2017-09-25 12:10:00

''ദൈവരാജ്യത്തിന്‍റെ യുക്തിയില്‍ എല്ലാവര്‍ക്കുമുള്ളത് ഒരേ രക്ഷ'': പാപ്പാ


2017 സെപ്തംബര്‍ ഇരുപത്തിനാലാംതീയതി, ഞായറാഴചയില്‍ ത്രികാലജപത്തിനു മുമ്പ് പാപ്പാ നല്‍കിയ സന്ദേശം ലത്തീന്‍ ആരാധനക്രമമനുസരിച്ച് ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ വായനയെ (Mt 20:1-16) അടിസ്ഥാനമാക്കിയായിരുന്നു. ഈ സുവിശേഷഭാഗത്ത് യേശു  പറയുന്നതായി വിവരിച്ചിരിക്കുന്ന മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ, ലളിതമായ വ്യാഖ്യാനം നല്‍കി സ്വതസിദ്ധമായ ഭാവഹാവാദികളോടെ പാപ്പാ വിശദീകരിച്ചു. വിവിധ മണിക്കൂറുകളിലെത്തിയ ജോലിക്കാര്‍ക്കു മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ നല്‍കിയ ഒരേ കൂലി, സ്വര്‍ഗത്തിന്‍റെ നീതിയാണ് എന്നു വിശദീകരിക്കുന്ന പാപ്പായുടെ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം!

ഇന്നത്തെ സുവിശേഷഭാഗത്ത് (Mt 20: 1-16) ദിവസക്കൂലിക്കാരായ ജോലിക്കാരെക്കുറിച്ച് യേശു പറയുന്ന ഉപമയാണ് നാം കാണുന്നത്. ഇതിലൂടെ യേശു നമ്മോടു പറയുന്നത് ദൈവരാജ്യത്തിന്‍റെ രണ്ടു പ്രത്യേക കാര്യങ്ങളാണ്. ഒന്ന്, ദൈവം എല്ലാവരെയും ദൈവരാജ്യത്തിനുവേണ്ടി അധ്വാനിക്കാന്‍ വിളിക്കാനാഗ്രഹിക്കുന്നു. രണ്ടാമത്തേത്, അന്ത്യത്തില്‍, എല്ലാവര്‍ക്കും ഒരേ പ്രതിഫലം, അതായത്, രക്ഷ, അല്ലെങ്കില്‍ നിത്യജീവിതം കൊടുക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു എന്നതും.

മുന്തിരിത്തോട്ടത്തിന്‍റെ യജമാനന്‍ ദൈവത്തെ പ്രതിനിധീകരിക്കുന്നു.  പ്രഭാതകാലത്ത് എത്തി, ദിവസക്കൂലി കൊടുക്കാമെന്നുള്ള കരാറില്‍ ജോലിക്കാരെ എടുക്കുകയാണ് യജമാനന്‍. അതൊരു നല്ല തുകയാണ്.  അദ്ദേഹം അടുത്ത കുറച്ചു മണിക്കൂറുകള്‍ കൂടെ അവിടെത്തന്നെ നില്‍ക്കുന്നു - അങ്ങനെ ആ ദിവസംതന്നെ അഞ്ചുപ്രാവശ്യം കൂടെ, ഉച്ച കഴിഞ്ഞുള്ള സമയംവരെ അവിടെ നിന്നുകൊണ്ട്, ജോലിയില്ലാതെ നില്‍ക്കുന്ന മറ്റു തൊഴിലാളികളെക്കൂടി വേലയ്ക്കായി വിളിക്കുന്നു.  ദിവസത്തിന്‍റെ അവസാനത്തില്‍, യജമാനന്‍ അവര്‍ക്കു പറഞ്ഞിരുന്ന കൂലികൊടുക്കുന്നതിന് ആജ്ഞാപിക്കുകയാണ്. അവസാനമണിക്കൂറിലെത്തിയ ജോലിക്കാര്‍ക്കും അങ്ങനെ തന്നെ കൊടുക്കുന്നതിനാജ്ഞാപിക്കുന്നു.  തീര്‍ച്ചയായും, ആദ്യമെത്തിയ ജോലിക്കാര്‍ പരാതിപ്പെട്ടു, കാരണം, കുറച്ചു മണിക്കൂര്‍മാത്രം ജോലി ചെയ്തവര്‍ക്കും അവര്‍ക്കു ലഭിച്ച കൂലിതന്നെ കൊടുത്തു.  എന്നാല്‍, യജമാനന്‍ അവരെ ഓര്‍മിപ്പിക്കുന്നു, 'നിങ്ങള്‍ പറഞ്ഞൊത്തിരുന്ന തുക നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്.  എന്നാല്‍, താന്‍ മറ്റുളളവരോടു കൂടുതല്‍ ഔദാര്യമുള്ളവന്‍ ആയതുകൊണ്ട്, നിങ്ങള്‍ അസൂയപ്പെടുന്നത് ശരിയല്ല'.

