന് അടിയന്തിരമായിരിക്കുന്നെന്നും പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ ഇങ്ങനെയുള്ള കാരുണ്യസുവിശേഷം സഭയും മതസ്ഥാപനങ്ങളും നെഞ്ചിലേറ്റിയാല്‍
ഈ ലോകം സമാധാനപൂര്‍ണ്ണമാകുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നു. 

vi. നിയമത്തിനല്ല കൃപയ്ക്കാണ് ഒരു ഈശ്വരവിശ്വാസി, ക്രൈസ്തവന്‍ കീഴ്പ്പെടേണ്ടത്.  എന്നാല്‍ അതുകൊണ്ട് കൃപയ്ക്ക് കീഴ്പ്പെടാത്തവര്‍ തിന്മയ്ക്ക് കീഴ്പ്പെട്ടു ജീവിക്കാമെന്നും വിചാരിക്കരുത്. കൃപാജീവിതം പാപജീവിതമാകരുത്. (റോമ. 6, 15). ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകന്നുനില്ക്കുന്ന വിശ്വാസപ്രമാണങ്ങളുടെ മതത്തിന് എന്ത് അര്‍ത്ഥമാണുള്ളത്?!   നമുക്കു ചുറ്റുമുള്ള ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കും മനുഷ്യയാതനകള്‍ക്കും എതിരെ ഹൃദയ ജാലകങ്ങള്‍ കൊട്ടിയടച്ച്, സ്തോത്രഗീതങ്ങളിലും ഗാനാലാപനത്തിലും, നേര്‍ച്ചകാഴ്ചകളിലും ഊട്ടുതിരുനാളുകളിലും ഊതിവീര്‍പ്പിച്ചു നിറുത്തിയ ഒരു കൃപാസങ്കല്പങ്ങുമായി വളരുന്ന മതാത്മക ജീവിതം, സഭാജീവിതം അതില്‍ത്തന്നെ അപകടകരമാണ്. തന്‍റെ ശിഷ്യഗണത്തെ ലോകത്തുനിന്നും പറിച്ചെടുക്കാനോ അകറ്റി നിറുത്താനോ അല്ല ക്രിസ്തു ആഗ്രഹിച്ചത്.  തന്‍റെ സാധകരുടെ ജീവിതശൈലിക്ക് വ്യക്തമായ ധാരണകള്‍ നല്കണമെന്നും, അവരെ   ലോകത്തിന്‍റെ തിന്മകളില്‍നിന്ന് സംരക്ഷിക്കണമെന്നുമാണ് അവിടുന്നു പ്രാര്‍ത്ഥിക്കുന്നത്  (യോഹ. 17, 15).

5. പൂവണിയുന്ന ജീവിതധന്യത   താമരപ്പൂപോലെയാണ് ധ്യാനാത്മക ജീവിതങ്ങള്‍!  ചേറ്റില്‍ വേരൂന്നി വളര്‍ന്നി‌ട്ട് ചേറ്റിനുംമീതെ പൂവണിഞ്ഞു നല്ക്കുന്നു. എന്നാല്‍ ഒരു ഇദളില്‍പ്പോലും ചേറിന്‍റെ സാമീപ്യമില്ല, സ്പര്‍ശമില്ല. മറിച്ച് ഓരോ ദളത്തിലുമുണ്ട് ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രഭയും പരിമളവും! കടലിനെ മീനിന് ഉപ്പില്ലെന്നു പറയാറുണ്ടല്ലോ. അതുപോലെ മനോഹരമായിട്ടാണ് ആ ജീവിതങ്ങള്‍, ജീവിതസമര്‍പ്പണങ്ങള്‍ വിരിഞ്ഞു വിടര്‍ന്നുനില്ക്കുന്നത്!  “വലിയവന്‍ മറ്റുള്ളവരുടെ  ശുശ്രൂഷകനും സേവകനുമാകട്ടെ! സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. എന്നാല്‍ സ്വയം താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും”
ക്രിസ്തു നല്കുന്ന പുതിയ കാലത്തിന്‍റെ സുവിശേഷമിതാണ്. എളിമയിലും സ്നേഹത്തിലും കാരുണ്യത്തിലുമുള്ള സ്നേഹസമര്‍പ്പണമാക്കാം നമ്മുടെ ജീവിതങ്ങള്‍.  നമ്മുടെ എളിയ ജീവിതങ്ങള്‍കൊണ്ട് ക്രിസ്തു പഠിപ്പിക്കുന്ന കാരുണ്യത്തിന്‍റെ സുവിശേഷം പങ്കുവയ്ക്കാം. നമുക്ക്  യേശുവിനെപ്പോലെയാകാന്‍ പരിശ്രമിക്കാം!


(William Nellikkal)

04/11/2017 13:55