2017-10-26 12:44:00

DOCAT ​XL​I: ''സ്നേഹവും നീതിയും പൊതുനന്മയും''


സഭയുടെ സാമൂഹികപ്രബോധനത്തിന്‍റെ, പൊതുനന്മ, വ്യക്തിമഹത്വം, ഐക്യദാര്‍ഢ്യം, സഹായതത്വം എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന ഡുക്യാറ്റ് നാലാം അധ്യായത്തിന്‍റെ  അവസാനഭാഗത്താണു നാം. അതില്‍ സഭയുടെ ആദ്യത്തെ സാമൂഹിക പ്രബോധനമായ 1891-ല്‍ എഴുതപ്പെട്ട റേരും നൊവാരും, അതിന്‍റെ നൂറാംവര്‍ഷത്തില്‍ എഴുതപ്പെട്ട ചെന്തേസ്സിമൂസ് അന്നൂസ്  കൂടാതെ, എവാഞ്ചേലിയും വീത്തേ, കാരിത്താസ് ഇന്‍ വെരിത്താത്തെ, എവാഞ്ചെലീ ഗാവുദിയും എന്നീ രേഖകളില്‍ നിന്നുള്ള 12 ഭാഗങ്ങളാണുള്ളത്. ഈ ഭാഗത്ത് അവസാനമായി കൊടുത്തിരിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ കാരിത്താസ് ഇന്‍ വെരിത്താത്തെ, ഫ്രാന്‍സീസ് പാപ്പായുടെ എവാഞ്ചെലീ ഗാവുദിയും എന്നീ രേഖകളില്‍ നിന്നുള്ള നാലു ഖണ്ഡികകളാണ് ഇന്നു നമ്മുടെ ചര്‍ച്ചയ്ക്കുള്ളത്.
സത്യത്തില്‍ സ്നേഹം (CARITAS IN VERITATE) ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ആദ്യത്തെ സാമൂഹിക ചാക്രികലേഖനമാണ്.  2009-ല്‍ പുറപ്പെടുവിച്ച ഈ രേഖ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചെന്തേസ്സിമൂസ് ആന്നൂസ് എന്ന 1991-ലെ രേഖയ്ക്കുശേഷം വരുന്ന ആദ്യസാമൂഹിക പ്രബോധനരേഖയാണെന്നുള്ളതും ശ്രദ്ധേയമാണ്. ഈ രേഖയില്‍നിന്നുള്ള 6-ഉം 7-ഉം ഖണ്ഡികകള്‍ നാം ആദ്യം ചര്‍ച്ച ചെയ്യുകയാണ്.  ആറാമത്തെ ഖണ്ഡികയില്‍, നീതിയെയും സ്നേഹത്തെയും തമ്മില്‍ ബന്ധിപ്പിക്കുകയാണു പാപ്പാ.  സ്നേഹം എന്നത് എനിക്കുള്ളതു അപരനു നല്‍കുകയാണ്;  അപരന് അവകാശപ്പെട്ടതുമാത്രം നല്‍കുന്നതിനപ്പുറമാണത്; അവകാശപ്പെടാനാവാത്തത് ഒരുവന്‍ അപരനു നല്‍കുകയെന്നതാണത്.  അതിനാല്‍, അവകാശപ്പെട്ടതു നല്‍കാന്‍ തയ്യാറല്ലാത്ത ഒരുവനു അതിനപ്പുറമുള്ള നല്‍കാനാവില്ല.  നീതി നല്‍കാതെ, സ്നേഹംനല്‍കി എന്നു പറയാനാവില്ല.  അതുകൊണ്ടാണ് നീതിയെ അതിശയിക്കുന്ന സ്നേഹത്തെക്കുറിച്ചു നാം പറയുക.  പാപ്പായുടെ പ്രബോധനത്തിലേക്കു കടക്കാം.

