സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കാരുണ്യമാകുന്ന പുതിയ വീഞ്ഞു പകരുന്ന ദൈവം - ത്രികാലജപസന്ദേശം

ജപമാലരാജ്ഞിയുടെ തിരുസ്വരൂപവുമായി ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന വിശ്വാസകിള്‍, വത്തിക്കാന്‍ 08/10/17 - REUTERS

09/10/2017 13:07

പതിവുപോലെ ഈ ഞായറാഴ്ചയും (09/10/17) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍, മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശാലമായ ചത്വരത്തില്‍ വിവിധരാജ്യക്കാരായിരുന്ന 30000ത്തോളം വിശ്വാസികള്‍ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30 ന് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങളുടെ ആനന്ദാരവങ്ങളും  കരഘോഷങ്ങളുമുയര്‍ന്നു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി നല്കിയ സന്ദേശത്തില്‍, ഈ ഞായറാഴ്ച, ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യെ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം അദ്ധ്യായം 21, 33 മുതല്‍ 43 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന മുന്തിരത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ, അതായത്, തന്‍റെ മുന്തിരിത്തോപ്പില്‍ നിന്ന് ഫലങ്ങള്‍ ശേഖരിക്കാന്‍ തോട്ടമുടമ ഭൃത്യന്മാരെയും അവസാനം സ്വന്തം പുത്രനെയും അയക്കുന്നതും കൃഷിക്കാരാകട്ടെ ഇവരെ മര്‍ദ്ദിക്കുകയും ചിലരെ വധിക്കുന്നതുമായ സംഭവം വിശകലനം ചെയ്തു.         

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം എന്ന ആശംസയോടെ ആരംഭിച്ച തന്‍റെ  വിചിന്തനം പാപ്പാ ഇപ്രകാരം തുടര്‍ന്നു.

ഈ ഞായറാഴ്ചത്തെ ആരാധനക്രമം, താന്‍ നട്ടുപിടിപ്പിച്ച മുന്തരിത്തോട്ടം ഉടമസ്ഥന്‍ കൃഷിക്കാരെ ഏല്പിച്ചു പോകുന്ന ഉപമ നമ്മുടെ വിചിന്തനത്തിനായി നല്കുന്നു. മുന്തിരത്തോട്ടത്തിലെ കൃഷിക്കാരുടെ വിശ്വസ്തത ഇവിടെ പരീക്ഷിക്കപ്പെടുന്നു. തങ്ങള്‍ക്ക് ഏല്പിക്കപ്പെട്ട മുന്തരിത്തോട്ടം കൃഷിക്കാര്‍ നല്ലവണ്ണം നോക്കി ഫലസമൃദ്ധമാക്കുകയും വിളവ് ഉടമസ്ഥന് നല്കുകയും ചെയ്യേണ്ടിയിരുന്നു. വിളവെടുപ്പിനു സമയമായപ്പോള്‍ യജമാനന്‍ ഫലം ശേഖരിക്കാന്‍ തന്‍റെ ഭൃത്യരെ അയക്കുന്നു. എന്നാല്‍ കൃഷിക്കാര്‍ തോട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. തങ്ങള്‍ തോട്ടത്തിന്‍റെ നടത്തിപ്പുകാരല്ല ഉടമസ്ഥരാണെന്ന ഭാവം പുലര്‍ത്തുകയും ഫലങ്ങള്‍ നല്കാന്‍ വിസ്സമ്മതിക്കുകയും ചെയ്യുന്നു. ഭൃത്യന്മാരോടു ക്രൂരതകാട്ടുകയും ഒരുവനെ  കൊല്ലുകയും ചെയ്യുന്നു. എന്നാല്‍ കൃഷിക്കാരോടു ക്ഷമകാട്ടുന്ന ഉടമസ്ഥന്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഭൃത്യന്മാരെ അയക്കുന്നു. എന്നാല്‍ ഫലം പഴയതുതന്നെ ആയിരുന്നു. ക്ഷമാശീലനായ ഉടമസ്ഥന്‍, അവസാനം, സ്വപുത്രനെ അയക്കാന്‍ തീരുമാനിക്കുന്നു; തോട്ടം സ്വന്തമാക്കാണമെന്ന ചിന്തയുടെ തടവറയിലായിരുന്ന കൃഷിക്കാര്‍ ആ പുത്രനെയും വധിക്കുന്നു. അങ്ങനെ തോട്ടത്തിന്‍റെ അവകാശം കൈക്കലാക്കാമെന്ന് അവര്‍ കരുതുന്നു.

