2017-09-28 12:24:00

DOCAT ​XXXVII: ''അടിസ്ഥാന മാനവിക മൂല്യങ്ങള്‍''


സാമൂഹികജീവിതത്തില്‍ പങ്കുചേരാനും അതിന്‍റെ ഭാഗധേയം തങ്ങളുടെ പരിശ്രമഫലമാകുന്നതിനും അങ്ങനെ ലോകത്തെ രൂപപ്പെടുത്താനുള്ള തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും ഓരോ വ്യക്തിക്കും കഴിയേണ്ടതാണ്. എല്ലാവരുടെയും യഥാര്‍ഥഭാഗഭാഗിത്വം സാമൂഹികനീതിയുടെ നിര്‍ണായക ഘടകവുമാണ്. അതിനാല്‍, വ്യക്തികളെ ഒഴിവാക്കല്‍ അവരുടെ മഹത്വത്തെ നിഷേധിക്കലാണെന്നു മാത്രമല്ല, മനുഷ്യവ്യക്തിയെ ആദരിക്കണമെന്ന കല്‍പ്പനയുടെ ലംഘനവുമാണ് എന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞദിനത്തിലെ വിചിന്തനവിഷയം. ഡുക്യാറ്റ് ഗ്രന്ഥത്തിലെ 102 മുതല്‍ 105 വരെയുള്ള ചോദ്യോത്തരങ്ങളിലൂടെ ഐക്യദാര്‍ഢ്യത്തെക്കുറിച്ചും അതിന്‍റെ പ്രായോഗികതയെക്കുറിച്ചും അതിലുള്‍ക്കൊള്ളുന്ന അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചും നാമിവിടെ ചര്‍ച്ചാവിഷയമാക്കുന്നു.

ചോദ്യം 102. ഐക്യദാര്‍ഢ്യം എങ്ങനെ പ്രയോഗത്തിലാക്കാം?

ഉത്തരം:  ഐക്യദാര്‍ഢ്യം ഒരേ സമയത്ത് ഒരു സാമൂഹികതത്വവും ധാര്‍മികസദ്ഗുണവുമാണ് (സാമൂഹിക സിദ്ധാന്തസംക്ഷേപം 193).  സാമൂഹികക്രമത്തിന്‍റെ ഒരു തത്വമെന്ന നിലയില്‍ അതു ''പാപ വ്യവസ്ഥകളെ'' (SRS 36) കീഴടക്കാന്‍ സഹായിക്കുന്നു. ''സ്നേഹത്തിന്‍റെ സംസ്ക്കാരം'' സൃഷ്ടിക്കാനും തത്ഫലമായി ഐക്യദാര്‍ഢ്യത്തിന്‍റെ സംസ്ക്കാരം സൃഷ്ടിക്കാനും സഹായിക്കുന്നു.  ഒരു ധാര്‍മിക സദ്ഗുണമെന്ന നിലയില്‍ ഐക്യദാര്‍ഢ്യത്തിന്‍റെ അര്‍ഥം ഇതാണ്: എല്ലാ ജനങ്ങളുടെയും ക്ഷേമത്തി നുവേണ്ടി നല്‍കുന്ന സുചിന്തിതവും പ്രായോഗികവുമായ പിന്തുണ.  സഹതാപത്തിന്‍റെ അവ്യക്തവാക്കുകള്‍ മതിയാവുകയില്ല. നമ്മള്‍ പ്രവര്‍ത്തിക്കണം.  തങ്ങള്‍ ഏതു സമൂഹത്തിന്‍റെ അംഗങ്ങളാണോ ആ സമൂഹത്തിനു കടപ്പെട്ടവരാണ് തങ്ങള്‍ എന്ന കൂടുതല്‍ വര്‍ധിച്ച ബോധം ഇന്നത്തെ സ്ത്രീ പുരുഷന്മാര്‍ വളര്‍ത്തണമെന്ന് ഐക്യദാര്‍ഢ്യതത്വം ആവശ്യപ്പെടുന്നു (സാമൂഹികസിദ്ധാന്ത സംക്ഷേപം 195). ആളുകള്‍ക്ക് തനിയെ ഒന്നും ചെയ്യാന്‍ സാധിച്ചെന്നു വരികയില്ല. എന്നാല്‍, അവര്‍ അവരുടെ പൂര്‍വികര്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ നേടിയവയുടെ ആശ്രിതരാകണം. അതിന്‍റെ ഫലമായി നമ്മളും മറ്റുളളവര്‍ക്കായി നിലകൊള്ളാനും നമ്മുടെ പ്രവൃത്തികളിലും തീരുമാനങ്ങളിലും ഭാവിതലമുറകളെ പരിഗണിക്കാനും കടപ്പെട്ടിരിക്കുന്നു.

