2017-10-12 11:17:00

DOCAT ​XXXIX: ''സ്നേഹം മൂലമുള്ള ഐക്യദാര്‍ഢ്യം''


സഭയുടെ സാമൂഹികപ്രബോധനത്തിന്‍റെ, പൊതുനന്മ, വ്യക്തിമഹത്വം, ഐക്യദാര്‍ഢ്യം, സഹായതത്വം എന്നീ തത്വങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഡുക്യാറ്റിന്‍റെ നാലാം അധ്യായത്തിലെ ചോദ്യോത്തരങ്ങളിലൂടെ കടന്നുപോവുകയായിരുന്നു നാം.  ഇന്ന് ഈ വിഷയങ്ങളെക്കുറിച്ച് സഭ നല്‍കിയിരിക്കുന്ന സുപ്രധാന പ്രമാണരേഖകളിലേയ്ക്കു നമ്മുടെ ശ്രദ്ധയെ കേന്ദ്രീകരിക്കാം.  നിയതാര്‍ഥത്തില്‍ സഭയുടെ ആദ്യത്തെ സാമൂഹിക പ്രബോധനമായ റേരും നൊവാരും എന്ന രേഖയില്‍ നിന്നും, ആ രേഖ പുറപ്പെടു വിച്ചതിന്‍റെ നൂറാംവര്‍ഷത്തില്‍ എഴുതപ്പെട്ട ചെന്തേസ്സിമൂസ് അന്നൂസ് എന്ന രേഖയില്‍ നിന്നുമാണ് കൂടുതല്‍ ഭാഗങ്ങള്‍.  തുടര്‍ന്ന് എവാഞ്ചെലിയൂം വീത്തേ, കാരിത്താസ് ഇന്‍ വെരിത്താത്തെ, എവാഞ്ചെലീ ഗാവുദിയും എന്നീ രേഖകളില്‍ നിന്നുമുള്ള അഞ്ചു ഭാഗങ്ങളും കൂടി ഉള്‍പ്പെടുത്തി പന്ത്രണ്ടു ഖണ്ഡികകള്‍കൊണ്ട് ഈ നാലാമധ്യായത്തിനു ഉചിതമായ ഉപസംഹാരം തീര്‍ത്തിരിക്കുകയാണ് ഡുക്യാറ്റ്.

റേരും നൊവാരും എന്ന രേഖയില്‍ നിന്ന് 11, 12, 28 എന്നീ ഖണ്ഡികകളും, തുടര്‍ന്ന് നല്‍കിയിരിക്കുന്ന ചെന്തേസ്സിമൂസ് അന്നൂസിലെ നാലുഭാഗങ്ങളില്‍ നിന്ന്, ആദ്യം കൊടുത്തിരിക്കുന്ന 10-ാമത്തെ ഖണ്ഡികയും ആണ് ഇന്നു നമ്മുടെ പഠനത്തിനുള്ളത്.