വാസ്തവത്തില്‍, ഈ യജമാനന്‍റെ ഈ അനീതി, ഈ ഉപമ ശ്രവിച്ചവരെക്കൂടി പ്രകോപിപ്പിക്കുകയാണ്, എന്നാല്‍, യേശു ഇവിടെ തൊഴിലിന്‍റെ പ്രശ്നത്തെക്കുറിച്ചോ അല്ലെങ്കില്‍ ശരിയായ വേതനനിരക്കിനെക്കുറിച്ചോ പറയാനല്ല ആഗ്രഹിച്ചത്, പിന്നെയോ ദൈവരാജ്യത്തെക്കുറിച്ചാണ്. ഇതാണ് ആ സന്ദേശം: ദൈവരാജ്യത്തില്‍ തൊഴില്‍ രഹിതര്‍ ഇല്ല.  എല്ലാവരും അവരവരുടെ ഭാഗം ചെയ്യുന്നതിനു വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും അവസാനം ദൈവനീതിയില്‍ നിന്നു വരുന്ന പ്രതിഫലം ലഭിക്കുന്നു. നമ്മുടെ നല്ല ഭാവിക്കുവേണ്ടി മാനുഷിക നീതിയില്‍ നിന്നു വരുന്നതല്ല അത്.  യേശുവിന്‍റെ മരണത്താലും ഉത്ഥാനത്താലും നമുക്കായി നേടിയെടുത്ത രക്ഷയാണത്. നമ്മുടെ യോഗ്യതയാല്‍ നേടുന്ന ഒരു രക്ഷയല്ലത്, മറിച്ച്, ദാനമായി നല്കപ്പെടുന്ന രക്ഷയാണ്, ''മുമ്പന്‍മാര്‍ പിമ്പന്മാരും, പിമ്പന്മാര്‍ മുമ്പന്മാരും'' ആകുന്ന രക്ഷയാണത് (വാ. 16)

