2017-10-27 13:10:00

ബഹിരാകാശയാത്രികരുമായി പാപ്പാ വീഡിയൊ കോണ്‍ഫ്രന്‍സില്‍


ഫ്രാന്‍സീസ് പാപ്പാ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള ബഹിരാകാശയാത്രികരുമായി വീഡിയൊ കോണ്‍ഫ്രന്‍സ്  നടത്തി.

വ്യാഴാഴ്ച (26/10/17) ഉച്ചകഴിഞ്ഞ് റോമിലെ സമയം 3 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 6.30നാണ് പാപ്പാ വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയിലെ ഒരു മുറിയിലിരുന്ന്, ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ശൂന്യാകാശത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ബഹിരാകാശനിലയത്തിലുള്ള ബഹിരാകാശയാത്രികരുമായി ഉപഗ്രഹ ഫോണ്‍ സംവിധാനമുപയോഗിച്ച്  കണ്ടു സംസാരിച്ചത്.

ഈ സംഭാഷണം 20 മിനിറ്റോളം ദീര്‍ഘിച്ചു.

ഈ നിലയത്തില്‍ 6 ബഹിരാകാശസഞ്ചാരികളാണുള്ളത്. അമേരിക്കയുടെ നാഷണല്‍ എയ്രെറെനോട്ടിക്കസ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്‍റെ, അതായത്, നാസയുടെ റാണ്ടോള്‍ഫ് ബ്രെസ്നിക്, മാര്‍ക് വാണ്ടെ ഹെയ്, ജോസഫ് അക്കാബ, റഷ്യയുടെ സെര്‍ജി റ്യത്സാന്‍സ്കി,  അലക്സാണ്ഡര്‍ മിസുര്‍ക്കിന്‍, ഇറ്റലിയുടെ പാവൊളൊ നേസ്പൊളി എന്നിവരാണ് പാപ്പായുമായി സംവദിച്ചത്.

ശൂന്യാകാശത്തില്‍ നിന്ന് പ്രപഞ്ചത്തെ, ഭൂമിയെ കാണുന്ന അനുഭവം, അപ്പോള്‍ നമ്മില്‍ ഉയരുന്ന നാം എവിടെ നിന്നുവരുന്നു, എങ്ങോട്ടു പോകുന്നു ഇത്യാദി ചോദ്യങ്ങള്‍, പ്രപഞ്ചത്തിന്‍റെ ചാലകശക്തിയായി നിലകൊള്ളുന്ന സ്നേഹം, വ്യക്തിതാല്‍പര്യങ്ങള്‍ പ്രബലപ്പെടുന്ന ലോകത്തില്‍ പരസ്പരസഹകരണത്തിന്‍റെ അനിവാര്യത, വിവധരാജ്യക്കാര്‍ ഒന്നുചേര്‍ന്നു ആ രാജ്യങ്ങള്‍ക്കുപരിയായി നിലകൊള്ളുന്ന ഒന്നിനുവേണ്ടി കൂട്ടായ്മയില്‍ നടത്തുന്ന പ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് പാപ്പാ ഉന്നയിച്ച വിവിധ ചോദ്യങ്ങള്‍ക്ക് ബഹിരാകാശ യാത്രികര്‍ ഓരോരുത്തരായി ഉത്തരമേകുകയും  പാപ്പാ അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ആശംസകളേകുകയും പ്രാര്‍ത്ഥന ഉറപ്പുനല്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.