റേരും നൊവാരുമെന്നത് നാം നേരത്തെ കണ്ടതുപോലെ, സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ ആദ്യത്തെ സുപ്രധാനരേഖയാണ്.  പത്തൊമ്പതാം നൂറ്റാണ്ടിലു ണ്ടായ വ്യാവസായിക വിപ്ലവത്തെത്തുടര്‍ന്നുണ്ടായ തൊഴിലാളികളുടെ ദുരവസ്ഥയെ കണ്ടറിഞ്ഞ്, അതിനു ചില വിപ്ലവപ്രസ്ഥാനങ്ങള്‍ നിര്‍ദേശിക്കുകയും നടപ്പില്‍ വരുത്താനാരംഭിക്കുകയും ചെയ്ത സമഗ്രതയോ സാകല്യതയോ ഇല്ലാത്ത പരിഹാര മാര്‍ഗങ്ങളുടെ അപര്യാപ്തതയെ ചൂണ്ടിക്കാണിച്ചു കൊണ്ട്, പാപ്പാ, ചൂഷണത്തെയും അക്രമത്തെയും അത്യാഗ്രഹത്തെയും അനീതിയെയും പ്രബോധനവും പ്രവര്‍ത്തനവും വഴി ഉന്മൂലനം ചെയ്യുന്നതിന്, രാഷ്ട്രത്തെയും മുതലാളികളെയും തൊഴിലാളികളെയും ഒരുമിച്ചുനിര്‍ത്താന്‍ ആഗ്രഹിച്ചു പ്രബോധിപ്പിക്കുകയാണിവിടെ.  രാഷ്ട്രം എങ്ങനെ സഹായതത്വം പ്രായോഗികമാക്കണമെന്ന്, വ്യക്തമായി പറയുന്നു.  പ്രത്യേകിച്ച് വ്യാവസായിക മുതലാളിമാരാല്‍ ചൂഷണം ചെയ്യപ്പെടേണ്ടി വന്ന തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഭാഗം ചേര്‍ന്ന് അവരുടെ ദുരവസ്ഥയില്‍ രാഷ്ട്രം ഇടപെടണമെന്നും, എന്നാല്‍ പൗരന്മാരുടെ അവ കാശങ്ങളെ, അവരുടെ കഴിവുകളെ അടിച്ചമര്‍ത്തരുതെന്നും പറയുന്നു. റേരും നൊവാരുമിന്‍റെ പതിനൊന്നാം ഖണ്ഡിക നമുക്കു ശ്രവിക്കാം.

1. റേരും നൊവാരും 11 (ലെയോ 13-ാമന്‍ പാപ്പാ, 1891): കുടുംബം സഹായകധര്‍മത്തിന്‍റെ (SUBSIDIARITY) ഒരു മാതൃകയെന്ന നിലയില്‍

ഉപദേശംനല്‍കാന്‍ സ്നേഹിതന്മാരില്ലാതെയും സ്വശക്തികൊണ്ടു രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെയും ഒരു കുടുംബം മഹാകഷ്ടതയിലാണെങ്കില്‍ അതിന്‍റെ അത്യാവശ്യങ്ങള്‍ ഗവണ്‍മെന്‍റ് നിര്‍വഹിച്ചുകൊടുക്കുക ന്യായം മാത്രമാണ്.  കാരണം, ഓരോ കുടുംബവും രാഷ്ട്രത്തിന്‍റെ ഭാഗമാണ്.  അപ്രകാരംതന്നെ ഒരു കുടുംബത്തില്‍ പെട്ടവരുടെ പരസ്പരാവകാശങ്ങളെ സംബന്ധിച്ചു ഗൗരവതരമായ തര്‍ക്കം ഉണ്ടായാല്‍, ഒരു കക്ഷിക്കു ന്യായമായി അവകാശപ്പെട്ടത് ഇതരകക്ഷിയെക്കൊണ്ടു കൊടുപ്പിക്കാന്‍ രാഷ്ട്രാധികാരം ഇടപെടുക തന്നെ വേണം.  എന്തുകൊണ്ടെന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പൗരന്മാരുടെ അവകാശങ്ങളെ നിഹനിക്കാനല്ല, നീതിയും ന്യായവുമനുസരിച്ച് അവയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമാണ്.  എന്നാല്‍, രാഷ്ട്രത്തിലെ ഭരണാധികാരികള്‍ ഇതിനപ്പുറം പോകാന്‍ പാടില്ല.  അവരുടെ ഇടപെടല്‍ അവിടംകൊണ്ട് അവസാനിപ്പിക്കണമെന്ന് പ്രകൃതി, അതായത് പ്രകൃതിനിയമം കല്പിക്കുന്നു.

വ്യക്തിയെയും കുടുംബത്തെയും അവരുടെ ആവശ്യങ്ങളില്‍ സഹായിക്കേണ്ട രാഷ്ട്ര നീതിയെക്കുറിച്ച്, പ്രത്യേകിച്ച്, ഒരു വ്യക്തി അപരനെ ചൂഷണം ചെയ്യുന്ന അവസ്ഥയില്‍ രാഷ്ട്രം ഇടപേടേണ്ടതിനെക്കുറിച്ച് ഇവിടെ നാം കണ്ടത്. ഈ പ്രബോധനത്തിന്‍റെ തുടര്‍ച്ചയാണ് അടുത്ത ഖണ്ഡികയിലുള്ളത്. രാഷ്ട്രം അനാവശ്യമായി പൗരന്മാരുടെ അവകാശങ്ങളില്‍ കടക്കാതിരിക്കേണ്ടതിന്‍റെ കാരണങ്ങള്‍ നിരത്തി യുക്തിയുക്തമായാണ് പാപ്പാ ഇവിടെ പ്രബോധിപ്പിക്കുന്നത്. റേരും നൊവാരുമിന്‍റെ പന്ത്രണ്ടാം ഖണ്ഡികയില്‍ നാം ഇങ്ങനെ വായിക്കുന്നു