ഇസ്രായേലിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള പ്രവാചകന്മാരുടെ ശകാരങ്ങളെ  ഈ സംഭവം ദൃഷ്ടാന്തരൂപേണ അവതരിപ്പിക്കുകയാണ്. നമ്മളുമായി ബന്ധപ്പെട്ടുനില്ക്കുന്ന ചരിത്രമാണത്. ദൈവം നരകുലവുമായി സ്ഥാപിക്കാന്‍ അഭിലഷിച്ച ഉടമ്പടിയുടെ ചരിത്രമാണത്. ആ ചരിത്രത്തിന്‍ പങ്കുചേരാന്‍ ദൈവം നമ്മെയും വിളിച്ചു. ഉടമ്പടിയുടെ ഈ ചരിത്രത്തിനും, സ്നേഹത്തിന്‍റെ മറ്റേതൊരു കഥയേയും പോലെ തന്നെ, ഭാവാത്മക നമിഷങ്ങളുണ്ട്. അതു പോലെതന്നെ വഞ്ചനകളാലും തിരസ്കരണങ്ങളാലും മുദ്രിതവുമാണ്. തന്‍റെ സ്നേഹത്തോടും തന്‍റെ ഉടമ്പടി നിര്‍ദ്ദേശത്തോടുമുള്ള തിരസ്കരണങ്ങളോട് പിതാവായ ദൈവം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നതിന് ഈ സുവിശേഷഭാഗം ഒരു ചോദ്യം ഉന്നയിക്കുന്നു: “അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട് എന്തു ചെയ്യും? ദുഷ്ടരുടെ പ്രവൃത്തിയുടെ മുന്നില്‍ ദൈവം നിരാശനാകുന്നില്ല എന്ന് ഈ ചോദ്യം അടിവരയിട്ടു കാട്ടുകയാണ്. ഇവിടെയാണ് ക്രൈസ്തവികതയുടെ മഹത്തായ പുതമ. നമ്മുടെ തെറ്റുകളും പാപങ്ങളും കണക്കിലെടുക്കാതെ വാക്കുപാലിക്കുന്ന ഒരു ദൈവമാണ്, നിശ്ചലനാകാത്ത, പ്രതികാരം ചെയ്യാത്ത ഒരു ദൈവമാണ് അവിടന്ന്. പ്രിയ സഹോദരീസഹോദരന്മാരേ, ദൈവം പ്രതികാരനടപടികള്‍ സ്വീകരിക്കുന്നില്ല, പ്രത്യുത, സ്നേഹിക്കുന്നു, നമുക്കു മാപ്പേകാനും,  നമ്മെ ആശ്ലേഷിക്കാനും നമുക്കായി കാത്തിരിക്കുന്നു.  ഉപേക്ഷിക്കപ്പെട്ട കല്ലുകളിലൂടെ, പണിക്കാര്‍ ഉപേക്ഷിച്ച കല്ലുകളില്‍ ആദ്യത്തേതായ ക്രിസ്തുവിലൂടെ, ബലഹീനതയുടേയും പാപത്തിന്‍റേയും അവസ്ഥകളിലൂടെ ദൈവം അവിടത്തെ മുന്തിരിത്തോപ്പിലെ പുതിയവീഞ്ഞ്, അതായത്, കാരുണ്യം പകരുന്നത് തുടരുന്നു. കാരുണ്യമാണ് കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ പുതിയ വീഞ്ഞ്. കാര്‍ക്കശ്യമാര്‍ന്നതും അലിവാര്‍ന്നതുമായ ദൈവ മനസ്സിനുമുന്നില്‍ ഏക പ്രതിബന്ധമെയുള്ളു. അത് നമ്മുടെ ഔദ്ധത്യം, നമ്മുടെ ദുരഹങ്കാരം ആണ്. അത് ചിലപ്പോള്‍ ആക്രമമായും പരിണമിക്കുന്നു. ഫലശൂന്യമായ ഇത്തരം മനോഭാവങ്ങള്‍ക്കുമുന്നില്‍ ദൈവവചനം ശകാരത്തിന്‍റെയും താക്കീതിന്‍റെയും സര്‍വ്വശക്തിയോടെ നിലകൊള്ളുന്നു. “ദൈവരാജ്യം നിങ്ങളില്‍ നിന്നെടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്ക് നല്കപ്പെടും” (മത്തായി 21:43).

