2017-10-30 11:50:00

''നല്ല ഇടയര്‍ ദൈവജനത്തിനു നല്‍കപ്പെടുന്ന ഒരു കൃപ'': പാപ്പാ


ഒക്ടോബര്‍ 30-ാംതീയതി, തിങ്കളാഴ്ചയില്‍, സാന്താ മാര്‍ത്താമന്ദിരത്തിലെ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ മാര്‍പ്പാപ്പ നല്‍കിയ വചനസന്ദേശം ലൂക്കായുടെ സുവിശേഷത്തില്‍ നിന്ന്, യേശു കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നതിനെക്കുറിച്ചു വിവരിക്കുന്ന വിശുദ്ധ ഗ്രന്ഥ വായനയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു: 

''ദരിദ്രരും, രോഗികളും, പാപികളും, കുഷ്ഠരോഗികളുമായ എല്ലാവരും യേശുവിനോടൊത്തുണ്ടായിരുന്നു. അന്നത്തെ പുരോഹിതവര്‍ഗം ഉപേക്ഷിച്ച ആളുകളായിരുന്നു അവര്‍. യേശു നല്ലിടയനായിരുന്നു. നല്ലിടയന് അങ്ങനെയുളളവരെ സമീപിക്കാനും, അവരെ സ്പര്‍ശിക്കാനും കഴിയും.   മൂന്നാമതായി, ഒരു നല്ലിടയനു കഴിയുന്ന കാര്യമായി ഞാന്‍ പറയുന്നത് ശരീരത്തെക്കുറിച്ച്, ഒരിക്കലും ലജ്ജിക്കാനാവില്ല അദ്ദേഹത്തിന് എന്നതാണ്. മുറിവേല്ക്കപ്പെട്ട ശരീരത്തില്‍ നല്ല ഇടയന്‍ സ്പര്‍ശിക്കുന്നു''. കൂനുള്ള സ്ത്രീയെ തൊട്ടു സുഖപ്പെടുത്തുന്ന യേശുവിനെ വീണ്ടും ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട്, പാപ്പാ തുടര്‍ന്നു: ''യേശു ആ സ്ത്രീയോടു ചെയ്തതുപോലെ.  യേശു ആ സ്ത്രീയെ തൊട്ടു, അവന്‍ അവളുടെ മേല്‍ കൈകള്‍ വച്ചു, യേശു കുഷ്ഠരോഗികളെ, പാപികളെ എല്ലാവരെയും സ്പര്‍ശിക്കുന്നു''.

യേശുവിന്‍റെ കാലത്തെ പുരോഹിതരെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, നല്ലിടയന്‍റെ സ്വഭാവത്തെ പാപ്പാ തുടര്‍ന്നു വ്യക്തമാക്കി: ''എന്നാല്‍ പുരോഹിതവര്‍ഗത്തില്‍പ്പെട്ട അവര്‍ എപ്പോഴും, അധികാരത്തിന്‍റെയും പണത്തിന്‍റെയും പക്കലേയ്ക്കു കൂടുതല്‍ അടുക്കുകയാണ്.  അവര്‍ നല്ല ഇടയന്മാരല്ല. അവരുടെ പോക്കറ്റിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട്, എങ്ങനെ അധികാരത്തില്‍ കയറണമെന്ന്, എങ്ങനെ അധികാരശക്തിയുള്ളവരുടെ സുഹൃത്തുക്കളാകണമെന്ന് ആലോചിച്ചു തീരുമാനിക്കുന്നവര്‍.  ഇവരാണ് കപടനാട്യക്കാര്‍.  അവര്‍ക്കെല്ലാം കഴിയും.  അവര്‍ക്കു മറ്റുള്ളവര്‍, പ്രത്യേകിച്ചും ഇത്തരത്തിലുള്ളവര്‍ ഒരു വിഷയമേയല്ല. ഇവരെക്കുറിച്ചു പറയുമ്പോഴാണ് യേശു ഈ ഒരു വിശേഷണം ചേര്‍ക്കുക, 'കപടനാട്യക്കാര്‍'.  അവര്‍ക്കത് ഉതപ്പായി, അവരോര്‍ത്തു.  ഞങ്ങളോ, നിയമാനുസാരം ജീവിക്കുന്ന ഞങ്ങളങ്ങനെയല്ല''.

''ദൈവജനത്തിനു നല്ല ഇടയരുണ്ടായിരിക്കുക എന്നത് ഒരു കൃപയാണ്.  യേശുവിനെപ്പോലെയുള്ള അജപാലകര്‍, മുറിവേറ്റ ശരീരത്തെ തൊടാനറയ്ക്കാത്ത അജപാലകര്‍ ദൈവാനുഗ്രഹമാണ്...  നാമെല്ലാവരും വിധിക്കപ്പെടുന്നത്... സാമീപ്യത്തിന്‍റെ മാനദണ്ഡമനുസരിച്ചാണ്, സമ്പൂര്‍ണസാന്നിധ്യം, സ്പര്‍ശനം, ദൈവജനത്തിന്‍റെ സാഹചര്യങ്ങളെ പങ്കുവയ്ക്കല്‍ എന്നിങ്ങനെയുള്ള മാനദണ്ഡമനുസരിച്ചാണ്''.

''നല്ലിടയന്‍ എപ്പോഴും ജനത്തോടടുത്തുണ്ടായിരിക്കും, ദൈവം ശരീരം ധരിച്ചു വന്ന യേശുക്രിസ്തുവിലൂടെ നമ്മോടടുത്ത് ആയിരുന്നതുപോലെ.  അതു നമുക്കൊരിക്കലും മറക്കാതിരിക്കാം''. ഈ ഓര്‍മപ്പെടുത്തലോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.
 








All the contents on this site are copyrighted ©.