2. റേരും നൊവാരും 12 (ലെയോ 13-ാമന്‍ പാപ്പാ, 1891)

രാഷ്ട്രത്തിന്‍റെ ഇപ്രകാരമുള്ള ഇടപെടല്‍ അനീതിയാണ്.  മാത്രമല്ല, അതു നിശ്ചയ മായും എല്ലാ വിഭാഗത്തിലുംപെട്ട പൗരന്മാര്‍ക്കു ശല്യവും അസ്വസ്ഥതയുമുണ്ടാ ക്കുകയും, അവരെ ഗര്‍ഹണീയവും അസഹനീയവുമായ അടിമത്തത്തിനു വിധേ യരാക്കുകയും ചെയ്യും.  അത് അസൂയയ്ക്കും പരസ്പരദൂഷണത്തിനും കലഹ ത്തിനും വാതില്‍ തുറക്കും.  സമ്പത്തിന്‍റെ ഉറവിടങ്ങള്‍ തന്നെ വറ്റിപ്പോകും.  കാര ണം, ഒരുവനും തന്‍റെ കഴിവുകള്‍ വിനിയോഗിക്കാനോ ഉത്സാഹപൂര്‍വം അധ്വാനി ക്കാനോ താല്‍പ്പര്യം ഉണ്ടാകുകയില്ല.  സോഷ്യലിസ്റ്റുകള്‍ മധുരസ്വപ്നം കാണുന്ന ആദര്‍ശ സമത്വം, യഥാര്‍ഥത്തില്‍ എല്ലാവരെയും ഒന്നുപോലെ ദുരിതത്തിന്‍റെയും അപമാനത്തിന്‍റെയും സ്ഥിതിയിലെത്തിക്കുന്ന ഒരു തരം നിരപ്പാക്കലായിത്തീരുന്നു.

സോഷ്യലിസം അന്നത്തെ കാലഘട്ടത്തിലും ഇന്നും മനോഹരമായ ഒരു ആശയമാണ്.  എന്നാല്‍, അതില്‍ ദൈവികപദ്ധതി മനസ്സിലാക്കപ്പെടുന്നില്ല.  ഒരുപക്ഷേ, മാനുഷികമായ ഒരു നല്ല പോംവഴി എന്നു തോന്നിയേക്കാമെങ്കിലും, മനുഷ്യന്‍, എല്ലാ പ്രശ്ന ങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനു പ്രാപ്തനല്ല എന്നുകൂടി നാം തിരിച്ചറിയേണ്ടത് ആവശ്യമാണ്.  അതുകൊണ്ട്, ദൈവത്തിന്‍റെ പദ്ധതി മനസ്സിലാക്കാന്‍ പരിശ്രമിക്കുന്ന നീതിയോടുള്ള പ്രതിബദ്ധത ഇവിടെ ആവശ്യമാണെന്നു പാപ്പാ ഊന്നിപ്പറയുകയാണ്. അടുത്തതായി നാം ശ്രവിക്കുന്നത് ഇതേ രേഖയിലെ ഇരുപത്തെട്ടാം ഖണ്ഡികയാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കുകയും വ്യക്തമാക്കുകയും ചെയ്യുകയാണീ ഭാഗം. 

