സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഓരോ ദിനവും ജാഗ്രതയോടെയിരിക്കാനുള്ള നൂതനാവസരം- പാപ്പാ

ഫ്രാന്‍സീസ് പാപ്പാ ജനസഞ്ചയ മദ്ധ്യേ, വത്തിക്കാനില്‍ ബുധനാഴ്ച്ത്തെ പ്രതിവാരപൊതുദര്‍ശന വേളയില്‍ 11/10/2017 - AFP

11/10/2017 13:12

ശൈത്യകാലാഗമനത്തിന്‍റെ സൂചനയായി താപനില സാവധാനം താഴ്ന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണെങ്കിലും റോമാപുരിയില്‍ പൊതുവെ മന്ദോഷ്ണ സുഖദായക കാലവാസ്ഥയായിരുന്നു ഈ ബുധനാഴ്ച (11/10/17). ആകയാല്‍ വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണംതന്നെ ആയിരുന്നു ഇത്തവണയും. വിവിധ രാജ്യങ്ങളില്‍ നിന്നായി മലയാളികളുള്‍പ്പടെയുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി നിരവധിപ്പേര്‍ ചത്വരത്തില്‍ സന്നിഹിതാരായിരുന്നു. ഭാരതത്തില്‍ നിന്നെത്തിയിരുന്ന വിശുദ്ധ തോമാശ്ലീഹായുടെ പ്രേഷിതസമൂഹത്തിലെ (മിഷനറി സൊസൈറ്റി ഓഫ് സെന്‍റ്  തോമസ് അപ്പോസ്തല്‍) അംഗങ്ങളായ വൈദികരുടെ ഒരു സംഘവും ഇവരില്‍ ഉള്‍പ്പെട്ടിരുന്നു. ഫ്രാന്‍സീസ് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍  അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ കരഘോഷവും ആരവങ്ങളും അവരുടെ ആനന്ദത്തിന്‍റെ  ആവിഷ്കാരമായി. പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ വാഹനം നിറുത്തി പാപ്പാ പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും സ്നേഹവാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  പ്രസംഗവേദിയ്ക്കരികില്‍ വാഹനം എത്തിയപ്പോള്‍ പാപ്പാ അതില്‍നിന്നിറങ്ങി നടന്ന് വേദിയിലേക്കു കയറി. റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. ലൂക്കായുടെ സുവിശേഷം 12-Ͻ൦ അദ്ധ്യായം 35 മുതല്‍ 38 വരെയും 40 ഉം വാക്യങ്ങളായിരുന്നു വായിക്കപ്പെട്ടത്. കര്‍ത്താവിന്‍റെ ആഗമനം ജാഗരൂഗരായി കാത്തിരിക്കാന്‍ ആഹ്വാനം ചെയ്യുന്ന  ഈ സുവിശേഷഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, പ്രത്യാശയെ അധികരിച്ചു താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു.  ജാഗരൂഗരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തകളാണ് പാപ്പാ പങ്കുവച്ചത്.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രത്യാശയുടെ ഒരു മാനമായ ജാഗരൂഗമായ കാത്തിരിപ്പിനെക്കുറിച്ച് പരിചിന്തനം ചെയ്യാനാണ് ഇന്നു ഞാനാഗ്രിഹിക്കുന്നത്. ജാഗ്രത എന്ന പ്രമേയം പുതിയനിയമത്തെ കോര്‍ത്തിണക്കുന്ന ചരടുകളില്‍ ഒന്നാണ്. യേശു അവിടത്തെ ശിഷ്യരോടു പറയുന്നു: നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിന്‍; തങ്ങളുടെ യജമാനന്‍ കല്ല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നുകൊടുക്കാന്‍ അവന്‍റെ  വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍” (ലൂക്കാ 12:35,36) ആകയാല്‍ ക്രൈസ്തവരായ നാം, കര്‍ത്താവ് എല്ലാവര്‍ക്കും എല്ലാമായിത്തീരുന്ന സമയമാകുന്ന, അവിടത്തെ പുനരാഗമനം ജാഗ്രതയോടെ പാര്‍ത്തിരിക്കുന്നവരാകണം. ഓരോ ദിനവും,  ദൈവത്തിനായി ജഗ്രതയോടെയിരിക്കാന്‍, ദിവസത്തെ അവിടത്തെ സമ്മാനമായി സ്വീകരിക്കാന്‍, നമ്മുടെ സല്‍പ്രവൃത്തികള്‍ സമര്‍പ്പിച്ചുകൊണ്ട് ആ ദിനം ജീവിക്കാന്‍ ഉള്ള പുതിയ അവസരമാണ്. നമ്മുടെ ദിനങ്ങള്‍ വരസമായി തോന്നുമ്പോഴും സഹനങ്ങളേറുമ്പോഴും ദൈവത്തിന്‍റെ കൃപ ദര്‍ശിക്കാന്‍ കഴിയേണ്ടതിന് ഈ ജാഗ്രത ക്ഷമ വ്യവസ്ഥചെയ്യുന്നു. എന്തെന്നാല്‍ ഉഷസ്സേകുന്ന ആനന്ദത്തെ വിസ്മൃതിയിലാഴ്ത്തത്തക്കവിധം അത്ര ഏറെ നീണ്ടതല്ല ഒരു രാത്രിയും. എത്രമാത്രം കൂടുതല്‍ ഇരുളുന്നുവോ അത്രയേറെ അടുത്തായിരിക്കും ഉദയം.

