സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

നീര്‍ച്ചാലുകള്‍ തേടിനടക്കും മാന്‍പേടകളെപ്പോല്‍...

നീര്‍ച്ചാലു തേടുന്ന ഹരിണി... - REUTERS

17/10/2017 20:01

ഏറെ പ്രചാരത്തിലുള്ള 51-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ, വിലാപഗീതത്തിന്‍റെ പഠനം പൂര്‍ത്തിയാക്കി, നാം ഇന്ന് 42-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിക്കുകയാണ്. സങ്കീര്‍ത്തന ശേഖരത്തിലെ ഏറെ ഹൃദയഹാരിയായ ഒരു വിലാപഗീതമാണിത്. ഹൃദയസ്പര്‍ശിയെന്നു പറയാന്‍ കാരണം,  ആദ്യപദത്തില്‍തന്നെ  നാം കാണുന്നത് പ്രകൃതിയിലെ രംഗമാണ്. ഒരു പേടമാന്‍ ദാഹിച്ചിട്ട്, നീര്‍ച്ചാലു തേടി അലയുന്നു.  ഉപമയോടെയാണ് ഗീതം ആരംഭിക്കുന്നത്.  മാന്‍പേട നീര്‍ച്ചാലിനായി കേഴുന്നപോലെ തീക്ഷ്ണവും തീവ്രവുമായ വികാരത്തോടെ  വ്യക്തി ദൈവത്തെ അന്വേഷിക്കുന്നു, ദൈവത്തിനായി ദാഹിക്കുന്നു, കേഴുന്നു.  മനുഷ്യന്‍ ദൈവത്തെ അന്വേഷിക്കുന്ന ചിത്രമാണ് ആദ്യവരിയില്‍ത്തന്നെ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്നത്. ഇതൊരു വിലാപഗീതമാണെന്ന സവിശേഷത ഇവിടെ എടുത്തു പറയട്ടെ!

ഈ സംഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം... എലിസബത്ത് രാജുവും സംഘവും.

സങ്കീര്‍ത്തനങ്ങളുടെ  സാഹിത്യ രൂപത്തില്‍ നാം വിലാപ സങ്കീര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ചതാണ്. അവയില്‍  നാമിന്ന് പഠനവിഷയമാക്കിയിരിക്കുന്ന 42-Ɔ൦ സങ്കീര്‍ത്തനം  ഒരു വ്യക്തിഗത വിലാപഗീതമാണ്. സഹായത്തിനായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന വ്യക്തിയുടെ ചിത്രമാണ് വ്യക്തിഗത വിലാപഗീതങ്ങള്‍  ഉള്‍ക്കൊള്ളുന്നത്. സഹായത്തിനുവേണ്ടിയുള്ള നിലവിളി പലപ്പോഴും ആജ്ഞാരൂപത്തില്‍  പ്രത്യക്ഷപ്പെടുന്നു. ഇതിന്‍റെ ആവര്‍ത്തനങ്ങളും പലപ്പോഴും പദങ്ങളില്‍ നമുക്കു കാണാം.  ഉപമയിലൂടെയും  ദൃഷ്ടാന്തങ്ങളിലൂടെയും യാഹ്വേയുടെ നന്മയും സംരക്ഷണവും പ്രകീര്‍ത്തിക്കുന്നതായിക്കാണാം. ആരാധകന്‍  ദരിദ്രനും ക്ലേശിതനുമായി  സ്വയം വിശേഷിപ്പിക്കുന്നു. കൂടാതെ പ്രധാന ഭാഗത്തില്‍ ആലാപം,  യാചന എന്നീ ഭാവങ്ങളും  ആശയങ്ങളും ഇവിടെ കണ്ടെന്നു വരാം.  ഗായകന്‍റെ  ദുഃഖങ്ങളുടെ വിവരണം, ആവശ്യങ്ങള്‍,  ആവലാതികള്‍ തുടങ്ങിയവയും  കണ്ടേക്കാം. ഇവ  അനുഭവിച്ചു കഴിഞ്ഞതോ അനുഭവിക്കുന്നതോ ആകാം.  ന്യായവും നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുന്നതും,  ശത്രുക്കളുടെ പീഡ‍നം,  പിന്നെ തിന്മയായ ശക്തികളുടെ കടന്നാക്രമണവും ദൈവത്തിന്‍റെ ഉപേക്ഷ,  സ്വന്തം അപരാധങ്ങള്‍ തെറ്റുകള്‍  എന്നിവയാകാം സങ്കീര്‍ത്തകന്‍റെ സഹനകാരണം.  ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിക്കുവാനും സമൂഹത്തിന്‍റെ കൂട്ടായ്മയില്‍ തിരികെ ചേരുവാനുമാണ് വ്യക്തി അതിയായി  ആഗ്രഹിക്കുന്നതെന്ന് പദങ്ങളിലേയ്ക്കു കടക്കുമ്പോള്‍ നമുക്ക് കൂടുതല്‍ മനസ്സിലാക്കാം. ഗീതിത്തിന്‍റെ വരികള്‍ പരിചയപ്പെട്ടുകൊണ്ട് വ്യാഖ്യാനപഠനത്തിലേയ്ക്കു നമുക്കു മെല്ലെ പ്രവേശിക്കാം.   

