2017-10-10 17:01:00

സീറോ മലബാര്‍ സഭയ്ക്കു പുതിയ രണ്ടു രൂപതകള്‍കൂടി


സീറോ മലബാര്‍ സഭയ്ക്കു ഷംസബാദ്, ഹൊസൂര്‍ എന്നീ രണ്ടുരൂപതകള്‍കൂടി ഫ്രാന്‍സീസ് പാപ്പാ അനുവദിച്ചതായി വത്തിക്കാന്‍ അറിയിച്ചു.  പൗരസ്ത്യകത്തോലിക്കാ പാത്രിയര്‍ക്കീസുമാര്‍, മേജര്‍ ആര്‍ച്ചുബിഷപ്പുമാര്‍ എന്നിവരുടെ കൂടിക്കാഴ്ച വത്തിക്കാനില്‍ ആരംഭിച്ച സാഹചര്യത്തിലാണ് ഈ പുതിയ അറിയിപ്പുണ്ടായത്. ബിഷപ്പ് റാഫേല്‍ തട്ടില്‍, ഷംസബാദ് രൂപതയുടെയും, മോണ്‍. സെബാ സ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ ഹോസൂര്‍ രൂപതയുടെയും പ്രഥമ മെത്രാന്മാരാകും.

തൃശൂര്‍ രൂപതയുടെ സഹായമെത്രാനും ഒപ്പം ഭാരതത്തിലെ, സീറോ മലബാര്‍ രൂപതാ പരിധിയില്‍ വരാത്ത എല്ലാ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാവിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററും കൂടിയാണ് ബിഷപ്പ് റാഫേല്‍.  ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഷംസബാദ് രൂപത, അതിനാല്‍ത്തന്നെ വിസ്തീര്‍ണത്തില്‍ വളരെ വലുതാണ്. തെലുങ്കാന സംസ്ഥാനത്തെ ഹൈദരാബാദിനടുത്തായിരിക്കും രൂപതയുടെ ആസ്ഥാനം. 

ഹൊസൂര്‍ രൂപതയുടെ ആദ്യ മെത്രാനായി അവരോധിതനാകുന്നത്, മോണ്‍. സെബാസ്റ്റ്യന്‍ (ജോബി) പൊഴോലിപ്പറമ്പില്‍ ആണ്. 1982-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരി, മൈനര്‍ സെമിനാരി റെക്ടര്‍, ചെന്നൈ ആസ്ഥാനമാക്കിയുള്ള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങളുള്‍പ്പെടെ രൂപതയുടെ വിവിധശുശ്രൂഷകള്‍ക്കു നേതൃത്വം വഹിച്ചിട്ടുണ്ട്. നിലവില്‍ ഇരിഞ്ഞാലക്കുട രൂപതയുടെ സിഞ്ചെല്ലൂസ് ആണ് അദ്ദേഹം. 

ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാടിന്‍റെ വടക്കുഭാഗമാണ് ഹോസൂര്‍ രൂപതയുടെ പരിധിയില്‍ വരുന്നത്.  ഏതാണ്ട് അറുപതിനായിരത്തിലധികം വിശ്വാസികളുള്ള ഈ നിയുക്ത രൂപതയില്‍ വൈദികരും സന്യസ്തരും സഭാശൂശ്രൂഷയില്‍ സജീവമാണ്.

പുതിയ രൂപതകള്‍ അനുവദിച്ചതു കൂടാതെ, രാമനാഥപുരം, തക്കലെ രൂപതകളുടെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ടും പരിശുദ്ധ പിതാവ് ഉത്തരവായി.  








All the contents on this site are copyrighted ©.