ഈ ഉപമയിലൂടെ, യേശു നമ്മുടെ ഹൃദയങ്ങളെ ദൈവപിതാവിന്‍റെ സ്നേഹത്തിന്‍റെ യുക്തിയിലേക്കു തുറക്കാന്‍ ആഗ്രഹിക്കുകയാണ്.  അത് തികച്ചും ദാനമാണ്, ദൈവത്തിന്‍റെ ഔദാര്യമാണ്.  ദൈത്തിന്‍റെ ചിന്തകളെക്കുറിച്ചും വഴികളെക്കുറിച്ചും അതിശയപ്പെടുകയും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നതിനിടയായ ഏശയ്യാ പ്രവാചകനെ അതോര്‍മിപ്പിക്കുന്നു.  അത് നമ്മുടെ ചിന്തകളോ, നമ്മുടെ വഴികളോ അല്ല (ഏശയ്യ 55:8).  മാനുഷിക ചിന്തകള്‍ പലപ്പോഴും സ്വാര്‍ഥതയാലും സ്വാത്മനിഷേധത്താലും മുദ്രിതമാണ്. നമ്മുടെ ഇടുങ്ങിയതും വക്രവുമായ വഴികള്‍ ദൈവത്തിന്‍റെ വിശാലവും നേരെയുള്ളതുമായ വഴികളോടു തുലനം ചെയ്യാനാവില്ല.  അവിടുന്നു കാരുണ്യം ഉപയോഗിക്കുന്നു -  ഇതൊരിക്കലും മറക്കരുത്, അവിടുന്നു കാരുണ്യം ഉപയോഗിക്കുന്നു - അവിടുത്തെ ക്ഷമ വിശാലമാണ്, ആ ക്ഷമ മുഴുവന്‍ ഔദാര്യമായി നന്മയായി നമ്മുടെമേല്‍ ചൊരിയുന്നു.  അത് അതിരുകളില്ലാത്ത അവിടുത്തെ സ്നേഹത്തിന്‍റെയും കൃപയുടെയും ലോകത്തേക്കു തുറക്കുന്നതാണ്.  അതിനുമാത്രമേ മാനവഹൃദയത്തിന് ആനന്ദത്തിന്‍റെ പൂര്‍ണത നല്‍കാനാവൂ.

യേശു നമ്മില്‍ നിന്നാഗ്രഹിക്കുന്നത്, യജമാനന്‍റെ നോട്ടത്തെ ധ്യാനിക്കുന്നതിനാണ്. ജോലിക്കുവേണ്ടി കാത്തിരിക്കുന്ന ഓരോ തൊഴിലാളിയെയും വിളിച്ചു മുന്തിരിത്തോട്ടത്തിലേക്ക് അയയ്ക്കാനായി അവിടുന്നു  നോക്കിയ ആ നോട്ടം ധ്യാനിക്കുന്നതിന്.  ആ നോട്ടം പൂര്‍ണ ശ്രദ്ധയുടേതാണ്, നന്മയുടേതാണ്.  ആ നോട്ടം നമ്മെ വിളിക്കുന്നു, എഴുന്നേല്‍ക്കാന്‍ ക്ഷണിക്കുന്നു, നടക്കാന്‍ പ്രേരിപ്പിക്കുന്നു, എന്തെന്നാല്‍ ആ നോട്ടം നമ്മുടെ ഓരോരുത്തരുടെയും ജീവനെ ആഗ്രഹിക്കുന്നു. ശൂന്യതയില്‍ നിന്നും ആലസ്യത്തില്‍ നിന്നും രക്ഷിക്കപ്പെട്ട പൂര്‍ണവും സമര്‍പ്പിതവുമായ ജീവിതം ആഗ്രഹിക്കുന്നു. ദൈവം ആരെയും ഒഴിവാക്കാതെ, ഓരോരുത്തരും പൂര്‍ണതയിലേയ്ക്ക് എത്തുന്നതിന് ആഗ്രഹിക്കുന്നു.  ഇതാണ് നമ്മുടെ ദൈവത്തിന്‍റെ സ്നേഹം. നമ്മുടെ ദൈവം പിതാവാണ്.

ഏറ്റവും മനോഹരിയായ പരിശുദ്ധ കന്യകാമറിയം, ഈ സ്നേഹത്തിന്‍റെ യുക്തി നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുന്നതിനു നമ്മെ സഹായിക്കട്ടെ! അതാണു നമ്മെ മുന്‍വിധികളില്‍ നിന്നും മറ്റുള്ളവരെക്കുറിച്ചുള്ള നിഷേധാത്മക വിധികളില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കി, ദൈവത്തിന്‍റെ പ്രതിഫലം സ്വീകരിക്കാന്‍ അര്‍ഹരാക്കുന്നത്. 

തുടര്‍ന്ന് മാര്‍പ്പാപ്പ കര്‍ത്താവിന്‍റെ മാലാഖ എന്ന ജപം ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

 








All the contents on this site are copyrighted ©.