              Recitation :   

നീര്‍ച്ചാലു തേടുന്ന മാന്‍പേടയെപ്പോലെ
ദൈവമേ, എന്‍റെ ഹൃദയം അങ്ങയെ തേടുന്നു.
എന്‍റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
ജീവിക്കുന്ന ദൈവത്തിനുവേണ്ടിതന്നെ.
എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
അവിടുത്തെ കാണാന്‍ കഴിയുക!

രാപകല്‍ കണ്ണീര്‍ എന്‍റെ ഭക്ഷണമായി,
പിന്നെ എവിടെ, നിന്‍റെ ദൈവം?
എന്ന് ഓരോരുത്തര്‍ നിരന്തരം എന്നോടു ചോദിച്ചു.

ഞാന്‍ ദേവാലയത്തിലേയ്ക്കു ചെന്നു. അവരെന്നെ ഘോഷയാത്രായി ആനയിച്ചു.  ആഹ്ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നുജനം ആര്‍ത്തുല്ലസിച്ചു.

ഗീതം വിവരിക്കുന്ന ഉപമ ആര്‍ദ്രമായ വികാരങ്ങള്‍ ഉണര്‍ത്താന്‍ പോരുന്നതാണ്. അരുവിയില്‍ വെള്ളം കിട്ടാഞ്ഞിട്ട് ദാഹിച്ചു വലയുന്ന മാന്‍പേട. ജലത്തിനായി കേഴുന്നു,  ദാഹിച്ചുപൊരിയുന്നു. അതാണ് ഈ നീര്‍ച്ചാലു തേടല്‍! സങ്കീര്‍ത്തകന്‍ ദൈവത്തിനുവേണ്ടി ആശിക്കുന്ന, അല്ലെങ്കില്‍ ആഗ്രഹിക്കുന്ന വികാരത്തെ വാക്കുകളില്‍ ഏറെ ശക്തമായി വരച്ചുകാട്ടുകയാണ് ഉപമയിലൂടെ. 