ക്രൈസ്തവരുടെ ഐക്യദാര്‍ഢ്യം മറ്റു ജനതകളോടൊത്ത് എങ്ങനെ പ്രകടിപ്പിക്കാന്‍ കഴിയും എന്നതിനുത്തരം യുവജനമതബോധനഗ്രന്ഥം നല്‍കുന്നുണ്ട് (നം.332). നീതിപൂര്‍വകമായ വ്യവസ്ഥിതികള്‍ക്കുവേണ്ടിയുള്ള ക്രൈസ്തവന്‍റെ സമര്‍പ്പണബുദ്ധി ലൗകികകാര്യങ്ങളിലിടപെടുന്നതിന്, തീര്‍ച്ചയായും അവനെ പ്രേരിപ്പിക്കണമെന്നു നമ്പര്‍ 332-ല്‍ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട്, ഭൗതികവും ബുദ്ധിപരവും, ആധ്യാത്മികവുമായ വസ്തുക്കളുടെ സാര്‍വത്രിക ലഭ്യതയ്ക്കുവേണ്ടി ഒരു ക്രൈസ്ത വന്‍ നിലകൊള്ളുക എന്നത് ആവശ്യമാണ്. അതിനാല്‍, മാനുഷികജോലിയുടെ മഹത്വം, നീതിപൂര്‍വകമായ വേതനം എന്നിവ ഒരു ക്രൈസ്തവന്‍റെ പരിഗണനയ്ക്കും പരിചിന്തനത്തിനും വിധേയമാകണം എന്നുറപ്പിച്ചുപറയുന്നു. അതു യുക്തിയാല്‍ മാത്രമല്ല, ക്രൈസ്തവന്‍റെ ധര്‍മമാകുന്നത്, അതിലുപരി, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്‍റെ പ്രവൃത്തിയാലും വാക്കുകളാലും നമ്മെ പഠിപ്പി ച്ചിരിക്കുന്നതുകൊണ്ടുമാണ്.

നീതിയെന്നു വച്ചാല്‍ ഓരോരുത്തനും അര്‍ഹിക്കുന്നതു കൊടുക്കുക എന്നതാണ്.  അതു ദൈവത്തിനാണെങ്കിലും മനുഷ്യനാണെങ്കിലും  എന്നു വി. തോമസ് അക്വീനാസ് (സുമ്മ II-II, 58-1).

ഈ നീതിരാഹിത്യമാണ് ദാരിദ്ര്യം എന്നുപറയാം. അതുകൊണ്ടാണ്, ദാരിദ്ര്യമെന്ന അശ്ലീലസാഹിത്യം എനിക്കു സഹിക്കാനാവുകയില്ല എന്ന് ബോബ് ജെല്‍ഡോഫ് (1951...) ഐറിഷ് റോക്ക് സംഗീതജ്ഞന്‍ പറയുന്നത്. മദര്‍ തെരേസയുടെ വാക്കുകളും ഇതോടു ചേര്‍ത്തു വായിക്കാം: പാവങ്ങളെക്കുറിച്ചു സംസാരിക്കുന്ന അനേകരുണ്ട്.  എന്നാല്‍ പാവങ്ങളോടു സംസാരിക്കുന്ന വളരെ കുറച്ചുപേരേ ഉള്ളു.

ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു (1 കോറി 12:26) എന്ന ബൈബിള്‍ വചനം അനുശാസിക്കുന്ന നീതിയിലേക്കു നാം വളരേണ്ടതുണ്ട്.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഐക്യദാര്‍ഢ്യം അഭ്യസിക്കാനുള്ള ഏറ്റവും മൗലികമായ കാരണം എന്താണ്? എന്നു ചോദിച്ചാല്‍ ഉത്തരം ലളിതമാണ്.  ദൈവപുത്രനായ യേശു.  ചോദ്യം 103-ന് ഡുക്യാറ്റ് നല്‍കുന്ന ഉത്തരം നോക്കാം.

