2017-09-18 12:56:00

ജപ്പാനിലെ സഭയ്ക്ക് പാപ്പായുടെ നന്ദിപ്രകാശനം


ഏറ്റം ബലഹീനരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധപതിക്കുകയും പലയിടങ്ങളില്‍ നിന്നെത്തിയിട്ടുള്ള വിശ്വാസികളുടെ സമൂഹത്തിന്‍റെ ഉദ്ഗ്രഥനം പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് ജപ്പാനിലെ കത്തോലിക്കാസഭ നടത്തുന്ന സുവിശേഷവത്ക്കരണദൗത്യത്തില്‍ മാര്‍പ്പാപ്പാ സന്തുഷ്ടി പ്രകടിപ്പിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണി ജപ്പാനില്‍ ഈ മാസം 17 മുതല്‍ 26 വരെ നടത്തുന്ന അജപാലനസന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ അന്നാട്ടിലെ കത്തോലിക്കാ മെത്രാന്മാര്‍ക്കയച്ച കത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പ്രാദേശിക സഭയെ കൃതജ്ഞതയോടെ അനുസ്മരിക്കുന്നത്.

അന്നാട്ടിലെ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, സഭ കാതോലികമാണെങ്കില്‍, അതായത്, സാര്‍വ്വത്രികസ്വഭാവത്തോടെയാണ് പിറന്നതെങ്കില്‍,  അതിനര്‍ത്ഥം സഭ പുറത്തേക്കിറങ്ങുന്നവളായിട്ടാണ്, പ്രേഷിതയായിട്ടാണ് ജന്മംകൊണ്ടിരിക്കുന്നതെന്ന് ഉദ്ബോധിപ്പിക്കുന്നു.

സാസ്കാരിക പരിപോഷണം, മതാന്തരസംവാദം, സൃഷ്ടിയുടെ പരിപാലനം എന്നീ രംഗങ്ങളിലും ജപ്പാനിലെ കത്തോലിക്കാസഭ നടത്തുന്ന പരിശ്രമങ്ങളെയും പാപ്പാ ശ്ലാഘിക്കുന്നു.

ജപ്പാനില്‍ വിശ്വാസത്തെപ്രതി ജീവന്‍ ഹോമിച്ച, വിശുദ്ധ പോള്‍ മിക്കയും സുഹൃത്തുക്കളും, വാഴ്ത്തപ്പെട്ട ജസ്റ്റസ് തക്കയാമ ഊക്കൊണ്‍ തുടങ്ങിയ നിണസാക്ഷികളെ പാപ്പാ കത്തില്‍ അുസ്മരിക്കുന്നു.

ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാകുകയെന്ന സഭയുടെ ദൗത്യവും പാപ്പാ ഊന്നിപ്പറയുന്നു.

ജപ്പാനിലെ സഭ നേരിടുന്ന വൈദികവിരളത, സമര്‍പ്പിതജീവിത വിളികളിലുള്ള കുറവ് എന്നീ പ്രശ്നങ്ങളെക്കുറിച്ചുള്ള തന്‍റെ അവബോധം വെളിപ്പെടുത്തിയ പാപ്പാ ഈ പരിമിതി സഭയുടെ സുവിശേഷവത്കരണദൗത്യത്തെ കുറയ്ക്കുന്നില്ല എന്നും മറിച്ച് അത് സുവിശേഷവത്ക്കരണ യത്നത്തിന് പ്രചോദനമേകുകയാണ് ചെയ്യേണ്ടതെന്നും ഓര്‍മ്മിപ്പിക്കുന്നു.

താല്ക്കാലികതയുടെ സംസ്കൃതിയെ ചെറുക്കുന്നതിന് വൈദിക-സമര്‍പ്പിതജീവിത പരിശീലനം സുദൃഢവും സമഗ്രവുമാകേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറയുന്നു.








All the contents on this site are copyrighted ©.