2017-10-02 12:37:00

പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഒരുമയോടെ വര്‍ത്തിക്കുക -പാപ്പാ


ഈ ഞായറാഴ്ച (01/10/17) വടക്കുകിഴക്കെ ഇറ്റലിയിലെ ചെസേന രൂപതയിലും ബൊളോഞ്ഞ അതിരൂപതയിലും ഇടയസന്ദര്‍ശനത്തിലായിരുന്ന ഫ്രാന്‍സീസ് പാപ്പാ  ബൊളോഞ്ഞ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വച്ചാണ് മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിച്ചത്. “വലിയ ചത്വരം” എന്നര്‍ത്ഥംവരുന്ന “പ്യാത്സ മജോരെ”യില്‍ വച്ച് തൊഴില്‍ലോകത്തിന്‍റ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് അവിടവച്ചുതന്നെ അവരുമൊത്താണ് പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലിയത്. പ്രാര്‍ത്ഥനയ്ക്ക് മുമ്പ് പാപ്പാ തൊഴില്‍ ലോകത്തോട് ഏതാനും ചിന്തകള്‍ പങ്കുവച്ചു.

പ്രസ്തുത പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

വൈവിധ്യമാര്‍ന്ന ഭാവങ്ങളുള്ള തൊഴില്‍ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന സഹോദരീ സഹോദരന്മാര്‍ക്ക് ശുഭ ഞായര്‍ ആംശംസിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ  വിചിന്തനം ആരംഭിച്ചത്. തൊഴില്‍ ലോകത്തിന്‍റെ നാനാവിധ ആവിഷ്ക്കാരങ്ങളില്‍, ദൗര്‍ഭാഗ്യവശാല്‍, നിഷേധാത്മകമായതും, അതായത്, ക്ലേശകരങ്ങളായ അവസ്ഥയും, ചിലപ്പോള്‍, തൊഴില്‍ രാഹിത്യത്തിന്‍റെതായ ഉല്‍ക്കടവ്യഥയും ഉള്‍പ്പെടുന്നു. പാപ്പാ തുടര്‍ന്നു-

നിങ്ങള്‍ വ്യത്യസ്ത സാമൂഹ്യഘടകങ്ങളെ പ്രതിനിധാനം ചെയ്യുവരാണ്. എങ്കില്‍ത്തന്നെയും പ്രതിസന്ധികളില്‍ നിന്ന് പുറത്തുകടക്കാനും ഭാവികെട്ടിപ്പടുക്കാനും കഴിയണമെങ്കില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് നിങ്ങള്‍ പഠിച്ചു. സംഭാഷണത്തിലൂടെ മാത്രമെ എല്ലാവര്‍ക്കും അനുയോജ്യമായ കാര്യക്ഷമവും നൂതനവുമായ ഉത്തരം കണ്ടെത്താനാകൂ. തൊഴിലിന്‍റെ ഗുണനിലവാരത്തിന്‍റെ, വിശിഷ്യ, സുസ്ഥിതിയുടെ കാര്യത്തിലും ഇതാവശ്യമാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ക്കുത്തരമേകുന്നതിന് ഭാവിയിലേക്കു നോക്കാന്‍ സഹായകമായതും സ്ഥായിയുമായ പരിഹാരങ്ങള്‍ ആവശ്യമായിരിക്കുന്നു.

ഏറെക്കാലമായി, നിങ്ങളുടെ പ്രദേശത്ത്, സഹകരണപ്രസ്ഥാനം വളര്‍ച്ച  പ്രാപിച്ചിരിക്കുന്നു. ഐക്യദാര്‍ഢ്യത്തിന്‍റെതായ മൗലികമൂല്യത്തില്‍ നിന്നാണ് ഇതു ജന്മം കൊണ്ടത്. യാതനകളനുഭവിക്കുന്നവര്‍ക്ക്, ചിലരുടെ അഭിപ്രായത്തില്‍ “ഉപയോഗശൂന്യമെന്ന്” കരുതപ്പെടുന്നവര്‍ക്ക് ആവശ്യമായിരിക്കുന്ന “സാമൂഹ്യോന്നമന സംവിധാനം” പ്രദാനം ചെയ്യുന്നതിനും ഇതിന് ഇന്ന് ഏറെ സംഭാവനചെയ്യാന്‍ കഴിയും. സഹകരണപ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ പരിശ്രമിക്കുക. സാമ്പത്തികനേട്ടത്തിന്‍റെ യുക്തിക്ക് ഐക്യദാര്‍ഢ്യത്തെ പണയംവയ്ക്കരുത്. അങ്ങനെ ചെയ്താല്‍, നമ്മള്‍ ബലഹീനര്‍ക്ക് ആവശ്യമായവ അവരില്‍ നിന്ന് എടുത്തു മാറ്റുകയായരിക്കും, മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മോഷ്ടിക്കുകയായിരിക്കും ചെയ്യുക. നീതി വാഴുന്ന ഒരു സമൂഹത്തിനായുള്ള അന്വേഷണം ഒരു ഗതകാല സ്വപ്നമല്ല, പ്രത്യുത, സകലരുടെയും സഹകരണം ആവശ്യമുള്ള ഒരു ദൗത്യമാണ്, ഒരു കര്‍മ്മമാണ്.