കാരിത്താസ് ഇന്‍ വെരിത്താത്തെ 6 (ചാക്രികലേഖനം, ബെനഡിക്ട് 16-ാമന്‍ പാപ്പാ, 2009): പരസ്നേഹം നീതിക്കുമപ്പുറം കടക്കുന്നു
ഒന്നാമതായി, നീതി പരിഗണിക്കാം.  എവിടെ സ്നേഹമുണ്ടോ അവിടെ നിയമമുണ്ട് (UBI SOCIETAS IBI IUS). ഓരോ സമൂഹവും സ്വന്തം നീതിസമ്പ്രദായം ക്രോഡീകരിക്കുന്നു.  കാരിത്താസ് നീതിക്ക് അപ്പുറം കടക്കുന്നു.  എന്തെന്നാല്‍ സ്നേഹിക്കുകയെന്നത് നല്‍കുകയെ ന്നതാണ്.  എന്‍റേത് മറ്റൊരാള്‍ക്കു നല്‍കുകയെന്നാണ്.  എന്നാല്‍, ഇതു നീതിരഹിതമായിരിക്കുന്നില്ല.  അന്യന്‍റേത് അവനു നല്‍കാന്‍ നീതി പ്രേരിപ്പിക്കുന്നുണ്ടല്ലോ.  അന്യന് അവന്‍റെ അസ്തിത്വം മൂലമോ പ്രവൃത്തിമൂലമോ നല്‍കപ്പെടേണ്ടത് നല്‍കാന്‍ അതു പ്രേരിപ്പിക്കുന്നു.  നീതിയനുസരിച്ച് അവന്‍റേതായിരിക്കുന്നത് അവന് ആദ്യം കൊടുക്കാതെ എന്‍റേത് അവനു നല്‍കാന്‍ സാധ്യമല്ല.  നാം മറ്റുള്ളവരുടെ കാരിത്താസ് മൂലം - സ്നേഹത്തില്‍ - സ്നേഹി ച്ചാല്‍, നാം ഒന്നാമതായി അവരോടു നീതി പുലര്‍ത്തുന്നവരായിരിക്കും.  നീതി കാരിത്താസിനു പുറമേയുള്ളതല്ല. അതു സ്നേഹത്തിനു പകരമായിട്ടുള്ളതോ സമാന്തരമായിട്ടുള്ളതോ അല്ല. നീതി സ്നേഹത്തില്‍നിന്നു വേര്‍തിരിക്കാനാകാത്തതാണ്. ആന്തരികമായി അതില്‍ നി ല കൊള്ളുന്നതാണ്.  നീതി സ്നേഹത്തിന്‍റെ ഒന്നാമത്തെ മാര്‍ഗമാണ്. അഥവാ, പോള്‍ ആറാ മന്‍ പാപ്പായുടെ വാക്കുകളില്‍ പറഞ്ഞാല്‍, അതിന്‍റെ ഏറ്റവും ചുരുങ്ങിയ അളവാണ്, പ്രവൃത്തിയിലും സത്യത്തിലും (1 യോഹ 3,18) എന്നത്.  സ്നേഹത്തിന്‍റെ ഒരു മൗലികഭാ ഗമാണത്. അതുണ്ടായിരിക്കണമെന്നാണ് വിശുദ്ധ യോഹന്നാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നത്. ഒരു വശത്ത് സ്നേഹം നീതി ആവശ്യപ്പെടുന്നു.  വ്യക്തികളുടെയും ജനതകളുടെയും നിയമാനുസൃതമായ അവകാശങ്ങള്‍ അംഗീകരിക്കുകയും അവയെ ആദരിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നു.  നിയമവും നീതിയുമനുസരിച്ച് ഭൗമികനഗരം നിര്‍മിക്കാന്‍ അതു പരിശ്രമിക്കുന്നു.  മറുവശത്ത്, സ്നേഹം നീതിയെ അതിലംഘിക്കുന്നു. നല്‍കലിന്‍റെയും ക്ഷമിക്കലിന്‍റെയും യുക്തിയില്‍ അതിനെ പൂര്‍ണമാക്കുകയും ചെയ്യുന്നു. ഭൗമികനഗരം വളര്‍ത്തപ്പെടുന്നത് അവകാശങ്ങളുടെയും കടമകളുടെയും ബന്ധങ്ങള്‍ കൊണ്ടുമാത്രമല്ല.  അതിലേറെ യായി, കൂടുതല്‍ മൗലികമായി, സൗജന്യദാനത്തിന്‍റെയും കാരുണ്യത്തിന്‍റെയും സംസ ര്‍ഗത്തിന്‍റെയും ബന്ധങ്ങള്‍ കൊണ്ടുകൂടിയാണ്.