3. റേരും നൊവാരും 28 (ലെയോ 13-ാമന്‍ പാപ്പാ, 1891):  രാഷ്ട്രത്തിന്‍റെ സഹായകധര്‍മവും പൊതുനന്മയും

രാഷ്ട്രം വ്യക്തിയെയോ കടുംബത്തെയോ ഗ്രസിക്കാന്‍ പാടില്ലെന്നു നാം പ്രസ്താവിച്ചു കഴിഞ്ഞല്ലോ.  പൊതുക്ഷേമത്തോടും മറ്റുള്ളവരുടെ താല്‍പ്പര്യങ്ങളോടും ഒത്തു പോകുന്നിടത്തോളം ഇരുകൂട്ടര്‍ക്കും - അതായത്, വ്യക്തികള്‍ക്കും കുടുംബത്തിനും - സ്വതന്ത്രവും നിര്‍വിഘ്നവുമായ പ്രവര്‍ത്തനത്തിനുള്ള അവസരമുണ്ടായിരിക്കണം.  എങ്കിലും ഭരണാധികാരികള്‍ സമൂഹത്തെയും അതിലെ എല്ലാ അംഗങ്ങളെയും വ്യഗ്രതയോടെ പരിപാലിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട് സമൂഹത്തെ പരിപാലി ക്കണം? കാരണം, സമൂഹത്തിന്‍റെ സംരക്ഷണം രാഷ്ട്രാധികാരത്തിന്‍റെ ഗൗരവാവഹ മായ കര്‍ത്തവ്യമാണ്.  രാഷ്ട്രത്തിന്‍റെ സുരക്ഷിതത്വമാണ് ഒരു ഗവണ്‍മെന്‍റിന്‍റെ പ്രാ ഥമിക നിയമം എന്നു മാത്രമല്ല, ഗവണ്‍മെന്‍റിന്‍റെ അസ്തിത്വംതന്നെ ഇതിനെ ആശ്രയി ച്ചാണു നില്‍ക്കുന്നത്.  എന്തുകൊണ്ട് സമൂഹത്തിലെ അംഗങ്ങളെ സംരക്ഷിക്കണം?  കാരണം, ഒരു രാജ്യത്തിലെ ഭരണകൂടത്തിന്‍റെ ലക്ഷ്യം ഭരണകര്‍ത്താവിന്‍റെ നന്മയല്ല, അദ്ദേഹത്തിന്‍റെ ഭരണത്തിന് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരുടെ നന്മയാണെന്നു തത്വശാസ്ത്രവും സുവിശേഷവും ഐക്യകണ്ഠേന അനുശാസിക്കുന്നു.

ഭരണാധികാരികളുടെ ധര്‍മത്തെക്കുറിച്ചുള്ള ശക്തിയുക്തവും ധീരവുമായ പ്രബോധനമാണ് നാമിവിടെ കേള്‍ക്കുക. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ നില നിന്ന രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളെ പഠിക്കുന്നതിനും, ക്രിസ്തീയവിശ്വാസത്തി നനുസൃതമായ വിലയിരുത്തി പ്രശ്നപരിഹാരങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനുമുള്ള ലെയോ പതിമൂന്നാമന്‍ പാപ്പായുടെ ഈ ധീരതയും, സഭാസമര്‍പ്പണവും ആ രേഖയെ നൂറു വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു സാമൂഹികപ്രബോധനത്താല്‍ ആദരിക്കുന്നതിനു വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ പ്രേരിപ്പിച്ചു. നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ വന്ന മാറ്റങ്ങള്‍, ശാസ്ത്രീയവും സാങ്കേ തികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ കണക്കിലെടുക്കുമ്പോഴും ലെയോ പതിമൂന്നാ മന്‍ പാപ്പായുടെ പ്രബോധനങ്ങളിലെ ആനുകാലികത തള്ളിപ്പറയാവില്ല എന്നതു തന്നെ ആ സാമൂഹികപ്രബോധനത്തിന്‍റെ മേന്മ.  ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട്, ആ പ്രബോധനത്തിന്‍റെ ആനുകാലികസാംഗത്യം സ്ഥിരീകരിച്ചുകൊണ്ട് വി. ജോണ്‍ പോള്‍ പാപ്പാ നല്‍കിയ ചെന്തേസ്സിമൂസ് അന്നൂസ്, അഥവാ നൂറാം വര്‍ഷത്തില്‍ എന്ന രേഖയിലെ പത്താം ഖണ്ഡികയില്‍ ഐക്യദാര്‍ഢ്യത്തെക്കുറിച്ച് ഉചിത മായി പ്രബോധിപ്പിക്കുന്നു. 