ക്രൈസ്തവരെന്നനിലയില്‍ നമുക്കറിയാം ക്രിസ്തു വീണ്ടു വരും എന്ന്. നമുക്കനുഭവിക്കേണ്ടിവരുന്ന സഹനങ്ങള്‍ എന്തായിരുന്നാലും ശരി ജീവിതത്തിന് തനതായ ലക്ഷ്യവും അഗാധമായ അര്‍ത്ഥവും ഉണ്ട്. അതിന്‍റെ അവസാനം കരുണാമയനായ കര്‍ത്താവ് നമ്മെ സ്വാഗതം ചെയ്യും. ആകയാല്‍, നമ്മുടെ പ്രവൃത്തികളാല്‍ മാത്രമല്ല ദൈവികപരിപാലനയാലുമാണ് നമ്മുടെ ഭാവി  നയിക്കപ്പെടുന്നത് എന്ന അവബോധം പുലര്‍ത്തിക്കൊണ്ട്, നമുക്കു ചരിത്രത്തെയും നമ്മുടെ ജീവിതങ്ങളെയും ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും നോക്കാന്‍ സാധിക്കും.

എന്നാല്‍ കൈയ്യുംകെട്ടിനില്ക്കുന്നവരാകരുത് നമ്മള്‍. എന്തെന്നാല്‍ “യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണപ്പെടുന്ന ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍”. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ചുമലിലേറ്റി അവസാനം സ്വന്തം സമാധാനം സന്ധിചെയ്യാത്ത ഒരു സമാധാനശില്പിയുമില്ല. എന്തെന്നാല്‍ ക്രൈസ്തവന്‍ സാഹസികനാണ്. നന്മ, ക്രിസ്തു നമുക്ക് ഒരു നിധിയെന്നപോലെ പ്രദാനംചെയ്ത നന്മ കൊണ്ടുവരുന്നതിന്, അപകടങ്ങളെ നേരിടാന്‍ ധൈര്യമുള്ളവനാണ്. നേരെ മറിച്ചായാല്‍ അവന്‍ സമാധനസ്ഥാപകനല്ല, പ്രത്യുത, അലസനാണ്, സുഖപ്രിയനാണ്.

നമ്മുടെ ജീവിതത്തിലെ ഒരോദിനവും നാം ആദ്യശിഷ്യരുടെ ആ പ്രാര്‍ത്ഥന ആവര്‍ത്തിക്കാറുണ്ട്. അവരു ഭാഷയില്‍, അതായത്, അറമായ ഭാഷയില്‍ അത് “മാരാനാ ത” (marana tha) എന്നാണ്. അത് ബൈബിളിലെ അവസാന വാക്യത്തില്‍ കാണുന്നത് ഇങ്ങനെയാണ്: “കര്‍ത്താവായ യേശുവേ, വരണമേ”. ക്രൈസ്തവാസ്തിത്വത്തിന്‍റെ പല്ലവിയാണിത്. ക്രിസ്തുവിന്‍റെ തലോടലല്ലാതെ മറ്റെന്താണ് നമ്മുടെ ലോകത്തില്‍ നമുക്കാവശ്യമായിരിക്കുന്നത്. “ഇതാ ഞാന്‍ വേഗം വരുന്നു” ​എന്ന് ഉത്തരമേകുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്ന കര്‍ത്താവിന്‍റെ സ്വരം ക്ലേശകരങ്ങളായ ദിനങ്ങളില്‍, പ്രാര്‍ത്ഥനയില്‍ നാം കേള്‍ക്കുമ്പോള്‍ അത് എത്ര അനുഗ്രഹപ്രദമാണ്! നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.ആംഗലഭാഷാക്കാരെ സംബോധന ചെയ്യവേ പാപ്പാ ഒക്ടോബര്‍ 12 ന് ലോക കാഴ്ചദിനം ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. അന്ധരും മങ്ങിയ കാഴ്ചമാത്രമുള്ളവരുമായവര്‍ക്ക് തന്‍റെ സാമീപ്യവും പ്രാര്‍ത്ഥനയും പാപ്പാ ഉറപ്പുനല്കി. ദൈവികപരിപാലനയിലുള്ള വിശ്വാസത്തിലും പ്രത്യാശയിലും അചഞ്ചലരായിനിലകൊള്ളാന്‍ പാപ്പാ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

