2017-10-20 12:48:00

അസമത്വവും പ്രകൃതിയെ ചൂഷണം ചെയ്യുന്നതും ഒഴിവാക്കുക-പാപ്പാ


അസമത്വവും നമ്മുടെ ഗ്രഹത്തെ നാം ചൂഷണം ചെയ്യുന്നതുമാണ് അപരനെ അവഗണിക്കുന്നതിനും പ്രാന്തവല്ക്കരണത്തിനും പോഷണമേകുന്നതെന്ന് പാപ്പാ.

“കമ്പോളവും രാഷ്ടവും പൗരസമൂഹവും തമ്മിലുള്ള ബന്ധങ്ങള്‍  പരിവര്‍ത്തനവിധേയമാക്കുക” എന്നത് വിചിന്തനം പ്രമേയമായി സ്വീകരിച്ചുകൊണ്ട്  സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമി വ്യാഴാഴ്ച (19/10/17) വത്തിക്കാനില്‍ ആരംഭിച്ച ത്രിദിന ശില്പശാലയില്‍ പങ്കെടുക്കുന്നവരെ അതിന്‍റെ രണ്ടാംദിവസമായിരുന്ന വെള്ളിയാഴ്ച (20/10/17) സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അസമത്വവും ചൂഷണവും വ്യക്തികളുടെ വിഭിന്നങ്ങളായ പെരുമാറ്റരീതികളേയും ഓരോ സമൂഹത്തിന്‍റെയും സാമ്പത്തിക നിയമങ്ങളേയും ആശ്രയിച്ചിരിക്കുന്നതിനാല്‍ അവയെ വിധിയെന്നു പറയാനാകില്ലയെന്നും പാപ്പാ വിശദീകരിച്ചു.

ലാഭമാണ് ലക്ഷ്യമെങ്കില്‍ പ്രജാധിപത്യം ധനാധിപത്യമായി (PLUTOCRAZY) ഭവിക്കുമെന്നും അവിടെ അസമത്വവും പ്രകൃതിയെ ചൂഷണംചെയ്യുന്നതും വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുമെന്നും പാപ്പാ പറഞ്ഞു.

അപരനെ അവഗണിക്കുന്നതിന്, അല്ലെങ്കില്‍ ഒഴിവാക്കുന്നതിനു മറ്റൊരു കാരണം മനുഷ്യാന്തസ്സിന് അനുയോച്യമായ തൊഴിലിന്‍റെ അഭാവമാണെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ വ്യക്തിയുടെയും പൊതുനന്മയുടെയും പ്രകൃതിയോടുള്ള ആദരവിന്‍റെയും സേവനത്തിന് യഥര്‍ത്ഥത്തില്‍ ഉതകുന്നതായ കര്‍മ്മനയരൂപീകരണം ആവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ചു.

ആകയാല്‍ ഇന്നു പ്രബലമായിരിക്കുന്ന  സാമൂഹ്യക്രമത്തിന്‍റെ മാതൃകകളെ ആന്തരികമായ പരിവര്‍ത്തനം ചെയ്തുകൊണ്ട് അവയെ ഉല്ലംഘിക്കാനുള്ള ധൈര്യത്തോടുകൂടി പരിശ്രമിക്കുക എന്നതാണ് ഏറ്റെടുക്കേണ്ട വെല്ലുവിളിയെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സമ്പത്തുണ്ടാക്കുന്നതിലും സ്ഥായിയായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിലും മാത്രം കാര്യക്ഷമത പുലര്‍ത്താതെ സമഗ്രമാനവപുരോഗതിക്കായി യത്നിക്കുന്നതിനും വ്യവസായലോകത്തോട് ആവശ്യപ്പെടേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

കര്യക്ഷമതയുടെ അള്‍ത്താരയില്‍ പ്രജാധിപത്യം. നീതി. സ്വാതന്ത്ര്യം, കുടുംബം, സൃഷ്ടി എന്നീ മൗലികമൂല്യങ്ങള്‍ കുരുതികഴിക്കാന്‍ ആകില്ല എന്നു പ്രസ്താവിച്ച പാപ്പാ മനുഷ്യനോടും അവന്‍റെ ചുറ്റുപാടുകളോടും സൗഹൃദം പുലര്‍ത്തുന്ന ഒരു ധാര്‍മ്മികതയില്‍ വ്യവസായത്തെ പരിഷ്കൃതമാക്കിത്തീര്‍ക്കേണ്ടിയിരിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.