ഭൗമികനഗരം വളര്‍ത്തപ്പെടേണ്ടത് അഥവാ ഭൂമിയെ ദൈവരാജ്യസ്വഭാവത്തിലേക്കു വള ര്‍ത്തേ ണ്ടത് അവകാശങ്ങളും കടമകളും കൊണ്ടുമാത്രമല്ല, അതും അതിനെ അതിശയി ക്കുന്ന സൗജന്യദാനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ബന്ധങ്ങള്‍ കൊണ്ടുകൂടിയാണ്. ഉദാ ഹരണമായി വേലക്കാരനു അവനര്‍ഹതപ്പെട്ട കൂലി കൊടുക്കുമ്പോഴും അവന്‍റെ രോഗാ വസ്ഥയിലോ, മറ്റു അടിയന്തിരസഹായം അര്‍ഹിക്കുന്ന വേളയിലോ കൂടുതല്‍ സഹായം ചെയ്യുന്ന സൗജന്യദാനം സ്നേഹത്തിലെത്തിനില്‍ക്കുന്നു.
ഏഴാമത്തെ ഖണ്ഡ‍ികയില്‍ പൊതുനന്മയ്ക്ക് നീതിയും സ്നേഹവും എപ്രകാരം ആവശ്യ മാണ് എന്നു പാപ്പാ സമര്‍ഥിക്കുന്നതാണു നാം കാണുക.  പൊതുനന്മയ്ക്കുവേണ്ടിയുള്ള സമര്‍പ്പണം സ്നേഹത്താല്‍ പ്രചോദിതമാകണമെന്നു പാപ്പാ ഇവിടെ പഠിപ്പിക്കുന്നു.  

കാരിത്താസ് ഇന്‍ വെരിത്താത്തെ 7 (ചാക്രികലേഖനം, ബെനഡിക്ട് 15-ാമന്‍ പാപ്പാ, 2009): 
പൊതുനന്മ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുകയെന്നത് നീതിയും സ്നേഹവും ആവശ്യപ്പെടുന്ന കാര്യമാണ്.  പൊതുനന്മയ്ക്കു യോജിച്ച നിലപാടു സ്വീകരി ക്കുകയെന്നത് ഒരു വശത്ത്, സ്ഥാപനശൃംഖലയോടു താല്‍പ്പര്യം ഉണ്ടായിരിക്കുകയും മറുവശത്ത് അവയെ പ്രയോജനകരമാക്കുകയും ചെയ്യുക എന്നതാണ്.  നിയമപരമായും പൗരപരമായും രാഷ്ട്രീയമായും സാംസ്ക്കാരികമായും സമൂഹത്തതിന്‍റെ ജീവിതത്തിനു ഒരു ഘടന നല്‍കി അതിനെ ഒരു നഗരം (polis) ആക്കുന്ന ഒന്നാണ് ആ സ്ഥാപന ശൃംഖല.  നമ്മുടെ അയല്‍ക്കാരുടെ യഥാര്‍ഥ ആവശ്യങ്ങള്‍ക്കു ചേര്‍ന്ന പൊതുനന്മ ഉറപ്പു വരുത്താന്‍ നാം എത്ര കൂടുതല്‍ പരിശ്രമിക്കുന്നുവോ, അത്ര കൂടുതല്‍ കാര്യക്ഷമമായി നാം അവരെ സ്നേഹിക്കുന്നു.  ഓരോ ക്രൈസ്തവനും ഈ സ്നേഹം പ്രയോഗത്തിലാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.  തന്‍റെ വിളിക്കു ചേര്‍ന്ന വിധത്തിലും നഗരത്തില്‍ തനിക്കുള്ള സ്വാധീനമനുസരിച്ചും അങ്ങനെ ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.  ഇതാണ് സ്നേഹത്തിന്‍റെ സ്ഥാപ നപരമായ വഴി.  അതിനെ രാഷ്ട്രീയവഴിയെന്നും വിളിക്കാം.  നഗരത്തിന്‍റെ സ്ഥാപനപര മായ മധ്യവര്‍ത്തിത്വത്തിനു വെളിയില്‍ അയല്‍ക്കാരനെ നേരിട്ടു കണ്ടുമുട്ടുന്ന സ്നേഹത്തെ ക്കാള്‍ മേന്മ കുറഞ്ഞതോ കാര്യക്ഷമത കുറഞ്ഞതോ അല്ല ഈ സ്നേഹം.  പൊതുനന്മ യ്ക്കായുള്ള സമര്‍പ്പണം സ്നേഹത്താല്‍ പ്രചോദിതമാകുമ്പോള്‍ അതു കേവലം സെക്കുലറും രാഷ്ട്രീയവുമായ നിലപാടിനെക്കാള്‍ കൂടുതല്‍ മൂല്യമുള്ളതാകും.

