2017-10-06 13:09:00

അര്‍സേനിയൊ മരിയ ശനിയാഴ്ച വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്


ധന്യന്‍ അര്‍സേനിയൊ മരിയ ശനിയാഴ്ച (07/10/17) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും.

വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മവേദി ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ ഭദ്രാസന ദേവാലയമാണ്.

വിശുദ്ധരു‌ടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകനായ ധന്യന്‍ അര്‍സേനിയൊ മരിയ, അഥവാ, ജുസേപ്പെ അന്തോണിയൊ മില്യവാക്ക ഉത്തര ഇറ്റലിയിലെ ക്രെമോണ പ്രവിശ്യയില്‍പ്പെട്ട ത്രിഗൊളൊയില്‍ 1849 ജൂണ്‍ 13 ന് ജനിച്ചു. ക്രെമോണയിലെ രൂപതാസെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1874 മാര്‍ച്ച് 21ന് പൗരോഹിത്യം സ്വീകരിച്ചു. അതിനടുത്തവര്‍ഷം ഈശോസഭയില്‍ ചേര്‍ന്ന അദ്ദേഹം ഏതാനും നാളുകള്‍ക്കു ശേഷം, സഭാധികാരികളുടെ നിര്‍ദ്ദേശാനുസരണം, ആ സമൂഹം വിടാന്‍ നിര്‍ബന്ധിതനായി. പിന്നീട് 1892ല്‍ തൊറിനൊ (ടൂറിന്‍) അതിരൂപതയുടെ ആര്‍ച്ചുബിഷപ്പിന്‍റെ നിര്‍ദ്ദേശാനുസരണം വൈദികന്‍ ജുസേപ്പെ മില്യവാക്ക ഏതാനും സന്ന്യാസിന്യാര്‍ത്ഥികളുടെ ആദ്ധ്യാത്മിക നിയന്താവാകുകയും  സമര്‍പ്പിതജീവിതം നയിക്കാന്‍ തീരുമാനിച്ച അവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്ന്യാസിനിസമൂഹത്തിന് രൂപം നല്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കപ്പൂച്ചിന്‍ സമൂഹത്തില്‍ ചേരുകയും രോഗബാധിതനായി 1909 ഡിസമ്പര്‍ 10 ന് മരണമടയുകയും ചെയ്തു.

    

 








All the contents on this site are copyrighted ©.