യേശുവിന്‍റെ ഐക്യദാര്‍ഢ്യംതന്നെ. യേശുവിനെക്കാള്‍ കൂടുതലായി ഒരുവനും ഐക്യദാര്‍ഢ്യം അഭ്യ സിച്ചിട്ടില്ല. സ്വയം സഹായിക്കാന്‍ കഴിയാത്ത മനുഷ്യവര്‍ഗവുമായുള്ള ദൈവത്തിന്‍റെ ഐക്യദാര്‍ഢ്യ ത്തിന്‍റെ സജീവ അടയാളമായിട്ടാണ് യേശു അയയ്ക്കപ്പെട്ടത്.  ദൈവപുത്രന്‍ മുഴുവന്‍ മനുഷ്യവംശ ത്തോടുമുള്ള തന്‍റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തത്.  നമുക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കുകപോലും ചെയ്തു.  മറ്റുള്ളവര്‍ക്കായി നടത്തുന്ന സുനിശ്ചിതമായ ഈ ആത്മദാനം സാ ധ്യമായ ഏറ്റവും വലിയ സ്നേഹത്തിന്‍റെയും ദൃഢൈക്യത്തിന്‍റെയും അടയാളമാണ്.  അതു ക്രൈ സ്തവ പ്രവര്‍ത്തനത്തിന്‍റെ മാനദണ്ഡമായിരിക്കണം

395-ാമത്തെ ചോദ്യത്തിലെ, എന്താണ് സമാധാനമെന്നതിനു യുക്യാറ്റ് നല്‍കുന്ന ഉത്തരം ഇവിടെ ശ്രദ്ധേയമാണ്. സമാധാനം നീതിയുടെ അനന്തരഫലവും പ്രാവര്‍ത്തികമാക്കപ്പെട്ട സ്നേഹത്തിന്‍റെ അടയാളവുമാണ്... സ്വര്‍ഗത്തെയും ഭൂമിയെയും അനുരഞ്ജിപ്പിച്ച ക്രിസ്തുവിനുള്ള സമാധാനത്തിന്‍റെ പ്രതി ച്ഛായയാണ് സമാധാനം...  സമാധാനമുള്ളിടത്ത്, മാനുഷിക സഹാസ്തിത്വത്തിന് സഹോദരപരമായ ഐക്യദാര്‍ഢ്യത്തിന്‍റെ സവിശേഷതയുണ്ടായിരിക്കും. 

അവിടെ എല്ലാവരുടെയും എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടും എന്നതുറപ്പാണ്. അത് ആത്മ സമര്‍പ്പണം ആവശ്യപ്പെടുന്നു.  അതിനാലാണ് വി. ഈഡിത് സ്റ്റൈന്‍ പറയുക: സ്നേഹത്തിന്‍റെ ഏറ്റ വും വലിയ സത്ത് ആത്മസമര്‍പ്പണമാണ് (ഈഡിത് സ്റ്റൈന്‍, 1891-1942). എന്ന്.

കരുണയില്ലാത്ത നീതി സ്നേഹരഹിതമാണ്.  നീതിയില്ലാത്ത കരുണ അവഹേളനത്തിനു തുല്യമാണ് എന്ന് ലൂഥറന്‍ ദൈവശാസ്ത്രജ്ഞനും സാമൂഹ്യപരിഷ്ക്കര്‍ത്താവുമാ ഫ്രീഡറിക് ഫോണ്‍ ബോഡല്‍ ഷ്വിങ് (1831-1910) പറയുന്നു.  ഒരല്‍പ്പം കരുണ ലോകത്തെ തണുപ്പു കുറഞ്ഞതും കൂടുതല്‍ നീതിയുള്ളതുമാക്കിത്തീര്‍ക്കുന്നു എന്നു ഫ്രാന്‍സീസ് പാപ്പായും പറയുന്നു (17-03-2013).

ചോദ്യം 104. സാമൂഹികസിദ്ധാന്തത്തിന്‍റെ തത്വങ്ങള്‍ മാത്രമാണോ നല്ലൊരു സമൂഹം കെട്ടിപ്പടുക്കാനു ള്ള അടിത്തറ?

