സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

ലോക ടൂറിസം ദിനം - 2017: വത്തിക്കാന്‍ സന്ദേശം

മാനവ പുരോഗതി പ്രോത്സാഹനാര്‍ഥമുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ തലവന്‍, കര്‍ദി. ടര്‍ക്സണ്‍ - RV

25/09/2017 08:07

സമഗ്രമാനവവികസന പ്രോത്സാഹനാര്‍ഥമുള്ള ഈ പുതിയ വകുപ്പ് ആദ്യമായിട്ടാണ് ഈ ദിനത്തോടനുബന്ധിച്ച് സന്ദേശം പുറപ്പെടുവിക്കുന്നത്. സെപ്തംബര്‍ 27-ന് ആചരിക്കുന്ന ലോക ടൂറിസം ദിനത്തിലേയ്ക്ക്, പ്രസ്തുത വകുപ്പിന്‍റെ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സന്‍ നല്‍കിയ സന്ദേശം 2017 ജൂണ്‍ 29-ന് ഒപ്പുവച്ചതും, ഓഗസ്റ്റ് ഒന്നിന് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയതുമാണ്.  

സുസ്ഥിര വിനോദസഞ്ചാരം വികസനത്തിനൊരുപാധി എന്ന ശീര്‍ഷകത്തിലുള്ള ഈ സന്ദേശത്തില്‍ വിനോദസഞ്ചാരപ്രവര്‍ത്തനങ്ങള്‍, വികസനത്തിനും ദാരിദ്ര്യത്തിനെതിരായുള്ള പോരാട്ടത്തിനും ഒരു ഉ പാധിയാണെന്ന സത്യം അംഗീകരിക്കുകയും, ഒപ്പം, വികസനം എന്നത് സാമ്പത്തികവികസനം മാത്രമല്ല, അത് ആധികാരികവും സമഗ്രവ്യക്തിത്വവികസനത്തെ ലക്ഷ്യം വയ്ക്കുന്നതായിരിക്കണം എന്നും സഭയുടെ സാമൂഹികപ്രബോധനങ്ങളെ ആധാരമാക്കി വ്യക്തമാക്കുകയും ചെയ്യുന്നു.  സന്ദേശത്തിന്‍റെ പരിഭാഷ താഴെക്കൊടുക്കുന്നു.

സുസ്ഥിര വിനോദസഞ്ചാരം വികസനത്തിനൊരുപാധി

1.  2017 സെപ്തംബര്‍ 27-ാംതീയതി ആഗോള ടൂറിസം വാര്‍ഷികദിനത്തിന്‍റെ അവസരത്തില്‍, സഭ, പൗരസമൂഹത്തോടൊത്തു ഈ ആചരണത്തെ അഭിവാദ്യംചെയ്തുകൊണ്ട്, ഉത്കൃഷ്ടമായ മാനവപ്രവര്‍ത്തനങ്ങള്‍ ക്രിസ്തുശിഷ്യരുടെ ഹൃദയങ്ങളിലിടം കണ്ടെത്തുന്നു എന്നു തെളിയിക്കുകയാണ് (GS 1).

ഇതാദ്യമായിട്ടാണ് സമഗ്രമാനവവികസന പ്രോത്സാഹനാര്‍ഥമുള്ള പുതിയ വത്തിക്കാന്‍ വകുപ്പ് അതിന്‍റെ ദൗത്യത്തിന്‍റെ ഭാഗമായി ഇങ്ങനെ ഒരു സന്ദേശം പുറപ്പെടുവിക്കുന്നത്.  ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനം 2017 സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ വികസനത്തിനായുള്ള അന്താരാഷ്ട്രവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍, ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ (UNWTO) അതോടു ചേര്‍ന്നുകൊണ്ട്, സുസ്ഥിര വിനോദസഞ്ചാരപ്രവര്‍ത്തനങ്ങള്‍ വികസനത്തിനൊരുപാധി എന്നത് ഈ വര്‍ഷത്തെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് അവസരോചിതമാണ്.