തൊഴില്‍രഹിത യുവജനങ്ങളുടെയും ജോലി നഷ്ടപ്പട്ടവരും ജോലിയില്‍ വീണ്ടും പ്രവേശിക്കാന്‍ കഴിയാത്തവരുമായവരുടെയും അവസ്ഥയെ ഒരു സാധാരണ കാര്യമായി കാണാന്‍ നമുക്കാവില്ല. അങ്ങനെ കാണാനുള്ള ഒരു പ്രലോഭനം ഉണ്ട്.

അപരനെ സ്വീകരിക്കുന്നതിലും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും നല്ലൊരു പങ്ക് തൊഴിലിനുണ്ട്. ജോലിയും ഔന്നത്യവും കണ്ടെത്താന്‍ ദരിദ്രരെ പ്രാപ്താരാക്കാത്ത പക്ഷം ശരിയായ സഹായമല്ല നാം അവര്‍ക്കേകുന്നത്. കൊടും ദാരിദ്ര്യത്തിലേക്ക് ജനങ്ങളെ തള്ളിയിട്ട യുദ്ധകാലാനന്തര പുനര്‍നിര്‍മ്മാണ ഘട്ടത്തിലുണ്ടായതു പോലുള്ള വന്‍ വെല്ലുവിളിയാണ് ഇത്.

യൂറോപ്പിലും ആഗോളതലത്തിലും സാമ്പത്തിക പ്രതിസന്ധി പ്രതിഫലനങ്ങളുണ്ടാക്കി. ഈ പ്രതിസന്ധി, നമുക്കറിയാവുന്നതു പോലെ, ധാര്‍മ്മികവും ആദ്ധ്യാത്മികവും മാനുഷികവുമാണ്. ഇവിടെ, മൗലികമായി, അധികാരവൃന്ദം വൈക്തിക- സംഘാതതലങ്ങളില്‍ പൊതുനന്മയെ വഞ്ചിച്ചിരിക്കുന്നു. ആകയാല്‍ കേന്ദ്രസ്ഥനം ലാഭത്തിന്‍റെ നിയമത്തില്‍ നിന്ന് മാറ്റി വ്യക്തിയ്ക്കും പൊതുനന്മയ്ക്കും നല്കണം. ഈ കേന്ദ്രസ്ഥാനം യഥാര്‍ത്ഥമായിരിക്കുന്നതിനും, വെറും വാക്കുകള്‍ മാത്രമായി അവശേഷിക്കാതിരിക്കുന്നതിനും വേണ്ടി മാന്യമായ തൊഴിലവസരങ്ങള്‍ വര്‍ദ്ധമാനമാക്കേണ്ടിയിരിക്കുന്നു. ഇത് സമൂഹം മുഴുവന്‍റെയും കടമയാണ്.