ഉത്തരം: അല്ല. ക്രൈസ്തവ സാമൂഹിക സിദ്ധാന്തം യുക്തിപരമായി അവയ്ക്കു മുമ്പേയുള്ള പൊതു മൂല്യങ്ങളുമായി സ്വാഭാവികമായി ബന്ധപ്പെട്ടിരിക്കുന്നു.  ബോധപൂര്‍വകമായ ഒരു ജീവിതം നയി ക്കാനും വിശ്വസനീയമാംവിധം സമൂഹത്തിന്‍റെ ഭാഗഭാഗിത്വം വഹിക്കാനും എനിക്കു ഗുണകരമായ മൂല്യങ്ങള്‍ ഉണ്ടായിരിക്കുകയും ഞാന്‍ വ്യക്തിപരമായി സ്വയം അവയ്ക്കു സമര്‍പ്പിക്കുകയും വേണം.  അപ്പോള്‍, സാമൂഹികതത്വങ്ങള്‍ സമൂഹത്തെ രൂപപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ്.  സകല മൂല്യങ്ങളുമാകട്ടെ, മനുഷ്യവ്യക്തിയുടെ മഹത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ആ മഹത്വം മനുഷ്യനു ദൈവത്തോടുള്ള സാദൃശ്യത്തിന്‍റെ ഫലമായിട്ടുള്ള പ്രാഥമിക മൂല്യമാണ്.

അതുകൊണ്ട് കത്തോലിക്കാസഭയ്ക്ക് സ്വന്തമായ സാമൂഹികപ്രബോധനം ഉണ്ട്. 438-ാം ചോദ്യത്തി നുത്തരമായി യുക്യാററ് പഠിപ്പിക്കുന്നതിങ്ങനെയാണ്.  നീതിക്കുവേണ്ടിയുള്ള സമര്‍പ്പണത്തില്‍, മനു ഷ്യവംശത്തോടു ദൈവത്തിനുള്ള സ്നേഹം അനുകരിക്കുന്ന ഒരു സ്നേഹത്താലാണ് സഭ നയിക്കപ്പെ ടുന്നത്. അതിനാല്‍ ദൈവമക്കളെന്ന നിലയിലുള്ള മഹത്വം, എല്ലാമനുഷ്യര്‍ക്കുമുള്ള അനന്യമായ മഹ ത്വത്തെക്കുറിച്ചാണ് സഭ പറയുന്നത്.  അതുകൊണ്ട്, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലെ സ്വാതന്ത്ര്യമ ല്ല, സഭയുടെ ആഗ്രഹം. എന്നാല്‍ ഈ രംഗങ്ങളില്‍ മനുഷ്യമഹത്വം ലംഘിക്കപ്പെടുമ്പോള്‍ സഭ തീര്‍ച്ച യായും ഇടപെടും.  ഇത് സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ അനന്യതയാണ്.

അങ്ങനെ, ഈ രംഗങ്ങളില്‍ ഇടപെട്ട ഒരു വ്യക്തി നമ്മുടെ ഇന്ത്യന്‍ ചരിത്രത്തിലുണ്ട്, മഹാത്മാ ഗാന്ധി.  അതിനായി അദ്ദേഹം നടന്നുനീങ്ങിയ സഹനവഴികളില്‍ ഉരുവിട്ട ചില വാക്കുകളുണ്ട്: ''എന്നില്‍ നിരാശ നിറയുമ്പോള്‍ ഞാനെപ്പോഴും ഒരു കാര്യം ഓര്‍ക്കാറുണ്ട്.  ചരിത്രത്തിലുടനീളം സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വഴികളാണ് വിജയിച്ചിട്ടുള്ളത്. ഇവിടെ സ്വേച്ഛാധിപതികളും കൊലപാതകികളും വാണിട്ടുണ്ട്.  കുറച്ചുകാലം അപരാജിതരായി നടന്നിട്ടുമുണ്ട്. എന്നാല്‍ അവസാനം അവര്‍ എല്ലായ്പ്പോഴും വീണുപോയി. ഓര്‍മിക്കുക എല്ലായ്പോഴും''.  (മഹാത്മഗാന്ധി, 1869-1948)

ഇന്നു നാം പരിചിന്തനം ചെയ്യുന്ന അവസാനത്തെ ചോദ്യമിതാണ്: സാമൂഹികസിദ്ധാന്തത്തില്‍ ഏതേതു മൂല്യങ്ങളാണു പ്രധാനപ്പെട്ടവ?

