സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

DOCAT ​XL​: ''സഭയുടെ സാമൂഹികപ്രബോധനം സംവാദത്തില്‍''

DOCAT: സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രബോധനഗ്രന്ഥം

19/10/2017 11:46

പൊതുനന്മ, വ്യക്തിമഹത്വം, ഐക്യദാര്‍ഢ്യം, സഹായതത്വം എന്നിവയെക്കുറിച്ചു  പ്രതിപാദിക്കുന്ന ഡുക്യാറ്റിന്‍റെ നാലാമധ്യായ ത്തിന്‍റെ അവസാനം നല്‍കിയിരിക്കുന്ന സുപ്രധാന പ്രമാണരേഖകളില്‍ നിന്നുള്ള ചില ഭാഗങ്ങളിലൂടെ കടന്നു പോവുകയാണു നാം. അതില്‍ സഭയുടെ ആദ്യത്തെ സാമൂഹിക പ്രബോധനമായ റേരും നൊവാരും എന്ന രേഖയില്‍ നിന്ന് 11, 12, 28 എന്നീ ഖണ്ഡികകളും, ആ രേഖ പുറപ്പെടുവിച്ചതിന്‍റെ നൂറാംവര്‍ഷത്തില്‍ എഴുതപ്പെട്ട ചെന്തേസ്സിമൂസ് അന്നൂസ് എന്ന രേഖയില്‍ നിന്ന് 10-ാമത്തെ ഖണ്ഡികയും കഴി‍ഞ്ഞ ദിനത്തില്‍ നാം ചര്‍ച്ച ചെയ്തു.  
ഇവിടെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചെന്തേസ്സിമൂസ് അന്നൂസ് എന്ന ചാക്രികലേഖനത്തില്‍ നിന്നു 15, 49, 59 എന്നീ ഖണ്ഡികകളും, പാപ്പായുടെ തന്നെ, എവാഞ്ചേലിയും വീത്തേ എന്ന ചാക്രികലേഖനത്തില്‍ നിന്നു 12-ാമത്തെ ഖണ്ഡികയുമാണ് നാം പഠനത്തിനെടുത്തിരിക്കുന്നത്.  1991 മെയ് 15-നു പ്രസിദ്ധീകരിച്ച ചെന്തേസ്സിമൂസ് അന്നൂസ് എന്ന ചാക്രികലേഖനം വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഒന്‍പതാമത്തെ രേഖയാണ്. ഈ ലേഖനത്തില്‍ റേരും നൊവാരു മിന്‍റെ ഒരപഗ്രഥനവും, ആ രേഖമൂലമുണ്ടായ സദ്ഫലങ്ങളുടെ വിശദീകരണവും നല്‍കി അതിന്‍റെ അനശ്വരപ്രസക്തി വെളിവാക്കുകയാണു പാപ്പാ. ഒപ്പം സമകാലീനലോകത്തിലെ സാമൂഹികപ്രശ്നങ്ങളെ പഠിക്കുകയും സഭയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശി ക്കുകയും ചെയ്യുന്നുണ്ട്. പൊതുനന്മ, വ്യക്തിമഹത്വം, ഐക്യദാര്‍ഢ്യം, സഹായതത്വം എന്നീ സഭയുടെ സാമൂഹിക തത്വങ്ങളെക്കുറിച്ച്, മറ്റു സാമൂഹിക തത്വശാസ്ത്രങ്ങളുമായി എങ്ങനെ സംവദിക്കുന്നു എന്നതിനെക്കുറിച്ച്, സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ അവയെ എങ്ങനെ പരസ്പരബന്ധിതമാക്കുന്നു എന്നതിനെക്കുറിച്ചു വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ അരൂപിയുടെ പ്രകാശത്തില്‍ എഴുതപ്പെട്ടതാണ്. 