ഫ്രാന്‍സീസ് പാപ്പായുടെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന പ്രമേയങ്ങളുടെ പ്രവാഹം എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രേഖയാണ് എവാഞ്ചെലീ ഗാവുദിയും അല്ലെങ്കില്‍ സുവിശേഷത്തിന്‍റെ ആനന്ദം (EVANGELII GAUDIUM) എന്ന അപ്പസ്തോലികാഹ്വാനം. ഇത് സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ ഒരു സംഗ്രഹം തന്നെയാണ് എന്നു പറയാം. ഇതിലെ 67, 189 ഖണ്ഡികകളാണ് ഇവിടെ നാം കാണുക.  67-ാമത്തെ ഖണ്ഡിക വ്യക്തിവാദത്തെ ഖണ്ഡിച്ചുകൊണ്ട് സുഖ പ്പെടുത്തലിന്‍റെ, പാലങ്ങള്‍ പണിയേണ്ടതിന്‍റെ, പരസ്പരം ഭാരം വഹിക്കേണ്ടതിന്‍റെ, ബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ഒരു സംസര്‍ഗത്തിന്‍റെ സംസ്ക്കാരം ദൈവപിതാവുമായുള്ള ബന്ധം ആവശ്യപ്പെടുന്നുവെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. 

 എവാഞ്ചെലീ ഗാവുദിയും 67 (അപ്പസ്തോലികാഹ്വാനം, ഫ്രാന്‍സീസ് പാപ്പാ, 2013): നമ്മു‌ടെ അയല്‍ക്കാരനിലേക്കു പാലം പണിയുക 
അത്യാധുനികവും ആഗോളവത്കൃതവുമായ നമ്മുടെ കാലഘട്ടത്തിന്‍റെ വ്യക്തിവാദം (Individualism) വൈയക്തികബന്ധങ്ങളുടെ വികസനവും സ്ഥിരതയും ദുര്‍ബലപ്പെടുത്തുന്നതും കുടുംബബന്ധങ്ങള്‍ തലകീഴ്മറിക്കുന്നതുമായ ഒരു ജീവിതശൈലിയെയാണ് അനുകൂലിക്കുന്നത്.  സുഖപ്പെടുത്തുന്നതും വ്യക്ത്യന്തരബന്ധങ്ങള്‍ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതുമായ ഒരു സംസര്‍ഗമാണ് ദിവ്യപിതാവുമായുള്ള ബന്ധം ആവശ്യപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്ന വസ്തുത നമ്മുടെ അജപാലനപ്രവ‍ര്‍ത്തനം കുറെക്കൂടി മെച്ചമായി വെളിപ്പെടുത്തണം.
നമ്മുടെ ലോകത്തില്‍, പ്രത്യേകിച്ച് ചില രാഷ്ട്രങ്ങളില്‍, യുദ്ധത്തിന്‍റെയും സംഘര്‍ഷത്തിന്‍റെ യും വിവിധരൂപങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാലും ക്രിസ്ത്യാനികളായ നമ്മള്‍ മറ്റുള്ളവരെ ബഹുമാനിക്കുക, മുറിവുകള്‍ സുഖപ്പെടുത്തുക, പാലങ്ങള്‍ പണിയുക, ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, 'പരസ്പരം ഭാരം വഹിക്കുക' (ഗലാ 6:2) എന്നീ നിലപാടുകളില്‍ ദൃഢതയോടെ നിലനില്‍ക്കുകയാണ്.  അവകാശങ്ങളുടെ സംരക്ഷണത്തിനും ശ്രേഷ്ഠലക്ഷ്യങ്ങള്‍ക്കായുള്ള പരിശ്രമത്തിനും വേണ്ട വിവിധ സംഘടനകള്‍ ഇന്നും സ്ഥാപി ക്കപ്പെടുന്നുണ്ട്. സാമൂഹികവും സാംസ്ക്കാരികവുമായ പുരോഗതിക്കു സംഭാവനനല്‍കാന്‍ അനേകര്‍ക്കുള്ള ആഗ്രഹത്തിന്‍റെ അടയാളമാണിത്.

