2017-11-01 19:47:00

മെജുഗോരയിലെ മേരിയന്‍ ദര്‍ശനങ്ങള്‍ : സമാധാനത്തിന്‍റെ ഉള്‍ക്കാഴ്ചകള്‍


കിഴക്കന്‍ യൂറോപ്പിന്‍റെ മേരിയന്‍ തീര്‍ത്ഥത്തിരുനട :

മെജുഗോരയിലെ മേരിയന്‍ അത്ഭുത സംഭവങ്ങള്‍ ഇനി പാപ്പാ ഫ്രാന്‍സിസ് പഠിച്ച് തീരുമാനിക്കുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ പ്രസ്താവിച്ചു.   ക്രൊയേഷ്യാ സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസം, ഓക്ടോബര്‍ 30-Ɔ൦ തിയതി ഇറക്കിയ പ്രസ്താവനയിലാണ് ക്രൊയേഷ്യയോടു ചേര്‍ന്നു കിടക്കുന്ന ബോസ്നിയ-ഹെര്‍സഗോവിനയിലെ മെജുഗോര മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.  കിഴക്കന്‍ യൂറോപ്പിന്‍റെ ആ തീര്‍ത്ഥത്തിരുനട ആയിരങ്ങള്‍ക്ക് സാന്ത്വനമേകുന്ന സമാധാനത്തിന്‍റെ സ്രോതസ്സാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചു.

പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച കമ്മിഷന്‍റെ പഠനങ്ങള്‍ പൂര്‍ത്തിയായിരിക്കെ ഇനിയുള്ള തീരുമാനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന്‍റേത് ആയിരിക്കുമെന്ന് സേര്‍ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്‍  വ്യക്തമാക്കി. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും മജുഗോരയില്‍ വന്നുചേരുന്ന തീര്‍ത്ഥാടകര്‍ക്ക് അജപാലനപരവും, ആദ്ധ്യാത്മികവുമായ സഹായങ്ങള്‍ നല്കുകയും, വചനപ്രബോധനത്തിലൂടെയും പഠനത്തിലൂടെയും അവരുടെ വിശ്വാസാനുഭവങ്ങളെ ബലപ്പെടുത്തുകയും വേണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു.

1981-മുതലാണ് ഹെര്‍സഗോവിനയിലെ മെഡിറ്ററേനിയന്‍ തീരത്തോടു ചേര്‍ന്നുള്ള മലഞ്ചെരുവിലെ വിശുദ്ധ യാക്കോസ്ലീഹായുടെ ദേവാലയാതിര്‍ത്തിയിലുശ്ശ സമാധാന രാജ്ഞിയുടെ സന്നിധിയില്‍  6 യുവാക്കള്‍ക്ക് മേരിയന്‍ ദര്‍ശനങ്ങള്‍ ഉണ്ടായത്. ഇന്നും തുടരുന്ന ദര്‍ശനങ്ങളുടെയും വിവിധ വ്യക്തികള്‍ അവകാശപ്പെടുന്ന അത്ഭുതങ്ങളുടെയും പഠനങ്ങള്‍ വത്തിക്കാന്‍റെ പ്രത്യേക കമ്മിഷന്‍ നിര്‍വ്വഹിക്കുകയുണ്ടായി.   രണ്ടു പതിറ്റാണ്ടില്‍ അധികമായി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും ആയിരങ്ങളാണ് മെജുഗോരയിലെ സമാധാനരാജ്ഞിയുടെ മാതൃസന്നിധിയില്‍ ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങള്‍ തേടിയെത്തുന്നത്. അനുവര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ മറ്റു രാജ്യങ്ങളില്‍നിന്നും മെജുഗോരയില്‍ എത്തുന്നുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.








All the contents on this site are copyrighted ©.