2.  നാം ടൂറിസത്തെക്കുറിച്ചു പറയുമ്പോള്‍, അതീവ പ്രാധാന്യമുള്ള ഒരു പ്രക്രിയയെക്കുറിച്ചുതന്നെയാണ് സംസാരിക്കുക, അതിലുള്‍പ്പെടുന്നവരുടെ (സഞ്ചാരികളുടെയും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുടെയും) എണ്ണവും, അതില്‍ നിന്നുള്ള നേട്ടങ്ങളും, (സാമ്പത്തികവും, സാംസ്ക്കാരികവും സാമൂഹികവുമായവ) കണക്കാക്കിയാലും, അതുപോലെതന്നെ, ഈ പ്രക്രിയ വിവിധ മേഖലകളിലുണ്ടാക്കാവുന്ന അപകടങ്ങള്‍ കണക്കാക്കിയാലും ഈ പ്രാധാന്യം വ്യക്തമാണ്. 

ആഗോള ടൂറിസം ഓര്‍ഗനൈസേഷന്‍റെ മാനകമനുസരിച്ച്, 2016-ല്‍ ഏതാണ്ട് പന്ത്രണ്ടുകോടി വിനോദസഞ്ചാരികളാണ് യാത്ര ചെയ്തിരിക്കുന്നത്.  ആഗോളവ്യാപകമായി നോക്കുമ്പോള്‍ ഈ മേഖലയിലാണ്, പ്രാദേശികവിഭവങ്ങളുടെ കയറ്റുമതിയില്‍ പത്തുശതമാനവും, ആകെ കയറ്റുമതിയില്‍ ഏഴുശതമാനവും നിര്‍വഹിക്കപ്പെടുന്നത്.  അതുപോലെ, കയറ്റുമതിമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ പതിനൊന്നില്‍ ഒന്ന് ടൂറിസം മേഖലയിലാണ്.  ഇക്കാരണങ്ങളാല്‍ ഈ വിനോദസ ഞ്ചാരപ്രവര്‍ത്തനമേഖല, രാഷ്ട്രത്തിനുള്ളിലും അന്താരാഷ്ട്രമേഖലയിലും സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ അതിപ്രധാനസ്ഥാനം നേടിയിരിക്കുന്നു.  അതുപോലെ, ആഗോളതലത്തിലുള്ള വികസനത്തിന്‍റെയും പരിസ്ഥിതി സുസ്ഥിരതയുടെയും നയരൂപീകരണത്തിലും ഇതു പ്രാധാന്യമര്‍ഹിക്കുന്നു.

3.  ടൂറിസത്തിന് വളര്‍ച്ചയ്ക്കും, ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിനും ഒരു സുപ്രധാന ഉപകരണമാകാന്‍ കഴിയും.  എന്നിരുന്നാലും, സഭയുടെ സാമൂഹികപ്രബോധനമനുസരിച്ച്, പോപ്പുളോരും പ്രോഗെസ്സിയോ എന്ന ചാക്രികലേഖനം ശ്രദ്ധയില്‍ പെടുത്തിയിരിക്കുന്നതു പോലെ, ''യഥാര്‍ഥ  വികസനമെന്നത് സാമ്പത്തികവളര്‍ച്ച മാത്രമായി കണക്കാക്കപ്പെടരുത്''.  വാസ്തവത്തില്‍, ''അത് ആധികാരികവും, സാകല്യവുമാകണം, അതായത്, അത് ഓരോ മനുഷ്യനെയും മനുഷ്യരെ മുഴുവനെയും പരിപോഷിപ്പിക്കുന്നതാകണം'' (നം. 14). ഇത്തരുണത്തില്‍, മാനവികതയെ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ, ഭൗതികവും ആത്മീയവുമായ ആവശ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഓരോവ്യക്തിയുടെയും പൂര്‍ണവികസനത്തെ, പോള്‍ ആറാമന്‍ ഊന്നിപ്പറയുന്നു (നം. 42).  ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം, 1987-ല്‍ ഐക്യരാഷ്ട്രസംഘടന, സുസ്ഥിരവികസനം എന്ന ആശയം, സമകാലികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന, വരുംതലമുറകളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ അവര്‍ക്കുള്ള കഴിവിനോടു സമരസപ്പെടുത്തുന്ന ഒരു വികസനത്തെക്കുറിച്ചുള്ളതാകണം എന്നും പറയുന്നുണ്ട് (പരിസ്ഥിതിക്കും വികസനത്തിനും വേണ്ടി രൂപീകൃതമായ യു.എന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ഓഗസ്റ്റ് 4, 1987).  സഭയെ സംബന്ധിച്ചിടത്തോളം, മാനവവികസനത്തിന്‍റെ പ്രകാശനത്തെ, സമഗ്രത എന്ന ആശയവുമായി ബന്ധിപ്പിക്കുമ്പോള്‍, അത്, ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിരത എന്ന ആശയത്തെയും ഉള്‍ക്കൊള്ളുന്നു. ഒപ്പം, ജീവിതത്തിന്‍റെ സകല അവസ്ഥകളെയും, സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവും, സാംസ്ക്കാരികവും, ആത്മീയവും, എന്നീ ഘടകങ്ങളുടെ ഏകസമന്വയമായ മനുഷ്യവ്യക്തിയെയും പുണരുന്നു.