ഫാത്തിമയില്‍ പരിശുദ്ധകന്യകാമറിയം അവസാനമായി പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദിയാഘോഷം ഒക്ടോബര്‍ 13ന്, വെള്ളിയാഴ്ച സമാപനംകുറിക്കുന്നതും പാപ്പാ കൂടിക്കാഴ്ചാവേളയില്‍ അനുസ്മരിച്ചു. വിശ്വശാന്തി എന്ന നിയോഗത്തോടുകൂടി ഈ ഒക്ടോബര്‍ മാസം പ്രത്യേകം കൊന്തനമ്സ്കാരം ചൊല്ലാന്‍ പാപ്പാ എല്ലാവരേയും ക്ഷണിച്ചു. അക്രമാസക്തിവാഴുന്ന മനസ്സുകളില്‍ ഈ പ്രാര്‍ത്ഥന ചലനം സൃഷ്ടിക്കുകയും, പൊതുഭവനത്തെ പരിപാലിക്കുന്ന അക്രമരഹിത സമൂഹത്തിന് രൂപമേകുന്നതിന്  അവരുടെ ഹൃദയങ്ങളിലും വാക്കുകളിലും പ്രവൃത്തികളിലും നിന്ന് അക്രമത്തെ അകറ്റുകയും ചെയ്യട്ടെയെന്ന് പാപ്പാ ആംശംസിച്ചു. പ്രാര്‍ത്ഥനനയില്‍ ദൈവത്തിങ്കലേക്കു തിരിയുകയാണെങ്കില്‍ ഒന്നും അസാധ്യമല്ലെന്നും  എല്ലാവര്‍ക്കും സമാധാനശില്പികളായിത്തീരാനാകുമെന്നും പാപ്പാ പറഞ്ഞു.

പ്രകൃതിദുരന്തങ്ങള്‍ കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്രദിനവും ഒക്ടോബര്‍ 13ന് ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു. ഉപരിയായ കരുതലോടുകൂടി പരിസ്ഥിതിയെ പരിപാലിച്ചുകൊണ്ട് പ്രപഞ്ചത്തെ സംരക്ഷിക്കാനുള്ള ആഹ്വാനം പാപ്പാ നവീകരിച്ചു. പ്രകൃതിദുരന്തങ്ങളും   വിപത്തുകളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടിയ ഒരു സംസ്കൃതി പരിപോഷിപ്പിക്കാന്‍ പാപ്പാ സ്ഥാപനങ്ങള്‍ക്കും പൊതുജീവിതത്തിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്വം പേറുന്നവര്‍ക്കും പ്രചോദനം പകര്‍ന്നു. പൊതുഭവനത്തെക്കുറിച്ചുള്ള പഠനവും അതിന്‍റെ സംരക്ഷണവും മുന്‍നിറുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേധ്യരായ ജനങ്ങള്‍ക്കുള്ള അപകടങ്ങള്‍ ക്രമേണ കുറയ്ക്കുമെന്നും പാപ്പാ പറ‍ഞ്ഞു.

പൗരസ്ത്യസഭകള്‍ക്കായുള്ള സംഘം അതിന്‍റെ സ്ഥാപനത്തിന്‍റെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ചു ചേര്‍ന്നിരിക്കുന്ന സമ്പൂര്‍ണ്ണസമ്മേളനത്തില്‍ സംബന്ധിക്കുന്നവരെയും പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ അഭിവാദ്യം ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ ഒക്ടോബര്‍ പ്രേഷിതമാസമാണെന്നും  ഈ മാസത്തില്‍ നമ്മള്‍ പ്രഷിതപ്രവര്‍ത്തനത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയത്തോടു പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്‍റെ അതേ കാരുണ്യത്തോടും സൗമ്യതയോടുംകൂടി തങ്ങളുടെ ചുറ്റുപാടുകളില്‍ ക്രിസ്തുവിന്‍റെ   പ്രേഷിതരായിരിക്കാന്‍ പാപ്പാ യുവതയെ ക്ഷണിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം മാര്‍പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.  

11/10/2017 13:12