2017-10-09 16:49:00

‘‘നല്ല സമറായന്‍റെ ഉപമയിലെ ക്രിസ്തുരഹസ്യം’’: പാപ്പായുടെ വചനസന്ദേശം


നല്ല സമറായന്‍റെ ഉപമയെ വിശദീകരിച്ചുകൊണ്ട്, ഒക്ടോബര്‍ 9, തിങ്കളാഴ്ചയില്‍ പാപ്പാ നല്‍കിയ വചനസന്ദേശത്തില്‍, ഉപമ ക്രിസ്തുരഹസ്യത്തെ വെളിപ്പെടുത്തുന്നു എന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.  സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതദിവ്യ ബലിയില്‍, വി. ലൂക്കായുടെ സുവിശേഷം പത്താമധ്യായത്തില്‍ നിന്നുള്ള ഈ ഉപമയെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:

...ആരാണ് തന്‍റെ അയല്‍ക്കാരന്‍ എന്ന നിയമജ്ഞന്‍റെ പിന്നീടുള്ള ചോദ്യത്തിനു യേശു നല്‍കിയ ഉത്തരം ഈ കഥയായിരുന്നു.  ഈ ഉപമയില്‍, ആറു കഥാപാത്രങ്ങളുണ്ട്.  കള്ളന്മാര്‍, മരണാസന്നനാ യി കിടക്കുന്ന മനുഷ്യന്‍, പുരോഹിതന്‍, ലേവായന്‍, സത്രം സൂക്ഷിപ്പുകാരന്‍, യഹൂദനല്ലാത്ത, വിജാതീയനായ ഒരു സമറായക്കാരന്‍... 

കഥയില്‍ ക്രിസ്തുരഹസ്യമാണു വിശദീകരിക്കപ്പെടുന്നത് എന്നു പറഞ്ഞുകൊണ്ട് പാപ്പാ ഓരോ കഥാപാത്രത്തെയും വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെടുത്തി:

കള്ളന്മാര്‍ ആ മനുഷ്യനുണ്ടായിരുന്ന നല്ലതെല്ലാം മോഷ്ടിച്ച്, അയാളുടെ ജീവനെ അവഗണിച്ച്, സന്തോഷമായിട്ടു കടന്നുപോയി.  ദൈവത്തിന്‍റെ മനുഷ്യനായിരിക്കേണ്ട പുരോഹിതനും, നിയമത്തോട് അടുത്തിരുന്ന ലേവായനും ആ മുറിവേറ്റ മനുഷ്യനെ, ഏതാണ്ട് ജീവിതാവസാനത്തോളമെത്തിയ ആ മനുഷ്യനെ കടന്നുപോയി.  നമ്മുടെയിടയിലുള്ള പൊതുവായ ഒരു മനോഭാവമാണത്. ദുരന്തങ്ങള്‍ കാണുക. ഒരു മോശം കാര്യമെന്നപോലെ നോക്കുക.  എന്നിട്ട് മുന്നോട്ടു പോകുക. അതി നുശേഷം അതു പത്രങ്ങളില്‍ വായിക്കുന്നു, ഒരു ചെറിയ വൈകാരികതയോടെ...

എന്നാല്‍ ഈ പാപിയെന്നു കരുതപ്പെടുന്ന വിജാതീയനാകട്ടെ, യാത്രയിലാണ്. ഈ മനുഷ്യനെ കണ്ടിട്ട് ഇനിയും മുന്നോട്ടുപോകാനാവുന്നില്ല.  അയാള്‍ അനുകമ്പയുള്ളവനാണ്... അതു ലൂക്കാസുവിശേഷ കന്‍ നന്നായി വിവരിക്കുന്നു: അവനെക്കണ്ടു മനസ്സലിഞ്ഞ്, അടുത്തുചെന്നു... അവന്‍റെ അടുത്തുനിന്നു മാറിപ്പോയില്ല... അവന്‍റെ മുറിവിനാല്‍ ആ സമറിയാക്കാരന്‍ മുറിപ്പെട്ടു...അവന്‍..എണ്ണയും വീഞ്ഞു മൊഴിച്ച്.. എന്നിട്ടും അവനെ അവിടെ തനിയെ വിട്ടു പോയില്ല.. ഞാനെനിക്കു ചെയ്യാവുന്നതു ചെയ്തു എന്നു പറഞ്ഞ് വിട്ടുപോയില്ല.  ഇല്ല.  എന്നിട്ട് അവനെ സത്രത്തില്‍ കൊണ്ടു ചെന്നാക്കി...

ഇതാണ് ക്രിസ്തുരഹസ്യം. ക്രിസ്തു ദാസനായി തന്നെത്തന്നെ താഴ്ത്തി, നമ്മുടെ പാപങ്ങള്‍ നീക്കി, നമുക്കുവേണ്ടി മരിച്ചു. നമ്മെ കടന്നു മുന്നോട്ടു പോകാന്‍ അവിടുത്തേയ്ക്കായില്ല. നമ്മുടെ പക്കലേക്കു വന്നു. മരിക്കുവോളം മുറിവേറ്റു.  നമ്മെ ശുശ്രൂഷിച്ചു. നമുക്കുവേണ്ടി മോചനദ്രവ്യമായി.  അവിടുത്തെ രണ്ടാമത്തെ ആഗമനം വരെ നമുക്കുവേണ്ടി അങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. 

ഇങ്ങനെ ആ ഉപമ വിശദീകരിച്ച പാപ്പാ, ഇത് ഒരു കുട്ടിക്കഥയല്ല... മറിച്ച് അതു യേശുരഹസ്യത്തി ന്‍റെ വിശദീകരണമാണ്... എന്നു പറഞ്ഞുകൊണ്ടു വിശ്വാസികളോടു ചോദിച്ചു:  ഞാനെങ്ങനെയാണ് ചെയ്യുക... മുറിവുകളേറ്റ അനേകംപേരെ അനുദിനവും കണ്ടുമുട്ടുമ്പോള്‍, ഞാന്‍ ശുശ്രൂഷകരൂപം എടുക്കാറുണ്ടോ..?  ഇങ്ങനെ, നല്ല സമറിയാക്കാരന്‍റെ ഉപമയിലേയ്ക്കു ഉള്‍ച്ചേര്‍ന്ന്, ക്രിസ്തുരഹസ്യം മനസ്സിലാക്കാന്‍ ഉള്ള ആഹ്വാനവുമായിരുന്നു പാപ്പായുടെ വചനസന്ദേശം.








All the contents on this site are copyrighted ©.