കര്‍ത്താവിന്‍റെ വിളിക്ക്, ഫലങ്ങള്‍ കൊണ്ട്, സല്‍ഫലങ്ങള്‍ കൊണ്ട് പ്രത്യുത്തരിക്കേണ്ടത് അടിയന്തിരമായിരിക്കുന്നു. തന്‍റെ മുന്തിരിത്തോട്ടമാകാന്‍ കര്‍ത്താവ് നമ്മെ വിളിക്കുന്നു. ക്രിസ്തീയ വിശ്വാസത്തിന്‍റെ പുതുമയും സവിശേഷതയും എന്താണെന്ന് മനസ്സിലാക്കാന്‍ അവിടന്ന് നമ്മെ സഹായിക്കുന്നു. അത് കല്പനകളുടെയും ധാര്‍മ്മികനിയങ്ങളുടെയും ഒരു സംഹിതയല്ല, മറിച്ച് സര്‍വ്വോപരി, ദൈവം നരകുലത്തിന് യേശുവിലൂടെ നല്കിയതും നല്കിക്കൊണ്ടിരിക്കുന്നതുമായ സ്നേഹത്തിന്‍റ വാഗ്ദാനം ആണ്. സകലര്‍ക്കും ഫലങ്ങളാലും പ്രത്യാശയാലും സമൃദ്ധമായ, സജീവവും തുറവുള്ളതുമായ, ഒരു മുന്തിരിത്തോട്ടമായി മാറിക്കൊണ്ട് ഈ പ്രണയകഥയിലേക്കു പ്രവേശിക്കാനുള്ള ഒരു ക്ഷണമാണത്. അടഞ്ഞ ഒരു മുന്തിരിത്തോപ്പ് കാട്ടുമുന്തിരിത്തോട്ടമായി മാറും, അത് കാട്ടുമുന്തിരി പുറപ്പെടുവിക്കും. നാം മുന്തിരത്തോട്ടത്തില്‍ നിന്ന് പുറത്തേക്കിറങ്ങാനും നമ്മോടുകൂടെയില്ലാത്ത സഹോദരങ്ങളെ സേവിക്കാനും, പരസ്പരം പ്രോത്സാഹിപ്പിക്കാനും നമ്മില്‍ ഇളക്കം സൃഷ്ടിക്കാനും, എല്ലാ സാഹചര്യങ്ങളിലും, അതായത്, വിദൂരത്തും പ്രതികൂലാവസ്ഥയിലും, കര്‍ത്താവിന്‍റെ  മുന്തിരിത്തോപ്പാകാനും വിളിക്കപ്പെട്ടിരിക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരേ, ഏറ്റം പരിശുദ്ധയായ കന്യകാമറിയത്തിന്‍റെ  മാദ്ധ്യസ്ഥ്യം നമുക്കപേക്ഷിക്കാം. സകലയിടത്തും, പ്രത്യേകിച്ച്, സമൂഹത്തിന്‍റെ  അരികുകളില്‍ കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടമാകാന്‍ അവള്‍ നമ്മെ സഹായിക്കുന്നതിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. കര്‍ത്താവ് മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചത് സകലരുടെയും നന്മയ്ക്കു വേണ്ടിയും കര്‍ത്താവിന്‍റെ കാരുണ്യമാകുന്ന പുതിയ വീഞ്ഞു സംവഹിക്കുന്നതിനു വേണ്ടിയുമാണ്.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം പാപ്പാ ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ ഭദ്രാസനദേവാലയത്തില്‍ വച്ച് വൈദികന്‍ അര്‍സേനിയൊ ദ ത്രിഗൊളൊ ശനിയാഴ്ച (07/10/17) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.കപ്പൂച്ചിന്‍ വൈദികനും സമാശ്വാസനാഥയായ പരിശുദ്ധതമ മറിയത്തിന്‍റെ  സന്ന്യാസിനികള്‍ എന്ന സമൂഹത്തിന്‍റെ സ്ഥാപകനുമായ അര്‍സേനിയൊ ദ ത്രിഗൊളൊ പ്രതിസന്ധികളിലും, നിരവധിയായിരുന്ന പരീക്ഷണങ്ങളുടെ വേളകളിലും പ്രത്യാശ കൈവിടാത്തവനും കര്‍ത്താവിന്‍റെ എളിയ ശഷ്യനും ആയിരുന്നുവെന്നു പാപ്പാ പറഞ്ഞു.

ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിവിധരാജ്യാക്കാരായ തീര്‍ത്ഥാടകരെയും ഇടവകസമൂഹങ്ങളെും ഫ്രാന്‍സീസ് പാപ്പാ  പ്രത്യേകം അഭിവാദ്യം ചെയ്തു. സ്വര്‍ഗ്ഗീയാംബയായ കന്യകാമറിയത്തിന്‍റെ കരുതലും വാത്സല്യവുമാര്‍ന്ന കടാക്ഷത്തിന്‍ കീഴില്‍ ആനന്ദത്തോടെ വിശ്വാസയാത്ര തുടരാന്‍ പാപ്പാ അവര്‍ക്ക് പ്രചോദനം പകര്‍ന്നു. തുടര്‍ന്ന് എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. നല്ലൊരുച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” (arrivederci) അതായത്, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

09/10/2017 13:07