ആഗോള ടൂറിസം ഓര്‍ഗനൈസേഷന്‍ (UNWTO) ടൂറിസത്തിന്‍റെ സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ആശയങ്ങളെല്ലാം ചേര്‍ത്തുവയ്ക്കുന്നുണ്ട് (ടൂറിസത്തെക്കുറിച്ചുള്ള ഹേഗ് പ്രഖ്യാപനം, ഏപ്രില്‍ 10-14, 1989, Princ. III). എന്നുപറഞ്ഞാല്‍, ടൂറിസം ഉത്തരവാദിത്വപൂര്‍ണമായിരിക്കണെന്നും, അതൊരിക്കലും, പരിസ്ഥിതിക്കോ പ്രദേശത്തിന്‍റെ സാമൂഹ്യസാംസ്ക്കാരിക പരിതോവസ്ഥയ്ക്കോ ഹാനികരമോ, നാശകരമോ ആകാതിരിക്കണമെന്നും അര്‍ഥം. ഉപരിയായി, ജനതയുടെയും അവരുടെ പാരമ്പര്യത്തിന്‍റെയും , അവരുടെ വ്യക്തിപരമായ മഹത്വത്തെയും തൊഴിലവകാശങ്ങളെയും പരിപാലിക്കുന്ന വീക്ഷണത്തിലുറച്ചു നിന്നുകൊണ്ട് പ്രത്യേകമായി ആദരിക്കപ്പെടുന്നതായിരിക്കണം.  വളരെ പ്രത്യേകമായി, ഏറ്റവും അശരണരായവരെയും വളരെവേഗം ക്ഷതമേല്‍ക്കുന്നവരുമായവരുടെയും അവകാശത്തെയും അന്തസ്സിനെയും ആദരിക്കുന്നതാകണം.  അവധിക്കാലങ്ങള്‍, നിരുത്തരവാദിത്വത്തിനും ചൂഷ ണത്തിനുമുള്ള ഒരു ഒഴികഴിവായി മാറാന്‍ പാടില്ല. വാസ്തവത്തില്‍, തന്‍റെതന്നെയും അപരന്‍റെയും ജീവിതത്തിനു മൂല്യമേറ്റാന്‍ കഴിയുന്ന ഒരു ശ്രേഷ്ഠമായ സമയമാണ് ഇത്.  സുസ്ഥിരമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍, പ്രശ്നങ്ങളുടെ ഉറവിടമായി മാറാതെ, പുതിയ അവസരങ്ങളൊരുക്കുന്നതായാല്‍, അത് സാമ്പത്തിക വികസനത്തിന്‍റെ ഒരു ഉപകരണവുമാണ്.