ചെന്തേസ്സിമൂസ് അന്നൂസിന്‍റെ 15-ാമത്തെ ഖണ്ഡികയില്‍ തൊഴിലാളികളുടെ അവകാശങ്ങ ളെ ക്കുറിച്ച് സംസാരിക്കുമ്പോള്‍ സഹായതത്വത്തെക്കുറിച്ചു, തൊഴില്‍ മേഖലയിലുണ്ടായി രിക്കേണ്ട ഐക്യദാര്‍ഢ്യത്തെക്കുറിച്ചും പാപ്പാ പഠിപ്പിക്കുന്നു. പാപ്പാ അവിടെ പറയുന്നത് ഇപ്രകാരമാണ്:

ചെന്തേസ്സിമൂസ് അന്നൂസ് 15 (ജോണ്‍ പോള്‍ 2-ാമന്‍ പാപ്പാ, 1991):  രാഷ്ട്രവും സാമൂഹിക തത്വങ്ങളും

ഈ ലക്ഷ്യങ്ങള്‍ അതായത്, തൊഴിലാളികളുടെ അവകാശങ്ങള്‍ പ്രാപിക്കാന്‍ വേണ്ട സംഭാവന പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രം നല്‍കണം.  പരോക്ഷമായിട്ട് അധീനാവകാശ സംരക്ഷണ സഹായതത്വം (PRINCIPLE OF SUBSIDIARITY) അനുസരിച്ച്, സാമ്പത്തികപ്രക്രിയയുടെ സ്വതന്ത്രമായ നടത്തിപ്പിന് അനുകൂലമയ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അപ്രകാരം ചെയ്യണം.  സമൃദ്ധമായ തൊഴില്‍ സാധ്യതകളിലേക്കും സമ്പത്തിന്‍റെ സ്രോതസ്സുകളിലേക്കും അതു നയിക്കും. പ്രത്യക്ഷമായിട്ട്, ദൃഢൈക്യത്തിന്‍റെ തത്വം (PRINCIPLE OF SOLIDARITY) അനുസരിച്ച് തൊഴില്‍ സാഹചര്യങ്ങള്‍ നിശ്ചയിക്കുന്ന കക്ഷികളുടെ സ്വയം ഭരണാവകാശത്തിന്മേല്‍ ചില പരിധികള്‍ കല്‍പ്പിക്കുന്നതുവഴിയും തൊഴിലില്ലാത്ത തൊഴിലാളികള്‍ക്ക് ഓരോ സന്ദര്‍ഭത്തിലും അത്യാവശ്യമായ  സഹായം ഉറപ്പുവരുത്തുന്നതുവഴിയും - ഏറ്റവും ദുര്‍ബലരായവരെ രക്ഷിച്ചുകൊണ്ട് അപ്രകാരം ചെയ്യണം.

ഇതേ രേഖയുടെ 49-ാമത്തെ ഖണ്ഡിക കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ധര്‍മങ്ങളെക്കുറിച്ചും അവിടെ പുലരുന്ന ഐക്യദാര്‍ഢ്യം എപ്രകാരം സാമൂഹികഘടനയെ ശക്തിപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും പ്രബോധിപ്പിക്കുന്നു. ഏതൊരു സാമൂഹികഘടനയിലും, അത് സമൂഹത്തിന്‍റെ ഏറ്റവും ദൃഢവും അടിസ്ഥാനവുമായ കുടുംബത്തിലായാലും വ്യക്തികളും കുടുംബങ്ങളും മറ്റു സവിശേഷതകളാല്‍ ഒന്നിച്ചുചേരുന്ന ചെറിയ സമൂഹങ്ങളിലായാലും വ്യക്തിത്വം നഷ്ടപ്പെടുത്താതെയുള്ള പരസ്പരബന്ധത്തെ വെളിവാക്കുന്നു: 

ചെന്തേസ്സിമൂസ് അന്നൂസ് 49 (ചാക്രികലേഖനം, ജോണ്‍ പോള്‍ 2-ാമന്‍ പാപ്പാ, 1991):  ഐക്യദാര്‍ഢ്യത്തിന്‍റെ ശൃംഖലകള്‍
കുടുംബത്തെക്കൂടാതെ മറ്റ് ഇടനില സമൂഹങ്ങളും പ്രാഥമികധര്‍മങ്ങള്‍ നിര്‍വഹിക്കുകയും ദൃഢൈക്യത്തിന്‍റെ സവിശേഷമായ സംവിധാനത്തിനു ജീവന്‍ നല്‍കുകയും ചെയ്യുന്നുണ്ട്.  ഇവ വ്യക്തികളുടെ യഥാര്‍ഥസമൂഹമായി വികസിക്കുന്നു. സാമൂഹിക ഘടനയെ ശക്തിപ്പെടു ത്തുന്നു.  സമൂഹത്തെ അജ്ഞാതനാമകവും വ്യക്തിരഹിതവുമായ കൂട്ടായ്മയായിത്തീ രുന്നതില്‍ നിന്നു തടയുകയും ചെയ്യുന്നു.  ഇന്നു നിര്‍ഭാഗ്യവശാല്‍ മിക്കപ്പോഴും അപ്രകാ രം സംഭവിക്കാറുണ്ടല്ലോ.  ഒരു വ്യക്തി ജീവിക്കുന്നതും സമൂഹം കൂടുതല്‍ വ്യക്തിത്വം നല്‍കപ്പെട്ടതായിത്തീരുന്നതും പല തലങ്ങളിലുമുള്ള പരസ്പരബന്ധങ്ങളിലാണ്.