വെള്ളം വറ്റിയ ചാലുകളില്‍ മൃഗങ്ങള്‍, വരള്‍ച്ചമൂലം ദാഹിച്ചു പൊരിഞ്ഞു, ചിലപ്പോള്‍ ചത്തു വീഴാറുണ്ട്. അതുപോലെ വരള്‍ച്ചയുടെ കെടുതിയുടെ താങ്ങാനാവാത്ത ദുഃഖത്തില്‍ സങ്കീര്‍ത്തകന്‍ ദൈവത്തിങ്കലേയ്ക്കു കൈനീട്ടി കേഴുകയാണ്. ഇവിടെ ‘ഹൃദയം’ എന്നത് ആത്മാവിനു പകരമുള്ള പരിഭാഷയാണ്. ആവശ്യങ്ങള്‍ നിറഞ്ഞ മനുഷ്യന്‍ ദൈവത്തിനായി ദാഹിക്കുന്നതാണു വിവക്ഷ. ഉണ്മയില്‍നിന്ന് ഊതിമാറ്റപ്പെടുന്ന, അല്ലെങ്കില്‍ നന്മ വിട്ട് അകന്നുപോകുന്ന മനുഷ്യനാണ് ജീവിക്കുന്ന ദൈവത്തിനുവേണ്ടി നിലവിളിക്കുന്നത്. കാരണം, ദൈവം മാറ്റമില്ലാത്തവനും പരിമിതികളില്ലാത്തവനുമാണ്. ജനത്തിന്‍റെ ചരിത്രത്തില്‍ അവിടുന്ന് തെളിഞ്ഞു പ്രകാശിച്ചതാണ്. ജീവന്‍റെ ഉറവിടമായ ദൈവത്തിങ്കലേയ്ക്ക് വിശ്വാസി ഹൃദയപൂര്‍വ്വം തിരിയുന്നു, അവിടുന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു. ജീവനെ താങ്ങുന്നതും അതിനു രൂപംകൊടുക്കുന്നതും അവിടുന്നുതന്നെ. സന്നിധാനത്തില്‍ അവിടുത്തെ ദിവ്യസാന്നിദ്ധ്യമുണ്ട്. അതിനാല്‍ ദേവാലയത്തില്‍ പ്രവേശിച്ച്, ദിവ്യസന്നിധിയിലേയ്ക്കാണ് ഗായകന്‍ പോകുന്നത്. ജീവിതയാതനകളില്‍, അല്ലെങ്കില്‍ സഹനത്തിന്‍റെ തീച്ചൂളയില്‍ വ്യക്തി കണ്ണുനീര്‍ വാര്‍ക്കുന്നു. ശത്രുക്കള്‍ ആക്രോശിക്കുന്നത്, “നിന്‍റെ ദൈവം എവിടെ?” എന്നാണ്. വിശ്വാസത്തിലേയ്ക്കും ദൈവാനുഭവത്തിലേയ്ക്കും അതിന്‍റെ സുരക്ഷയിലേയ്ക്കും വ്യക്തി ഇറങ്ങിച്ചെല്ലുന്നതാണ് ദേവാലയത്തിലേയ്ക്കുള്ള തിരുനാള്‍ പ്രദക്ഷിണങ്ങളെപ്പറ്റിയുള്ള അനുസ്മരണം. സങ്കീര്‍ത്തകന്‍ തന്‍റെ വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും അനുഭൂതികള്‍ക്കും പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുക്കുകയാണ്.

ദേവാലയത്തെ കൂടാരമായി വിശേഷിപ്പിക്കുന്നതും ഇസ്രായേലിന്‍റെ പൂര്‍വ്വപാരമ്പര്യത്തിലേയ്ക്കുള്ള എത്തിനോക്കലാണ്. പാട്ടുപാടി ആര്‍പ്പുവിളിച്ചാണ് ജനം കര്‍ത്താവിന്‍റെ ആലയത്തില്‍ പ്രവേശിക്കുന്നത്. ഉത്സവഗാനങ്ങള്‍, വലിയ ആരവങ്ങള്‍, എവിടെയും കളിയാടുന്ന സന്തോഷമെല്ലാം പദങ്ങളില്‍ അനുസ്മരിക്കപ്പെടുന്നു.