ഉത്തരം: മൂന്നു മൂല്യങ്ങള്‍ അ‌‌ടിസ്ഥാനപരമായവയാണ്. സത്യം, സ്വാതന്ത്ര്യം, നീതി.  എന്നിരുന്നാലും യഥാര്‍ഥത്തില്‍ വിജയപ്രദമായ മാനുഷിക സഹാസ്തിത്വത്തിനു സ്നേഹവും കാരുണ്യവും കൂടുത ലായി ആവശ്യമുണ്ട്.  അതുകൊണ്ട് വിശുദ്ധ തോമസ് അക്വീനാസ് പറയുന്നു: ''കാരുണ്യം കൂടാതെ യുള്ള നീതി ക്രൂരതയാണ്.  നീതി കൂടാതെയുള്ള കാരുണ്യം ശിഥിലീഭവിക്കലാണ്''.

സമൂഹം പടുത്തുയര്‍ത്തപ്പെടുന്നത് ഏതേതു മൂല്യങ്ങളിലാണെന്ന്  വിശദീകരിക്കുന്നുണ്ട് യുവജനമത ബോധനഗ്രന്ഥത്തിന്‍റെ 324-ാം ചോദ്യത്തിനുത്തരം. ''നീതി സ്നേഹം എന്നിവയിലൂടെ പ്രയോഗത്തിലാക്കുന്ന മൂല്യങ്ങളുടെ ഹയരാര്‍ക്കിയനുസരിച്ചാണ് ഓരോ സമൂഹവും പടുത്തുയര്‍ത്തപ്പെടേണ്ടത്. നീതിയില്ലാത്ത ഒരു സമൂഹത്തിനും നിലനില്‍പ്പുണ്ടാവുകയില്ല.  ഈ നീതിയാകട്ടെ ആത്യന്തികമായി സ്നേഹംകൊണ്ടു മാത്രമേ നേടാന്‍ കഴിയുകയുള്ളു താനും'' എന്ന് സംശയലേശമെന്യേ സഭ അവിടെ പ്രബോധിപ്പിക്കുന്നു: ഇക്കാര്യം ഫ്രാന്‍സീസ് പാപ്പാ, പരിസ്ഥിതിയെക്കുറിച്ചുള്ള പരിചിന്തനത്തിലും ഉള്‍ക്കൊള്ളിച്ചു കൊണ്ട് പറയുന്നുണ്ട്. ''പരിസ്ഥിതിവ്യവസ്ഥിതിയുടെ സമഗ്രതയെക്കുറിച്ചു മാത്രം പറഞ്ഞാല്‍ പോരാതായിരിക്കുന്നു.  മനുഷ്യജീവിതത്തിന്‍റെ സമഗ്രതയെക്കുറിച്ചും മഹത്തായ സകല മൂല്യങ്ങളെ വളര്‍ത്തുകയും ഐക്യപ്പെടുത്തുകയും ചെയ്യുകയെന്ന ആവശ്യത്തെക്കുറിച്ചും സംസാ രിക്കാന്‍ വേണ്ട ധൈര്യം നമുക്കുണ്ടായിരിക്കണം''. (ഫ്രാന്‍സീസ് പാപ്പ, ലവുദാത്തോ സീ 224).

പരിശുദ്ധത്രിത്വത്തിന്‍റെ സ്നേഹത്തിലേയ്ക്കുള്ള വളര്‍ച്ചയാണ് ഈ സാമൂഹിക ഐക്യദാര്‍ഢ്യം. ദൈവഹിതത്തിനൊത്തവണ്ണം ഈ സമൂഹത്തെ, ഈ ലോകത്തെ സ്നേഹിക്കാന്‍ കഴിയേണ്ടതിനുള്ള കൃപയ്ക്കായി നമുക്കു പ്രാര്‍ഥിക്കാം. 








All the contents on this site are copyrighted ©.