2017-ലെ പ്രമേയത്തില്‍, ദാരിദ്ര്യനിര്‍മാര്‍ജനത്തെയും, പരിസ്ഥിതിസംരക്ഷണത്തെയും, ജീവിതനിലവാരത്തിന്‍റെ മെച്ചപ്പെടലും സ്ത്രീകളുടെയും യുവജനങ്ങളുടെയും  സാമ്പത്തികശാക്തീകരണത്തെയും, പ്രത്യേകിച്ച് വികസിതരാജ്യങ്ങളില്‍ ത്രിവിധ മാനങ്ങളിലുള്ള സുസ്ഥിരവികസനത്തിന് ഇതു നല്‍കുന്ന സംഭാവനയെയും,  ലക്ഷ്യം വയ്ക്കുന്ന ഒരു ഭാവാത്മക ഉപകരണമെന്ന നിലയില്‍ ഐക്യരാഷ്ട്രസംഘടന വിനോദസഞ്ചാരപ്രവര്‍ത്തനത്തെ അംഗീകരിക്കുന്നുണ്ട് (UNO, Resolution A/RES/70/193).  ഈ അര്‍ഥത്തില്‍, പരിസ്ഥിതിവ്യവസ്ഥയുടെ സംരക്ഷണം ലക്ഷ്യം വയ്ക്കുന്ന പരിസ്ഥിതിപരവും, ആതിഥേയസമൂഹത്തിന്‍റെ ഐക്യത്തെ വര്‍ധിപ്പിക്കുന്നതരത്തിലുള്ള സാമൂഹികവും, സാകല്യവളര്‍ച്ചയെ പ്രേരിപ്പിക്കുന്ന സാമ്പത്തികവുമായ സുസ്ഥിരതയുടെ മൂന്നു മാനങ്ങളാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അജണ്ഡ 2030-ന്‍റെ പശ്ചാത്തലത്തില്‍, ഈ അന്താരാഷ്ട്രവര്‍ഷം, ഗവണ്‍മെന്‍റുകള്‍ക്ക് ഉചിതമായ നയരൂപീകരണത്തെയും വ്യാവസായികമേഖലയ്ക്ക് നല്ല കീഴ്വഴക്കത്തെയും, ഉപഭോക്താക്കളിലും പ്രാദേശിക ജനങ്ങളിലും സമഗ്രമായ ഒരു ടൂറിസത്തിന് എങ്ങനെ സുസ്ഥിരവികസനത്തിനു സംഭാവനയേകാന്‍ കഴിയുമെന്ന അവബോധത്തെയും പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന നല്ലൊരവസരമാണ്.

4.  സഭ വിളിക്കപ്പെട്ടിരിക്കുന്നത്, അവളായിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ തലങ്ങളിലും, സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ മനുഷ്യവ്യക്തിയുടെ സമഗ്രവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് എന്ന അവബോധത്തോടെ, നാം ക്രൈസ്തവര്‍ ടൂറിസം ജനതകളുടെ വികസനത്തിന്, പ്രത്യേകിച്ച് ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലായിരിക്കുന്ന ജനതകളുടെ വികസനത്തെ തുണയ്ക്കുന്നതിന് സംഭാവനയേകുക ആവശ്യമാണ് (Pope Francis, Humanam progressionem, 17 Aug. 2016). അതുകൊണ്ട്, നാം നമ്മുടെ വിചിന്തനത്തെ മുന്നോട്ടുവയ്ക്കുകയാണ്.  ദൈവമാണ് പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവെന്നും, എല്ലാ മാനവരുടെയും പിതാവെന്നും, നമ്മെ സഹോദരീസഹോദരന്മാരാക്കി തീര്‍ത്തിരിക്കുന്നതെന്നും നാം തിരിച്ചറിയുന്നു. നമ്മുടെ ശ്രദ്ധാകേന്ദ്രം എപ്പോഴും മനുഷ്യവ്യക്തിയാണ്.  ഓരോ വ്യക്തിയുടെയും, വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്‍റെയും മഹത്വം നാം തിരിച്ചറിയുന്നു.  മാനവകുലത്തിന്‍റെ പൊതുഭാഗധേയം, ഭൗമികവിഭവങ്ങളുടെ സാര്‍വത്രികലക്ഷ്യം എന്നീ തത്വങ്ങള്‍ നാം പങ്കുവെയ്ക്കുന്നു. മനുഷ്യവ്യക്തി ഒരു യജമാനനായിട്ടല്ല, മറിച്ച്, ഉത്തരവാദിത്വമുള്ള കാര്യസ്ഥനായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്.   അപരവ്യക്തിയുടെ സാഹോദര്യം അംഗീകരിച്ചുകൊണ്ട്, ഔദാര്യമെന്ന ആശയവും ദാനമെന്ന യുക്തിയും മനസ്സിലാക്കി, നമ്മുടെ കടമകള്‍ ഐ ക്യദാര്‍ഢ്യത്തോടെയും, നീതിയിലും, സാര്‍വത്രികസ്നേഹത്തിലും നിര്‍വഹിക്കണമെന്ന് നാം മനസ്സിലാക്കുന്നു.