189-ാമത്തെ ഖണ്ഡികയും ഇതേ രീതിയില്‍, എന്നാല്‍ മുന്‍ഗാമിയായ ബെനഡിക്ട് പതി നാറാമന്‍ പാപ്പാ പഠിപ്പിക്കുന്നതുപോലെ, പൊതു നന്മയെക്കുറിച്ചു പഠിപ്പിക്കുന്നു. പൊതു നന്മയ്ക്കുവേണ്ട ഐക്യദാര്‍ഢ്യമാണ് ഇവിടെ പാപ്പാ ഊന്നിപ്പറയുന്ന കാര്യം.  പൊതുനന്മയ്ക്കായി കൂടുതല്‍ നന്നായി സേവനം ചെയ്യാന്‍ അവ സംരക്ഷിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് സ്വകാര്യസ്വത്തവകാശംകൊണ്ടു പാപ്പാ ഉദ്ദേശിക്കുന്നത്. 

എവാഞ്ചെലീ ഗാവുദിയും 189 (അപ്പസ്തോലികാഹ്വാനം, ഫ്രാന്‍സീസ് പാപ്പാ, 2013): സ്വകാര്യസ്വത്ത് പൊതുനന്മയ്ക്ക് 

വസ്തുവകകളുടെ സാമൂഹികധര്‍മവും സമ്പത്തിന്‍റെ സാര്‍വത്രിക ലക്ഷ്യവും സ്വകാര്യസ്വത്തിനു മുമ്പേ ഉണ്ടായ യാഥാര്‍ഥ്യങ്ങളാണെന്നു മനസ്സിലാക്കിയവരുടെ പ്രതികരണമാണ് ഐക്യദാര്‍ഢ്യം.  സ്വകാര്യസ്വത്തവകാശം നീതീകരിക്കപ്പെടുന്നത്, പൊതുനന്മയ്ക്കായി കൂടുതല്‍ നന്നായി സേവനം ചെയ്യാന്‍ അവ സംരക്ഷിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ആവശ്യത്താലാണ്. ഇക്കാരണത്താല്‍, ദരിദ്രരുടേതായിരിക്കുന്നത് അവര്‍ക്കു തിരിച്ചു കൊടുക്കാനുള്ള തീരുമാനമായാണ് ഐക്യദാര്‍ഢ്യം ജീവിക്കേണ്ടത്.  ഐക്യദാര്‍ഢ്യത്തിന്‍റെ ഈബോധ്യങ്ങളും ശീലങ്ങളും പ്രയോഗത്തിലാക്കിയാല്‍ മറ്റുള്ള വ്യ വസ്ഥാപരമായ പരിവര്‍ത്തനങ്ങള്‍ക്കു വഴിയൊരുങ്ങുകയും അവ സാധ്യമാവുകയും ചെ യ്യും. പുതിയ ബോധ്യങ്ങളും മനോഭാവങ്ങളും സൃഷ്ടിക്കാത്ത വ്യവസ്ഥിതികള്‍ പെട്ടെന്നോ പിന്നീടോ ജീര്‍ണിക്കുകയും പീഡനാത്മകവും കാര്യക്ഷമതാരഹിതവുമാകുമെന്നത് ഉറപ്പാണ്.

നീതിയെ അതിശയിക്കുന്ന സ്നേഹം, ഐക്യദാര്‍ഢ്യം ആവശ്യപ്പെടുന്നു. ഭൗതികവസ്തുക്കളോ, ബൗദ്ധികകഴിവുകളോ, ആരോഗ്യമോ എന്തുതന്നെയായാലും നീതിയിലും അതിനെ അതിശയിക്കുന്ന സ്നേഹത്തിലും ഐക്യദാര്‍ഢ്യത്തോടെ ഉപയോഗപ്പെടുത്തുന്നതിന് വ്യക്തികള്‍ക്ക് വിവിധ അളവുകളില്‍ അതു നല്‍കപ്പെടുന്നു എന്നാണ് സഭ പഠിപ്പിക്കുക. സഭയുടെ പ്രബോധനങ്ങള്‍ ചെവിക്കൊണ്ട് നീതിയും സ്നേഹവുമായ ദൈവത്തിന്‍റെ പൂര്‍ണതയിലേക്കു നമുക്കു വളരാം.








All the contents on this site are copyrighted ©.