4. ചെന്തേസ്സിമൂസ് അന്നൂസ് 10 (ജോണ്‍ പോള്‍ 2-ാമന്‍ പാപ്പാ, 1991): സ്നേഹം മൂലമുള്ള ഐക്യദാര്‍ഢ്യം

ഇപ്രകാരം നാമിന്നു ദൃഢൈക്യത്തിന്‍റെ തത്വം (PRINCIPLE OF SOLIDARITY) എന്നു വിളിക്കുന്ന തത്വം സാമൂഹിക, രാഷ്ട്രീയ ഘടനയെപ്പറ്റിയുള്ള ക്രൈസ്തവവീക്ഷണത്തിന്‍റെ മൗലിക തത്വങ്ങളില്‍ ഒന്നാണെന്നു വ്യക്തമായി കാണാം.  അതിന് ഓരോ രാഷ്ട്രത്തിന്‍റെയും ആഭ്യന്തരക്രമത്തിലും അന്താരാഷ്ട്രക്രമത്തിലും ഉള്ള സാധ്യതയെപ്പറ്റി 'സൊള്ളിച്ചിത്തൂദോ റേയി സോച്യാലിസ് ' (സാമൂഹികൗത്സുക്യം) എന്ന ചാക്രികലേഖനത്തില്‍ ഞാന്‍ പ്രതിപാദിച്ചിട്ടുണ്ടല്ലോ.  ലെയോ പതിമൂന്നാമന്‍ പാപ്പാ ഈ തത്വത്തെപ്പറ്റി പലപ്പോഴും പ്രസ്താവിച്ചിട്ടുണ്ട്. ''സൗഹൃദബന്ധം'' എന്നാണ് അദ്ദേഹം ഉപയോഗിക്കുന്ന പദം.  ഗ്രീക്കു തത്വചിന്തയില്‍ പണ്ടേ ഉണ്ടാ യിരുന്നതായി കാണുന്ന ഒരു ആശയമാണത്.  പതിനൊന്നാം പീയൂസ് പാപ്പാ ഇതു പോലെതന്നെ അര്‍ഥപൂര്‍ണമായ വാക്ക് - സാമൂഹികപരസ്നേഹം -  ഉപയോഗിച്ച് അതിനെ പരാമര്‍ശിക്കുന്നു.  പോള്‍ ആറാമന്‍ പാപ്പാ, സാമൂഹികപ്രശ്നത്തിന്‍റെ വിവിധങ്ങളായ നവീനവശങ്ങളെ ഉള്‍പ്പെടുത്താന്‍വേണ്ടി ആ ആശയത്തെ വിപുല മാക്കിക്കൊണ്ട് ഒരു ''പരസ്നേഹ സംസ്ക്കാരത്തെപ്പറ്റി'' പറയുന്നു.

സഹായതത്വം, ഐക്യദാര്‍ഢ്യം എന്നിവയെല്ലാം നമ്മുടെ സാമൂഹിക, രാഷ്ട്രീയഘടനയെക്കുറിച്ചുള്ള ക്രൈസ്തവവീക്ഷണത്തിന്‍റെ മൗലികതത്വങ്ങളാണ്. ക്രൈസ്തവരായ നമുക്കു ഈ തത്വങ്ങള്‍ മനസ്സിലാക്കുന്നതിനും അതു പിന്‍തുടരുന്നതിനും കടമയുണ്ട്.  ദൈവികപദ്ധതിയെ വിനയത്തോടെ മനസ്സിലാക്കാനും, അതു നിവൃത്തിയാക്കാനും നമുക്കു ദൈവകൃപ യാചിക്കാം.  കാരണം, ദൈവം സ്നേഹമാണ്, നമ്മുടെ സ്നേഹപിതാവാണ്.  ആ സ്നേഹത്തിലല്ലാതെ നമുക്കു നിലനില്‍പ്പില്ല.








All the contents on this site are copyrighted ©.