ഇപ്പോള്‍ നാം നമ്മോടുതന്നെ ചോദിക്കുന്നു: എങ്ങനെ ഈ തത്വങ്ങള്‍ ടൂറിസവികസനത്തില്‍ പ്രായോഗികമാക്കാന്‍ കഴിയും?  എന്തൊക്കെയാണ്, വിനോദസഞ്ചാരികള്‍ക്കും, ഈ മേഖലയിലെ വ്യവസായികള്‍ക്കും, തൊഴിലാളികള്‍ക്കും, അതു നിയന്ത്രിക്കുന്നവര്‍ക്കും, പ്രാദേശിക സമൂഹങ്ങള്‍ക്കുമുണ്ടാകുന്ന അനന്തരഫലങ്ങള്‍? ഇത് ഒരു തുറന്ന വിചിന്തനമാണ്. ഈ മേഖലയില്‍ ഉള്‍പ്പെടുന്ന എല്ലാവരെയും ഞങ്ങള്‍, ഗൗരവമായ വിവേചിക്കലിനും ഈ ലക്ഷ്യങ്ങള്‍ സാധിക്കുന്നതിനുയോജ്യമായ പ്രവര്‍ത്തനരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പരബന്ധത്തിന്‍റെ പുതിയ സരണികളെ തുറക്കുന്ന പെരുമാറ്റങ്ങളും ജീവിതശൈലികളുമായി ഒത്തുപോകുന്നതിനും ക്ഷണിക്കുന്നു.

സഭ, ടൂറിസത്തെ വ്യക്തിയുടെ സമഗ്രവികസനത്തിനായുള്ള ശുശ്രൂഷയ്ക്കായുള്ള സംരഭംങ്ങള്‍ സമാരംഭിച്ചുകൊണ്ട് അതിന്‍റെതന്നെ സ്വന്തമായ സംഭാവനകളേകുന്നുണ്ട്.  അതിനാലാണ്, മാനുഷികച്ചുവയോടെ ടൂറിസത്തെക്കുറിച്ചു സംസാരിക്കുന്നത്, അതായത്, സാമൂഹിക ടൂറിസം, സഹകരണം, ഐക്യദാര്‍ഢ്യം, സൗന്ദര്യത്തിന്‍റെ ആധികാരികതയുടെ മഹത്തായ കലാപാരമ്പര്യങ്ങളെ ആദരിക്കല്‍ എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കി സംസാരിക്കുന്നത്.

ഫ്രാന്‍സീസ് പാപ്പാ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തുകൊണ്ടു പ്രസ്താവിച്ചു: ''എല്ലാ സ്ത്രീപുരുഷന്മാര്‍ക്കുമായുള്ള പൊതുഭവനം, സാര്‍വത്രിക സാഹോദര്യത്തിന്‍റെയും ഓരോ സ്ത്രീപുരുഷന്‍റെയും മനുഷ്യജീവന്‍റെ പവിത്രതയെ ആദരിക്കുന്നതിന്‍റെയും, ശരിയായ ധാരണയുടെ അടിസ്ഥാനത്തിന്മേല്‍ തുടരുക ആവശ്യമാണ്...  എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കുംവേണ്ടിയുള്ള ഈ പൊതുഭവനം, സ്രഷ്ടപ്രപഞ്ചത്തിന്‍റെ നിശ്ചിതമായ പവിത്രതയെക്കുറിച്ചുള്ള ധാരണയില്‍ സ്ഥാപിതവുമായിരിക്കണം''.  ഈ വാക്കുകളുടെയും നിയോഗങ്ങളുടെയും പ്രതിബദ്ധയോടെ നമുക്കു ജീവിക്കാന്‍ കഴിയട്ടെ.

    

                                                                                                                       കര്‍ദിനാള്‍ പീറ്റര്‍ കോദ്വൊ ആപ്പിയ ടര്‍ക്സണ്‍

                                                                                                                                                   പ്രീഫെക്ട്.

വത്തിക്കാന്‍ സിറ്റി, ജൂണ്‍ 29, 2017

25/09/2017 08:07