2017-10-31 17:05:00

''ആണവായുധ രഹിത ലോകത്തിന്...'', വത്തിക്കാന്‍ അന്തര്‍ദേശീയസമ്മേളനം


ന്യൂക്ലിയര്‍ ആയുധരഹിത ലോകത്തിനുവേണ്ടിയുള്ള വത്തിക്കാന്‍റെ തുടര്‍പരിശ്രമത്തിന്‍റെ ഭാഗമായി നവംബറില്‍, ''ആണവായുധരഹിത ലോകത്തിനും സമഗ്രവികസനത്തിനും വേണ്ടിയുള്ള വീക്ഷണങ്ങള്‍'' ( "Perspectives for a World Free from Nuclear Weapons and Integral Development") എന്ന പ്രമേയവുമായി ഒരു അന്തര്‍ദേശീയ സമ്മേളനത്തിന് സമഗ്രമാനവവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റ് നേതൃത്വം നല്‍കുന്നു. വത്തിക്കാനില്‍ വച്ചു നവംബര്‍ 10-11 തീയതികളിലായി നടത്തുന്ന ഈ സമ്മേളനത്തെക്കുറിച്ചുളള വിവരങ്ങള്‍ അതിന്‍റെ കാര്യപരിപാടികളോടെ വത്തിക്കാന്‍ മാധ്യമകാര്യാലയം ഒക്ടോബര്‍ 30-നു പ്രസിദ്ധപ്പെടുത്തി. 

''ആണവായുധങ്ങളെ 'മാനവസമൂഹത്തിന്‍റെ ആത്മഹത്യയിലേയ്ക്കുള്ള അപകടസാധ്യത' എന്നാണു ഫ്രാന്‍സീസ് പാപ്പാ വിശേഷിപ്പിക്കുന്നത്. ഈ ന്യൂക്ലിയര്‍ ആയുധങ്ങളുടെ നിര്‍മാര്‍ജനത്തിനായി നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് ന്യൂക്ലിയര്‍ നിരായുധീകരണത്തിനു വേണ്ടിയുള്ള യു. എന്‍ സമ്മേളനത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ സന്ദേശത്തില്‍ ആവര്‍ത്തിച്ചുറപ്പിച്ച വാഗ്ദാനം നിറവേറ്റുന്നതിനാണ് ഈ മഹത്തായ സമ്മേളനത്തിലൂടെ പാപ്പാ പരിശ്രമിക്കുന്നത്'' എന്ന് ഈ കണ്‍വെന്‍ഷനെക്കുറിച്ച് മാധ്യമകാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഗ്രെഗ് ബര്‍ക് പ്രസ്താവിച്ചു. 

''കഴിഞ്ഞ സെപ്തംബറില്‍ ഒപ്പുവച്ച ന്യൂക്ലിയര്‍ ആയുധനിരോധനകരാറിനെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന ഈ സമ്മേളനം ആണവയുദ്ധത്തിന്‍റെ സങ്കീര്‍ണതയിലായിരിക്കുന്ന ലോകത്തില്‍ സുപ്രധാനമാണ്'' എന്ന്, സമഗ്രമാനവവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗം കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി ഫ്ലമീനിയ ജൊവനേല്ലി അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ അന്താരാഷ്ട്രസമൂഹത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് വിദഗ്ധരും നോബല്‍സമ്മാന ജേതാക്കളുമായവര്‍ സംസാരിക്കും.  ഒപ്പം ഹിരോഷിമ ദുരന്തത്തെ അതിജീവിച്ച ചിലരുടെ സാക്ഷ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

 








All the contents on this site are copyrighted ©.