ബൊളോഞ്ഞനഗരത്തിന്‍റെ സ്വര്‍ഗ്ഗീയ സംരക്ഷകനും കൈയ്യില്‍ നഗരത്തെ സംവഹിച്ചുകൊണ്ട് നില്ക്കുന്നതായി ചിത്രീകരിക്കപ്പെ‌ട്ടിരിക്കുന്നവനുമായ വിശുദ്ധ പെത്രോണിയൂസിന്‍റെ  സ്വരൂപത്തിനു മുന്നിലാണ് നാമിപ്പോള്‍ നിലക്കുന്നത്. ഈ നഗരത്തിന് രൂപമേകുന്ന മൂന്നു ഭൗതിക ഘടകങ്ങള്‍, അതായത്, ദേവാലയം, നഗരസഭാകാര്യാലയം, സര്‍വ്വകലാശാല എന്നിവ, ഇവിടെ നമുക്ക് ഇന്ദ്രിയഗോചരമാണ്. ഇവ മൂന്നും പരസ്പരം സംഭാഷണത്തിലേര്‍പ്പെടുകയും സഹകരിക്കുകയും ചെയ്യുമ്പോള്‍ അവ ആവിഷ്ക്കരിക്കുന്ന അനര്‍ഘമായ മാനവികത ശാക്തീകരിക്കപ്പെടുകയും നഗരത്തിന് ശ്വസിക്കാന്‍ കഴിയുകയും ചെയ്യുന്നു, വെല്ലുവിളികളെ നേരിടുന്നതിനുള്ള ഭയം ദൂരീകരിക്കപ്പെടുകയും ചെയ്യുന്നു.

പ്രിയ സുഹൃത്തുക്കളെ ഞാന്‍, സവിശേഷമാംവിധം, നിങ്ങളുടെ ചാരെയുണ്ട്. നിങ്ങളുടെ ആശയാശങ്കകള്‍ ഞാന്‍ കര്‍ത്താവിനും വിശുദ്ധ ലൂക്കായുടെ പരിശുദ്ധ കന്യകാമറിയത്തിനും സമര്‍പ്പിക്കുന്നു. ബൊളോഞ്ഞ നിവാസികള്‍ ഈ അഭിധാനത്തില്‍ വണങ്ങുന്ന മറിയത്തോടു നമുക്കു, കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രര്‍ത്ഥന ചൊല്ലി, അപേക്ഷിക്കാം.             

ഈ ക്ഷണത്തെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം പാപ്പാ സ്ലൊവാക്യയിലെ ബ്രാത്തിസ്ലാവയില്‍  ശനിയാഴ്ച(30/10/17) തീത്തൂസ് ത്സെമാന്‍  വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ നിണസാക്ഷികളുടെ നീണ്ട നിരയില്‍ ഒരാളായ നവവാഴ്ത്തപ്പെട്ട ത്സെമാന്‍ അദ്ദേഹത്തിന്‍റെ വിശ്വാസത്തിന്‍റെയും അജപാലന പ്രവര്‍ത്തനത്തിന്‍റെയും ഫലമായി ദീര്‍ഘനാള്‍ തടവിലാക്കപ്പെടുകയും തുടര്‍ന്ന് 1969ല്‍ മരണമടയുകയും ചെയ്തത് പാപ്പാ അനുസ്മരിച്ചു.അദ്ദേഹത്തിന്‍റെ സാക്ഷ്യം ജീവിതത്തിലെ അതിക്ലേശകരങ്ങളായ വേളകളില്‍ നമ്മെ താങ്ങിനിറുത്തുകയും പരീക്ഷണവേളകളിലും കര്‍ത്താവിന്‍റെ സാന്നിധ്യം തിരിച്ചറിയാന്‍ നമ്മെ സഹായിക്കുകയും ചെയ്യട്ടെ എന്ന് ആശംസിച്ചു.

ഇറ്റലിയില്‍ ദൈവവചന വാരാചരണം ഈ ഞായറാഴ്ച സമാപിച്ചത് അനുസ്മരിച്ച പാപ്പാ വചനമെന്ന ദൈവികദാനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ബൈബിള്‍, വിശിഷ്യ, സുവിശേഷം വായിക്കുന്നതിനും മനനം ചെയ്യുന്നതിനും പരിശ്രമിക്കാന്‍ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു.

എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിക്കുകയും  തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്ത പാപ്പാ  നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ “അരിവെദേര്‍ചി”(arrivederci) അതായത്, വീണ്ടും കാണമെന്ന് പറയുകയും ചെയ്തു. തദ്ദനന്തരം, പാപ്പാ, തന്‍റെയുടുത്തെത്തിയ എതാനും പേരുമൊത്തു അല്പസമയം ചലവഴിക്കുകയും “പ്യാത്സ മജോരെ” ചത്വരം വിടുകയും ചെയ്തു.








All the contents on this site are copyrighted ©.