2017-11-01 18:36:00

രക്തസാക്ഷി റാണി മരീയ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്


ഇന്ത്യയുടെ ധീരയായ പ്രേഷിത - സിസ്റ്റര്‍ റാണി മരീയ

നവംബര്‍ 4-Ɔ൦ തിയതി ശനിയാഴ്ചയാണ് ഫ്രാന്‍സിസ്ക്കന്‍  ക്ലാരിസ്റ്റ് സഭാംഗവും രക്തസാക്ഷിയുമായ ദൈവദാസി സിസ്റ്റര്‍ റാണി മരീയ മദ്ധ്യപ്രദേശിലെ ഇന്തോറില്‍വച്ച് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.   ഇന്തോര്‍ രൂപതയുടെ മെത്രാസന മന്ദിരത്തോടു ചേര്‍ന്നുള്ള മൈതാനിയില്‍ ഒരുക്കുന്ന പ്രത്യേക വേദിയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ (Prefect of the Congregation for the Causes of Saints) മുഖ്യകാര്‍മ്മികത്വംവഹിക്കും. പ്രാദേശിക സമയം രാവിലെ 10 മണിക്ക് അര്‍പ്പിക്കപ്പെടുന്ന സമൂഹ ബലിയര്‍പ്പണത്തോടെയായിരിക്കും  ദൈവദാസി സിസ്റ്റര്‍ റാണി മരീയ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.

മദ്ധ്യപ്രദേശിലെ ഉദയനഗറില്‍വച്ചാണ് സിസ്റ്റര്‍ റാണി മരീയ വിശ്വാസത്തെപ്രതി ധീരമായി രക്തസാക്ഷിത്വം വരിച്ചത്. ഉദയനഗറിലെ പാവങ്ങളുടെമദ്ധ്യേ പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ റാണി മരീയയെ 1995 ഫെബ്രുവരി 5-Ɔ൦ തിയതി മതവിദ്വേഷികള്‍ കുത്തിക്കൊലപ്പെടുത്തുകയാണുണ്ടായത്.  ഘാതകര്‍ ഏല്പിച്ച 58 മുറിപ്പാടുകളില്‍ പിടഞ്ഞു മരിക്കുമ്പോഴും യേശുനാമം ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടാണ് ധീരയായ പ്രേഷിത തന്‍റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചത്.   ദൈവദാസിയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് പുറപ്പെടുവിച്ച ഡിക്രി 2017 മാര്‍ച്ച് 24-ന് വത്തിക്കാന്‍റെ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള സംഘം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമാണ്.

കേരളത്തില്‍ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ഗ്രാമത്തില്‍ വട്ടാലില്‍ പൈലി ഏലീശ്വ ദമ്പതികളുടെ പുത്രിയാണ്
സിസ്റ്റര്‍ റാണി മരീയ (1954-1995).








All the contents on this site are copyrighted ©.