ചെന്തേസ്സിമൂസ് അന്നൂസിന്‍റെ 59-ാമത്തെ ഖണ്ഡ‍ികയില്‍, സഭയുടെ സാമൂഹികപ്രബോധനം സാമൂഹികസിദ്ധാന്തങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്നും, ഭൗമിക യാഥാര്‍ഥ്യങ്ങളെ ദൈവഹിതപ്രകാരം നിര്‍വചിക്കുന്നതുവഴി, മനുഷ്യനെ സംബന്ധിച്ച ഏകസത്യം കൂടുതല്‍ നന്നായി അറിയുന്നുവെന്നും വിശദീകരിക്കുകയാണ്. അത് മനുഷ്യജീവിതത്തെ ഈലോകത്തില്‍ ഒതുക്കിനിര്‍ത്തുന്നതല്ല, മറിച്ച്, ഈലോകയാഥാര്‍ഥ്യത്തെ അംഗീകരിച്ചുകൊണ്ട് കൂടുതല്‍ വിശാലമായ ചക്രവാളത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ് എന്ന് പാപ്പാ വ്യക്തമാക്കുന്നു.  

ചെന്തേസ്സിമൂസ് അന്നൂസ് 59 (ജോണ്‍ പോള്‍ 2-ാമന്‍ പാപ്പാ, 1991): സാമൂഹികപ്രബോധനം സംവാദത്തില്‍   

കൂടാതെ സഭയുടെ സാമൂഹികപ്രബോധനത്തിനു സിദ്ധാന്തങ്ങളെ പരസ്പരം ബന്ധിപ്പിക്കു ന്ന സുപ്രധാനമായ ഒരു മാനം കൂടിയുണ്ട്.  വ്യത്യസ്തവും നിരന്തരം പരിവര്‍ത്തനം ചെയ്യുന്നതുമായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളില്‍ മനുഷ്യനെ സംബന്ധിച്ച ഏകസത്യം കൂടുതല്‍ നന്നായി അവതരിപ്പിക്കുന്നതിന്, സഭയുടെ സാമൂഹിക പ്രബോധനം മനുഷ്യനെ സംബന്ധിച്ചുള്ള വിവിധ സിദ്ധാന്തങ്ങളുമായി സംവാദ ത്തില്‍ ഏര്‍പ്പെടുന്നു. ആ സിദ്ധാന്തങ്ങള്‍ നല്‍കുന്ന സംഭാവനകളെ അതു സാത്മീകരിക്കുന്നു. കൂടുതല്‍ വിശാലമായ ചക്രവാളങ്ങളിലേക്കു തങ്ങളെത്തന്നെ തുറക്കുവാന്‍ അവയെ സഹായിക്കുകയും ചെയ്യുന്നു.  മനുഷ്യവ്യക്തിക്കു - അവന്‍റെ / അവളുടെ ദൈവവിളിയു ടെ പൂര്‍ണതയില്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യവ്യക്തിക്ക് - സേവനംചെയ്യുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിനുള്ള പദ്ധതിയെ അല്ലെങ്കില്‍ ദൈവവിളിയെ പരിഗണിക്കാതെ മനുഷ്യന്‍ രൂപപ്പെടുത്തുന്ന പദ്ധതികളൊരിക്കലും മനുഷ്യന്‍റെ സാകല്യതയെയോ, മാനവകുലത്തിന്‍റെ പൊതു നന്മയെയോ പൂര്‍ണമാക്കുന്നതിനുതകുകയില്ല.  സ്രഷ്ടാവിന്‍റെ പദ്ധതികളെ, നിത്യനായവന്‍റെ സൃഷ്ടപ്രപഞ്ചത്തെ നിയന്ത്രിക്കാന്‍ മര്‍ത്യനായവന് കഴിയുകയില്ല.  സര്‍വവ്യാപിയും സര്‍വ ജ്ഞാനിയും സര്‍വശക്തനുമായ ദൈവത്തിനുമാത്രമേ, അവിടുന്നു സൃഷ്ടിച്ച എല്ലാറ്റിനെയും ക്രമീകരിക്കാനാവൂ.  ദൈവികച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനാകട്ടെ, തന്‍റെ സ്വാതന്ത്ര്യമുപയോഗിച്ച്, ദൈവികപദ്ധതി അറിഞ്ഞു തെരഞ്ഞെടുക്കുവാനുള്ള കഴിവാണുള്ളത്. അവിടെയാണ് ദൃഢൈക്യം കൈവരിക. ദൈവിക പദ്ധതി തേടാതെ സ്വന്തമായ താല്പര്യങ്ങളുടെ പിന്നാലെ പോകുന്നത് വ്യക്തിക്കു തന്നെയോ, മാനവകുലത്തിനോ, സൃഷ്ടപ്രപഞ്ചത്തിനോ നന്മ കൈവരുത്തുകയില്ല.  അങ്ങനെയുള്ള വ്യക്തികള്‍ പാപത്തിന്‍റെ സംവിധാനമാണ് ആഗ്രഹിക്കുന്നത്; അവിടെ മരണസംസ്ക്കാരമാണ് പുലരുന്നത് എന്ന് എവാഞ്ചേലിയും വീത്തേ 12-ാം ഖണ്ഡികയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറയുന്നു.