             Musical Version of  Ps. 42

             നീര്‍ച്ചാലിനായി ഹരിണി ദാഹിച്ചു കേഴുമതുപോല്‍
            നിനക്കായി നാഥാ, ഞാനും ദാഹിച്ചിടുന്നു സതതം
            ജീവന്ത ദൈവമുഖമേ, ഞാനെന്നു കാണുമുദിതം
            മമ ദേഹിയുള്ളിനുള്ളില്‍ മോഹിച്ചിടുന്നു മഹിയില്‍

തിരുനാള്‍ ആഘോഷിക്കുന്ന സമൂഹത്തിന്‍റെ സന്തോഷവും സുരക്ഷയും അനുസ്മരിക്കുമ്പോള്‍ ആശ്വസിക്കാന്‍ വകയുണ്ട്. തകരുന്ന ജീവിതത്തിന്, ചിതറുന്ന മാനുഷിക ശക്തിക്ക് കര്‍ത്താവിന്‍റെ ആലയവും അവിടെ കാണുന്ന ഉത്സവപ്രതീതിയും വ്യക്തിക്ക് സമാശ്വാസവും സാന്ത്വനവും പകരുന്നു. പണ്ട് കര്‍ത്താവിനെ ആഘോഷമായി ഞാന്‍ സ്തുതിച്ചതുപോലെ ഇനിയും സ്തുതിക്കും. അതുകൊണ്ട് ദുഃഖത്താല്‍ ശക്തി ക്ഷയിച്ച്, നിരാശയില്‍ നീന്തിത്തുടിച്ച്, നശിച്ച് ഇല്ലാതായി തീരേണ്ടതില്ല. സങ്കീര്‍ത്തകന്‍ സ്വയം പ്രോത്സാഹിപ്പിക്കുന്നു. പ്രതീക്ഷയും പ്രത്യാശയും മനസ്സില്‍ വിരിയിക്കുന്നു. അങ്ങനെ, ആത്മവിശ്വാസം വളര്‍ത്തുന്നതാണ് ഗീതത്തിലെ വരികള്‍! സ്വയം പ്രോത്സാഹിപ്പിക്കുന്നതാണവ!!  ‘കര്‍ത്താവാണ് എന്‍റെ ദൈവവും എന്‍റെ സഹായവും’ എന്ന ബോധ്യത്തില്‍. പ്രതീക്ഷയോടെ കാത്തിരിക്കാന്‍ സ്വയം ഉത്തേജിപ്പിക്കുന്ന പദങ്ങളാണിവ !!! 

പശ്ചാത്തലം മനസ്സിലാക്കുമ്പോള്‍,  ഈ ഗീതം ജരൂസലേം ദേവാലയത്തില്‍നിന്നും ഏറെ അകലെയായിരിക്കുന്ന വിശ്വാസിയുടെ വികാരമോ, യാഹ്വേയുടെ സന്നിധി ചേരാനുള്ള തീവ്രമായ ആഗ്രഹമോ ആണ് പദങ്ങളില്‍ കാണുന്നത്. അവിടുത്തെ സന്നിധി പ്രാപിക്കാനും, അവിടുന്നില്‍ സുരക്ഷിതമായിരിക്കുവാനുമുള്ള തീവ്രവികാരമായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. വിപ്രവാസത്തിന്‍റെ ബന്ധനത്തില്‍ കഴിയുന്നൊരു വിശ്വാസിയുടെ വികാരമായും ഇതിനെ ബന്ധപ്പെടുത്താവുന്നതാണ്. സങ്കീര്‍ത്തനത്തിന്‍റെ മൂല രചയിലേയ്ക്ക്, ഹെബ്രായ രചനയിലേയക്ക് എത്തിനോക്കുമ്പോള്‍, 42-Ɔ൦ ഗീതത്തിന് ഒരു ക്രൈസ്തവ ഐക്യമാനമുണ്ടെന്നും പണ്ഡിതന്മാര്‍ ആദ്യ പദങ്ങളില്‍നിന്നും ചൂണ്ടിക്കാട്ടുന്നു.

