2017-09-18 12:50:00

ഭരണാധികരികള്‍ക്കായി പ്രാര്‍ത്ഥിക്കുക-പാപ്പാ


ഭരണാധികരികള്‍ക്കായി പ്രാര്‍ത്ഥിക്കാതിരിക്കുന്നത് പാപമാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച (18/09/17) അര്‍പ്പിച്ച പ്രത്യൂഷ ദിവ്യപൂജാവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, തന്‍റെ ഭൃത്യനെ സുഖപ്പെടുത്താന്‍ ഒരു ശതാധിപന്‍ യേശുവിനോടു അഭ്യര്‍ത്ഥിക്കുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്ന ലൂക്കായുടെ സുവിശേഷം  7:1-10 വരെയുള്ള വാക്യങ്ങളും രാജാക്കന്മാരും ഉന്നതസ്ഥാനിയരുമുള്‍പ്പെടെ സകലര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുന്ന, പൗലോസ് തീമോത്തെയോസിന് എഴുതിയ ഒന്നാം ലേഖനം രണ്ടാം അദ്ധ്യായം 1 മുതല്‍ 8 വരെയുള്ള വാക്യങ്ങളുമായിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

നമുക്കഹിതമായതു ചെയ്യുന്ന ഭരണാധികാരികള്‍ക്കുവേണ്ടിയും ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്നും നാം അവരെ ഒറ്റയ്ക്കാക്കരുതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

തന്‍റെ ഭൃത്യന് സൗഖ്യമേകാന്‍ ശതാധിപന്‍ യേശുവിനോടു പ്രാര്‍ത്ഥിക്കുന്ന സംഭവം കാണിക്കുന്നത് അദ്ദേഹം തന്‍റെ സേവകനെ, അയാള്‍ ഒരു വിദേശി ആയിരുന്നെങ്കില്‍ത്തന്നെയും സ്നേഹിച്ചിരുന്നു എന്നാണെന്നും പ്രാര്‍ത്ഥനയുടെ ആവശ്യകത മനസ്സിലാക്കിയിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ഒരുവന്‍ പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ അവന്‍ തന്നില്‍ത്തന്നെയൊ, തന്‍റെ മാത്രമായ ഒരു കൂട്ടായ്മയിലൊ ആശ്രയിക്കുന്നവനായി നിലകൊള്ളുന്ന അപകടത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

ഒരു ഭരണാധികാരിക്ക് ദൈവം ജനങ്ങളിലൂടെ നല്കുന്നതാണ് അധികാരമെന്നും ഈ കീഴ്വണക്കാവബോധം പുലര്‍ത്തുന്ന ഭരണാധികാരി പ്രാര്‍ത്ഥിക്കുമെന്നും തനിക്കു ഭരമേല്പിക്കപ്പട്ടിരിക്കുന്ന ജനത്തിന്‍റെ പൊതുനന്മയ്ക്കായും കീഴ്വണക്കാവബോധം നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടി ഭരണാധികാരി പ്രാര്‍ത്ഥിക്കുക സുപ്രധാനമാണെന്നും പാപ്പാ പറഞ്ഞു.

അധികാരത്തിലേറ്റിയ പ്രജകള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്ന് ഭരണാധികാരികളും ഭരണാധികാരികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്ന് പ്രജകളും ആത്മശോധന ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

 








All the contents on this site are copyrighted ©.