2017-10-18 12:37:00

ക്രിസ്തീയപ്രത്യാശയും മരണവും - പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം


റോമില്‍ ഈ ബുധനാഴ്ച(18/10/17)രാവിലെ,പൊതുവെ ഒരു മൂടല്‍ അനുഭവപ്പെട്ടെങ്കിലും വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍  പങ്കെടുക്കുന്നതിന്, മലയാളികളും ശ്രീലങ്കക്കാരുമുള്‍പ്പടെ വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ആയിരങ്ങള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ചിരുന്നു. “സമാധാനത്തിനു വേണ്ടിയുള്ള മതങ്ങളുടെ ലോക സംഘ”ത്തിന്‍റെ 80 ഓളം പ്രതിനിധികളുമായി ബസിലിക്കയ്ക്കടുത്തുള്ള പോള്‍ ആറാമന്‍ ശാലയിലെ ഒരു മുറിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിനുശേഷം ഫ്രാന്‍സീസ് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍  അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ കരഘോഷവും ആരവങ്ങളും അവിടെ അലതല്ലി. ഏതാനും ബാലികാബാലന്മാരെ വാഹനത്തിലേറ്റിയ പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ആ വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. ഇടയ്ക്കിടെ വണ്ടി നിറുത്തി പാപ്പാ പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും സ്നേഹവാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  പ്രസംഗവേദിയ്ക്കരികില്‍ വാഹനം എത്തിയപ്പോള്‍ പാപ്പാ, ആദ്യം, വണ്ടിയില്‍ തന്നോടൊപ്പമുണ്ടായിരുന്ന ബാലികാബാലന്മാരെ അനുഗ്രഹിച്ച്  അതില്‍നിന്നിറക്കി. തുടര്‍ന്ന് പാപ്പായും ഇറങ്ങി. തദ്ദനന്തരം ഫ്രാന്‍സീസ് പാപ്പാ നടന്ന് വേദിയിലേക്കു കയറി. റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.  യോഹന്നാ‍ന്‍റെ സുവിശേഷം 11-Ͻ൦ അദ്ധ്യായം 23 മുതല്‍ 27 വരെയുള്ള വാക്യങ്ങളായിരുന്നു വായിക്കപ്പെട്ടത്.

യേശു പറഞ്ഞു: നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. മാര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം. യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വാസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ!. നീ ലോകത്തിലേക്കു വരാനിരിക്കുന്ന ദൈവപുത്രനായ ക്രിസ്തുവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.” (യോഹന്നാന്‍ 11:23-27)

ഈ സുവിശേഷഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, പ്രത്യാശയെ അധികരിച്ചു  താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയില്‍  മുപ്പത്തിയേഴാമാത്തേതായിരുന്ന ഇത്തവണ വിശകലനം ചെയ്ത ആശയം “കര്‍ത്താവില്‍ മരണമടയുന്നവര്‍ അനുഗ്രഹീതര്‍” എന്നതായിരുന്നു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:                       ..

ക്രിസ്തീയപ്രത്യാശയെയും മരണമെന്ന യാഥാര്‍ത്ഥ്യത്തെയും തമ്മില്‍ താരതമ്യം ചെയ്യാനാണ് ഇന്നു ഞാന്‍ ആഗ്രഹിക്കുന്നത്. മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ഒരു പ്രവണത ആധുനിക ലോകത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. അങ്ങനെ മരണം വരുമ്പോള്‍ നമ്മുടെ അടുത്തുനില്ക്കുന്നവരും നമ്മള്‍തന്നെയും ഒരുക്കമില്ലാത്തവരായി കാണപ്പെടുന്നു. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും നിലനില്ക്കുന്നതായ ഒരു യാഥാര്‍ത്ഥ്യമായ മരണമെന്ന രഹസ്യത്തെ ചൂഴ്ന്നു നില്ക്കുന്ന അര്‍ത്ഥം അവതരിപ്പിക്കാന്‍ കഴിയുന്ന ഉചിതമായ പദത്തിന്‍റെ അഭാവമുള്ളവരായി കാണപ്പെടുന്നു. കാര്യങ്ങള്‍ ഇപ്രകാരമാണെങ്കില്‍ത്തന്നെയും ആദ്യ മാനവനാഗരികതകളുടെ പ്രയാണം  ഈ സമസ്യയിലൂടെയായിരിന്നു.