ദൈവം ‘യാഹ്വേ’ എന്ന വാക്കിന് ‘ഇലോഹിം’ എന്ന മറ്റൊരു ഹെബ്രായ  വാക്കാണ് ഈ ഗീതത്തില്‍ അധികവും ഉപയോഗിച്ചരിക്കുന്നത്. അതിനാല്‍ ദൈവത്തിനായി ഉപയോഗിക്കുന്ന പൊതുവായൊരു വാക്ക് ‘ഈലോഹിം’ എന്ന ഇസ്രായേലിനു പുറത്തുള്ള ജനകീയ പ്രയോഗം ഉള്‍ച്ചേര്‍ത്തുകൊണ്ട് ഈ ഗീതത്തിന്‍റെ പ്രചാരണത്തിലും, പൊതുവായ ഉപയോഗത്തിലും ആക്കം കൂട്ടുവാനും, ജനകീയമാക്കുവാനും, ജരൂസലേം വിട്ടും ഹെബ്രായ കൂട്ടായ്മ വിട്ടും മറ്റുളളവരും ദൈവത്തിങ്കലേയ്ക്ക് തീവ്രമായി തിരിയണം, എന്നതാണ് സങ്കീര്‍ത്തകന്‍റെ ലക്ഷ്യം. ഇത് മലയാളത്തില്‍ ദൈവം എന്ന വാക്കിനു പകരും ‘ഈശ്വരന്‍’ എന്ന ജനകീയവും, സകലര്‍ക്കും സ്വീകാര്യമായ പദപ്രയോഗത്തിലേയ്ക്ക് പോകും പോലെയാണ്. അവരും, എല്ലാവരും ദൈവത്തെ അറിയണം, ദൈവത്തിനായി കൊതിക്കണം, തീക്ഷ്ണമായി അവിടുത്തെ വിളിച്ചപേക്ഷിക്കണം. ദൈവം ഇല്ലാതെ മര്‍ത്ത്യജീവിതങ്ങള്‍ വ്യര്‍ത്ഥമാണ്. ദൈവം നീതിനിഷ്ഠനും ധര്‍മ്മനിഷ്ഠനും മാത്രമല്ല, അവിടുന്ന് സജീവനും മനുഷ്യരുടെകൂടെ ആയിരിക്കാന്‍ ആഗ്രഹിക്കുന്നവനും, മനുജരോടൊത്തു വസിക്കുവാനുമാണ്, അവിടുന്നു കരുണാര്‍ദ്രനാണ്.... അവിടുന്നു സര്‍വ്വം സ്നേഹമാണെന്ന്, സര്‍വ്വം നന്മയാണെന്ന് ഈ ഗീതം വെളിപ്പെടുത്തുന്നു.

    Musical Version of  Ps. 42
   നിന്‍ ദൈവമെങ്ങു മനുജാ അതിരൂക്ഷമായി ചോദ്യം
   പരിഹാസമോലും കണ്ണീര്‍ ആഹാരമായിതനിശം
   പൊന്തീടുമോര്‍മ്മ സ്മൃതിയില്‍ ആനന്ദദൃശ്യഗതികള്‍
   നിരയാര്‍ന്നു മിന്നിടുന്നു, ആഹാ, നിറഞ്ഞു മനവും!

വത്തിക്കാന്‍ റോഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ് നിങ്ങള്‍ ഇതുവരെ ശ്രവിച്ചത്. അവതരണം...  ഫാദര്‍ വില്യം നെല്ലിക്കല്‍... 

ദൈവത്തിന്‍റെ കാരുണ്യം തേടിയുള്ള ഗീതം, സങ്കീര്‍ത്തനം 42-ന്‍റെ വ്യാഖ്യനപഠനം ഇനിയും അടുത്തയാഴ്ചയില്‍ (രണ്ട്).


(William Nellikkal)

17/10/2017 20:01