2017-10-20 13:04:00

109 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്


സ്പെയിന്‍ സ്വദേശിയായ വിശുദ്ധ അന്തോണി മേരി ക്ലാരെറ്റ് സ്ഥാപിച്ച ക്ലരീഷ്യന്‍ സമൂഹത്തില്‍പ്പെട്ട 109 രക്തസാക്ഷികള്‍ ശനിയാഴ്ച (21/10/17) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടും.

സ്പെയിനിലെ മതപീഢനകാലത്ത്, 1936-1937 വര്‍ഷങ്ങളില്‍ വിശ്വാസത്തെപ്രതി സുധീരം ജീവന്‍ ബലികൊടുത്തവരാണ് ഈ നിണസാക്ഷികള്‍.

ബര്‍സെല്ലോണയില്‍, 1882 ല്‍ ആരംഭിച്ചതും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും 2010 ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ആശീര്‍വ്വദിക്കുകയും ചെറുബസിലിക്ക (മൈനര്‍ ബസിലിക്ക) ആയി പ്രഖ്യാപിച്ചതുമായ തിരുക്കുടുംബത്തിന്‍റെ ദേവലയമാണ് വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മവേദി.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ  അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ, മാര്‍പ്പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യാകാര്‍മ്മികത്വം വഹിക്കും.

പ്രാര്‍ത്ഥിക്കുകയും മര്‍ദ്ദകരോട് പൊറുക്കുകയും ഞങ്ങള്‍ക്ക് ഭയമില്ല എന്ന് ഉദ്ഘോഷിക്കുകയും ചെയ്തുകൊണ്ട് ജീവാര്‍പ്പണം ചെയ്ത ക്ലരീഷ്യന്‍ സമൂഹംഗങ്ങളായ 109 നിണസാക്ഷികളുടെ ആ ബലി നവവും ഉപരിശക്തവും സുവിശേഷത്തിന്‍റെ സത്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം പുലര്‍ത്തുന്നതുമായ ഒരു ക്രൈസ്തവികതയുടെ വിത്താണെന്ന് കര്‍ദ്ദിനാള്‍ അമാത്തൊ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു.

സഭ നിണസാക്ഷികളെ പ്രകീര്‍ത്തിക്കുന്നത് അവരുടെ വിജയത്തെപ്രതിയല്ലയെന്നും മറിച്ച്, അതിരുകളില്ലാത്ത സ്നേഹത്തിന്‍റെ സനാതനക്രൈസ്തവനിയമം ഇന്നലെയും നാളെയും എന്നപോലെ ഇന്നും അവതരിപ്പിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.    

 

 








All the contents on this site are copyrighted ©.