മരണത്തെ നേരിടാനുള്ള ധ്യൈര്യം പഴയതലമുറയ്ക്ക് ഉണ്ടായിരുന്നു. പരമമായ, മഹത്തായ എന്തോ ഒന്നിനുവേണ്ടി ജീവിക്കാനുള്ള ഒരു വിളിയായി മരണമെന്ന അനിവാര്യ യാഥാര്‍ത്ഥ്യത്തെ കാണാന്‍ പഴയ തലമുറ പുതിയ തലമുറകളെ പഠിപ്പിച്ചു. തൊണ്ണൂറാം സങ്കീര്‍ത്തനത്തില്‍ നാം കാണുന്നു: “ ഞങ്ങളുടെ ആയുസ്സിന്‍റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണ്ണമാകട്ടെ” (വാക്യം 12). നിജമായ ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മെ ആനയിക്കുന്ന വാക്കുകളാണിവ. നാം എന്താകുന്നു? നാം ഒന്നുമല്ല.  നമ്മുടെ ദിനങ്ങള്‍, അവ എത്രതന്നെയായാലും, ഒരു നിശ്വാസം പോലെ കടന്നുപോകും. എന്നാല്‍ ഈ രഹസ്യത്തെ നേരിടാന്‍, അവസാനം, യേശുവാണ് നമ്മെ സഹായിക്കുക. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുക സ്വാഭാവികമാണെന്ന് അവിടന്ന് കാണിച്ചുതരുന്നുണ്ട്. ലാസറിന്‍റെ മരണത്തില്‍ അവിടന്ന് കരയുന്നു. എന്നാല്‍ അവിടന്ന് കണ്ണീര്‍പൊഴിക്കുകമാത്രമല്ല ചെയ്തത്; പിതാവിനോടു പ്രാര്‍ത്ഥിക്കുകയും കല്ലറയില്‍ നിന്നു പുറത്തേക്ക് ലാസറിനെ വിളിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു. മാനുഷികമായ മരണത്തിനെതിരെ യേശു സ്വീകരിക്കുന്ന ഈ മനോഭാവത്തില്‍ നിന്ന് ക്രീസ്തീയ പ്രത്യാശ ശക്തിയാര്‍ജ്ജിക്കുന്നു.

ഇതാണ് ക്രിസ്തീയ പ്രത്യാശ. നമ്മെ സുഖപ്പെടുത്താനും മരണത്തില്‍ നിന്ന് രക്ഷിക്കാനും യേശു വന്നിരിക്കുന്നു. അവിടന്ന് അരുളിച്ചെയുന്നു: “ഞാനാണ് പുനരുത്ഥാനവും ജീവനും” (യോഹന്നാന്‍ 11:25). നമ്മള്‍ അവിടന്നില്‍ വിശ്വസിക്കുകയാണെങ്കില്‍ നാം മരിച്ചാലും ജീവിക്കും. നമ്മള്‍, ഈ ചത്വരത്തില്‍ സന്നിഹിതരായ നമ്മള്‍, ഇതു വിശ്വസിക്കുന്നുണ്ടോ?‌

മൃത്യുവിന്‍റെ രഹസ്യത്തിനു മുന്നില്‍ നാം നിസ്സാരരും നിസ്സഹായരുമാണ്. എന്നാല്‍ ആ വേളയില്‍ വിശ്വാസനാളം നമ്മുടെ ഹൃദയത്തില്‍ ജ്വലിപ്പിച്ചു നിറുത്താന്‍ കഴിയുക എന്തനുഗ്രമാണ്!. ജയിറോസിന്‍റെ പുത്രിയുടെ കൈയ്യില്‍ പിടിച്ചതുപോലെ യേശു നമ്മുടെയും കരംഗ്രഹിക്കുകയും “തലിത്താ കും” “ബാലികേ എഴുന്നേല്‍ക്കൂ” എന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും ചെയ്യും. എഴുന്നേല്‍ക്കൂ, ഉയിര്‍ത്തെഴുന്നേല്‍ക്കൂ എന്ന് അവിടന്ന് നമ്മോടോരോരുത്തരോടും പറയും. നമ്മുടെ മരണനേത്തെക്കുറിച്ച് ഒരു നമിഷം കണ്ണടച്ച് നമുക്ക് ചിന്തിക്കാം. യേശു നമ്മുടെ കൈപിടിച്ച് വരൂ, എന്നോടൊപ്പം വരൂ, എഴുന്നേല്‍ക്കൂ എന്നു പറയുന്ന ആ നിമിഷം നമുക്ക് മനസ്സില്‍ കാണാം. അവിടെ പ്രത്യാശയ്ക്ക് വിരാമമാകുന്നു. അതായിരിക്കും യാഥാര്‍ത്ഥ്യം, ജീവിത യാഥാര്‍ത്ഥ്യം. എഴു്ന്നേല്‍ക്കൂ, വരൂ, ഉയിര്‍ത്തെഴുന്നേല്‍ക്കൂ, യേശുവിന്‍റെ ഈ വാക്കുകള്‍ ഒരോരുത്തരും ഹൃദയത്തില്‍ ആവര്‍ത്തിക്കുക.

ഇതാണ് മരണത്തിനു മുന്നില്‍ നമ്മുടെ പ്രത്യാശ. വിശ്വസിക്കുന്നവന് അത് പൂര്‍ണ്ണമായും മലര്‍ക്കെ തുറക്കപ്പെട്ട ഒരു വാതിലാണ്. സംശയിക്കുന്നവനെ സംബന്ധിച്ചടത്തോളം പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലാത്ത ഒരു പഴുതിലൂടെ അരിച്ചിറങ്ങുന്ന ചെറു പ്രകാശകിരണമാണ്. എന്നാല്‍ യേശുവുമായുള്ള സമാഗമത്തിന്‍റെ ഈ വെളിച്ചം നമ്മെ പ്രബുദ്ധമാക്കുമ്പോള്‍ അത് നമുക്കെല്ലാവര്‍ക്കും ഒരു കൃപയായിരിക്കും.   നന്ദി.       

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, സുവിശേഷകനും ഭിഷഗ്വരനുമായ വിശുദ്ധ ലൂക്കായുടെ തിരുന്നാള്‍ അനുവര്‍ഷം ഒക്ടോബര്‍ 18 ന് ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും ആ വിശുദ്ധന്‍റെ ജീവിതസാക്ഷ്യം ഐക്യദാര്‍ഢ്യത്തിന്‍റെയും ആര്‍ദ്രതയുടെയും ധീരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ യുവതയ്ക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.