എവാഞ്ചെലിയൂം വീത്തേ 12 (ചാക്രികലേഖനം, ജോണ്‍ പോള്‍ 2-ാമന്‍ പാപ്പാ, 1995):  ദൃഢൈക്യത്തിന്‍റെ നിഷേധം
യഥാര്‍ഥത്തില്‍ ഇന്നത്തെ സാമൂഹികപ്രശ്നങ്ങളുടെ ബഹുത്വവും ഗൗരവവുംകൊണ്ട്, ഇന്ന ത്തെ വ്യാപകമായ ധാര്‍മികാനിശ്ചിതത്വത്തെ ഒരു വിധത്തില്‍ വിശദീകരിക്കാം. വ്യക്തി കളുടെ വ്യക്തിനിഷ്ഠമായ ഉത്തരവാദിത്വത്തെ അവ ലഘൂകരിക്കും. പക്ഷേ നാമിന്നു കൂടുതല്‍ ബൃഹത്തായ ഒരു യാഥാര്‍ഥ്യത്തെ നേരിടുന്നു എന്ന വസ്തുതയും അതുപോലെ തന്നെ സത്യമാണ്.  ആ യാഥാര്‍ഥ്യത്തെ പാപത്തിന്‍റ സംവിധാനം (STRUCTURE OF SIN) എന്നു യഥാര്‍ഥത്തില്‍ വിളിക്കാം.  ദൃഢൈക്യത്തെ നിഷേധിക്കുന്ന ഒരു സംസ്ക്കാരത്തിന്‍റെ ഉദയം ഈ യാഥാര്‍ഥ്യത്തിന്‍റെ സവിശേഷതയാണ്. ആ സംസ്ക്കാരം പലപ്പോഴും യഥാര്‍ഥ ''മരണ സംസ്ക്കാര''ത്തിന്‍റെ രൂപം പ്രാപിക്കുന്നു. പ്രവര്‍ത്തനക്ഷമതയ്ക്ക് അമിതപ്രാധാന്യം നല്‍കുന്ന ഒരു സമൂഹം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തമായ സാംസ്ക്കാ രികസാമ്പത്തിക, രാഷ്ട്രീയ ചിന്താഗതികളാല്‍ സജീവമായി വളര്‍ത്തപ്പെടുന്ന ഒരു സംസ്ക്കാരമാണിത്.
സ്വാര്‍ഥത നിറഞ്ഞ വ്യക്തിഗതപദ്ധതികള്‍ ഐക്യദാര്‍ഢ്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഐക്യദാര്‍ഢ്യത്തിന്‍റെ സംസ്ക്കാരമാണ് ദൈവരാജ്യത്തിന്‍റേത്.  'ദൈവരാജ്യം വരണമേ' (മത്താ 6,10)  എന്നു പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ച, ''വഴിയും സത്യവും ജീവനും ഞാനാണ്'' (യോഹ 14,6) എന്നരുള്‍ച്ചെയ്ത ദൈവപുത്രനായ യേശുവിന്‍റെ ദൃഢൈക്യത്തിന്‍റെ സത്യവും ജീവനുമായ വഴി നമുക്കു തേടാം. 

19/10/2017 11:46